July 16, 2026 |
Share on

‘മനുഷ്യരെ ഒന്നിപ്പിക്കുന്ന വിശിഷ്ട പാനീയം’; ബിയറിനെ പുകഴ്ത്തി ഹൈനെക്കൻ സിഇഒ

ബിയർ ഏകാന്തത കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു

സാമൂഹികബന്ധങ്ങൾ വളർത്തുന്നതിൽ ബിയറിന് വളരെ വലിയ പങ്കുണ്ടെന്ന് ഡച്ച് മദ്യനിർമാണ കമ്പനിയായ ഹൈനെക്കൻ്റെ സി.ഇ.ഒ ഡോൾഫ് വാൻ ഡെൻ ബ്രിങ്ക്. ബിയർ ഒരു പാനീയം മാത്രമല്ലെന്നും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു സാമൂഹിക ഘടകം കൂടിയാണെന്നും ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് അഭിപ്രായപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഒറ്റപ്പെടലും മാനസികാരോഗ്യപ്രശ്നങ്ങളും സാധാരണമായ ഇന്നത്തെ കാലഘട്ടത്തിൽ സാമൂഹിക ബന്ധങ്ങൾ മൃദുവാക്കുന്ന ഘടകം എന്ന നിലയിൽ മദ്യത്തെപ്പറ്റിയുള്ള പൊതുചർച്ചകളിൽ ബിയറിനെ ഉൾപ്പെടുത്തണമെന്നും ഡെൻ ബ്രിങ്ക് പറഞ്ഞു.

വ്യാഴാഴ്ച, ഡച്ച് മദ്യനിർമാണ കമ്പനിയായ ഹൈനെക്കൻ അടുത്ത അഞ്ച് വർഷത്തേക്ക് ബിയർ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപഭോക്തൃവില്പനയിൽ കുറവ് അനുഭവപ്പെട്ടത് മൂലം, മറ്റു മദ്യനിർമാതാക്കളെപ്പോലെ ഹൈനെക്കനും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. കമ്പനിയുടെ ഓഹരികൾ 2023 ലെ ഉച്ചസ്ഥായിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം അഞ്ചിലൊന്ന് വരെ താഴ്ന്നു.

മദ്യവും ആരോഗ്യമും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണ്. അതിനെ കുറിച്ചുള്ള ചർച്ചകൾ എല്ലാ സമയത്തും സമതുലിതമായി നടക്കുന്നില്ലെന്നും ഡെൻ ബ്രിങ്ക് പറഞ്ഞു. വിഷയത്തിൽ ചരിത്രപരമായ ഉദാഹരണങ്ങളും ഡെൻ ബ്രിങ്ക് പറഞ്ഞിട്ടുണ്ട്. മെസൊപ്പൊട്ടാമിയയിലും ഈജിപ്തിലും ജനങ്ങൾ കൂട്ടമായി ബിയർ കുടിച്ചിരുന്നതിലൂടെ, ബിയർ പ്രാചീനകാലം മുതൽ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിയർ മനുഷ്യർ ഉപയോഗിച്ച ആദ്യത്തെ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലൊന്നാണ്, അതിനാൽ സമൂഹത്തിൽ അതിന് ഒരു പാരമ്പര്യമുണ്ട്, എന്നായിരുന്നു ബ്രിങ്കിൻ്റെ വാദം.

ഹൈനെക്കൻ്റെ ആശയത്തിന് എതിരായ അഭിപ്രായമാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2023ലെ പ്രസ്താവനയിൽ ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയതനുസരിച്ച്, ബിയർ അടക്കമുള്ള മദ്യപാനങ്ങൾ ആരോഗ്യത്തിന് സുരക്ഷിതമല്ല. ചെറിയ അളവിലോ മിതമായ അളവിലോ മദ്യം ഉപയോഗിച്ചാലും അത് ദോഷകരമാണ്. മദ്യം ഒരു “കാൻസറിന് കാരണമായ പദാർത്ഥം” (carcinogen) ആണെന്നും അതിന് സുരക്ഷിതമായ ഒരു പരിധിയില്ലെന്നും സംഘടന വ്യക്തമാക്കി.

Content Summary: Heineken CEO Says Beer Can Help Ease Loneliness and Address Mental Health Challenges

Leave a Reply

Your email address will not be published. Required fields are marked *

×