June 26, 2026 |
Share on

ചാര്‍ലി കിര്‍ക്കിന്റെ കൊലയ്ക്ക് കാരണം ട്രാന്‍സ് വിരോധമോ?

പ്രതി റോബിന്‍സണെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌

ഡൊണാൾഡ് ട്രംപിന്റെ അനുയായിയും ടേണിംഗ് പോയിന്റ് യുഎസ്എയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ചാർലി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേസിലെ പ്രതിയായ ടൈലർ റോബിൻസണെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പങ്കുവെച്ചത്

ചാർലി കിർക്കിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണോ അതോ വ്യക്തിപരമായ പകയാണോ എന്ന് അന്വേഷിക്കുന്നതിനിടെയാണ് പ്രതി റോബിൻസൺ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഗവർണർ കോക്സ് വ്യക്തമാക്കിയത്.

“പുരുഷനിൽ നിന്ന് സ്ത്രീയായി മാറിക്കൊണ്ടിരിക്കുന്ന” ഒരു വ്യക്തിക്കൊപ്പം റോബിൻസൺ താമസിക്കുകയായിരുന്നുവെന്നും ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും കോക്സ് പറഞ്ഞു. എന്നാൽ, ഈ ബന്ധത്തിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ്, കിർക്ക് ഒരു പൊതുപരിപാടിയിൽ വെച്ച് “വളരെയധികം ട്രാൻസ് ആളുകൾ അമേരിക്കയിൽ കൂട്ടക്കൊലകൾ നടത്തിയിട്ടുണ്ട്” എന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ, അമേരിക്കയിലെ പ്രമുഖ ഗൺ വയലൻസ് ആർക്കൈവ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന ഇത്തരം കേസുകളിൽ 0.1 ശതമാനം മാത്രമാണ് ട്രാൻസ് വ്യക്തികൾ നടത്തിയിട്ടുള്ളത്.

റോബിൻസൺ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ കാഴ്ചപ്പാടുകൾ കുടുംബത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും കോക്സ് പറഞ്ഞു.

ബുളളറ്റിലെ കുറിപ്പുകൾ നിർണായകം

കൊലപാതകത്തിനുപയോഗിച്ച റൈഫിളിൽ കണ്ടെത്തിയ ബുളളറ്റ് കെയ്‌സിംഗുകളിൽ ചില വാക്യങ്ങൾ എഴുതിയിരുന്നത് കേസിൽ നിർണായക തെളിവായേക്കാം. അതിലൊന്ന് “ഹേ ഫാസിസ്റ്റ്! പിടിച്ചോ!” എന്നും, മറ്റൊന്ന് ഒരു ഇറ്റാലിയൻ ഫാസിസ്റ്റ് വിരുദ്ധ ഗാനമായ “ഓ ബെല്ല സിയാവോ” എന്നും, മൂന്നാമത്തേത് “ഇത് വായിക്കുന്ന നിങ്ങൾ ഗേ ആണ്, LMAO” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

റോബിൻസൺ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നും, എന്നാൽ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഇപ്പോൾ അന്വേഷണത്തിന് സഹായകമായിട്ടുള്ളതെന്നും ഗവർണർ വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് ഇരു പാർട്ടികളിലെയും നേതാക്കൾ രംഗത്തെത്തി. “ഓരോ അമേരിക്കക്കാരനും ഇത് ദോഷകരമാണ്. രാജ്യത്തിന്റെ അസ്തിത്വത്തിന് നേരെയുള്ള ആക്രമണമാണിത്,” മുൻ യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ആരും അക്രമം ഉപയോഗിക്കരുതെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സേ ഗ്രഹാമും ആവശ്യപ്പെട്ടു.

content summary: Utah Governor Says Kirk Shooting Suspect Had Ideology ‘Very Different’ from Conservative Family

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×