സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ അമേരിക്ക സൈനിക നീക്കം നടത്തിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഡെന്മാർക്ക്. ഡാനിഷ് പാർലമെന്റ് അംഗവും പ്രതിരോധ സമിതി അധ്യക്ഷനുമായ റാസ്മസ് ജാർലോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയെ തടയാൻ തങ്ങളുടെ സൈന്യത്തിന് കഴിയില്ലെങ്കിലും, ഒരു അധിനിവേശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ട് നാറ്റോ അംഗരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം വിനാശകരവും വിഡ്ഢിത്തവുമാണെന്ന് ജാർലോവ് വിശേഷിപ്പിച്ചു. അമേരിക്കയ്ക്ക് നിലവിൽ തന്നെ ഗ്രീൻലൻഡിൽ ഖനനത്തിനും പ്രതിരോധത്തിനുമുള്ള അനുമതിയുണ്ടെന്നും അതിനാൽ ആക്രമണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
2019-ൽ ഗ്രീൻലൻഡ് വാങ്ങാൻ ഡൊണാൾഡ് ട്രംപ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. 2024-ൽ വീണ്ടും അധികാരത്തിലെത്തിയതോടെ ട്രംപ് ഈ വാഗ്ദാനം പുതുക്കിയെങ്കിലും ഡെന്മാർക്ക് അത് തള്ളിക്കളഞ്ഞു. “57,000 ഡാനിഷ് പൗരന്മാരെ അമേരിക്കയ്ക്ക് വിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല,” എന്ന് ജാർലോവ് വ്യക്തമാക്കി.
ഗ്രീൻലൻഡിന് നേരെ അമേരിക്ക സൈനിക നീക്കം നടത്തിയാൽ അത് 76 വർഷം പഴക്കമുള്ള നാറ്റോ സഖ്യത്തിന്റെ അന്ത്യമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി. ഡെന്മാർക്കിനെ സംരക്ഷിക്കാൻ മറ്റ് രാജ്യങ്ങൾ വരേണ്ടി വരുമെന്നും ഇത് സങ്കീർണ്ണമായ സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നിലപാട്
ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. സൈനിക ബലമുപയോഗിച്ചുള്ള നീക്കങ്ങൾ തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. എന്നാൽ, ട്രംപ് ദ്വീപ് വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും സൈനിക നീക്കത്തിനല്ല മുൻഗണനയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വിഷയത്തിൽ ചർച്ചകൾക്കായി അടുത്ത ആഴ്ച മാർക്കോ റൂബിയോ ഡാനിഷ്, ഗ്രീൻലൻഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഡെന്മാർക്ക് ഈ ചർച്ചകളെ സ്വാഗതം ചെയ്തിട്ടുണ്ട്.
content summary: Denmark Warns of NATO’s Collapse Amid US Takeover Threats