യുഎസ് സുപ്രീം കോടതിയുടെ പ്രതികൂല വിധിക്ക് പിന്നാലെ, ലോകരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് ഏര്‍പ്പെടുത്തിയ ആഗോള തീരുവകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന കോടതി വിധി വന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ട്രംപിന്റെ പുതിയ നീക്കം.
കോടതി വിധിയോട് രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. തന്നെ തടഞ്ഞ ജഡ്ജിമാരെ ‘രാഷ്ട്രത്തിന് നാണക്കേട്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പുതിയ 15 ശതമാനം നികുതി പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍, അമേരിക്കയെ പതിറ്റാണ്ടുകളായി ചൂഷണം ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെയുള്ള നിയമപരമായ നടപടിയാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ നിയമം അനുസരിച്ച് 150 ദിവസത്തേക്ക് ഈ തീരുവ നടപ്പിലാക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഈ കാലയളവിനുള്ളില്‍ കോണ്‍ഗ്രസിന്റെ അനുമതി തേടുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യേണ്ടി വരും.
ട്രംപിന്റെ ഈ തീരുമാനം ആഗോളതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ ഏകോപിപ്പിച്ച നിലപാടുമായി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് അറിയിച്ചു. അനിശ്ചിതത്വം സമ്പദ്വ്യവസ്ഥയ്ക്ക് ‘വിഷം’ പോലെയാണെന്നും വ്യാപാര യുദ്ധങ്ങള്‍ എല്ലാവര്‍ക്കും ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനാധിപത്യത്തില്‍ അധികാരത്തിന് കടിഞ്ഞാണിടാന്‍ കോടതികള്‍ ഉണ്ടാകുന്നത് നല്ലതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. തിരിച്ചടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.
അമേരിക്കന്‍ ബിസിനസ്സ് മേഖലയിലും ഈ നീക്കം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സുപ്രീം കോടതി റദ്ദാക്കിയ പഴയ നികുതിയിനത്തില്‍ അടച്ച തുക തിരികെ ലഭിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് എളുപ്പമാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. പല അത്യാവശ്യ മരുന്നുകള്‍ക്കും ലോഹങ്ങള്‍ക്കും കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ഈ നികുതിയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. എങ്കിലും, പുതിയ വര്‍ദ്ധനവ് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നും ആഗോള സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
Content Summary: US President donald trump raises tariffs to 15% on imports from all countries
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.