മാനേജ്മെന്റില്‍ നിന്നുള്ള നിരന്തരമായ പീഢനമാണ് ജീവനൊടുക്കാനുള്ള കാരണമെന്ന് ആരോപിച്ച് 38 കാരനായ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒല സിഇഒ ഭവിഷ് അഗര്‍വാളിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ബെംഗളൂരു സിറ്റി പോലീസ് കേസെടുത്തിരുന്നതായി വിവരം പുറത്ത്.
ബെംഗളൂരുവിലെ ചിക്കലസാന്ദ്രയില്‍ താമസിച്ചു വരികയായിരുന്ന കെ അരവിന്ദ് എന്ന ജീവനക്കാരനാണ് സെപ്റ്റംബര്‍ 28 ന് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഒക്ടോബര്‍ 6 നാണ് ഭവിഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യങ്ങള്‍ എല്ലാം പുറത്തു വരുന്നത് ഇന്നലെ(തിങ്കളാഴ്ച)മാത്രമാണ്. അരവിന്ദ് 2022 മുതല്‍ ഒല ഇലക്ട്രിക്കില്‍ ഹോമോലോഗേഷന്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
ഒല ഇലക്ട്രിക്കിലെ വെഹിക്കിള്‍ ഹോമോലോഗേഷന്‍സ് ആന്‍ഡ് റെഗുലേഷന്‍സ് മേധാവി സുബ്രത് കുമാര്‍ ഡാഷ്, ഭവിഷ് അഗര്‍വാള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) സെക്ഷന്‍ 108 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അരവിന്ദിന്റെ മൂത്ത സഹോദരന്‍ അശ്വിന്‍ കണ്ണനാണ് പോലീസില്‍ പരാതി നല്‍കുന്നത്. അരവിന്ദ് 28 പേജുള്ള ഒരു മരണക്കുറിപ്പ് എഴുതിവച്ചിട്ടായിരുന്നു ജീവനൊടുക്കിയത്. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം എന്‍ഇഎഫ്റ്റി വഴി 17,46,313 രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ഇത്രയും പണം എങ്ങനെയാണ് അരവിന്ദിന്റെ അകൗണ്ടിലേക്ക് വന്നതെന്ന് അശ്വിന് സംശയമുണ്ടായി. ഇക്കാര്യം അയാള്‍ സുബ്രത് കുമാര്‍ ഡാഷിനോട് അന്വേഷിച്ചപ്പോള്‍, എച്ച്ആറിനെ ബന്ധപ്പെടാനായിരുന്നു നിര്‍ദേശിച്ചത്. അവിടെ അന്വേഷിച്ചതിനു പിന്നാലെ, ഒല ഇലക്ട്രിക്കിന്റെ പ്രതിനിധികളായ കൃതേഷ് ദേശായി, പരമേഷ്, റോഷന്‍ എന്നിവര്‍ അരവിന്ദിന്റെ വീട്ടിലെത്തി. പണമിടപാടുകളെക്കുറിച്ച് വന്നവര്‍ വിശദീകരിച്ചുവെങ്കിലും പലതും മറച്ചു വയ്ക്കാനുള്ള ശ്രമമാണ് കമ്പിനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് തനിക്ക് മനസിലായെന്നാണ് അശ്വിന്റെ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
സുബ്രത് കുമാര്‍ ഡാഷ്, ഭവിഷ് അഗര്‍വാള്‍ എന്നിവരില്‍ നിന്നുണ്ടായ കടുത്ത പീഡനങ്ങളും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വച്ചതും അരവിന്ദിനെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു. അതാണ് സഹോദരനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അശ്വിന്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സഹോദരന്റെ മരണത്തില്‍ നീതി ലഭിക്കണമെന്നുമാണ് അശ്വിന്‍ ആവശ്യപ്പെടുന്നത്.
ഈ ആരോപണങ്ങള്‍ നിഷേധിച്ച് സുബ്രത് കുമാറോ ഭവിഷ് അഗര്‍വാളോ ഇതുവരെ പ്രസ്താവനകള്‍ ഒന്നും ഇറക്കിയിട്ടില്ല. അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തതെന്നും സഹോദരന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നുമാണ് ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ഡിസിപി പറയുന്നത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.