June 03, 2026 |
Share on

ഡയറ്റ് സോഡ കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് വിശ്വസിക്കുന്ന ട്രംപ്‌

ട്രംപിന്റെ മുന്‍കാല പ്രസ്താവനകളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ആരോഗ്യവിദഗ്ധര്‍ രംഗത്തു വന്നിരിക്കുന്നത്

ഡയറ്റ് സോഡ കുടിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന വിശ്വാസം കൊണ്ടു നടക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റാണെന്നു കരുതി, അതൊന്നും ആരും വിശ്വസിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായുള്ള അഭിമുഖത്തില്‍ മെഹ്‌മത് ഓസ് ആണ് ട്രംപിന്റെ ഈ ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ അമേരിക്കയിലെ പ്രധാന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങളായ മെഡിക്കെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസ് (സിഎംഎസ്) വിഭാഗത്തിന്റെ തലവനാണ്, കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറും അറിയപ്പെടുന്ന ഒരു കാര്‍ഡിയോതൊറാസിക് സര്‍ജനുമായ മെഹ്‌മത് ഓസ്. ഡയറ്റ് സോഡ പുല്ലിലൊഴിച്ചാല്‍ അത് പുല്ല് കരിച്ചുകളയുമെന്നും അതുകൊണ്ട് തന്നെ ശരീരത്തിനകത്തെ കാന്‍സര്‍ കോശങ്ങളെ കൊല്ലാന്‍ ഇതിന് സാധിക്കുമെന്നുമാണ് ട്രംപിന്റെ വിചിത്രമായ വാദം.

അടുത്തിടെ എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ചുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് മെഹ്‌മത് ഓസ് ഇക്കാര്യം വിവരിച്ചു. ട്രംപിന്റെ മേശപ്പുറത്ത് ഇരുന്ന ഓറഞ്ച് സോഫ്റ്റ് ഡ്രിങ്ക് കണ്ട് താന്‍ അത്ഭുതപ്പെട്ടപ്പോള്‍, ‘ഇത് എനിക്ക് നല്ലതാണ്, ഇത് കാന്‍സര്‍ കോശങ്ങളെ കൊല്ലും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഫാന്റ പോലുള്ള പാനീയങ്ങള്‍ ശുദ്ധമായ പഴച്ചാറാണെന്നും അത് ആരോഗ്യത്തിന് ഹാനികരമല്ലെന്നും ട്രംപ് തമാശരൂപേണ പറയാറുണ്ടെന്ന് ഓസ് ഓര്‍ത്തെടുത്തു. 80 വയസ്സിനോട് അടുക്കുമ്പോഴും പിതാവിനുള്ള അസാധാരണമായ ഊര്‍ജ്ജസ്വലതയും ഓര്‍മ്മശക്തിയും അദ്ദേഹത്തിന്റെ ഇത്തരം ശീലങ്ങള്‍ ഗുണകരമാണെന്നതിന്റെ തെളിവായിരിക്കാം എന്ന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഇതിനോട് പ്രതികരിച്ചു. രോഗം വരാതിരിക്കാന്‍ ഗുണനിലവാരമുള്ള പ്രശസ്തമായ ചെയിനുകളില്‍ നിന്നുള്ള ജങ്ക് ഫുഡ് മാത്രമാണ് അദ്ദേഹം കഴിക്കാറുള്ളതെന്നും ഓസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ട്രംപിന്റെ ഈ വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒട്ടുമിക്ക ഡയറ്റ് സോഡകളിലും മധുരത്തിനായി ചേര്‍ക്കുന്ന ‘അസ്പാര്‍ട്ടേം’ എന്ന കൃത്രിമ പദാര്‍ത്ഥം മനുഷ്യരില്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നേരത്തെ തന്നെ വിഭാഗം 2 ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡയറ്റ് സോഡ കാന്‍സര്‍ തടയുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് മാത്രമല്ല, ഇവ ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനും ഉദര സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. 1,00,000 പേരിലധികം പങ്കെടുത്ത ഒരു ഫ്രഞ്ച് പഠനത്തില്‍ അസ്പാര്‍ട്ടേം ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത 15 ശതമാനം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പുല്ല് നശിപ്പിക്കാന്‍ ശേഷിയുള്ള ഒന്നായതുകൊണ്ട് അത് കാന്‍സറിനെ കൊല്ലുമെന്ന് വിശ്വസിക്കുന്നത് യുക്തിരഹിതമാണെന്ന് പീഡിയാട്രീഷ്യനായ സക്കറി റൂബിന്‍ പരിഹസിച്ചു. ഈ യുക്തി പ്രകാരം ബ്ലീച്ച് ഒരു പോഷകാഹാരമായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് അണുനാശിനികള്‍ കുത്തിവെക്കുന്നത് ഗുണകരമാകുമെന്നതടക്കമുള്ള ട്രംപിന്റെ മുന്‍കാല പ്രസ്താവനകളെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡയറ്റ് സോഡയോ മറ്റേതെങ്കിലും സോഡകളോ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കില്ലെന്നും അത്തരം തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും എമര്‍ജന്‍സി ഫിസിഷ്യനായ ഒവൈസ് ദുറാനി ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കയിലെ ആരോഗ്യവകുപ്പ് രാജ്യത്തെ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുന്ന സാഹചര്യത്തിലാണ് ഇത്തരം വിവാദ ചര്‍ച്ചകള്‍ നടക്കുന്നത്.

Content Summary: Donald Trump defended his consumption of diet soda by suggesting it might help prevent cancer

Leave a Reply

Your email address will not be published. Required fields are marked *

×