December 10, 2024 |
Share on

ഓഫ് സൈഡ് കളിച്ച ബിനാന്‍സ് എന്‍എഫ്ടിക്ക് നിയമം ഫൗള്‍ വിളിച്ചു; ‘CR7’ ന് റെഡ് കാര്‍ഡ്, 8335 കോടിയുടെ നഷ്ടപരിഹാര കേസില്‍ കുടുങ്ങി ക്രിസ്റ്റ്യാനോ

ബിനാന്‍സ് നടത്തിയ കള്ളത്തരത്തില്‍ റൊണാള്‍ഡോ കുടുങ്ങുന്നത് എങ്ങനെ?

സിനിമ-കായിക രംഗത്തെ വിലപിടിച്ച താരങ്ങളുടെ സെലിബ്രിറ്റി ഇമേജ് ഉപയോഗപ്പെടുത്തുക പ്രധാനപ്പെട്ട ബിസിനിസ് തന്ത്രമാണ്. കിട്ടുന്ന കോടികളില്‍ മാത്രം കണ്ണുവയ്ക്കുന്ന ഭൂരിഭാഗം താരങ്ങളും കരാറിലേര്‍പ്പെടുന്ന ബ്രാന്‍ഡുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ തിരക്കാറില്ല. ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്ന താരങ്ങള്‍ തങ്ങളെ ആരാധിക്കുന്ന ജനങ്ങളെയാണ് വഞ്ചിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സഹസ്രകോടികളാണ് ക്രിസ്റ്റ്യാനോയുടെ വിപണി മൂല്യം. ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ മുഖമാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പാര്‍ട്‌ണേഴ്‌സ് സെക്ഷനില്‍ ഒരു കാര്യം അദ്ദേഹം അവകാശപ്പെടുന്നുണ്ട്; ‘ഞാന്‍ വിശ്വസിക്കുന്ന ബ്രാന്‍ഡുകള്‍ക്കൊപ്പമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്’.

അത്തരത്തില്‍ ക്രിസ്ത്യാനോ വിശ്വസിക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായിരുന്നു’ ബിനാന്‍സ്’. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളില്‍ ഒന്ന്. ഇവരുടെ അംബാസഡറായതിലൂടെ കോടികള്‍ ക്രിസ്ത്യാനോയുടെ അകൗണ്ടിലേക്ക് ഒഴുകി.

എന്നാലിപ്പോള്‍, അതേ ബ്രാന്‍ഡിന്റെ പേരില്‍ സ്വന്തം വിശ്വാസ്യത കൂടി പണയപ്പെടുത്തേണ്ടി വന്നിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സിആര്‍-7ന്. പേര് മാത്രമല്ല, പണവും പോകും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നേരിടുകയാണ് ബിനാന്‍സ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ചാങ്‌പെംഗ് ഷാവോ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ബിനാന്‍സ് നടത്തിയ കള്ളത്തരം ഫുട്‌ബോള്‍ രാജകുമാരനും തിരിച്ചടിയായിരിക്കുകയാണ്. ഒരു ബില്യണ്‍ ഡോളറിന്റെ(8335 കോടിയുടെ) നിയമവ്യവഹാരമാണ് താരമിപ്പോള്‍ നേരിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളിലൊന്നായ ബിനാന്‍സ്, ബിറ്റ്കോയിന്‍ പോലുള്ള മറ്റ് ക്രിപ്റ്റോകറന്‍സികളെ ശക്തിപ്പെടുത്തുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ അസറ്റുകള്‍- നോണ്‍-ഫഞ്ചിബിള്‍ ടോക്കണുകള്‍ (എന്‍എഫ്ടി) പോലുള്ള ക്രിപ്റ്റോ ‘സെക്യൂരിറ്റികളുടെ’ ട്രേഡിംഗ് നടത്തുന്നവരാണ്. ഈ എന്‍എഫ്ടികള്‍ മറ്റേതൊരു സെക്യൂരിറ്റികളെയും പോലെ വാങ്ങാനും വില്‍ക്കാനും കഴിയും. കഴിഞ്ഞ മാസമാണ് യു എസ് ആഭ്യന്തര നിയമന്ത്രാലയം ബിനാന്‍സിന് മേല്‍ 43 ബില്യണ്‍ യു എസ് ഡോളറിന്റെ പിഴ ചുമത്തുന്നത്. ഇതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട സിഇഒ രാജിവയ്ക്കുന്നത്.

ബിനാന്‍സ് നടത്തിയ കള്ളത്തരത്തില്‍ റൊണാള്‍ഡോ കുടുങ്ങുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. 2022 നവംബറിലാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ ബിനാന്‍സുമായുള്ള തന്റെ കരാര്‍ പ്രഖ്യാപിക്കുന്നത്. ക്രിസ്ത്യാനോയെ കൈയില്‍ കിട്ടിയതിനു പിന്നാലെ ബിനാന്‍സ് അവരുടെയൊരു ബിസിനസ് തന്ത്രം ആവിഷ്‌കരിച്ചു. എന്‍എഫ്ടികളില്‍ ‘സിആര്‍7’ കളക്ഷന്‍ പ്രഖ്യാപിക്കുകയും, 2023 മുതല്‍ അത് ട്രേഡ് ചെയ്യാനും ആരംഭിച്ചു. ക്രിസ്ത്യാനോ തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ ബിസിനസിന് വ്യാപകമായ പ്രചാരവും നല്‍കി. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേര്‍ഡിന്റെ ഏറ്റവും മോശം തീരുമാനമായിരുന്നുവത്.

കഴിഞ്ഞാഴ്ച്ച ഒരു കൂട്ടം നിക്ഷേപകര്‍ റൊണാള്‍ഡോയ്‌ക്കെതിരേ ഫെഡറല്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത സെക്യൂരിറ്റികള്‍ ബിനാന്‍സ് തങ്ങള്‍ക്ക് വിറ്റു എന്നതായിരുന്നു നിക്ഷേപകരുടെ പരാതി. ബിനാന്‍സിന്റെ വഞ്ചനയ്ക്ക് തങ്ങളെ ഇരകളാക്കിയത് ക്രിസ്ത്യാനോയുടെ തെറ്റായ പ്രചാരണങ്ങളായിരുന്നുവെന്നാണ് നിക്ഷേപകര്‍ ആരോപിച്ചിരിക്കുന്നത്. 2023 ജൂണില്‍ യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍(എസ്ഇഒ) നല്‍കിയ കര്‍ശന നിര്‍ദേശ പ്രകാരം, മറ്റ് സെക്യൂരിറ്റികളെപ്പോലെ തന്നെ ക്രിപ്‌റ്റോകറന്‍സികളും എസ്ഇഒയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പരാതിക്കാരായ നിക്ഷേപകര്‍ പറയുന്നത്, സിആര്‍7 എന്ന എന്‍ടിഎഫ് ടോക്കണ്‍ എസ്ഇഒ-യില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ്. ക്രിസ്ത്യാനോ തന്റെ ഉറപ്പില്‍ നടത്തിയിരുന്ന പ്രചാരണം വിശ്വസിച്ചാണ് നിക്ഷേപകര്‍ രജിസ്റ്റര്‍ ചെയ്യാത്ത, അനധികൃതമായ സിആര്‍7 എന്‍എഫ്ടികള്‍ വാങ്ങിയത്. തന്മൂലം തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നാണ് അവര്‍ കോടതിയോട് പരാതിപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യാനോയുടെ പേരില്‍ വിപണയില്‍ ഇറക്കിയ എന്‍എഫ്ടിയുടെ മൂല്യം 77 ഡോളറില്‍ നിന്നും ഒരു ഡോളറായി കുറഞ്ഞത് കൂടാതെ ബിനാന്‍സിന്റെ രജിസ്റ്റര്‍ ചെയ്യാത്ത ടോക്കണ്‍ വാങ്ങാന്‍ നിക്ഷേകരോട് ആഹ്വാനം നടത്തിയെന്നതും കൂട്ടിയാണ് പണം നഷ്ടപ്പെട്ടവര്‍ ക്രിസ്ത്യാനോയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്‌ളോറിഡയില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി ബിനാന്‍സിന്റെ ക്രിപ്‌റ്റോ സെക്യൂരിറ്റികള്‍ നിക്ഷേപകരെക്കൊണ്ട് വാങ്ങിപ്പിക്കുകയും വാങ്ങിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക വഴി കമ്പനിയെ ക്രിസ്ത്യാനോ സഹായിച്ചിട്ടുണ്ടെന്നാണ് 130 പേജുകളുടെ ഹര്‍ജിയില്‍ ആരോപിക്കുന്നതെന്നാണ് ഇത് പ്രസിദ്ധപ്പെടുത്തിയ ദ അറ്റാലാന്റിക് പറയുന്നത്. ‘ഞാന്‍ വിശ്വസിക്കുന്ന ബ്രാന്‍ഡുകള്‍ക്കൊപ്പാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്’ എന്ന ക്രിസ്ത്യാനോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വാദവും പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹര്‍ജിയില്‍ പ്രതികരിക്കാനുള്ള സമയം കോടതിയില്‍ നിന്നും ഫുട്‌ബോള്‍ താരത്തിന് ലഭിക്കും. ഒന്നുകില്‍ കോടതിക്ക് പുറത്തുവച്ചുള്ള ഒത്തുതീര്‍പ്പില്‍ കേസ് അവസാനിപ്പിക്കാം, അതല്ലെങ്കില്‍ നിയമവിചാരണകള്‍ നേരിടേണ്ടി വരും. ബിനാന്‍സ് നടത്തിയ വഞ്ചനയുടെ ഉത്തരാവാദിത്തം തനിക്ക് ഉണ്ടാകുന്നതെങ്ങനെയെന്നാകും ക്രിസ്ത്യാനോ കോടതിയില്‍ വാദിക്കാന്‍ പോകുന്നത്. ഒരു നിക്ഷേപക സംവിധാനത്തില്‍ നടത്തുന്ന നിക്ഷേപത്തിന്റെ ഉത്തരവാദിത്തം ആ കമ്പനിയുടെ പ്രമോട്ടറുടെ മേല്‍ എത്രത്തോളം ഉണ്ടെന്നതായിരിക്കും ഈ നിയമവ്യവഹാരത്തില്‍ ഉയരുന്ന പ്രധാന ചോദ്യം.

ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ അമേരിക്കന്‍ കോടതികളിലുണ്ട്. ഇത്തരം കേസുകളില്‍ അകപ്പെട്ട താരങ്ങള്‍ ക്രിസ്ത്യാനോ മാത്രവുമല്ല. ക്രിപ്റ്റോ-ട്രേഡിംഗ് പ്ലാറ്റ്ഫോമായ എഫ്ടിഎക്സ് തകര്‍ന്നതിനു പിന്നാലെ നവോമി ഒസാക്ക, സ്റ്റെഫ് കറി, ടോം ബ്രാഡി എന്നിവരുള്‍പ്പെടെ നിരവധി അമേരിക്കന്‍ കായിക താരങ്ങള്‍ക്കെതിരേ സമാനമായ കാരണങ്ങളാല്‍ കേസെടുത്തിട്ടുണ്ട്. അവര്‍ കമ്പനിക്കു വേണ്ടി നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് പരാതി. ഇപ്പോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന ഭീമന്‍ കൂടി ഇക്കൂട്ടത്തില്‍ കുടുങ്ങിയതോടെ ഈ നിയമപ്രശ്‌നത്തില്‍,- അതായത്, നിക്ഷേപങ്ങള്‍ക്ക് അതാത് കമ്പനികളുടെ പ്രമോട്ടര്‍മാരും ഉത്തരവാദികളാണോ എന്ന നിയമപരമായ ചോദ്യത്തിന്-എല്ലാവരും ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ, ഇനിയെങ്കിലും പണം മാത്രം മോഹിച്ച് കമ്പനികളുടെ വിശ്വാസ്യത നോക്കാതെ അവര്‍ക്കായി പ്രചാരണം നടത്തുന്നതില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഫുട്‌ബോള്‍ താരങ്ങള്‍ മാത്രമല്ല, ക്ലബ്ബുകളും എന്‍ എഫ് ടി പ്രമോഷന് വേണ്ടി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ക്രിപ്‌റ്റോ ആവേശത്തില്‍ ലോകം അമര്‍ന്നു പോയ 2022-ന്റെ തുടക്കത്തില്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോലുള്ള വമ്പന്മാര്‍ അവരുടെ സ്വന്തം എന്‍എഫ്ടി കളക്ഷനുകള്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ, നേട്ടമുണ്ടാക്കാനായില്ല. ബോര്‍ഡ് ഏപ്-ന്റെ എന്‍ എഫ് ടിയുടെ മുഖമായി കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത് ചെല്‍സി മുന്‍ ഇതിഹാസം ജോണ്‍ ടെറിയായിരുന്നു. ആഷ്‌ലി കോള്‍, ടമ്മി എബ്രഹാം, റീസ് ജെയിംസ് എന്നീ ചെല്‍സിക്കാരും പ്രമോട്ടര്‍മാരായി വന്നിരുന്നുവെങ്കിലും 2022-ല്‍ ക്രിസ്‌പോ ആവേശം തകര്‍ന്നടിഞ്ഞതോടെ പിന്‍വാങ്ങി. ഇനിയുമുണ്ട് താരരാജക്കന്മാര്‍, പോള്‍ പോഗ്ബ, സോണ്‍ ഹ്യൂങ്-മിന്‍, നെയ്മര്‍, ട്രെന്റ് അലക്‌സാണ്ടര്‍-അര്‍ണോള്‍ഡ്, ആന്‍ഡ്രൂ റോബേഴ്‌സണ്‍, മറ്റിയോ കൊവാസിക്, മാര്‍സേലോ ബ്രോസോവിക് എന്നിങ്ങനെ  പട്ടിക നീളും.

×