June 19, 2026 |
Share on

യുദ്ധം അവസാനിക്കുന്നു, ഹോര്‍മുസ് തുറക്കുന്നു; സമാധാന കരാര്‍ അന്തിമ ഘട്ടത്തിലേക്ക്

കരാറിന്റെ അന്തിമ അനുമതിക്ക് കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് തത്വത്തിലുള്ള കരാറിന് ധാരണയായതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വങ്ങളുടെ അന്തിമ അനുമതി ലഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുത്തേക്കുമെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഈ പുതിയ കരാര്‍ പ്രകാരം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും, തങ്ങളുടെ പക്കലുള്ള ഉന്നത സാന്ദ്രതയുള്ള യുറേനിയം ഒഴിവാക്കാനും ഇറാന്‍ ബാധ്യസ്ഥരാകും. എന്നാല്‍ ഈ ആണവ സാമഗ്രികള്‍ ഇറാന്‍ എങ്ങനെ ഒഴിവാക്കും എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ഇറാന്റെ ആണവപദ്ധതികള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ, ഈ സാമഗ്രികള്‍ അമേരിക്ക പിടിച്ചെടുക്കണമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നത്. ഔദ്യോഗികമായി പ്രതികരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത വ്യവസ്ഥയിലാണ് യുഎസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

അതേസമയം, വരാനിരിക്കുന്ന കരാറിലെ ഉള്ളടക്കത്തെക്കുറിച്ചോ ചര്‍ച്ചകളെക്കുറിച്ചോ ഇറാന്റെ നേതാക്കളോ ഔദ്യോഗിക മാധ്യമങ്ങളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഉരുത്തിരിയുന്ന കരാര്‍ ഒരു പ്രാഥമിക ചട്ടക്കൂട് മാത്രമാണെന്നും, ഇത് അന്തിമ തീരുമാനമല്ലെന്നും ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന കടുത്ത അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു നീക്കം. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ അവസാന നിമിഷം നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെ, ശനിയാഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ ‘സമാധാനം’ ലക്ഷ്യമിട്ടുള്ള ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എങ്കിലും, കരാറിനായി തിടുക്കം കൂട്ടരുതെന്ന് അദ്ദേഹം സ്വന്തം ചര്‍ച്ചാസംഘത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഈ കരാറിന് അന്തിമ അംഗീകാരം ലഭിക്കുകയാണെങ്കില്‍, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നതിനാണ് അമേരിക്ക ഈ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഈ കരാറിലൂടെ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ആണവ സംബന്ധമായ കാര്യങ്ങള്‍ 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരാറിലെ വ്യവസ്ഥയെന്ന് മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിലവിലെ ഈ കരാറില്‍ ഇറാന്റെ മിസൈല്‍ ശേഖരത്തെക്കുറിച്ചോ യുറേനിയം സമ്പുഷ്ടീകരണം താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതിനെക്കുറിച്ചോ പരാമര്‍ശമില്ല. ഈ വിഷയങ്ങള്‍ ഭാവി ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ കുറഞ്ഞത് 20 വര്‍ഷത്തെ പ്രതിബദ്ധതയാണ് അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെയാണ് ഈ യുദ്ധം ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്ന ഈ പോരാട്ടം ആഗോള ഊര്‍ജ്ജ വിപണിയെ വന്‍തോതില്‍ ബാധിക്കുകയും അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമാവുകയും ചെയ്തിരുന്നു. അതിനാല്‍ ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയമായി അനിവാര്യമാണ്.

എന്നാല്‍, ഈ കരാര്‍ വാര്‍ത്തകളോട് ഇസ്രയേല്‍ കടുത്ത ആശങ്കയോടെയാണ് പ്രതികരിച്ചത്. ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന കാര്യത്തില്‍ താനും ട്രംപും ഒരേ നിലപാടിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച രാത്രി വൈകി പ്രസ്താവിച്ചു. ഇതേക്കുറിച്ച് ദീര്‍ഘനേരം നെതന്യാഹു പുലര്‍ത്തിയ മൗനം ഇസ്രയേലിന്റെ അതൃപ്തിയുടെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, ലെബനനില്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ഞായറാഴ്ച രാവിലെയും തുടരുകയാണ്. ഈ പുതിയ യുഎസ്-ഇറാന്‍ കരാര്‍ ലെബനനിലെ യുദ്ധത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും, പുതിയ കരാര്‍ നിലവില്‍ വന്നാല്‍ ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും പോരാട്ടം അവസാനിക്കുമെന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയ്ക്കുള്ളില്‍ നിന്നുതന്നെ ഈ കരാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ട്രംപ് വെറുമൊരു മണ്ടനാവുകയാണെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍ സിഎന്‍എന്നിലൂടെ വിമര്‍ശിച്ചു. ഇറാന്‍ ഒരിക്കലും ആത്മാര്‍ത്ഥമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്നും ഈ നിര്‍ദ്ദേശം ഒരു ദുരന്തമാണെന്നുമാണ് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ സെനറ്ററുമായ റോജര്‍ വിക്കര്‍ പറഞ്ഞത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ട്രംപ് രംഗത്തെത്തി. താന്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ മികച്ചതും ഉചിതവുമായ ഒന്നായിരിക്കുമെന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയത്.

Content Summary: The US and Iran agree in principle on a framework deal to wind down the Middle East war, opening the Strait of Hormuz amid concerns from Israel and domestic critics

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×