June 26, 2026 |
Share on

ബന്ധു ഒറ്റുകൊടുത്തു, കിര്‍ക്കിന്റെ കൊലപാതകിയെ ഒടുവില്‍ കിട്ടി; ആരാണ് ടെയ്ല‍ർ റോബിന്‍സണ്‍?

പ്രതി ഒരു ഡോഡ്ജ് ചലഞ്ചർ കാറിലാണ് കാമ്പസിലെത്തിയത്

ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നു. അമേരിക്കയെ പിടിച്ചു കുലുക്കിയ ചാർലി കിർക്ക് കൊലപാതകത്തിലെ പ്രതിയെ പിടികൂടിയത് ഇന്നലെയാണ്. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ അനുയായിയും തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രചാരകനുമായ ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായതായി യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചത്. യൂട്ടായിലെ ടെയ്‌ലര്‍ റോബിൻസൺ ആണ്‌ പിടിയലായത്‌.

റോബിൻസണിന്റ കുടുംബത്തിലുള്ളവർതന്നെയാണ്‌ പിടികൂടാൻ വിവരം നൽകിയതെന്നും കുടുംബത്തോട്‌ നന്ദിയുണ്ടെന്നും എഫ്‌ബിഐ ഡയറക്‌ടർ കാഷ്‌ പട്ടേൽ അറിയിച്ചു. യൂട്ടാ വാലി സർവകലാശാലയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാർലി കിർക്കിന്‌ വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് കിർക്ക്. 18ാം വയസിലാണ് കിർക്ക് യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ്‌ പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനായത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിയുടെ അറസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ അവനെ പിടികൂടിയെന്ന് ഫോക്സ് ന്യൂസിനോട് ട്രംപ് പറഞ്ഞു. അവനോട് വളരെ അടുപ്പമുള്ള ഒരാളാണ് അവനെ ഒറ്റിക്കൊടുത്തത്, എന്നും ട്രംപ് അവകാശപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർ റോബിൻസണിന്റെ ഒരു ബന്ധുവുമായി സംസാരിച്ചുവെന്നും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോബിൻസൺ കൂടുതൽ രാഷ്ട്രീയപരമായ കാര്യങ്ങളിൽ താൽപ്പര്യമുള്ള ആളായി മാറിയെന്ന് ആ ബന്ധു പറഞ്ഞതായും കോക്സ് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 10ന് മുമ്പ് നടന്ന ഒരു സംഭാഷണം ഒരു കുടുംബാംഗം ഓർത്തെടുത്തു. ആ സംഭാഷണത്തിൽ റോബിൻസൺ കിർക്കിന്റെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലേക്കുള്ള സന്ദർശനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വെടിയുതിർത്ത തോക്കിൽ ചില എഴുത്തുകൾ കണ്ടെത്തിയതായും കോക്സ് പറഞ്ഞു. മൂന്ന് ബുള്ളറ്റ് കെയ്സിംഗുകളിൽ ഹേ ഫാസിസ്റ്റ്! “ഓ ബെല്ല സിയാ വോ എന്നിങ്ങനെ എഴുതിയിരുന്നു. റോബിൻസൺ യൂട്ടാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയല്ലെന്നും കോക്സ് പറഞ്ഞു.

വ്യാഴാഴ്ച വൈകി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലൂടെ ഒരാൾ നടക്കുന്നതും, പിന്നീട് താഴെയിറങ്ങുന്നതും, അടുത്തുള്ള വനപ്രദേശത്തേക്ക് കടക്കുന്നതും കാണിക്കുന്നുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന, ഉയർന്ന ശേഷിയുള്ള ഒരു ബോൾട്ട്-ആക്ഷൻ റൈഫിൾ പിന്നീട് അന്വേഷകർ കണ്ടെടുത്തു.

പ്രതി ഒരു ഡോഡ്ജ് ചലഞ്ചർ കാറിലാണ് കാമ്പസിലെത്തിയത്. അയാൾ മെറൂൺ നിറത്തിലുള്ള ടീഷർട്ടും, ഇളം നിറമുള്ള ഷോർട്ട്സും, വെള്ള ലോഗോയുള്ള കറുത്ത തൊപ്പിയും, ഇളം നിറമുള്ള ഷൂസും ധരിച്ചിരുന്നു. അന്വേഷകർ സമീപിച്ചപ്പോൾ, സിസിടിവി ദൃശ്യങ്ങളിൽ കണ്ടതിന് സമാനമായ വസ്ത്രമാണ് റോബിൻസൺ ധരിച്ചിരുന്നതെന്ന് കോക്സ് കൂട്ടിച്ചേർത്തു. റോബിൻസൺ 2021-ൽ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു സെമസ്റ്റർ പഠിച്ചിരുന്നു.

അധികൃതർ ഇയാൾക്കെതിരെ കൊലപാതകം, ആയുധം ഉപയോഗിച്ചതിനും നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തിയതിനും കേസെടുത്തു. വോട്ടർ രജിസ്ട്രേഷൻ രേഖകൾ പ്രകാരം, റോബിൻസൺ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമല്ലെന്നും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തി. യൂട്ടാ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി കമ്മീഷണർ ബ്യൂ മേസൺ പറയുന്നതനുസരിച്ച്, അന്വേഷകർ ഡിഎൻഎ തെളിവുകൾ ശേഖരിക്കുന്നുണ്ട്. അതിൽ കൈപ്പത്തിയുടെ മുദ്രകളും, ഷൂ പ്രിന്റും ഉൾപ്പെടുന്നു. അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് എഫ്ബിഐ 1,00,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

റോബിൻസന്റെ പിതാവ് വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ 27 വർഷം സേവനം അനുഷ്ഠിച്ചിരുന്നു. അമ്മ ആംബർ റോബിൻസൺ, ഭിന്നശേഷിക്കാരെ സഹായിക്കുന്ന ഒരു സർക്കാർ ഏജൻസിയായ ഇന്റർമൗണ്ടൻ സപ്പോർട്ട് കോർഡിനേഷൻ സർവീസസിൽ ജോലി ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച്, റോബിൻസൺ താനാണ് കൊലപാതകിയെന്ന് പിതാവിനോട് സമ്മതിച്ചു. കിർക്ക് കൊല്ലപ്പെട്ട ഒറെമിൽ നിന്ന് ഏകദേശം 260 മൈൽ തെക്ക്, യൂട്ടായിലെ വാഷിംഗ്ടണിൽ 600,000 ഡോളർ വിലമതിക്കുന്ന ആറ് കിടപ്പുമുറികളുള്ള വീട്ടിലാണ് ഇയാൾ താമസിക്കുന്നത്

ഒറെമിലെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നതിനിടെയാണ് 31 വയസ്സുള്ള കിർക്കിന് കഴുത്തിൽ വെടിയേറ്റത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിൽ, പരിഭ്രാന്തരായ ആളുകൾ അലറിവിളിച്ചുകൊണ്ട് ഓടിപ്പോകുമ്പോൾ കിർക്ക് നിലത്തുവീഴുന്നത് കാണാം. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരിച്ചു.

content summary: Betrayed by a relative, Kirk’s killer is finally caught, who is Tyler Robinson?

Leave a Reply

Your email address will not be published. Required fields are marked *

×