UPDATES

രശ്മി ജയദാസ്‌

കാഴ്ചപ്പാട്

രശ്മി ജയദാസ്‌

രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ രാജഗോപാലും രാജഭക്തി കാണിച്ചിട്ടില്ലാത്ത സംഘര്‍ഷന്‍ ഠാക്കൂറും

ഈ കാലത്ത് പ്രതീക്ഷ വയ്ക്കാവുന്ന എഡിറ്റര്‍മാരുമുണ്ട്

                       

പാകിസ്താനിയായ സീമ ഹൈദറിന്റെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ താണ്ടിയുള്ള പ്രണയത്തെ കുറിച്ചു മുന്‍നിര വാര്‍ത്ത ചാനലുകളുടെ അന്തിച്ചര്‍ച്ച ദിവസങ്ങള്‍ നീണ്ടു പോയിക്കൊണ്ടിരുന്നു. പത്ര മാധ്യമങ്ങളുടെ താത്പര്യവും മറിച്ചായിരുന്നില്ല.

മണിപ്പൂരില്‍ കുംകി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി തെരവിലൂടെ നടത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ഇതേ സമയത്താണ്. ഒരു രാജ്യത്തെ ഒന്നടങ്കം നടുക്കിയ വാര്‍ത്ത പുറത്തു വന്നു മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴും മാധമ്യങ്ങള്‍ക്ക് അതിലൊട്ടും ഉത്കണ്ഠയോ ആധിയോ തോന്നിയില്ല.

എന്നാല്‍, ജൂലൈ 21-ന് കൊല്‍ക്കത്തയില്‍ നിന്നിറങ്ങിയ ടെലഗ്രാഫ് പത്രത്തിന്റെ ഒന്നം പേജ് തലക്കെട്ട് രാജ്യത്തിന്റെ പ്രതിഷേധം പ്രതിഫലിച്ചു നിന്നു. മണിപ്പൂരില്‍ കലാപം കത്തിയെരിയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിയുമ്പോഴും രാജ്യത്തിന്റെ പരമാധികാരി പാലിച്ചു പോന്ന നിശബ്ദതയെ നിശിതമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അന്ന് പത്രം ഇറങ്ങിയത്. കൂരിരുട്ടില്‍ തെളിഞ്ഞ മെഴുകുതിരി പോലെ.

ഒരു മുതലയെ പ്രതീക ചിത്രമാക്കി, It took 79 days for pain and shame to pierce 56-inch skin എന്ന തലക്കെട്ടില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു; ആരെയാണ് ഉദ്ദേശിച്ചതെന്നും.

ആര്‍. രാജഗോപാല്‍ എന്ന എഡിറ്ററുടെ ‘ധീരത’ എന്നു തന്നെ പറയണം. കാരണം, ഇന്ത്യന്‍ മാധ്യമരംഗം ഭരണാധികാരിയുടെ നിശബ്ദ സേവകരായി മാറിയൊരു കാലത്ത്, രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാന്‍ ഒരു രാജഗോപാലിന് ധൈര്യമുണ്ടായി.

‘യഥാര്‍ത്ഥത്തില്‍ ഞാന്‍ വിമര്‍ശിക്കാതെ വിമര്‍ശിക്കുകയായിരുന്നു”. അന്നത്തെ തലകെട്ടിനെ കുറിച്ച് രാജാഗോപാല്‍ പിന്നീട് ഒരു മലയാള മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. ‘മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രധനമന്ത്രി പരാമര്‍ശിച്ചത് റോഡിലൂടെ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ അപലപിച്ചു കൊണ്ടാണ്. ഇതിനെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് പോലും ഉള്‍പ്പെടുത്തതെയാണ് ആ തലക്കെട്ട് നല്‍കിയത്. ഇതും ശരിയായ രീതിയിലുള്ള, ശക്തമായ മാധ്യമ പ്രതിഷേധമായി കണക്കാക്കന്‍ സാധിക്കില്ല’. പത്രത്തിന്റെയും തന്റെയും രാഷ്ട്രീയത്തെയും, നിലപാടുകളെയും രാജാഗോപാല്‍ സ്വയം വിലയിരുത്തിയതങ്ങനെയാണ്. മണിപ്പൂര്‍ വിഷയത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റു പ്രശനങ്ങളിലും മാധ്യമങ്ങള്‍ മിണ്ടാതെ നിന്നപ്പോഴെല്ലാം ശക്തമായ നിലപാടുകള്‍ ടെലഗ്രാഫ് നിര്‍ഭയം സ്വീകരിച്ചു. ജനാധിപത്യവിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ പല ഇടപെടലുകളും പത്രം നടത്തി. അപ്പോഴെല്ലാം ആര്‍. രാജഗോപാല്‍ എന്ന എഡിറ്റററും ചര്‍ച്ച ചെയ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ആര്‍. രാജാഗോപാല്‍ ഒരു ദശാബ്ദത്തിനു മുമ്പാണ് കൊല്‍ക്കത്ത ആസ്ഥാനമായ എ.ബി.പി ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ദി ടെലഗ്രാഫ് പത്രത്തിന്റെ പത്രാധിപരായി ചുമതല ഏറ്റെടുക്കുന്നത്.

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ ഹിന്ദു സന്ന്യാസിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് ‘2023 ബിസി’ എന്ന തലക്കെട്ടാണ് ടെലഗ്രാഫ് നല്‍കിയത്. 2014-ല്‍ ആദ്യം അധികാരമേറ്റ ശേഷം അഞ്ച് വര്‍ഷം മാധ്യമങ്ങളെ കാണാന്‍ തയാറാവാതിരിക്കുകയും ഒടുവില്‍ 1487 ദിവസത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മിണ്ടാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോ ഹോണ്‍ സിഗ്‌നലിട്ട് വിമര്‍ശിച്ചതും രാജ്യം ശ്രദ്ധിച്ചതാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി, ദി ടെലഗ്രാഫ് പത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളോടും രാഷ്ട്രീയത്തോടുമുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഡെസിബിള്‍ മുഖപത്രങ്ങളും കവറേജുകളും കൊണ്ട് പ്രശസ്തി നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരായി എഴുതുന്ന പത്രം ബംഗാളിലെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റുകളിലേക്ക് കണ്ണ് തിരിക്കുന്നില്ലെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. കര്‍ഷക ബില്ലും, പൗരത്വ ബില്ലും കൊണ്ടുവന്നത് മമത സര്‍ക്കാരല്ലാത്ത, പക്ഷം തൃണമൂല്‍ കോണ്‍ഗ്രസിനെ എങ്ങനെ വിമര്‍ശിക്കുമെന്ന മറു ചോദ്യം ഉന്നയിച്ചുകൊണ്ടാണ് രാജഗോപാല്‍ ആരോപണങ്ങളെ നേരിട്ടത്.

ധീരമായ ചെറുത്തു നില്‍പ്പ് നടത്തിവരുന്ന ടെലഗ്രാഫിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും സ്ഥാന കയറ്റത്തോടെ എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന പദവിയിലേക്ക് ആര്‍ രാജഗോപാലിനെ നിയമിക്കുമ്പോള്‍, പത്രം ഇതുവരെ എടുത്തുപോന്ന നിലപാടുകളുടെ മാറ്റം കൂടിയാണോ അതെന്ന ചോദ്യം പലകോണില്‍ നിന്നുമുണ്ടായി.

ടെലഗ്രാഫിന്റെ പുതിയ പത്രാധിപരായി ചുമതലയേല്‍കുന്നത് സംഘര്‍ഷന്‍ ഠാക്കൂറാണ്‌. ഠാക്കൂറിന് മാധ്യമരംഗത്ത് നാല് പതിറ്റാണ്ടോളം പരിചയമുണ്ട്. 1984-ല്‍ ‘സണ്‍ഡേ’ മാസികയിലൂടെയാണ് അദ്ദേഹം മാധ്യമരംഗത്ത് തുടക്കം കുറിച്ചത്. മുമ്പ് ‘ദ ടെലിഗ്രാഫ്’, ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ എന്നിവയില്‍ അസോഷ്യേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004-ല്‍ ‘തെഹല്‍ക’ വാരികയുടെ ലോഞ്ചിംഗ് ടീമിലും അദ്ദേഹം അംഗമായിരുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ കരിയറില്‍ താക്കൂര്‍ ബിഹാറിലും കശ്മീരിലും വിപുലമായി വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്. 2001-ല്‍ പൊളിറ്റിക്കല്‍ ജേര്‍ണലിസത്തിലെ മികവിന് ‘പ്രേം ഭാട്ടിയ’ അവാര്‍ഡ് ലഭിച്ചു. 2003-ല്‍ കശ്മീരിനെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ പ്രവര്‍ത്തിക്കാന്‍ അപ്പന്‍ മേനോന്‍ ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ കുറിച്ച് ‘ദ മേക്കിംഗ് ഓഫ് ലാലു യാദവ്, ദ അണ്‍മേക്കിംഗ് ഓഫ് ബിഹാര്‍’ എന്ന പേരില്‍ ഠാക്കൂര്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജീവചരിത്രം ‘സിംഗിള്‍ മാന്‍: ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് നിതീഷ് കുമാര്‍ ഓഫ് ബിഹാര്‍’ എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിനുപുറമെ, ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും ജീവചരിത്രമടങ്ങുന്ന ‘ദ ബ്രദേഴ്സ് ബിഹാരി’ എന്ന പുസ്തക രചനയിലും പങ്കാളിയായി. കാര്‍ഗില്‍ യുദ്ധം, പാകിസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും ദുരഭിമാനക്കൊല എന്നിവയെക്കുറിച്ചുള്ള മോണോഗ്രാഫുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പട്ന സ്വദേശിയായ സംഘര്‍ഷന്‍ ഠാക്കൂര്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ‘ദി ഹിന്ദു’ കോളേജില്‍ നിന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. രാജ്യത്തെ എഡിറ്റര്‍മാരുടെ പരമോന്നത സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലും അദ്ദേഹം അംഗമാണ്. ടെലഗ്രാഫ് പത്രത്തിന്റെ പുതിയ പത്രാധിപരായി ഠാക്കൂര്‍ ചുമതലയേല്‍ക്കുമ്പോള്‍, ഇതുവരെ പത്രം തുടര്‍ന്നു പോയികൊണ്ടരിക്കുന്ന നിര്‍ഭയമായ നിലപാടുകളില്‍ ഉറച്ചു നിന്നു കൊണ്ട് പത്ര പ്രവര്‍ത്തനം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. മാധ്യമങ്ങള്‍ അത്യന്തികമായി തിരുത്തേണ്ടത് എന്തിനെയാണെന്ന ഔട്ട് ലൂക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സംഘര്‍ഷന്‍ ഠാക്കൂര്‍  നല്‍കിയ മറുപടി ശ്രദ്ദേയമാണ്. ”ഇതിനുത്തരം എനിക്കറിയാമായിരുന്നുവെങ്കില്‍ പുലിറ്റ്‌സര്‍ പ്രൈസും നൊബെലും എടുത്തു കളഞ്ഞേനെ’ എന്നായിരുന്നു ആ മറുപടി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലെ ചെറുത്തു നില്‍പ്പിന്റെ ആവിശ്യകതയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ പോലെയുള്ള മാധ്യമ പ്രവര്‍ത്തകരില്‍ സമകാലിക ഇന്ത്യ ഏറെ പ്രതീക്ഷവയ്ക്കുന്നുണ്ട്.

ഠാക്കൂറിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഭരണകൂടത്തിനു നേരെയുള്ള ചോദ്യങ്ങളാണ്. മോദി സര്‍ക്കാരിനെതിരേ കഴമ്പളുള്ള വിമര്‍ശനങ്ങള്‍ ഓരോ ഘട്ടത്തിലും ഠാക്കൂര്‍ ഉയര്‍ത്താറുണ്ട്. ഠാക്കൂറിന്റെ റിപ്പോര്‍ട്ടുകളും വിശകലനങ്ങളും അവയുടെ ആഴവും വസ്തുനിഷ്ഠതയും കൊണ്ടാണ് വിശേഷപ്പെട്ടതാകുന്നത്. ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിക്കുന്നത്, അവര്‍ക്കെതിരെയുള്ള അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടാകരുത്. അവരെ തിരുത്താന്‍ വേണ്ടിയാകണം എന്ന തത്വത്തിലധിഷ്ഠതമായ മാധ്യമപ്രവര്‍ത്തനമാണ് ഠാക്കൂറിന്റെത്. രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള അറിവും സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിവുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാനും, തെറ്റിനെ ചൂണ്ടിക്കാണിക്കാനും ഇതുവരെ കാണിച്ച ആര്‍ജ്ജവം തന്നെ ഇനിയും തുടരുമെന്ന വിശ്വാസമാണ് സംഘര്‍ഷന്‍ ഠാക്കൂറിനുമേല്‍ ഇപ്പോഴുള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍