June 13, 2026 |

കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് പോലും പുല്ലുവില; അയ്യപ്പ സംഗമത്തില്‍ കുരുങ്ങി സര്‍ക്കാര്‍

എസ്.ഐ.ടി അന്വേഷണം സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്

ശബരിമലക്കൊള്ളയ്ക്ക് പിന്നാലെ സര്‍ക്കാരിനെ കുരുക്കിലാക്കി അയ്യപ്പസംഗമം. അയ്യപ്പ സംഗമത്തില്‍ മൂന്ന് കോടി നാല്‍പ്പത് ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടമായെന്ന് കാണിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതോടെ വീണ്ടും ശബരിമല വിഷയത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. ഒരു രൂപ പോലും സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ ചെലവ് വരില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിന് അനുമതി വാങ്ങിയത്. എന്നാല്‍ ആ സത്യവാങ്മൂലം പോലും ലംഘിക്കപ്പെട്ടു എന്നതിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലുള്ള സര്‍പ്ലസ് ഫണ്ടാണ് അയ്യപ്പസംഗമത്തിന് ചെലവാക്കിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. അയ്യപ്പസംഗമത്തിന്റെ മിനുട്സ് പോലും ഇല്ലായിരുന്നു എന്നത് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനേയും കൂടുതല്‍ കുരുക്കിലാക്കും. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നീക്കം.

വിജയന്‍ ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് നടത്തിയ സ്വതന്ത്ര ഓഡിറ്റിംഗിലാണ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിവരങ്ങള്‍ ഉള്ളത്. ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിന് നല്‍കിയത് യാതൊരു ടെന്‍ഡര്‍ നടപടികളുമില്ലാതെയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപകരാര്‍ നല്‍കിയതിന്റെ ബില്ലുകള്‍ ഹാജരാക്കിയിട്ടില്ലെന്നും, എട്ടു ലക്ഷം രൂപ ചെലവായെന്ന് അവകാശപ്പെടുന്ന പരിപാടിക്ക് വെറും രണ്ടു ലക്ഷത്തിന്റെ വൗച്ചറുകള്‍ മാത്രമാണ് ബോര്‍ഡിന്റെ പക്കലുള്ളത്. അതിഥികള്‍ക്ക് നല്‍കിയ ഭക്ഷണച്ചെലവിലും വേദിയുടെ അളവെടുപ്പിലും വലിയ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 4,100 പാക്കറ്റ് പ്രസാദവും വിഭൂതിയും നല്‍കിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ കൃത്യമായ മൂല്യം കണക്കിലില്ല. ഇന്‍പുട്ട് ടാക്‌സ് ഇനത്തിലും ജി.എസ്.ടി കണക്കുകളിലും വലിയ പൊരുത്തക്കേടുകളാണ് ഓഡിറ്റില്‍ തെളിഞ്ഞിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേട് ബോധ്യപ്പെടുകയും അക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയിതിരിക്കുകയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നിവയില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. ഈ മാസം 27 നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

അയ്യപ്പസംഗമത്തിലേക്കുള്ള വഴി

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പമ്പാ തീരത്ത് അയ്യപ്പസംഗമം നടത്തും എന്ന് പ്രഖ്യാപിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംഗമം, 1,300 കോടി രൂപയുടെ ശബരിമല ക്ഷേത്രവികസം സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണെന്നും അതിനായി സ്പോണ്‍സര്‍ഷിപ്പിലൂടെ പണം സമാഹരിക്കുന്നതിനുമായി ഈ അയ്യപ്പസംഗമം പ്രയോജനപ്പെടും, എന്നിങ്ങനെ രണ്ട് ഉദ്ദേശങ്ങളായിരുന്നു അയ്യപ്പ സംഗമത്തിന് പിന്നില്‍ എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പ സംഗമത്തിനെതിരെ കോടതിയില്‍ ഹര്‍ജികള്‍ പോവുന്നു. മതേതര സര്‍ക്കാര്‍ എന്തിനാണ് അയ്യപ്പസംഗമം നടത്തുന്നത് എന്നുള്‍പ്പെടെ പല ആരോപണങ്ങളും ഉയരുകയും ഇതെല്ലാം പലരും കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ആ ഹര്‍ജികള്‍ പരിഗണിക്കവെ സെപ്തംബര്‍ 10ന് കേരള ഹൈക്കോടതി സര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തില്‍ എന്താണ് സര്‍ക്കാരിന്റെ പങ്ക്? ഇതിനായി എവിടെ നിന്ന് പണം കണ്ടെത്തും? സ്പോണ്‍സര്‍ഷിപ്പിലൂടെയാണെങ്കില്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് ഉണ്ടാവുമോ? പ്രതിനിധികള്‍ ആരെല്ലാമായിരിക്കും? അതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി. പിരിവ് നിര്‍ബന്ധിതമല്ലെന്നും എല്ലാ ചെലവും സ്പോണ്‍സര്‍ഷിപ്പിലൂടെയാണെന്നും, സംസ്ഥാന സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അയ്യപ്പ സംഗമത്തില്‍ ചെലവ് വരില്ലെന്നും ശബരിമല വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം, അക്കാര്യം ചര്‍ച്ച ചെയ്യാനാണ് സംഗമമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എജി കോടതിയെ അറിയിക്കുന്നു. ഒടുവില്‍ കോടതി അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി ഉത്തരവിടുന്നു. എന്നാല്‍ കോടതി ചില മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് ഇതിന് അനുമതി നല്‍കിയത്.

ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഒരു രൂപ പോലും അയ്യപ്പ സംഗമത്തിന് ചെലവാക്കരുതെന്നും, സംഗമം നടന്ന് 45 ദിവസത്തിനകം വരവ് ചെലവ് കണക്കുകള്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ സെപ്തംബര്‍ 20ന് പമ്പാ തീരത്ത് അയ്യപ്പസംഗമം നടന്നു. 3,000 പ്രതിനിധികളെയാണ് സര്‍ക്കാരും, ദേവസ്വം ബോര്‍ഡും പ്രതീക്ഷിച്ചിരുന്നതെങ്കിലും മിക്ക കസേരകളും ഒഴിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്ത് വന്നിരുന്നു. അയ്യായിരം പേര്‍ക്ക് സദ്യയൊരുക്കിയെങ്കിലും അതും പാഴായി എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നു. ശബരിമലക്കൊള്ള പുറത്ത് വന്നതിന് ശേഷം, അയ്യപ്പ സംഗമത്തിന്റെ സംഘാടകരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവുമെല്ലാം ഉണ്ടായിരുന്നു എന്ന വിവരങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ട്

45 ദിവസങ്ങള്‍ കഴിഞ്ഞ് വരവ് ചെലവ് റിപ്പോര്‍ട്ട് നല്‍കണമന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ദോവസ്വം ബോര്‍ഡ് അത് നല്‍കിയില്ല. ജനുവരി ആറിന് ഇക്കാര്യത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. തങ്ങളുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കണക്കുകള്‍ പരിശോധിക്കുകയാണെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് കോടതിയോട് സമയപരിധി കൂട്ടിച്ചോദിച്ചു. കോടതി ഒരു മാസത്തെ സമയം നീട്ടി നല്‍കി. അങ്ങനെ അയ്യപ്പസംഗമം കഴിഞ്ഞ് 144-ാം ദിവസം കോടതിയുടെ മുന്നില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എത്തി. വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേട് കോടതിയുടെ ശ്രദ്ധയില്‍ പെട്ടു.

ഏഴരക്കോടി രൂപയാണ് അയ്യപ്പസംഗമത്തിന്റെ ആകെ ചെലവ്. ഇതില്‍ നാല് കോടിയോളം രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ പിരിഞ്ഞ് കിട്ടി. എന്നാല്‍ ബാക്കി വരുന്ന മൂന്ന് കോടി നാല്‍പ്പത് ലക്ഷം രൂപ എവിടെ നിന്ന് വന്നു എന്ന പരിശോധനയിലാണ്, അത് ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നാണ് എന്ന കാര്യം വ്യക്തമാവുന്നത്. ദേവസ്വം ബോര്‍ഡിന് അടിയന്തര ഘട്ടങ്ങളില്‍ എടുത്ത് ഉപയോഗിക്കാനുള്ളതാണ് സര്‍പ്ലസ് ഫണ്ട്. ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ നിത്യച്ചെലവുകള്‍ മുടങ്ങിയാല്‍, അല്ലെങ്കില്‍ അടിയന്തിരമായി സാധനങ്ങളോ വസ്തുവോ ഒക്കെ വാങ്ങേണ്ടി വന്നാലും ഈ ഫണ്ട് ആണ് ഉപയോഗിക്കുക. ഈ ഫണ്ട് എങ്ങനെ ചെലവഴിക്കണം എന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റേയും കോടതിയുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ചുകൊണ്ടാണ് അയ്യപ്പസംഗമത്തിന് പണം ചെലവാക്കിയിരിക്കുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് വെറും വാഗ്ദാനം

അഞ്ച് കോടി രൂപ പ്രതീക്ഷിച്ചയിടത്ത് ഏഴരക്കോടിയാണ് പരിപാടിക്ക് ആകെ ചെലവായത്. ശബരിമല സ്വര്‍ണക്കൊള്ള വിവാദം വന്നതോടെ വാഗ്ദാനം നല്‍കിയിരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വ്യവസായികള്‍ 12 കോടിയോളം രൂപ നല്‍കാതെ പിന്‍മാറി എന്നാണ് ബോര്‍ഡിന്റെ പുതിയ വാദം. ദേവസ്വം ബോര്‍ഡ് കത്തെഴുതി പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അദാനി ഗ്രൂപ്പ് എന്നിവരാണ് നാല് കോടി നല്‍കിയത്. എന്നാല്‍, സംഗമത്തിന് മുന്നോടിയായി ആരും പണം നല്‍കിയിരുന്നില്ലെന്നത് ബോര്‍ഡിന്റെ മുന്‍കൂര്‍ പ്ലാനിംഗിലെ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞ് സര്‍ക്കാരും ബോര്‍ഡും

പരിപാടിയുടെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിന്ന് ദേവസ്വം മന്ത്രിയും, ബോര്‍ഡും ഇപ്പോള്‍ ഒഴിഞ്ഞുമാറുകയാണ്. സ്പോണ്‍സര്‍ഷിപ്പ് ലഭിച്ച കണക്കുകള്‍ പറയേണ്ടത് ബോര്‍ഡാണെന്ന് പറഞ്ഞ് മന്ത്രി വിഎന്‍ വാസവന്‍ കൈകഴുകുമ്പോള്‍, മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്ത് നടന്ന പരിപാടിയായതിനാല്‍ നിലവിലെ പ്രസിഡന്റ് കെ. ജയകുമാറിനും ഇതില്‍ വ്യക്തമായ മറുപടിയില്ല. ഇതോടെ കൊട്ടിഘോഷിച്ച് നടത്തിയ അയ്യപ്പ സംഗമത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരും ബോര്‍ഡും പിന്നാക്കം പോകുകയാണെന്ന് വ്യക്തം.

കൂടാതെ, ഇത്രയും വലിയൊരു പരിപാടി നിശ്ചയിച്ച വിവരം ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന എസ്.ഐ.ടി കണ്ടെത്തല്‍ ഭരണപരമായ ഗുരുതര വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അതേസമയം, ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത് സര്‍ക്കാരാണോ ദേവസ്വം ബോര്‍ഡാണോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പരിപാടിയായാണ് ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിലും വിവാദങ്ങളും ആരോപണങ്ങളുമുണ്ടായപ്പോള്‍ പരിപാടി ദേവസ്വം ബോര്‍ഡിന്റെ തലയിലേക്ക് മാറുകയായിരുന്നു.

ആഗോള അയ്യപ്പസംഗമത്തിന് കൃത്യമായി എത്ര തുക ചെലവായെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഏകദേശം ഏഴു കോടി രൂപയോളം വരുമെന്ന ഒരു ഏകദേശ കണക്ക് മാത്രമാണ് നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ളത്. ഇനിയും കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബോര്‍ഡെങ്കിലും, കഴിഞ്ഞുപോയ ഒരു പരിപാടിക്ക് വേണ്ടി ആര് പണം നല്‍കുമെന്ന ചോദ്യം വലിയ പ്രതിസന്ധിയായി അവശേഷിക്കുന്നു.

രാഷ്ട്രീയ പ്രത്യാഘാതം

ശബരിമല സ്ത്രീപ്രവേശന വിവാദത്തിന് ശേഷം വിശ്വാസികള്‍ക്കിടയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള പ്രായശ്ചിത്തമായിട്ടാണ് ആഗോള അയ്യപ്പസംഗമത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ വോട്ട് ലക്ഷ്യം വെച്ച് നടത്തിയ ഈ ധൂര്‍ത്ത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ഈ മാസം 27-നകം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുന്ന മറുപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാകുമെന്നുറപ്പാണ്. ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ ക്രമക്കേടുകളിലേക്ക് എസ്.ഐ.ടി അന്വേഷണം നീങ്ങുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Content Summary: Ldf Government trapped in Global Ayyappa Sangamam controversy

Leave a Reply

Your email address will not be published. Required fields are marked *

×