”മന്ത്രത്താല്‍ പായുന്ന കുതിരയെ
മാണിക്യകയ്യാല്‍ തൊടാം
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക
മന്ദാരം പൂവിട്ട തണലില്‍
ഊഞ്ഞാലേ…പാടാമോ…
മാനത്തു മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമൊ നമുക്കിനി
തുമ്പീ വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തില്‍ തൊട്ടേ വരാം’.
ഓ.എന്‍.വി.
തലമുറകളെ സ്വാധീനിച്ച ഒരു സചിത്ര ബാലമാസികയായിരുന്നു അമ്പിളി അമ്മാവന്‍. 12 ഇന്ത്യന്‍ ഭാഷകളില്‍ പുറത്ത് വന്ന, മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ ലക്ഷക്കണക്കിന് വായനക്കാര്‍ വായിച്ച ആദ്യത്തെ ഒരു പാന്‍-ഇന്ത്യന്‍ മാസികയായിരുന്നു അമ്പിളി അമ്മാവന്‍. ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള കഥകളിലൂടേയും ചിത്രങ്ങളിലൂടേയും, സൗന്ദര്യത്തിന്റെയും മൂല്യങ്ങളുടെയും അതിശയകരവും ആകര്‍ഷകവുമായ ഒരു ലോകത്തേക്ക് കുട്ടികളെ മാസിക കൊണ്ടുപോയി. അരനൂറ്റാണ്ട് പ്രസിദ്ധീകരണത്തിന് ശേഷം അമ്പിളി അമ്മാവന്‍ വായനാ ലോകത്ത് നിന്ന് മറഞ്ഞെങ്കിലും അമ്പിളി അമ്മാവന്‍ നല്‍കിയ കഥകള്‍, ചിത്രങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിലെ, അറിവിന്റെയും ജീവിത മൂല്യങ്ങളുടെയും ധാര്‍മ്മികതയുടേയും നിലാവെളിച്ചം ഇന്നും ലക്ഷക്കണക്കിന് വായനക്കാരുടെ മനസ്സില്‍ പ്രസരിപ്പിക്കുന്നുണ്ട്. അമ്പിളി അമ്മാവന്‍ മാസികയുടെ വായന കുറെ തലമുറകള്‍ക്കെങ്കിലും ആഹ്ലാദകരമായിരുന്നു. അത് വെറും സചിത്ര കഥാസമാഹാരം മാത്രമായിരുന്നില്ല. സംസ്‌കാരത്തിന്റെയും, അറിവിന്റെയും, പഠനത്തിന്റെയും ഒരു ലോകം കൂടിയായിരുന്നു.

അമ്പിളി അമ്മാവന്‍ എന്ന് കേള്‍ക്കുമ്പോഴേക്കും ഇപ്പോഴും വായനക്കാരുടെ മനസില്‍ പണ്ടു വായിച്ച കഥകളും ചിത്രങ്ങളും സ്മരണകളില്‍ പൂനിലാവ് പരത്തും. എഴുപത്തിയെട്ട് വര്‍ഷങ്ങളായി, ഇന്ത്യയിലെ ലക്ഷക്കണക്കിന് വായനക്കാരുടെ മധുരമായ ഓര്‍മ്മകളില്‍ വെളിച്ചം പ്രസരിപ്പിച്ച പ്രസിദ്ധീകരണമാണ് ചന്ദാമാമ എന്ന് അറിയപ്പെട്ട അമ്പിളി അമ്മാവന്‍.
ഇന്ത്യ സ്വതന്ത്രമായ വര്‍ഷം, 1947 ല്‍ തമിഴ്‌നാട്ടിലെ വടപളനിയില്‍ നിന്ന് ആരംഭിച്ച ‘അംബുലിമാമ’ എന്ന പേരില്‍ തമിഴിലും തെലുങ്കിലും ആദ്യം പ്രസിദ്ധീകരിച്ച ഈ കഥാചിത്ര പുസ്തകമാണ് മലയാളത്തില്‍ അമ്പിളിയമ്മാവന്‍ എന്ന പേരില്‍ പ്രായവത്യാസമില്ലാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറിയത്. ഇന്ത്യയില്‍ സംസ്‌കൃതമടക്കം 13 ഭാഷകളില്‍ പ്രസിദ്ധീകരിച്ച അമ്പിളി അമ്മാവന്‍ ഇന്ത്യയുടെ സംസ്‌കാര പൈതൃകത്തെ പ്രായഭേദ്യമില്ലാതെ വായനക്കാര്‍ക്ക് നല്‍കി. കുട്ടികള്‍ക്ക് സാംസ്‌കാരിക സംവേദനക്ഷമതയും വായനാശീലവും വളര്‍ത്തിയെടുക്കുകയും തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള കൂടുതല്‍ അവബോധം നല്‍കുകയും ചെയ്തു.

തെലുങ്ക് സിനിമാലോകത്ത് പില്‍ക്കാലത്ത് അറിയപ്പെട്ട ചലചിത്ര നിര്‍മാതാവായിരുന്നു ബി നാഗിറെഡ്ഡി. പാതാള ഭൈരവി, മായാബസാര്‍ തുടങ്ങിയ പ്രശസ്ത ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച നാഗിറെഡ്ഡി തെന്നിന്ത്യന്‍ ചലചിത്ര ലോകത്തെ പ്രമുഖനായിരുന്നു..
മദ്രാസിലെ പ്രശസ്തമായ വിജയ വാഹിനി സ്റ്റുഡിയോയുടെ ഒരു സ്ഥാപകന്‍ കൂടിയായ ഇദ്ദേഹം തെലുങ്കും തമിഴുമായി 50 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലേയും നാടോടിക്കഥകളിലെയും സമ്പന്നമായ കഥകള്‍ തലമുറകള്‍ക്കായി പകര്‍ന്നു കൊടുക്കണമെന്ന വീക്ഷണമുള്ള ഒരു വ്യക്തിയായിരുന്നു. അദ്ദേഹം അത് തന്റെ ദൗത്യമായി ഏറ്റെടുത്ത് തന്റെ ആശയം നടപ്പിലാക്കാന്‍ ഒരു പ്രസിദ്ധീകരണം വേണമെന്ന് തീരുമാനിച്ചു.
കുട്ടികളുടെ മാസികയായ ‘അംബുലിമാമ’ അങ്ങനെ 1947 ജൂലൈയില്‍ പുറത്ത് വന്നു. തുടക്കത്തില്‍, തമിഴ്, തെലുങ്ക് എന്നീ രണ്ട് ഇന്ത്യന്‍ ഭാഷകളിലാണ് (ഇംഗ്ലീഷില്‍ ചന്ദമാമ) പ്രത്യക്ഷപ്പെട്ടത്. മാസികയുടെ സ്ഥാപക എഡിറ്റര്‍ ചക്രപാണി ആയിരുന്നു. ചക്രപാണിയാണ് മാസികയുടെ പിന്നിലെ പ്രേരകശക്തി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, വായനക്കാരെക്കുറിച്ചുള്ള ധാരണയും, മാസികയുടെ വിജയത്തിന് കാരണമായി. തെലുങ്ക് സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ കൊടവടിഗണ്ടി കുടുംബ റാവു ആണ് പിന്നീട് ചക്രപാണിക്ക് ശേഷം ഇത് എഡിറ്റ് ചെയ്തത്. 1980 ഓഗസ്റ്റില്‍ മരണമടയുന്നത് വരെ, 28 വര്‍ഷം കെ.ടി. കുടുംബ റാവു അമ്പിളിയമ്മാവന്റെ എഡിറ്ററായിരുന്നു.
രാജാറാവു, മുദ്ധ വിശ്വനാഥം, ഭായി രാഗി, ദാസരി സുബ്രഹ്‌മണ്യം തുടങ്ങിയവരായിരുന്നു മറ്റു എഡിറ്റോറിയല്‍ അംഗങ്ങള്‍. മനോഹരമായ ആഖ്യാനങ്ങളിലൂടെ ഇന്ത്യയുടെ പുരാതന സാംസ്‌കാരിക ഭൂതകാലത്തെ കുട്ടികളിലേക്ക് പകരാനുള്ള മഹത്തായ ശ്രമം അമ്പിളി അമ്മാവനിലൂടെ അവര്‍ ഏറ്റെടുത്തു. പൊതുവെ ‘ചന്ദാമാമ’ എന്ന് ഇന്ത്യയില്‍ പ്രസിദ്ധമായ ഈ ബാല മാസികയുടെ വളര്‍ച്ച അവിടെ നിന്ന് തുടങ്ങുന്നു.

അക്കാലത്ത്, കളര്‍ ഫോമുകള്‍ ത്രിവര്‍ണ്ണ ബ്ലോക്കുകള്‍ ഉപയോഗിച്ച് ഒറ്റ കളര്‍ മെഷീനുകളിലാണ് അച്ചടിച്ചിരുന്നത്. ആദ്യ ലക്കം അമ്പിളിയമ്മാവന്‍ നാല് നിറങ്ങള്‍ക്ക് ചെമ്പ് ബ്ലോക്കുകളും രണ്ട് നിറങ്ങള്‍ക്ക് സിങ്ക് ബ്ലോക്കുകളും ഉപയോഗിച്ച് ലെറ്റര്‍ പ്രസ്സില്‍ ഇത് അച്ചടിച്ചു. പേജുകളിലായി ബഹു വര്‍ണ്ണ ചിത്രീകരണങ്ങളോടെയും ആറ് അണ (1947 ലെ – 37 പൈസ) വിലയോടെയും 1947 ജൂണില്‍ അദ്യ ലക്കം ‘അമ്പിളിയമ്മാവന്‍’ പുറത്തിറങ്ങി. നാല് നിറങ്ങള്‍ക്ക് ചെമ്പ് ബ്ലോക്കുകളും രണ്ട് നിറങ്ങള്‍ക്ക് സിങ്ക് ബ്ലോക്കുകളും ഉപയോഗിച്ചു. ആദ്യത്തെ പ്രിന്റ് ഓര്‍ഡര്‍ പ്രകാരം 6,000 കോപ്പികളാണ് അച്ചടിച്ചത്. മാസിക പോസ്റ്റ് ഓഫീസുകള്‍ വഴി നഗരങ്ങളിലേക്ക് അയച്ചു, വളരെ വേഗം തന്നെ വായനക്കാര്‍ പുതിയ പ്രസിദ്ധീകരണത്തെ സ്വീകരിച്ചു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അത്തരമൊരു കഥാമാസിക ആദ്യമായാണ് വായനക്കാരുടെ മുന്നിലെത്തുന്നത്. ലളിതമായ ഭാഷയും ആഖ്യാനവും വായനക്കാരെ ആകര്‍ഷിച്ചു. വര്‍ണ്ണ ചിത്രങ്ങളുള്ള കുട്ടികളുടെ ഈ കഥാസമാഹാരം കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവരിലും ഒരു പോലെ ജനപ്രിയമായി മാറി.
ആകര്‍ഷകമായ ബഹുവര്‍ണ്ണ കവറുകള്‍, ഉജ്ജ്വല ചിത്രങ്ങളുള്ള ഇതിഹാസപരമ്പരകള്‍, സാമൂഹ്യ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സന്മാര്‍ഗ കഥകള്‍, പുരാണങ്ങള്‍, പഴയ സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍ ക്ലാസിക്കുകള്‍ എന്നിവയില്‍ നിന്നുള്ള കഥകള്‍ എന്നിവ പ്രസിദ്ധീകരിച്ചു. ചന്ദാമാമ, വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായ ഒരു മാസികയായി മാറി. സ്‌കൂള്‍ പാഠങ്ങളിലെ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരു പുതിയ അറിവ് കുട്ടികള്‍ക്ക് അമ്പിളി അമ്മാവന്‍ നല്‍കി.

പ്രശസ്തമായ വേതാള പഞ്ചവംശതിയിലെ കഥയായ ‘വേതാളം പറഞ്ഞ കഥ’ യായിരുന്നു ഏറ്റവും മികച്ചതും, വായനക്കാരെ ആകര്‍ഷിച്ചതും. വിക്രമാദിത്യ രാജാവും വേതാളവും തമ്മിലുള്ള കണ്ടുമുട്ടലുകളെക്കുറിച്ച് ഓരോ കഥയിലും, വേതാളം പറയുന്ന കഥ കേട്ട് അവസാനം വേതാളത്തിന്റെ സങ്കീര്‍ണമായ ചോദ്യത്തിന് രാജാവ് ശരിയായ ഉത്തരം നല്‍കണം. അല്ലെങ്കില്‍ രാജാവിന്റെ തല ആയിരം കഷണങ്ങളായി പൊട്ടിത്തെറിക്കുമെന്ന് വേതാളം പ്രവചിക്കുന്നു.
ഇന്ത്യന്‍ നാടോടിക്കഥകളുടെയും സാഹിത്യത്തിന്റെയും ഉത്തമ പ്രതികങ്ങളിലൊന്നാണ് വേതാള പഞ്ചവംശതി, ഇന്ത്യന്‍ സംസ്‌കാരത്തില്‍ കഥപറച്ചിലൂടേയും, കടങ്കഥകളിലൂടേയും, വിജ്ഞാനം പകരുക എന്നതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. 600 വര്‍ഷം മുന്‍പ് പ്രചാരത്തില്‍ വന്ന ഈ വേതാള കഥകള്‍ 1955 മുതല്‍ അമ്പിളിയമ്മാവനില്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. 25 കഥകളാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അതേ ശൈലിയില്‍ അമ്പിളിയമ്മാവന്‍ 600 കഥകള്‍ കൂടി പ്രസിദ്ധീകരിച്ചു. കെ. ടി. കുടുംബറാവുവാണ് ഈ വേതാള കഥകള്‍ എഴുതി അവയെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.
മദ്രാസിലെ ശങ്കര്‍ എന്ന ചിത്രകാരന്‍ വരച്ച ‘വിക്രമാദിത്യനും വേതാളവും’ എന്ന കഥയുടെ ചിത്രം ലക്ഷക്കണക്കിനു വായനക്കാരുടെ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ കഥാചിത്ര ഐക്കണ്‍ ആയി മാറി. 97-ാം വയസ്സില്‍ ചെന്നെയില്‍ അന്തരിക്കുമ്പോള്‍ കെ. സി. ശിവശങ്കര്‍ എന്ന ശങ്കറിന്റെ വരകള്‍ ആറ് പതിറ്റാണ്ട് അമ്പിളി അമ്മാവന്റെ ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്നു. അമ്പിളി അമ്മാവന്റെ സ്ഥാപക എഡിറ്റോറിയലിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ അംഗമായിരുന്നു അദ്ദേഹം.

‘ഇരുളടഞ്ഞ ഒരു ശ്മശാന ഭൂമിയിലൂടെ വേതാളത്തേയും തോളിലിട്ട് ഭീകരത ജനിപ്പിക്കുന്ന മനുഷ്യ തലയോട്ടികള്‍ തൂങ്ങിക്കിടക്കുന്ന ഒരു വൃക്ഷത്തിനടിയിലൂടെ, പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു സര്‍പ്പത്തിനരികിലൂടെ, ഊരിപ്പിടിച്ച വാളുമായി നടന്നു നീങ്ങുന്ന വിക്രമാദിത്യന്‍ ലക്ഷക്കണക്കിന് വായനക്കാരുടെ മനസില്‍ കിടിലം കൊള്ളിച്ച ഒരു ചിത്രമായി ഇന്നും നിലനില്‍ക്കുന്നു. (വേതാളം എന്നാല്‍ ഒരു ശ്മശാനത്തിലെ പിശാച് അല്ലെങ്കില്‍ ഒരു ഭൂതാവിഷ്ടമായ ശവശരീരം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്.) 60 വര്‍ഷം തുടര്‍ച്ചയായി ശങ്കര്‍ വരച്ച അമ്പിളിയമ്മാവനിലെ ചിത്രങ്ങളുള്ള പേജുകളെല്ലാം വായനക്കാരുടെ മനസില്‍ മായാത്തവിധം പതിഞ്ഞു കിടന്നു.
ഉയര്‍ന്ന ഗോപുരങ്ങളോടെയുള്ള വലിയ കൊട്ടാരങ്ങള്‍, ഒഴുകുന്ന മുടിയും മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ സുന്ദരികളായ യുവതികള്‍, സുന്ദരന്മാരായ പുരോഹിതന്മാര്‍, പച്ചപ്പു നിറഞ്ഞ വനങ്ങളില്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ധീരരായ രാജകുമാരന്മാര്‍, മെയ്യഴകുള്ള വില്ലന്മാര്‍, അതുപോലെ തന്നെ പുരാതന ഇന്ത്യയിലെ ഇടയന്മാര്‍, ഗ്രാമങ്ങള്‍, ഗ്രാമത്തലവന്‍മാര്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ ജലച്ചായത്തില്‍ വൈദഗ്ധ്യത്തോടെ വരച്ച ചിത്രങ്ങള്‍ അമ്പിളി അമ്മാവന്‍ അവതരിപ്പിച്ചു. ഗന്ധര്‍വ്വ യക്ഷ ദേവകിന്നരന്മാരും അവര്‍ക്കൊപ്പം സര്‍വ്വാഭരണഭൂഷിതയായി കമനീയ വസ്ത്രങ്ങളണിഞ്ഞ ദേവലോകത്ത് നിന്ന് ഭൂമിയിലേക്ക് വന്ന സുന്ദരികളായ ദേവസ്ത്രീകളും ഒരു വര്‍ണ്ണ ചലച്ചിത്രത്തിലേത് പോലെ അമ്പിളി അമ്മാവനിലെ പേജുകളില്‍ പ്രതൃക്ഷപ്പെട്ടത് വായനക്കാരെ ആനന്ദിപ്പിച്ചു.
അമ്പിളി അമ്മാവന്റെ താളുകള്‍ തുറന്ന് വായിക്കുമ്പോള്‍ ആ കഥകളിലെ ഒരു ഗ്രാമത്തിലൂടെയോ, ഒരു വനത്തിലൂടേയോ സഞ്ചരിക്കുന്നതായി വായനക്കാരന് അനുഭവപ്പെട്ടു. കൂറ്റന്‍ മരങ്ങള്‍ രണ്ടു വശത്തും നിറഞ്ഞ പുല്‍ത്തകിടികള്‍ ഉള്ള ഗ്രാമ വീഥികള്‍, സുന്ദരങ്ങളായ രമ്യഹര്‍മ്മ്യങ്ങള്‍, സാധാരണക്കാരുടെ ഗ്രാമീണ ജീവിതം, എന്നീ ജീവന്‍ തുടിച്ച ചിത്രങ്ങള്‍ . ആഹ്ലാദകരമായ ഒരു അനുഭൂതി വായനക്കാരന് നല്‍കി. അതീവ വശ്യതയുള്ള ഈ ചിത്രങ്ങളുടെ അല്‍ഭുത ചെപ്പായിരുന്നു ഓരോ ലക്കം അമ്പിളി അമ്മാവനും. പ്രതേകിച്ചും 60 കളിലും 70 കളിലും 80 കളിലും പുറത്ത് വന്ന ലക്കങ്ങള്‍. മാസികക്ക് വായനക്കാര്‍ വര്‍ദ്ധിച്ചു വന്നു. 12 ഭാഷകളില്‍ പുറത്ത് വന്ന ഈ മാസിക എതിരാളികളില്ലാതെ വന്‍ പ്രചാരം നേടി.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നുള്ള എണ്ണമറ്റ കഥകള്‍ അമ്പിളി അമ്മാവന്‍ അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഉപയോഗിച്ചു – രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, കഥാസരിതസാഗരം, പുരാണങ്ങള്‍ തുടങ്ങിയവ; ഇതില്‍ ജാതക കഥകളും സംസ്‌കൃതത്തിന്റെ ഒരു ശാഖയായ പാലി (മാഗധി) യിലെ മറ്റ് കഥകളും ഉള്‍പ്പെടുന്നു.
ശങ്കറിനെ കൂടാതെ രണ്ട് മികച്ച കലാകാരന്മാര്‍ തങ്ങളുടെ വര്‍ണചിത്രങ്ങളിലൂടെ വായനക്കാരെ വര്‍ണശബളമായ അമ്പിളി അമ്മാവന്റെ ലോകത്തേക്ക് നയിച്ചു. തെന്നിന്ത്യന്‍ രീതിയിലെ കഥ പറച്ചിലും വര്‍ണ്ണചിത്രങ്ങളായിട്ടും അമ്പിളി അമ്മാവനിലെ ഉള്ളടക്കം ഒരു മാന്ത്രിക ചെപ്പിലേതെന്ന പോലെ ഇന്ത്യയിലെ തെക്കും വടക്കുമുള്ള ലക്ഷകണക്കിന് ആ ബാലവൃദ്ധം വായനക്കാരെ ആകര്‍ഷിച്ചു. ചിത്രകാരമാരില്‍ പ്രമുഖനായിരുന്നു ശ്രീകാകുളത്തുകാരന്‍. വി.പി. എന്നറിയപ്പെട്ട ചിത്രകാരന്‍ വഡ്ഡാടി പാപ്പയ്യ ചിത്രരചനാ അധ്യാപകനായിരുന്ന പിതാവില്‍ നിന്ന് ചിത്രരചന അഭ്യസിച്ച പാപ്പ അഞ്ചാം വയസ്സില്‍ രവിവര്‍മ്മയുടെ പ്രശസ്തമായ ‘കോദണ്ഡരാമന്‍’ എന്ന ചിത്രത്തിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട് ‘ഹനുമാന്റെ’ ഒരു മനോഹരമായ ചിത്രം വരച്ചത് ഏറെ പ്രശംസിക്കപ്പെട്ടു.
ഹിന്ദു പുരാണങ്ങളായ മഹാഭാരതം, രാമായണം തുടങ്ങിയവ അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തി, തുടര്‍ന്ന് 1942 ല്‍ ആന്ധ്ര ജ്യോതിയില്‍ തന്റെ ആദ്യ ചിത്രം പ്രസിദ്ധീകരിച്ചു. ധരേരാണി’, ‘മഞ്ജുഷ’, ‘അഭിസാരിക’, ‘ആന്ധ്ര പത്രിക’, ‘ഭാരതി’, ‘ആന്ധ്ര ജ്യോതി’ തുടങ്ങിയ മാസികകളില്‍ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു.
1961 മുതല്‍ ചന്ദാമാമയ്ക്കായി അദ്ദേഹം വരയ്ക്കാന്‍ തുടങ്ങി. പുരാണ കഥകള്‍ക്ക് വേണ്ടി അദ്ദേഹം വരച്ച കവറുകള്‍ അമ്പിളിയമ്മാവനെ ആകര്‍ഷമായ ഒരു മാസികയായി മാറ്റുകയും അമ്പിളി അമ്മാവനെ പ്രസിദ്ധിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1969 ല്‍ മാസിക മഹാഭാരതത്തിന്റെ കഥ ഒരു പരമ്പരയായി ആരംഭിച്ചു. ആ ലക്കത്തിന്റെ ശീര്‍ഷക പേജ് വരച്ചത് വദ്ദാടി പപ്പയ്യയായിരുന്നു. അമ്പിളി അമ്മാവനിലെ മഹാഭാരത പരമ്പരയിലെ ആചാര്യയുടെ ചിത്രീകരണ രചനകള്‍ വളരെ പ്രശസ്തമായി. രണ്ട് പൂജ്യങ്ങള്‍ക്കിടയിലുള്ള ഒരു ആശ്ചര്യചിഹ്നമായിരുന്നു ചിത്രങ്ങളില്‍ രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ വിചിത്രമെന്ന്, വിശേഷിപ്പിച്ച ഒപ്പ്. ‘ജനനത്തിന്റെയും മരണത്തിന്റെയും രണ്ട് പൂജ്യങ്ങള്‍ക്കിടയില്‍, ജീവിതം ഒരു നിഗൂഢതയാണ്’ എന്നായിരുന്നു ഒപ്പിനെ കുറിച്ച് അദ്ദേഹത്തിന്റെ വ്യാഖ്യാനം.

മറ്റൊരു പ്രശസ്ത കലാകാരനായ എം.ടി.വി ആചാര്യ (മണ്ടയം തോന്നൂര്‍ വെങ്കിട ആചാരി,) മൈസൂരില്‍ നിന്നുള്ള ചിത്രകാരന്‍ അമ്പിളിയമ്മാവന് വേണ്ടി 1950-കളില്‍ ചിത്രീകരിച്ച പടങ്ങള്‍ മാസികയെ ഇന്ത്യയിലുടനീളം പ്രശസ്തമാക്കാന്‍ സഹായിച്ചു. രാജാ രവിവര്‍മ്മയ്ക്കും എസ്.എം. പണ്ഡിറ്റിനും ശേഷം, പുരാണ ചിത്രങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യന്‍ കലാകാരന്മാര്‍ക്കിടയില്‍ ഏറ്റവും പ്രശസ്തനായിരുന്നു എം.ടി.വി ആചാര്യ. എം.ടി.വി ആചാര്യയുടെ ഒറിജിനല്‍ ചിത്രങ്ങള്‍ വാങ്ങാനായി മാത്രം അഭ്യര്‍ത്ഥനയുമായി പല പ്രശസ്തരും അമ്പിളി അമ്മാവന്റെ ഓഫീസ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വരകള്‍ മദ്രാസ് മുതല്‍ കല്‍ക്കട്ട വരെ വളരെ പ്രശസ്തമായി. രണ്ട് കാലഘട്ടങ്ങളില്‍, 1948 മുതല്‍ 1953 വരെയും പിന്നീട് 1957 മുതല്‍ 1963 വരെയും ‘ചന്ദമാമ’ മാസികയുടെ കവര്‍ പേജ് അദ്ദേഹം വരച്ചു. പിന്നീട് അമ്പിളി അമ്മാവന്റെ കന്നട പതിപ്പ് എഡിറ്റ് ചെയ്തത് ആചാര്യയായിരുന്നു.
എം.ടി.വി ആചാര്യ ബാംഗ്ലൂരില്‍ തുടങ്ങിയ ‘ആചാര്യ ചിത്രകലാഭവന്‍’ എന്ന ചിത്രകലാ വിദ്യാലയമാണ് ഇന്ത്യയില്‍ തപാല്‍ വഴിയുള്ള ആദ്യത്തെ ചിത്രകലാ പരിശീലനത്തിന് തുടക്കമിട്ടത്. 1973-ല്‍ ആചാര്യ ഇന്ത്യയുടെ ആര്‍ട്ട് അംബാസഡറായി സോവ്യറ്റ് യൂണിയന്‍ സന്ദര്‍ശിക്കുകയും അവിടെ ഒരു മാസം നീണ്ട, തന്റെ ചിത്ര പ്രദര്‍ശനം നടത്തുകയും ചെയ്തു.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ അച്ചടിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചാല്‍ ഇന്ത്യയൊട്ടുക്ക് കുട്ടികളെയും മാസിക ആകര്‍ഷിക്കുമെന്ന് നാഗി റെഡ്ഡിയും ചക്രപാണിയും മനസ്സിലാക്കി. തുടര്‍ന്ന് കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഒറിയ, ആസാമീസ്, ഗുരുമുഖി, സിന്ധി എന്നീ ഭാഷകളിലെ പതിപ്പുകള്‍ പുറത്തിറങ്ങി. 1978 ആയപ്പോഴേക്കും സിംഹള പതിപ്പ് ഉള്‍പ്പടെ 13 ഭാഷകളില്‍ ചന്ദമാമ പ്രസിദ്ധീകരിച്ചു.
1952 ഏപ്രിലില്‍ അമ്പിളി അമ്മാവന്‍ മലയാളത്തില്‍ ആദ്യമായി പുറത്ത് വന്നു. ഒപ്പം മറാത്തിയില്‍ ചന്ദോബ എന്ന പേരിലും മാസിക പ്രത്യക്ഷപ്പെട്ടു. 1954 ല്‍ ഗുജറാത്തി, 1955 ല്‍ ഇംഗ്ലീഷ്, 1956 ല്‍ ഒറിയ (ജഹ്നാമമു എന്ന പേരില്‍), സിന്ധി എന്നീ പതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു, 1972 ഓഗസ്റ്റില്‍ ബംഗാളി, 1975 ല്‍ പഞ്ചാബി, 1976 ല്‍ ആസാമി, 1978 ല്‍ ഏപ്രിലില്‍ സംസ്‌കൃതം, സിംഹള, 2004 ല്‍ സന്താലി എന്നീ ഭാഷാ പതിപ്പുകള്‍ പുറത്തിറങ്ങി. പഞ്ചാബി, സിന്ധി, സിംഹള പതിപ്പുകള്‍ ഏതാനും ലക്കങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. 1957 ഒക്ടോബര്‍ മുതല്‍ 1970 ജൂണ്‍ വരെ കുറെ നാള്‍ ഇംഗ്ലീഷ് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത് നിറുത്തിവെച്ചിരുന്നു.

അമ്പിളി അമ്മാവന്‍ കോപ്പികള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഒറിയ പതിപ്പാണ് (പ്രതിമാസം 1,00,000 കോപ്പികള്‍). ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളല്ല, എന്നത് ഏറെ ശ്രദ്ധേയമാണ്.
1978 ല്‍ ഇന്ത്യയില്‍ കുട്ടികള്‍ക്ക് വേണ്ടി ആദ്യമായി സംസ്‌കൃതത്തില്‍ മാസിക പുറത്തിറക്കിയത് അമ്പിളി അമ്മാവനായിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷം യൂസിസെഫ് അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി പ്രഖ്യാപിച്ച 1981 ല്‍ നാല് ഭാഷകളിലായി അമ്പിളി അമ്മാവന്റെ ബ്രെയ്ലി പതിപ്പുകള്‍ പുറത്തിറക്കി. ഇതെല്ലാം
1947-ല്‍ 6,000 കോപ്പികളുടെ പ്രചാരത്തോടെ ആരംഭിച്ച ചന്ദാമാമ, കാലക്രമേണ ഒരു മാസം അര ദശലക്ഷം കോപ്പികള്‍ പ്രചാരത്തിലായി. ഒരു റീഡര്‍ഷിപ്പ് സര്‍വേയില്‍ വെളിപ്പെടുത്തിയത്, അമ്പിളി അമ്മാവന്റെ ഓരോ കോപ്പിയും 17 പേര്‍ വായിക്കുന്നു എന്നാണ് ! രാജ്യത്തെ സാക്ഷരതാ നിരക്ക് വര്‍ദ്ധിച്ചതോടെ അമ്പിളി അമ്മാവന്റെ പ്രചാരവും വര്‍ദ്ധിച്ചു.
അമ്പിളി അമ്മാവനില്‍ പ്രസിദ്ധീകരിച്ച ഭൂരിഭാഗവും കഥകളും ഹിന്ദു പുരാണങ്ങളോ ഐതിഹ്യങ്ങളോ പശ്ചാത്തലമായി വന്നവയായിരുന്നു. എന്നിട്ടും ജാതിമത ഭേദമില്ലാതെ എല്ലാ ഭാഷയിലെ വായനക്കാരും അമ്പിളിയമ്മാവന്‍ ഇഷ്ടപ്പെട്ടുയെന്നതാണ് ആ മാസികയെ വേറിട്ട് നിറുത്തിയത്. വിജ്ഞാനത്തിന് മതമോ, ജാതിയോ, ഭാഷയോ ഇല്ല എന്ന് അമ്പിളി അമ്മാവന്‍ തങ്ങളുടെ ഉള്ളടക്കത്തിലൂടെ വ്യക്തമാക്കി. ഒരു പ്രസിദ്ധീകരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തവും എന്നാല്‍ അഭിമാനകരമായ ഒരു നേട്ടമായി അത് മാറി.
‘ചന്ദാമാമ ഏതെങ്കിലും ഒരു ജാതിയുടെയോ വ്യക്തിയുടെയല്ല എല്ലാ ജാതികളുടെയും എല്ലാ മതത്തിലെയും, എല്ലാവരുടെയും സഹോദരനാണ്. അതുകൊണ്ടാണ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും ഈ മാസിക പ്രത്യക്ഷപ്പെടണമെന്നും എല്ലാവരും വായിക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നത്’ കഴിഞ്ഞ മുപ്പത് വര്‍ഷമായി ചന്ദാമാമ പബ്ലിക്കേഷന്‍സിന്റെ എഡിറ്റര്‍, പ്രസാധകന്‍, മാനേജിംഗ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബി. വിശ്വനാഥ റെഡ്ഡി ഒരു അഭിമുഖത്തില്‍ പറഞ്ഞു: അമ്പിളി അമ്മാവന്റെ സ്ഥാപകനായ ബി. നാഗി റെഡ്ഡിയുടെ മകനാണ് ഇദ്ദേഹം.
സ്ഥാപക എഡിറ്ററായ ചക്രപാണിയെക്കുറിച്ച് പറയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ കുറിച്ചുള്ള ഒരു വസ്തുത – അമ്പിളി അമ്മാവനിലെ ഒരു വരി പോലും അദ്ദേഹത്തിന്റെ സൂക്ഷ്മപരിശോധനയും അംഗീകാരവുമില്ലാതെ അച്ചടിക്കാന്‍ പ്രസ്സിലേക്ക് പോയിരുന്നില്ല എന്നതാണ്. വാര്‍ദ്ധ്യകത്തില്‍, കിടപ്പിലായിരുന്നപ്പോള്‍ പോലും താന്‍ എഡിറ്റ് ചെയ്തിരുന്ന മാസികയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണമായിരുന്നു അത്. മാസിക കുട്ടികള്‍ക്കുള്ളതാണെങ്കിലും, മുതിര്‍ന്നവരെപ്പോലും പ്രചോദിപ്പിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ അമ്പിളി അമ്മാവന്റെ ഉള്ളടക്കത്തില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം എന്നും നിര്‍ഷ്‌കര്‍ഷിച്ചു. ഇത് ഉറപ്പാക്കാന്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓരോ ഖണ്ഡികയും സ്വയം പരിശോധിക്കാന്‍ അദ്ദേഹം തയ്യാറായി.

അരനൂറ്റാണ്ടിലേറെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വായനയെ ഒരുപോലെ സജീവമാക്കിയിരുന്ന അമ്പിളി അമ്മാവന്‍ 1998 ല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരണം നിര്‍ത്താന്‍ തീരുമാനിച്ചു. പ്രിന്റിംഗ് യൂണിറ്റിലെ തൊഴില്‍ പ്രശ്‌നങ്ങളായിരുന്നു കാരണം.
താന്‍ ഒരിക്കലും മാസിക നിര്‍ത്തിയില്ലെന്നും പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും റെഡ്ഡി പിന്നീട് പറഞ്ഞു. ഏകദേശം മൂന്നു പതിറ്റാണ്ട് ചന്ദാമാമയുമായി ബന്ധപ്പെട്ടിരുന്ന റെഡ്ഡിക്ക്, അത് വളരെ വേദനാജനകമായ ഒരു നിമിഷമായിരുന്നു.’ വിശ്വനാഥ റെഡ്ഡി പറഞ്ഞു.
‘ചന്ദാമാമയുടെ സ്ഥാപകരായ എന്റെ പിതാവില്‍ നിന്നും, അന്തരിച്ച എഡിറ്റര്‍ ചക്രപാണിയില്‍ നിന്നും മാസിക കൈമാറിയത് എനിക്കായിരുന്നു. അതുകൊണ്ടു തന്നെ എനിക്കത് അതീവ വേദനാജനകമായ ഒരു തീരുമാനമായിരുന്നു അത്. പക്ഷേ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു’.
റെഡ്ഡിയെ അത്ഭുതപ്പെടുത്തിയത് ഏജന്റുമാരുടെയും വരിക്കാരുടേയും മനോഭാവമായിരുന്നു. ഏജന്റുമാര്‍ ആരും തന്നെ തങ്ങളുടെ ഏജന്‍സി ഉപേക്ഷിച്ചില്ല. മാസികയുടെ മിക്ക വരിക്കാരും വരിസഖ്യ തിരികെ ആവശ്യപ്പെട്ടില്ല. പകരം, മാസിക വീണ്ടും പുറത്ത് വരുന്നത് വരെ കാത്തിരിക്കാന്‍ അവര്‍ തീരുമാനിച്ചു. ആ സമയത്തും പുതിയ ‘വായനക്കാര്‍ മാസികയുടെ വരിക്കാരാവാന്‍ പണം അയച്ചു കൊണ്ടിരുന്നത് അവരെ അത്ഭുതപ്പെടുത്തി.
ഒടുവില്‍ ‘മാഗസിനിന്റെ അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ക്കാതെ പുതിയ കാലത്തിനനുസൃതമായി മാസികയെ പുനഃസംവിധാനം ചെയ്യാന്‍ മുതിര്‍ന്ന എഡിറ്റര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചു.

മാസിക പുനരാരംഭിക്കാന്‍ ആരംഭിച്ച ചന്ദാമാമ ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയുടെ കുറെ ഓഹരികള്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി വാങ്ങി. 1998 വരെ അമ്പിളി അമ്മാവന്‍ റെഡ്ഡി കുടുംബത്തിന്റെത് മാത്രമായിരുന്നു. എന്നാല്‍ പുനഃസംഘടനയില്‍ മാസികയില്‍ കുടുംബത്തിന് 40 ശതമാനം ഓഹരി മാത്രമായി.
മോര്‍ഗന്‍ സ്റ്റാന്‍ലിയെ കൂടാതെ, കമ്പനിയുടെ 60 ശതമാനം ഓഹരികളും വാങ്ങിയ മറ്റ് ചില നിക്ഷേപകരും ഉടമകളായി. എങ്കിലും വിശ്വനാഥ റെഡ്ഡി മാസികയുടെ എഡിറ്റര്‍, പ്രസാധകന്‍, മാനേജിംഗ് ഡയറക്ടര്‍ എന്നീ നിലകളില്‍ തുടര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷം നവംബര്‍ 14 ന് ശിശുദിനത്തില്‍ അമ്പിളി അമ്മാവന്‍ കാലാനുസൃത മാറ്റങ്ങളോടെ വീണ്ടും പുറത്ത് വന്നു.
ഇതിനിടയില്‍ ബോംബെയില്‍ നിന്ന് 70 കളില്‍ അനന്ത് പൈ ആരംഭിച്ച അമര്‍ ചിത്രകഥ നിശബ്ദ വിപ്ലവം നടത്തി കുട്ടികളുടെ വായനാ വിപണി കീഴടക്കിയത് അമ്പിളി അമ്മാവന്റെ പ്രചാരത്തിന് ഇളക്കം തട്ടാന്‍ കാരണമായി. ഇംഗ്ലീഷിന്റെ പ്രാധാന്യവും കോമിക് സ്വഭാവവുമുള്ള അമര്‍ ചിത്രകഥ ദേശീയ തലത്തില്‍ ശ്രദ്ധ നേടി. അമ്പിളി അമ്മാവന്‍ ഒരിക്കലും ഒരു കോമിക്‌സല്ല. ഒരു കോമിക്സായ അമര്‍ ചിത്രകഥയുമായി ഒരു താരതമ്യവുമില്ല. പക്ഷേ ഇംഗ്ലീഷില്‍ മികച്ച അച്ചടിയും ചിത്രങ്ങളും അവതരിപ്പിച്ച അമര്‍ച്ചിത്ര കഥയേയും സഹപ്രസിദ്ധീകരണമായ അനന്തപൈയുടെ ‘ടിങ്കിള്‍’ളും ബാല പ്രസിദ്ധീകരണ രംഗത്ത് ബഹുദൂരം മുന്നിലായിരുന്നു. അതിനോട് മത്സരിക്കാന്‍ പ്രാദേശിക പിന്‍ബലത്തോടെ മുന്നേറുന്ന അമ്പിളി അമ്മാവന്റെ ഉള്ളടക്കം പ്രാപ്തമല്ലായിരുന്നു.

2007-ല്‍, മുംബൈ ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍ സേവന കമ്പനിയായ ജിയോഡെസിക്, അമ്പിളി അമ്മാവന്‍ ഏറ്റെടുത്തു. 60 വര്‍ഷം പഴക്കമുള്ള മാസികയെ ഡിജിറ്റല്‍ യുഗത്തിലേക്ക് മാറ്റാനുള്ള പദ്ധതികളോടെ അവര്‍ മാസികയെ വീണ്ടും പുനരാവിഷ്‌ക്കരിച്ചു. ബോംബെ ഐ.ഐ.ടിയിലെ അദ്ധ്യാപകനും: IDT മുബൈയിലെ മുതിര്‍ന്ന ഡിസൈനറും മലയാളിയായ ജി.വി. ശ്രീകുമാറാണ് അമ്പിളി അമ്മാവന്‍ രൂപകല്‍പ്പന നടത്തി പുനരാവിഷ്‌കരിച്ചത്. ശങ്കറിന്റെ ചിത്രങ്ങളുടെ ആരാധകനും പഴയ അമ്പിളി അമ്മാവന്‍ വായനക്കാരനുമായ ശ്രീകുമാര്‍ ഇതേക്കുറിച്ച് എഴുതി (പ്രശസ്ത മലയാള നോവലിസ്റ്റും എഴുത്തുകാരനുമായ ജി.വിവേകാനന്ദന്റെ മകനാണ് ഇദ്ദേഹം).
‘ഞാന്‍ പുനര്‍രൂപകല്‍പ്പന ചെയ്ത പതിപ്പില്‍, കൈകൊണ്ട് വരച്ച ചിത്രങ്ങളില്‍ അധിക പശ്ചാത്തലമോ പ്രത്യേക ഇഫക്‌റ്റോ ഉപയോഗിക്കരുതെന്നതായിരുന്നു എന്റെ ഒരു പ്രധാന തീരുമാനം. പുനര്‍രൂപകല്‍പ്പന ചെയ്ത അമ്പിളി അമ്മാവന്‍ പ്രസിദ്ധീകരിച്ച ശേഷം ഒരു മാസത്തിനുശേഷം ഞാന്‍ അദ്ദേഹത്തെ (ചിത്രകാരന്‍ ശങ്കര്‍) കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായ സന്തോഷവും ആശ്വാസവും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തന്റെ ചിത്രങ്ങളെ ബഹുമാനിച്ചതിനും ഡിജിറ്റല്‍ മീഡിയയിലെ എല്ലാ കൃത്രിമ പശ്ചാത്തലങ്ങളും നീക്കം ചെയ്തതിനും അദ്ദേഹം എന്നോട് വളരെയധികം നന്ദി പറഞ്ഞു. പുനര്‍രൂപകല്‍പ്പന ചെയ്ത മാസികയെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാറ്റിനുമുപരി, ഈ ലാളിത്യമാണ് മാസികയ്ക്ക് ആവശ്യമായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുനരാവിഷ്‌ക്കരണം നടത്തി മാസിക പുറത്ത് വന്നെങ്കിലും കാര്യങ്ങള്‍ കീഴ്മറിയുകയായിരുന്നു. മാസിക ഏറ്റെടുത്ത ജിയോഡെസിക് എന്ന സ്ഥാപനം വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും അവര്‍ക്കെതിരെ ബാങ്കുകള്‍ നിയമനടപടി ആരംഭിക്കുകയും ചെയ്തതോടെ മുംബൈ ഹൈക്കോടതി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. അതോടെ മാസികയുടെ പ്രവര്‍ത്തനം നിലച്ചു.
കൈകൊണ്ട് വരച്ച കഥകളുടെ ചിത്രങ്ങളുടെ ഏകദേശം 6,000 കോപ്പികള്‍, മാസികയുടെ പകര്‍പ്പുകള്‍, വേതാള കഥകളുടെ 640 പേജുകള്‍ എന്നിവ മുംബൈയിലെ ജിയോഡെസിക്കിന്റെ ഓഫീസില്‍ അനിശ്ചിതമായി കൂടിക്കിടന്നു. മാസികയുടെ അവസാനം വേതാളത്തിന്റെ സങ്കീര്‍ണമായ ചോദ്യം പോലെയായി, ‘ഇനി അമ്പിളി അമ്മാവന്‍ വീണ്ടും പുറത്തുവരുമോ?’ 17 വര്‍ഷം കഴിഞ്ഞിട്ടും ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല !
ഡല്‍ഹിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പ്രസിദ്ധീകരണമായ ‘ചില്‍ഡ്രന്‍സ് വേള്‍ഡ്’ ന്റെ എഡിറ്ററായിരുന്ന കെ. രാമകൃഷ്ണനാണ് അമ്പിളി അമ്മാവനുമായി അടുത്ത ബന്ധമുള്ള ഒരു മലയാളി. ശങ്കറിന്റെ ചില്‍ഡ്രന്‍സ് വേള്‍ഡില്‍ നിന്ന് വിരമിച്ച ശേഷം 80 കളില്‍ അമ്പിളി അമ്മാവന്റെ കണ്‍സള്‍ട്ടന്റ് എഡിറ്ററായി അദ്ദേഹം കുറെക്കാലം പ്രവര്‍ത്തിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പൗത്രനാണ് ഇദ്ദേഹം.

‘ഇന്നത്തെ കുട്ടികളെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാളത്തെ ഇന്ത്യയ്ക്ക് പുഞ്ചിരിക്കാന്‍ കഴിയൂ; ഇന്നത്തെ കുട്ടികളെ അവരുടെ മഹത്തായ പൈതൃകത്തെ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചാല്‍ മാത്രമേ ഇന്ത്യ ശക്തമായ ഒരു രാഷ്ട്രമാകൂ. കുട്ടികള്‍ നല്ല സാഹിത്യം ആസ്വദിക്കണം, ഒന്നിച്ച് ഇന്ത്യയുടെ ആത്മാവിനെ അറിയണം’
1997ല്‍ അമ്പിളി അമ്മാവന്‍ 50-ാം പിറന്നാളാഘോഷിച്ചപ്പോള്‍ സ്ഥാപകനായ ബി. നാഗി റെഡ്ഡി തന്റെ സന്ദേശം അമ്പിളി അമ്മാവനിലൂടെ വായനക്കാര്‍ക്ക് നല്‍കി.
അമ്പിളി അമ്മാവന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന, ഇന്ത്യയിലുടനീളമുള്ള ആരാധകരുടെ ശ്രമഫലമായി മാസികയിലെ കഥകള്‍ ഡിജിറ്റലൈസ് ചെയ്യാനും സംരക്ഷിക്കാനും നടത്തിയതിന്റെ ശ്രമഫലമായി ഒടുവില്‍ ഒരു അനൗദ്യോഗിക വെബ്സൈറ്റ് രൂപംകൊണ്ടു. 1947 മുതലുള്ള മാസികയുടെ ലക്കങ്ങള്‍ വിവിധ ഭാഷകളില്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പക്ഷേ, ഇത് ഉടമകളുമായി ബന്ധമില്ല, ഔദ്യോഗികവുമല്ല. എങ്കിലും ഇന്ത്യയുടെ സാംസ്‌കാരിക ലോകത്തിന് മികച്ച സംഭാവന നല്‍കിയ അമ്പിളി അമ്മാവന്‍ മറഞ്ഞിട്ടില്ലെന്ന് അതിന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഒരിക്കല്‍ക്കൂടി അഭിമാനിക്കാം.
Content Summary: The Ambili Ammavan who revealed a magical collection of amazing stories
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.