June 26, 2026 |
Share on

ട്രംപിനെതിരേ യുവതി നല്‍കിയ അഭിമുഖം എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായി!

പ്രായപൂര്‍ത്തിയാകാത്ത കാലത്ത് ട്രംപിന്റെയും എപ്സ്റ്റീന്റെയും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍

ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക അതിക്രമക്കേസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ പരിശോധനയിലാണ് ട്രംപിനെതിരെ മൊഴി നല്‍കിയ ഒരു യുവതിയുടെ അഭിമുഖം സംബന്ധിച്ച എഫ്.ബി.ഐ മെമ്മോകള്‍ കാണാനില്ലെന്ന വിവരം പുറത്തുവന്നത്.

2019-ല്‍ എപ്സ്റ്റീന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് താന്‍ പ്രായപൂര്‍ത്തിയാകാത്ത കാലത്ത് ട്രംപിന്റെയും എപ്സ്റ്റീന്റെയും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഈ യുവതി രംഗത്തെത്തിയത്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്.ബി.ഐ നാല് അഭിമുഖങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ എപ്സ്റ്റീനെതിരെയുള്ള ആരോപണങ്ങള്‍ വിവരിക്കുന്ന ഒരൊറ്റ റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ പൊതുരേഖയിലുള്ളത്. ബാക്കി മൂന്ന് സുപ്രധാന റിപ്പോര്‍ട്ടുകളും നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഈ മൂന്ന് റിപ്പോര്‍ട്ടുകളിലാണ് ട്രംപിനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു.

രേഖകള്‍ കാണാതായതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ നീതിന്യായ വകുപ്പ് തയ്യാറായിട്ടില്ല. നിലവിലുള്ള ഫെഡറല്‍ അന്വേഷണങ്ങളെ ബാധിക്കുന്നതോ അല്ലെങ്കില്‍ ആവര്‍ത്തനങ്ങളോ ആയ രേഖകള്‍ മാത്രമാണ് മാറ്റിവെച്ചതെന്നാണ് വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ട്രംപിനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഭാഗം മാത്രം എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന് മറുപടി ലഭ്യമല്ല. ഏതാണ്ട് 50-ഓളം പേജുകള്‍ ഇത്തരത്തില്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് രേഖകളുടെ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്ന കാലത്ത് 1980-കളില്‍ സൗത്ത് കരോലിനയിലെ ഹില്‍ട്ടണ്‍ ഹെഡ് ഐലന്‍ഡില്‍ വെച്ച് എപ്സ്റ്റീന്‍ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും തുടര്‍ന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്നുമാണ് യുവതി ആരോപിച്ചിരുന്നത്. ട്രംപിനെപ്പോലെയുള്ള പ്രമുഖര്‍ക്കെതിരെ മൊഴി നല്‍കിയാല്‍ ഉണ്ടാകാവുന്ന പ്രതികാര നടപടികളില്‍ ഭയമുണ്ടെന്ന് ഇവര്‍ അന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താന്‍ കുറ്റവിമുക്തനാക്കപ്പെട്ടതാണെന്നുമാണ് ട്രംപിന്റെ വാദം. 2020-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമര്‍പ്പിക്കപ്പെട്ട തെറ്റായ ആരോപണങ്ങളാണ് ഇവയെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

എപ്സ്റ്റീന്‍ കേസ് ഫയലുകള്‍ പരസ്യപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം പുതിയ നിയമം നിലവില്‍ വന്നിരുന്നു. പ്രമുഖ വ്യക്തികളുടെ സല്‍പ്പേരിന് ദോഷം വരുമെന്നോ രാഷ്ട്രീയമായി ദോഷകരമാകുമെന്നോ ഉള്ള കാരണങ്ങള്‍ പറഞ്ഞ് രേഖകള്‍ തടഞ്ഞുവെക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും ട്രംപുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായത് നീതിന്യായ വകുപ്പിന്റെ നടപടികളില്‍ സംശയം വര്‍ദ്ധിപ്പിക്കുന്നു. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയും ഈ വിഷയത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Content Summary: Records of woman who made claim against Trump missing from Epstein files.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×