UPDATES

‘ലോക കപ്പില്‍ ഇന്ത്യയുടെ പരാജയം ആഘോഷിച്ചു, പാകിസ്താന് വേണ്ടി മുദ്രാവാക്യം വിളിച്ചു’

കശ്മീരില്‍ ഏഴ് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

                       

ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ചു പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഏഴ് കശ്മീരി വിദ്യാര്‍ത്ഥികളെ ഭീകരവിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. സെക്ഷന്‍ 13(യുഎപിഎ), 505(കലാപാഹ്വാനം) 506 (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് ഗന്ദേര്‍ബാല്‍ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

നവംബര്‍ 19 ന് നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ്‌ലോകകിരീടം നേടിയത്. ഇന്ത്യയുടെ പരാജയത്തിനു പിന്നാലെയാണ് ഗന്ദേര്‍ബാല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷേര്‍-ഇ-കശ്മീര്‍ അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലെ കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി പൊലീസ് ആരോപിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന തദ്ദേശീരായ ചില വിദ്യാര്‍ത്ഥികളാണ് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇത് വീഡിയോയില്‍ പകര്‍ത്തി തങ്ങള്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പഞ്ചാബ് സ്വദേശി സച്ചിന്‍ ബയന്‍സ് എന്ന വെറ്റിനറി സയന്‍സ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഉമര്‍, ആസിഫ്, മൊഹ്‌സിന്‍, തൗകീര്‍, ഖലി, സമീര്‍, ഉബൈദ് ഗുല്‍സാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതെരിയാണ് കേസ്. നാലാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. ഫൈനലില്‍ ഇന്ത്യയെ പിന്തുണച്ചതിന്റെ പേരില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നു സച്ചിന്‍ പരാതിയില്‍ പറയുന്നതായി പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്.

തങ്ങളുടെ മക്കള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് അവര്‍ക്കെതിരേ ഭീകരവാദ വകുപ്പ് ചാര്‍ത്തിയതെന്നാണ് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ചോദിക്കുന്നത്.

എന്റെ മകന്‍ ഇതുവരെയും ഒരു ക്രിമിനല്‍ കുറ്റങ്ങളിലും ഉള്‍പ്പെട്ടിട്ടില്ല. ഞാനൊരുപാട് കഷ്ടപ്പെട്ടാണ് അവന്റെ വിദ്യാഭ്യാസം നടത്തുന്നത്. സംഭവിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. പക്ഷേ, അവന്‍ ദേശവിരുദ്ധ പ്രവര്‍ത്തി ചെയ്തൂ എന്നു ഞാനൊരിക്കലും വിശ്വസിക്കില്ല’- കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പിതാവ് ദ വയറിനോട് പറയുന്ന വാക്കുകളാണ്. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുള്ളതാണ് ഈ കുടുംബം.

ഇപ്പോള്‍ ചാര്‍ത്തിയിരിക്കുന്ന വകുപ്പുകള്‍ കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയുമോര്‍ത്ത് പിന്‍വലിക്കണമെന്നാണ് കുടുംബങ്ങള്‍ അപേക്ഷിക്കുന്നത്. ‘ കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു, അവരുടെ ഭാവി തകര്‍ക്കരുത്’ ഒരു പിതാവ് അപേക്ഷിക്കുകയാണ്.

അറസ്റ്റിലായ ഏഴ് വിദ്യാര്‍ത്ഥികളെയും കോടതി നവംബര്‍ 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പാകിസ്താന്‍ അനുകൂല മുദ്രാവ്യം വിളിച്ചത് തെറ്റാണെങ്കില്‍, അത് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതരത്തിലുള്ള കുറ്റമാണോയെന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ചോദിക്കുന്നത്. അതവന്റെ ഭാവി നശിപ്പിക്കും, ഞാന്‍ അധികാരികളോട് യാചിക്കുകയാണ്, അവന് ഒരു അവസരം കൂടി നല്‍കണം”- പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു ബന്ധു വയറിനോടു പറഞ്ഞു.

എഫ് ഐ ആറില്‍ പേര് ചേര്‍ക്കപ്പെട്ടവരില്‍ മൂന്നു പേര്‍ അനാഥര്‍ ആണെന്നാണ് സര്‍വകലാശാല അധികൃതരില്‍ നിന്നുള്ള വിവരമായി വയര്‍ പങ്കുവച്ചിരിക്കുന്നത്. മറ്റൊരു പ്രതിയായ മൊഹ്‌സിന്‍ ഫറൂഖ് അക്കാദമിക് റിസര്‍ച്ചിന്റെ ഭാഗമായി മൂന്നുമാസം തായ്‌ലാന്‍ഡിലായിരുന്നു. അവിടെ നിന്നും ഈയടുത്താണ് മടങ്ങിയെത്തിയത്.

ഈ പ്രശ്‌നം നിയമപരമായി തന്നെ നേരിടുമെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അഭിഭാഷകനായ ഷഫീഖ് ഭട്ട് പറയുന്നത്. കോളേജിലെ മറ്റു കുട്ടികളെ പോലെ തന്നെ ഈ കുട്ടികളും ദേശീയവാദികളാണ്. അവരാരും തന്നെ ഇതിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തില്‍ പങ്കുള്ളവരല്ല. അവരില്‍ കൂടുതല്‍ പേരും സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്നവരുമാണ്’.

ജീവേ..ജീവേ പാകിസ്താന്‍ എന്നാണ് തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി കൊണ്ടിരുന്നതെന്നും ഇത്, ഭയത്തിന്റെതായൊരു അന്തരീക്ഷം മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കിയെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം. അന്വേഷണത്തിന്റെ പുരോഗതിക്ക് അനുസരിച്ചെ ഏതൊക്കെ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും ഒഴിവാക്കുമെന്നും പറയാന്‍ സാധിക്കൂ എന്നാണ് ഗന്ദേര്‍ബാല്‍ എസ് പി നിഖില്‍ ബോര്‍കര്‍ ദ സ്‌ക്രോളിനോട് പറഞ്ഞത്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു മേല്‍ യുഎപിഎ പോലുള്ള കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സാധാരണമായെന്നാണ് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആരോപിച്ചത്. ‘വിജയിക്കുന്ന ടീമിന് വേണ്ടിയുള്ള ആഹ്ലാദപ്രകടനവും കശ്മീരില്‍ ക്രിമിനല്‍ കുറ്റമാക്കിയത് അലോസരപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെ യുഎപിഎ പോലുള്ള ക്രൂരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സാധാരണമാകുന്നത് ജമ്മു കശ്മീരിലെ യുവാക്കളോടുള്ള ഭരണകൂടത്തിന്റെ ക്രൂരമായ മനോഭാവത്തെ വെളിപ്പെടുത്തുന്നു: എന്നവര്‍ ഈ വാര്‍ത്ത പങ്കുവച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.

വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത വിവരം സര്‍വകലാശാല അധികൃതര്‍ സ്ഥിരീകരിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അവര്‍ മാധ്യമങ്ങളോട് പറയുന്നത്. സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ ആയ ഡോ. അബുബക്കര്‍ അഹമ്മദ് സിദ്ദിഖീ ഇന്ത്യന്‍ എക്പ്രസിനോട് അറസ്റ്റ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാലദ്ദേഹം പറയുന്നത്, ഈയൊരു സംഭവത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വകലാശാലയ്ക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നാണ്.

ഏകദേശം 300 പേര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 40 ഓളം വിദ്യാര്‍ത്ഥികള്‍ പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നവംബര്‍ 19 ന് രാത്രി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതരം സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത് ഫൈനലില്‍ ഇന്ത്യയുടെ പരാജയം പ്രാദേശിക വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചുവെന്നും അവര്‍ തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനോ, മറ്റേതെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ പരാതി കിട്ടിയിട്ടില്ല. പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. അവര്‍ എന്തെങ്കിലും തെളിവ് നല്‍കിയോ ഇല്ലയോ എന്നൊക്കെ പൊലീസിന് മാത്രമെ അറിയൂ’ എന്നാണ് വെറ്റിനറി സയന്‍സ് ഡീന്‍ ഡോ തുഫൈല്‍ ബണ്ടേ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

‘ എന്റെ രാജ്യത്തെ പിന്തുണച്ചു എന്നതിന്റെ പേരില്‍ അവരെന്നെ അപമാനിച്ചു. എന്നെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി, അവര്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു, ജമ്മു കശ്മീരിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കു ചുറ്റും അവര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു’- സച്ചിന്റെ പരാതിയില്‍ ആരോപിക്കുന്ന കാര്യങ്ങളാണിത്.

പരാതി കിട്ടിയതോടെ പൊലീസ് സര്‍വകലാശാല ഹോസ്റ്റലില്‍ എത്തി ഏഴ് വിദ്യാര്‍ത്ഥികളെയും കൈമാറാന്‍ വാര്‍ഡനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തടവിലാക്കുകയുമായിരുന്നുവെന്നാണ് സര്‍വകലാശാല അധികൃതകര്‍ പറയുന്നത്.

ഇതാദ്യമായിട്ടല്ല, ക്രിക്കറ്റ് ആഘോഷത്തിന്റെ പേരില്‍ ജമ്മു-കശ്മീര്‍ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2021-ലെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ വിജയം നേടിയത് ആഘോഷിച്ചതിന്റെ പേരില്‍ ഷേര്‍-ഐ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഏതാനും ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. 2017 ല്‍ ഓവലില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍ ജേതാക്കളായ സമയത്തും കശ്മീരില്‍ വലിയതോതില്‍ ആഘോഷം നടന്നിരുന്നു. ഈ സമയത്തും പല കേസുകളും ഉണ്ടായി.

Share on

മറ്റുവാര്‍ത്തകള്‍