June 04, 2026 |
Share on

വിദേശ രോഗികളെ ലക്ഷ്യമിട്ട് നിയമ വിരുദ്ധ ബിഎന്‍ബി; ഒടുവില്‍ കൊലയ്ക്ക് കൊടുത്തത്‌ 21 മനുഷ്യരെ

ഡല്‍ഹി തീപിടിത്തം; പൊലീസ് അന്വേഷണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

21 മനുഷ്യരുടെ ജീവനെടുത്ത ഡല്‍ഹി ബിഎന്‍ബി തീപിടിത്തതിന് പിന്നാലെ പുറത്തു വരുന്നത് കൊടിയ ചതിയുടെ വിവരങ്ങള്‍. കൊള്ളലാഭത്തിനായി നിയമത്തെ കബിളിപ്പിച്ചു നടത്തിയ ബിസിനസാണ് ഇത്രയും മനുഷ്യരെ കൊന്നത്!

ബുധനാഴ്ച്ച രാവിലെയാണ് സൗത്ത് ഡല്‍ഹിയിലെ ‘ഫ്‌ലോറിഷ് സ്റ്റേയ്‌സ്’ ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് (ബിഎന്‍ബി) കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചത്. ഈ സംഭവത്തില്‍ കെട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാകേത് സ്വദേശിയായ ലവ്‌കേഷ് ബജാജ് ആണ് അറസ്റ്റിലായത്. ഇയാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി ഹോംസ്റ്റേ ലൈസന്‍സ് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബജാജിന്റെ അക്കൗണ്ടന്റായ ജയ് മിശ്രയ്ക്കായി ഡല്‍ഹി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വടക്കന്‍ ഡല്‍ഹിയിലെ റായ്പൂര്‍ ഖുര്‍ദിലുള്ള മിശ്രയുടെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.

പോലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന ഒരാളില്‍ നിന്ന് 2022-ലാണ് ലവ്‌കേഷ് ബജാജ് ഈ മൂന്നു നില കെട്ടിടം വാങ്ങുന്നത്. സമീപത്തുള്ള മാക്‌സ് ഹോസ്പിറ്റലില്‍ എത്തുന്ന വിദേശ രോഗികളെയും മെഡിക്കല്‍ ടൂറിസ്റ്റുകളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ ഈ കെട്ടിടം ഒരു ബിഎന്‍ബി കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ ബിഎന്‍ബി നയപ്രകാരം ഒരു സ്വകാര്യ വ്യക്തിയുടെ സ്വന്തം പേരിലുള്ള വീടുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ഈ നിയമം മറികടക്കാനായി ലവ്‌കേഷ് ബജാജ് തന്റെ അക്കൗണ്ടന്റായ ജയ് മിശ്രയുടെ പേരില്‍ വ്യാജമായി ലൈസന്‍സ് ഒപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കെട്ടിടം മിശ്രയുടേതാണെന്നും ഇയാള്‍ ഇവിടെയാണ് താമസിക്കുന്നതെന്നും കാണിച്ചാണ് രേഖകള്‍ ചമച്ചത്.

വിദേശ രോഗികളുടെ വന്‍ തിരക്ക് മുതലെടുത്ത് വലിയ ലാഭം കൊയ്യാനായി ബജാജ് കെട്ടിടത്തില്‍ വന്‍തോതില്‍ അനധികൃത നിര്‍മ്മാണം നടത്തി. വെറും ആറ് മുറികളോടെ ആരംഭിച്ച ഈ കേന്ദ്രം, ഗ്രൗണ്ട് ഫ്‌ളോറും മുകളിലേക്ക് അഞ്ച് നിലകളും ഉള്‍പ്പെടെ ആറു ലെവലുകളിലായി 26 മുറികളുള്ള വന്‍ സമുച്ചയമാക്കി മാറ്റുകയായിരുന്നു. സിവിക് ഏജന്‍സികളുടെയോ കോര്‍പ്പറേഷന്റെയോ യാതൊരുവിധ പരിശോധനയും കൂടാതെ ഇത്രയും വലിയ നിയമലംഘനം എങ്ങനെയാണ് ഇയാള്‍ നടത്തിയതെന്ന് കണ്ടെത്താന്‍ പോലീസിന് ബജാജിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.

2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സമയത്താണ് ഡല്‍ഹി സര്‍ക്കാര്‍ ബിഎന്‍ബി പദ്ധതിക്ക് തുടക്കമിട്ടത്. വിനോദസഞ്ചാരികള്‍ക്ക് നിയമപരമായി താമസസൗകര്യം ഒരുക്കാന്‍ തങ്ങളുടെ വീടുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്നതായിരുന്നു ഈ പദ്ധതി. ഡല്‍ഹി ടൂറിസം വകുപ്പാണ് ഇതിനുള്ള ലൈസന്‍സ് നല്‍കുന്നത്. സൗത്ത് ഡല്‍ഹിയിലെ രജിസ്റ്റര്‍ ചെയ്ത 133 ബിഎന്‍ബി കേന്ദ്രങ്ങളുടെ പട്ടികയില്‍ 88-ാം നമ്പറായാണ് ‘ഫ്‌ലോറിഷ് സ്റ്റേയ്‌സ്’ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഉടമയുടെ സ്ഥാനത്ത് ജയ് മിശ്രയുടെ പേരാണുള്ളത്. ‘സില്‍വര്‍ കാറ്റഗറി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കേന്ദ്രത്തിന് 2027 മേയ് 2 വരെ ലൈസന്‍സ് കാലാവധിയും ഉണ്ടായിരുന്നു.

മറ്റൊരാളുടെ പേരില്‍ ലൈസന്‍സ് എടുത്തും, പരിധിയില്‍ കൂടുതല്‍ മുറികള്‍ അനധികൃതമായി നിര്‍മ്മിച്ചും ലവ്‌കേഷ് ബജാജ് സര്‍ക്കാര്‍ പദ്ധതിയെ പൂര്‍ണ്ണമായും ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Summary: Delhi Police arrested Lavkesh Bajaj, owner of Flourish Stays B&B in South Delhi, following a tragic fire that killed 21 people. Investigation reveals massive regulatory violations.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×