ഇറാന് അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് സൈനിക ശക്തി ഉപയോഗിച്ച് തുറക്കാന്‍ അമേരിക്കയെയും മറ്റ് സഖ്യകക്ഷികളെയും സഹായിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഒരുങ്ങുന്നു. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്ന് യുദ്ധത്തില്‍ നേരിട്ട് പങ്കുചേരുന്ന ആദ്യ ഗള്‍ഫ് രാജ്യമായി യുഎഇ മാറുകയാണ്. ഇതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ പ്രത്യേക പ്രമേയം കൊണ്ടുവരാന്‍ യുഎഇ നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചതായി അറബ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്നും ഈ വിവരം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ യൂറോപ്പിലെയും ഏഷ്യയിലെയും സൈനിക ശക്തികളുടെ ഒരു സഖ്യം രൂപീകരിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്ലോബല്‍ ഇക്കണോമിയെ തകര്‍ക്കുന്ന രീതിയില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ സൈനിക പങ്കാളിത്തം വഹിക്കാനും കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാനും തങ്ങള്‍ തയ്യാറാണെന്ന് യുഎഇ അറിയിച്ചു. ഇതോടൊപ്പം, കഴിഞ്ഞ അരനൂറ്റാണ്ടായി ഇറാന്‍ കൈവശം വെച്ചിരിക്കുന്നതും യുഎഇ അവകാശവാദം ഉന്നയിക്കുന്നതുമായ അബു മൂസ ഉള്‍പ്പെടെയുള്ള ദ്വീപുകള്‍ അമേരിക്ക പിടിച്ചെടുക്കണമെന്ന നിര്‍ദ്ദേശവും യുഎഇ മുന്നോട്ടുവെച്ചിട്ടുണ്ട്.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും നിലവില്‍ ഇറാന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ചിന്തിക്കുന്നത്. ഇറാന്‍ ഭരണകൂടം പതറുന്നത് വരെ യുദ്ധം തുടരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്വന്തം സൈന്യത്തെ യുദ്ധത്തിന് വിട്ടുനല്‍കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ബഹ്റൈന്‍, യുഎഇ മുന്നോട്ടുവെക്കുന്ന യുഎന്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. ഈ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ ഈ നിലപാട് മാറ്റം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന് വഴിവെക്കും. ദീര്‍ഘകാലമായി ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രമായിരുന്ന ദുബായ് ഉള്‍പ്പെടെയുള്ള മേഖലകള്‍ ഇപ്പോള്‍ ഇറാന്റെ ശത്രുപക്ഷത്താണ്. യുദ്ധം ആരംഭിച്ച ശേഷം ദുബായിലെ ഹോട്ടലുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളാണ് യുഎഇയെ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ യുഎഇയുടെ വിനോദസഞ്ചാര മേഖലയെയും വിമാന ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഇറാനിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്നതടക്കമുള്ള കര്‍ശനമായ സാമ്പത്തിക-നയതന്ത്ര നടപടികള്‍ യുഎഇ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, യുഎഇയുടെ ഈ നീക്കത്തിനെതിരെ ഇറാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭൂപ്രദേശം പിടിച്ചെടുക്കാന്‍ സഹായിക്കുന്ന ഏതൊരു ഗള്‍ഫ് രാജ്യത്തിന്റെയും സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കുമെന്ന് ടെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനകം തന്നെ 2500-ഓളം മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. കടലിടുക്ക് തുറക്കാനുള്ള സൈനിക നീക്കം വലിയ വെല്ലുവിളിയാണെന്ന് സൈനിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു ഡ്രോണോ അല്ലെങ്കില്‍ ചെറിയൊരു ആത്മഹത്യാ ബോട്ടോ ഉപയോഗിച്ച് പോലും കടലിടുക്കിനെ ഭീഷണിയിലാക്കാന്‍ ഇറാന് സാധിക്കും എന്നതാണ് പ്രധാന ആശങ്ക. എങ്കിലും, അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡി എന്ന നിലയില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നു കിട്ടുന്നതിനായി വലിയൊരു റിസ്‌ക് എടുക്കാന്‍ തന്നെയാണ് യുഎഇയുടെ തീരുമാനം.
Content Summary: UAE is preparing to help U.S. for open the Strait of Hormuz by force, and will to join in the war