ജെഫ്രി എപ്‌സ്റ്റെയ്ന്‍ ഫയലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഒന്നിലധികം തവണ പരാമര്‍ശിച്ചിട്ടുണ്ടെന്ന് നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
മേയ് മാസത്തില്‍ വൈറ്റ് ഹൗസില്‍ നടന്നൊരു യോഗത്തില്‍ വച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും, ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെയും എപ്‌സ്റ്റെയ്ന്‍ ഫയലില്‍ പ്രസിഡന്റിന്റെ പേര് ഉണ്ടെന്ന കാര്യം ട്രംപിനെ തന്നെ അറിയിച്ചിരുന്നതായും വിവരങ്ങള്‍ വെളിപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് പല ഉന്നതന്മാരുടെയും പേരുകള്‍ ഫയലുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ട്രംപിനോട് അവര്‍ പറഞ്ഞിരുന്നു. ഫയലില്‍ പേര് വന്നതിന് കുറ്റം ചെയ്തുവെന്ന് അര്‍ത്ഥമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
ഫയലുകളില്‍ എന്റെ പേര് ഉണ്ടെന്ന് ബോണ്ടി തന്നോട് പറഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്ച ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്. ഫെബ്രുവരിയില്‍ പാം ബോണ്ടി പറഞ്ഞത്, എപ്സ്റ്റീന്റെ ക്ലയന്റ് ലിസ്റ്റ് ‘പരിശോധിക്കുന്നതിനു വേണ്ടി ഇപ്പോള്‍ എന്റെ മേശപ്പുറത്ത് ഇരിക്കുകയാണ്’ എന്നായിരുന്നു.
വൈറ്റ് ഹൗസില്‍ നടന്ന യോഗം ഈയൊരു വിഷയത്തില്‍ കേന്ദ്രീകരിച്ച് നടന്നതായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. മറ്റ് പല വിഷയങ്ങളും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ ഇതും പരാമര്‍ശിക്കപ്പെടുകയായിരുന്നു.
ട്രംപ് ഉള്‍പ്പെടെ എപ്സ്റ്റീനുമായി മുമ്പ് ഇടപഴകിയിരുന്ന പല ഉന്നതന്മാരെക്കുറിച്ചും സ്ഥിരീകരിക്കാത്ത കിംവദന്തികളെന്ന് പറയാവുന്ന കാര്യങ്ങള്‍ ഫയലുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിനോട് പറഞ്ഞിരുന്നുവെന്നാണ് വിവരം.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ഇരകളുടെ സ്വകാര്യ വിവരങ്ങളും അടങ്ങിയതിനാല്‍, ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുടെ(ജെഫ്രി എപ്‌സ്റ്റെയ്ന്‍) അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പ് തയ്യാറല്ലെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ട്രംപിനോട് പറഞ്ഞത്. കൂടുതല്‍ ഫയലുകളൊന്നും പുറത്തുവിടേണ്ടതില്ലെന്ന നീതിന്യായ വകുപ്പിന്റെ തീരുമാനത്തെ താന്‍ മാനിക്കുന്നുവെന്നാണ് ട്രംപ് യോഗത്തില്‍ പറഞ്ഞത്.
ജൂലൈയില്‍ നീതിന്യായ വകുപ്പ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ, ഒപ്പിടാത്ത ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്, എപ്സ്റ്റീന്റെ ക്ലയന്റുകളുടെ പട്ടികകളൊന്നും തങ്ങള്‍ നടത്തിയ സമഗ്രമായ അവലോകനത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു. എപ്‌സ്റ്റെയ്ന്‍ കേസില്‍ ഇതുവരെ കുറ്റം ചുമത്തപ്പെട്ടിട്ടില്ലാത്ത, മൂന്നാം കക്ഷികളെക്കുറിച്ച് അന്വേഷിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധമുള്ള വെളിപ്പെടുത്തലിന് അര്‍ഹമായ അധിക രേഖകളൊന്നും കണ്ടെത്തിയില്ലെന്നും നീതിന്യായ വകുപ്പ് ആ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
കുട്ടികളുടെ ലൈംഗികചിത്രങ്ങള്‍ ഉള്‍പ്പെടുന്നതിനാലും ഇരകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാലും പലവിവരങ്ങളും രഹസ്യമാക്കി വയ്‌ക്കേണ്ടതുണ്ടെന്നും നീതിന്യായ വകുപ്പ് വാദിക്കുന്നുണ്ടായിരുന്നു.
എപ്‌സ്റ്റെയ്ന്‍ ഫയലും ട്രംപുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വിട്ട ദി വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരേ വൈറ്റ് ഹൗസ് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ജേര്‍ണലിന്റെ മറ്റൊരു വ്യാജവാര്‍ത്തയാണ് ഇതുമെന്നാണ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്റ്റീവന്‍ ച്യൂങ് കുറ്റപ്പെടുത്തിയത്.
എപ്‌സ്‌റ്റെയ്‌ന്റെ സ്വഭാവം കൊള്ളില്ലെന്ന് മനസിലായപ്പോള്‍ തന്നെ ട്രംപ് അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നാണ്. ച്യൂങ് പുറത്തു വിട്ട പ്രസ്താവനയില്‍ അവകാശപ്പെടുന്നത്.
2006ല്‍ തന്നെ എപ്‌സ്റ്റെയ്‌നുമായി താന്‍ എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. 2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ ലൈംഗികാവിശ്യത്തിനായി ഉപയോഗിച്ചുവെന്ന് കുറ്റം സമ്മതിച്ചതിനു പിന്നാലെ അയാളെ ശിക്ഷിക്കുകയും ഫ്‌ളോറിഡ ജയിലിലേക്ക് അയക്കുകയും ചെയ്തു. ആ ലൈംഗിക കുറ്റവാളിയി ശിക്ഷിക്കപ്പെടുന്നതിനും രണ്ടു വര്‍ഷം മുമ്പ് അയാളുമായുള്ള കൂട്ട് അവസാനിപ്പിച്ചെന്നാണ് ട്രംപ് വാദിക്കുന്നത്.
വെള്ളിയാഴ്ച ജേര്‍ണലിന് നല്‍കിയ പ്രസ്താവനയില്‍, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെയും പറയുന്നത്, കൂടുതല്‍ അന്വേഷണത്തിനോ പ്രോസിക്യൂഷനോ ആവശ്യമായ ഒന്നും ഫയലുകളില്‍ കൂടുതലായി ഇല്ലെന്നായിരുന്നു. ”ഞങ്ങളുടെ പതിവ് ബ്രീഫിംഗിന്റെ ഭാഗമായി, ഫയലുകളിലെ കണ്ടെത്തലുകളെക്കുറിച്ച് ഞങ്ങള്‍ പ്രസിഡന്റിനെ അറിയിച്ചു’ എന്നാണവര്‍ പറഞ്ഞത്.
കുറ്റകൃത്യങ്ങളില്‍ എപ്സ്റ്റീനുമായി പങ്കുള്ള ആരെയെങ്കിലും കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതാനായി ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലുമായി വരും ദിവസങ്ങളില്‍ ഒരു കൂടിക്കാഴ്ച നടത്താന്‍ നീതിന്യായ വകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച ബ്ലാഞ്ചെ എക്സില്‍ പറഞ്ഞിരുന്നു.
എപ്‌സ്റ്റെയ്‌ന്റെ ലൈംഗിക വേട്ടയില്‍ സഹായിയായിരുന്നു ഗിസ്ലെയ്ന്‍ മക്‌സ്വെല്‍. 2021 ല്‍ മാക്‌സ്വെല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി 20 വര്‍ഷം തടവിന് വിധിക്കപ്പെട്ടു. 2020 ല്‍ കുറ്റം ചുമത്തിയതു മുതല്‍ അവര്‍ ജയിലിലാണ്. വിചാരണയില്‍ അവര്‍ സ്വയം പ്രതിരോധിക്കാന്‍ തക്ക സാക്ഷ്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. Trump’s name is among in the Epstein files Justice Department.
Content Summary; Trump’s name is among in the Epstein files, Justice Department.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.