June 03, 2026 |

‘എന്ററോമിക്‌സ് വാക്‌സിന്‍ കാന്‍സര്‍ വരാതിരിക്കാനല്ല, രോഗികളെ ഭേദപ്പെടുത്താനുള്ളത്’

എല്ലാ കാൻസറും ഒരുപോലെയല്ല

അർബുദത്തെ പ്രതിരോധിക്കാനായി റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ്‌ വാക്‌സിൻ പ്രതീക്ഷയോടൊപ്പം നിരവധി ആശങ്കകളും ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. എന്ററോമിക്‌സ്‌ വാക്സിനെടുത്താൻ കാൻസറിനെ പൂർണമായും ഭേദപ്പെടുത്താൻ കഴിയുമോയെന്നാണ് ഇതിൽ ഉയരുന്ന പ്രധാന ചോദ്യം. എൻ്ററോമിക്സിനെക്കുറിച്ച് വാർത്തകളിലൂടെ മാത്രമാണ് വിവരങ്ങൾ ലഭിക്കുന്നതെന്നും എൻ്ററോമിക്സ് വാക്സിൻ എടുത്തുകഴിഞ്ഞാൽ കാൻസർ ഒരിക്കവും വരില്ലായെന്നത് തെറ്റിദ്ധാരണയാണെന്നും ന്യൂറോസർജനും എഴുത്തുകാരനുമായ ഡോ. മനോജ് വെള്ളനാട് അഴിമുഖത്തോട് പറഞ്ഞു.

‘മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ മാത്രമാണ് എൻ്ററോമിക്സിനെക്കുറിച്ച് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം റഷ്യൻ ഹെൽത്ത് ഫെഡറേഷൻ ക്ലുണസ്കോവ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യവും വാർത്തകളിൽ വരുന്നതുമാണ് വാക്സിനെക്കുറിച്ച് ലഭിക്കുന്ന വിവരം.

ഒരു സയൻസ് ജേർണലിലോ സയൻസ് പോർട്ടലിലോ ഇതിനെക്കുറിച്ചുള്ള വിവരങ്ങളില്ല. അതുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങളിൽ 100 ശതമാനം ആധികാരികതയുണ്ടെന്ന് പറയാൻ കഴിയില്ല. 100 ശതമാനം ഫലപ്രാപ്തിയെന്ന് പറയുന്നതും സാധ്യമാകാത്ത കാര്യമാണ്.

ഇപ്പോൾ ഉപയോ​ഗിക്കുന്ന ടെറ്റനസ് വാക്സിന് 100 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് പറയുമെങ്കിൽ പോലും അത്രയും ലഭിക്കുമെന്നത് നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല. പ്രധാനമായും കോളോറെക്ടൽ (വൻകുടൽ) ക്യാൻസറിനെതിരെയുള്ളതാണ് വാക്സിനെന്ന് നിർമാതാക്കൾ തന്നെ അവകാശപ്പെടുന്നുണ്ട്. 48 മനുഷ്യരിൽ ആദ്യ സ്റ്റെപ് ആയി പഠനം നടത്തിയെന്നാണ് പറയുന്നത്. ട്യൂമറിന്റെ വലുപ്പം കുറഞ്ഞു, ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലായെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് കാൻസർ വന്ന 48 പേരിലാണ് വാക്സിൻ പരീക്ഷിച്ച് വിജയം കണ്ടിരിക്കുന്നതെന്ന് അറിയിച്ചിരിക്കുന്നത്. കാൻസർ ഭാവിയിൽ വരാതിരിക്കാനുള്ള വാക്സിനായല്ല, എൻ്ററോമിക്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇത് വാക്സിൻ എന്നുള്ള ആശയത്തിന് പുറത്ത് നിൽക്കുന്നതാണ്. കാരണം രോ​ഗത്തെ പ്രതിരോധിക്കുന്നതിനായല്ല, മറിച്ച് ഭേതമാക്കുന്നതിനായാണ് സഹായിക്കുന്നത്.

ഓരോ രോ​ഗിയുടെയും ജീൻ പ്രൊഫൈൽ മനസിലാക്കിയാണ് വാക്സിൻ നൽകുക. ക്യാൻസർ കോശങ്ങൾ മാത്രം നിർമ്മിക്കുന്ന ചില പ്രോട്ടീനുകൾ  ഉണ്ടാക്കാൻ ശരീരത്തിലെ കോശങ്ങളെ പരിശീലിപ്പിക്കുന്നു. ഈ പ്രോട്ടീനുകളെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം തിരിച്ചറിയുകയും ആൻ്റിബോഡികൾ ഉണ്ടാക്കുകയും അവ ക്യാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയും ചെയ്യും. അങ്ങനെ തന്നെയാണ് വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ സഹായമുള്ളത് കൊണ്ടുതന്നെ ജീൻ പ്രൊഫൈൽ മനസിലാക്കുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കും.

പ്രത്യേക പ്രോട്ടീനുകൾ നിർമ്മിക്കുന്ന എംആർഎൻഎ നേരത്തെ വാക്സിൻ വഴി ശരീരത്തിൽ കുത്തിവെച്ച് അതിനെതിരെ ആൻ്റിബോഡിയുണ്ടാക്കിയാൽ ഭാവിയിൽ കാൻസറിൻ്റെ ലക്ഷണങ്ങൾ ഉണ്ടായാൽ ആൻ്റിബോഡി നേരിട്ട് പോയി ആക്രമിക്കും. ഇത് ശരിക്കും വാക്സിൻ്റെ ആശയം തന്നെയാണ്. എന്നാൽ നിലവിൽ രോ​ഗം വന്നതിന് ശേഷം ചികിത്സിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഓരോ കാൻസറും പല മനുഷ്യരിലും വ്യത്യസ്തമായിരിക്കും. എൻ്ററോമിക്സ് വാക്സിൻ എടുത്തുകഴിഞ്ഞാൽ കാൻസർ ഒരിക്കവും വരില്ലായെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. അത് ശരിയല്ല. ഓരോ കാൻസറും പ്രത്യേക വാക്സിനുകൾ വേണം. അത് വ്യക്തികൾക്കനുസരിച്ച് മാറുകയും ചെയ്യും. കോവിഡ് 19 നെതിരെയുണ്ടാക്കുന്നത് പോലെ ജെനറൽ വാക്സിൻ കാൻസറിന് വേണ്ടിയുണ്ടാക്കാൻ കഴിയില്ല,’ ഡോ. മനോജ് വെള്ളനാട് അഴിമുഖത്തോട് പറഞ്ഞു.

റഷ്യയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

Content Summary: Enteromix vaccine is not for cancer prevention; dr. manoj vellanad responds

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×