വടക്കൻ വസീറിസ്ഥാനിലെ 19 മാസം മാത്രം പ്രായമുള്ള അഹമ്മദിന്റേതാണ് പാകിസ്ഥാനിൽ സ്ഥിരീകരിച്ച 14-ാമത്തെ പോളിയോ കേസ്. ജൂലൈ 1-ന് ഇസ്ലാമാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിപ്പോർട്ട് ചെയ്ത അഹമ്മദിന്റെ കേസോടെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഈ വർഷത്തെ ആകെ പോളിയോ കേസുകളുടെ എണ്ണം എട്ടായി ഉയർന്നു. പോളിയോ ഇപ്പോഴും വ്യാപകമായ ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ. പോളിയോയ്‌ക്കെതിരെ പാകിസ്ഥാൻ ശക്തമായി പോരാടിയിട്ടുണ്ടെന്നും കേസുകൾ 99 ശതമാനത്തിൽ താഴെ കുറച്ചിട്ടുണ്ടെന്നും ഫെഡറൽ ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാൽ പറയുന്നു. പതിറ്റാണ്ടുകളായി വീടുതോറുമുള്ള വാക്സിനേഷൻ ഡ്രൈവുകൾ, ആരോഗ്യ പ്രവർത്തകർ, ആഗോള പിന്തുണ എന്നിവ പോളിയോ വൈറസിനെ നിർമ്മാർജ്ജനം ചെയ്യാൻ സഹായിച്ചു. എന്നാൽ പോരാട്ടം ഒരു രോഗത്തിനെതിരെ മാത്രമല്ല. ദാരിദ്ര്യത്തിനും സംഘർഷത്തിനും ഒരു ദശാബ്ദത്തിലേറെ മുമ്പ് സിഐഎ നടത്തിയ ഒരു ഓപ്പറേഷൻ മൂലമുണ്ടായ നീണ്ടുനിൽക്കുന്ന മുറിവിനുമെതിരെയാണിത്.
2011-ൽ, ലോകത്തെ ഞെട്ടിച്ച ആ രഹസ്യം പുറത്തുവന്നു. പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒസാമ ബിൻ ലാദനെ കണ്ടുപിടിക്കാൻ സിഐഎ വ്യാജ വാക്സിനേഷൻ കാമ്പെയ്ൻ നടത്തി എന്നതായിരുന്നു അത്. ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കം. ബിൻ ലാദൻ ഒരു പ്രാദേശിക സ്ഥലത്ത് ഒളിച്ചിരിക്കുകയാണോ എന്ന് നിരീക്ഷിക്കാൻ സിഐഎ, ഷക്കീൽ അഫ്രീദി എന്ന പാകിസ്ഥാൻ ഡോക്ടറെ നിയോഗിച്ചതായി ദി ഗാർഡിയൻ, ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുകൾ പറയുന്നു. ഇതിനായി പ്രദേശത്ത് കുട്ടികൾക്ക് ഒരു വ്യാജ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ഡ്രൈവ് നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഇതിലൂടെ പ്രദേശത്തെ കുട്ടികളിൽ നിന്ന് രക്തത്തിലൂടെയോ ഉമിനീരിലൂടെയോ അവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുക.
ഒരു വർഷം മുമ്പ് യുഎസിൽ മരിച്ച ബിൻ ലാദന്റെ സഹോദരിയുടെ ഡിഎൻഎയുമായി ഇവ പരിശോധിക്കുക, ഇതിലൂടെ ബിൻലാദനെ കണ്ടെത്തുക ഇതായിരുന്നു പദ്ധതി. ദൗത്യത്തിൽ അമേരിക്ക വിജയിച്ചു. എന്നാൽ ഈ സംഭവത്തിലൂടെ പാശ്ചാത്യ സഹായ പദ്ധതികൾ രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കാമെന്ന പാക്കിസ്ഥാനികളുടെ വിശ്വാസം കൂടുതൽ ബലപ്പെടാൻ തുടങ്ങി. വ്യാജ വാക്സിനേഷൻ പ്രചാരണത്തെക്കുറിച്ചുള്ള വാർത്തകൾ രാജ്യമെങ്ങും കാട്ടുതീ പോലെ പടർന്നു. ഗൂഢാലോചന സിദ്ധാന്തങ്ങളും മതപരമായ എതിർപ്പും കാരണം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ ദുർബലമായ വാക്സിനേഷൻ പ്രചാരണങ്ങളിലുള്ള പൊതുജനത്തിന്റെ വിശ്വാസം തകരാൻ തുടങ്ങി. ഈ വിവരങ്ങൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പകർച്ചവ്യാധികൾ, പ്രത്യേകിച്ച് പോളിയോ നിർമാർജനം തടസ്സപ്പെട്ടതായി ദി ലാൻസെറ്റ് റിപ്പോർട്ട് ചെയ്തു.
വാക്സിനേഷനുകൾ പാശ്ചാത്യ ഗൂഢാലോചനയാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ ശക്തിപ്പെടുത്താൻ തീവ്രവാദ ഗ്രൂപ്പുകൾ ഈ വിവരങ്ങൾ ഉപയോഗിച്ചു. അതിനുശേഷം വർഷങ്ങളായി, പോളിയോ തൊഴിലാളികളെ തീവ്രവാദികൾ ലക്ഷ്യമിടാൻ തുടങ്ങി. കഴിഞ്ഞ നവംബറിൽ ബലൂചിസ്ഥാനിൽ വാക്സിനേറ്റർമാർക്ക് നേരെ നടന്ന ബോംബാക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഖൈബർ പഖ്തൂൺഖ്വയിൽ സമാനമായ ആക്രമണങ്ങളിൽ 20 ആരോഗ്യ പ്രവർത്തകരും ഗാർഡുകളും കൊല്ലപ്പെട്ടു. അക്രമം ഐക്യരാഷ്ട്രസഭ പോലുള്ള ഗ്രൂപ്പുകളെ വാക്സിനേഷൻ ശ്രമങ്ങൾ നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കി, ഇത് ദശലക്ഷക്കണക്കിന് കുട്ടികളെ രോഗബാധിതരാക്കി.
പാകിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡോൺ പറയുന്നതനുസരിച്ച്, സമീപകാല പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഫെബ്രുവരിയിൽ 19,070 ഓറൽ പോളിയോ വാക്സിനേഷനുകളാണ് ഖൈബർ പഖ്തുൻഖ്വയിൽ നിരസിക്കപ്പെട്ടത്. മോണിക്ക മാർട്ടിനെസ്-ബ്രാവോ, ആൻഡ്രിയാസ് സ്റ്റെഗ്മാൻ എന്നീ ഗവേഷകർ നടത്തിയ ഒരു പഠനം, സി.ഐ.എയുടെ തന്ത്രം വാക്സിനേഷൻ നിരക്കുകൾ എങ്ങനെ കുറച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്ക് ശക്തമായ പിന്തുണയുള്ള പ്രദേശങ്ങളിൽ, പോളിയോ വാക്സിനേഷനുകൾ 28 ശതമാനവും, അഞ്ചാംപനി വാക്സിനേഷനുകൾ 39 ശതമാനവും, മറ്റ് രോഗങ്ങൾക്കുള്ള വാക്സിനേഷനുകൾ 23 ശതമാനവും ഇടിഞ്ഞു. ചില താലിബാൻ നിയന്ത്രിത പ്രദേശങ്ങളിൽ, വാക്സിനുകൾ പൂർണ്ണമായും നിരോധിച്ചു. ചാരവൃത്തിക്കായി ഇനി ഒരിക്കലും ആരോഗ്യ പരിപാടികൾ ഉപയോഗിക്കില്ലെന്ന് 2014-ൽ സി.ഐ.എ നൽകിയ വാഗ്ദാനം വരുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.
content summary: Pakistan is among last 2 countries where polio remains an endemic
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.