Continue reading “‘ദ ബ്ലൈന്‍ഡ് സൈഡ്’; ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു ആന്റി-ക്ലൈമാക്‌സ്”

" /> Continue reading “‘ദ ബ്ലൈന്‍ഡ് സൈഡ്’; ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു ആന്റി-ക്ലൈമാക്‌സ്”

"> Continue reading “‘ദ ബ്ലൈന്‍ഡ് സൈഡ്’; ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു ആന്റി-ക്ലൈമാക്‌സ്”

">

UPDATES

‘ദ ബ്ലൈന്‍ഡ് സൈഡ്’; ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു ആന്റി-ക്ലൈമാക്‌സ്

                       

ഒസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും സാന്ദ്ര ബള്ളോക്ക് സ്വന്തമാക്കിയ ‘ദി ബ്ലൈന്‍ഡ് സൈഡ്’ റിലീസ് ചെയ്ത് ഒന്നര പതിറ്റാണ്ടാകുമ്പോള്‍, ആ അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഡ്രാമ വാര്‍ത്തകളില്‍ നിറയുന്നത് എങ്ങനെയാണ്?

ജോണ്‍ ലീ ഹാന്‍കോക് ചിത്രം, അതിന് അടിസ്ഥാനമായ യഥാര്‍ത്ഥ മനുഷ്യരുടെ നിയമ തര്‍ക്കത്തിലൂടെയാണ് വീണ്ടും വാര്‍ത്തയാകുന്നത്. അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗ്(എന്‍എഫ്എല്‍) മുന്‍താരം മൈക്കള്‍ ഒഎറിന്റെ കണ്‍സര്‍വേറ്റര്‍ഷിപ്പ് ഒഴിയാന്‍ ഷോണ്‍-ലീ അന്ന തുഎയ് ദമ്പതിമാര്‍ തീരുമാനിച്ചിരിക്കുന്നു. അവരുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തുഎയ് ദമ്പതിമാര്‍ക്കെതിരേ ടെന്നസിയിലെ ഷെല്‍ബി കൗണ്ടി പ്രോബേറ്റ് കോടതിയില്‍ തിങ്കളാഴ്ച്ച ഹര്‍ജി കൊടുത്തതിന് പിന്നാലെയാണ് മെംഫിസ് സ്വദേശികളായ ദമ്പതിമാര്‍ കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ നിന്നും പിന്മാറാന്‍ തീരുമാനമെടുത്തത്.

യു.എസ് നിയമ പ്രകാരം പ്രായം-ശാരീരികം-മാനസികം-തുടങ്ങിയ പരിമിതികള്‍ കാരണം സ്വന്തം കാര്യങ്ങള്‍ പൂര്‍ണമായി സ്വയം കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ഒരു വ്യക്തിയുടെ, വ്യക്തിപരമോ സാമ്പത്തികപരമോ ആയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി, ഒരു ജഡ്ജിയുടെ നിര്‍ദേശത്താല്‍ നിയമപരമായി ഒരു രക്ഷാധികാരിയെയോ സംരക്ഷകനെയോ നിയമിക്കുന്നതാണ് കണ്‍സര്‍വേറ്റര്‍ഷിപ്പ് എന്നു പറയുന്നത്.

ദി ബ്ലൈന്‍ഡ് സൈഡില്‍ ക്വിന്റണ്‍ ആരോണ്‍ അവതരിപ്പിച്ച കഥാപാത്രമാണ് മൈക്കള്‍ ഒഎര്‍. സാന്ദ്ര ബള്ളോക്ക് അനശ്വരമാക്കിയ ലീ അന്ന തുഎയ് എന്ന ഇന്റീരിയര്‍ ഡിസൈനറാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദത്തിലായിരിക്കുന്നത്.

മൈക്കള്‍ ഒഎറിന്റെ ജീവിത കഥ ആദ്യം ലോകത്തിനു മുന്നില്‍ എത്തുന്നത് സിനിമയായിട്ടല്ല. മിഖായേല്‍ ലൂയിസ് എഴുതിയ ദ ബ്ലൈന്‍ഡ് സൈഡ്; എവല്യൂഷന്‍ ഓഫ് എ ഗെയിം’ എന്ന നോവലായിട്ടാണ്. ഈ നോവല്‍ അടിസ്ഥാനമാക്കിയാണ് 2009 ല്‍ ദ ബ്ലൈന്‍ഡ് സൈഡ് എന്ന പേരില്‍ തന്നെ സിനിമ ഇറങ്ങുന്നത്.

യഥാര്‍ത്ഥ മനുഷ്യരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയെടുത്ത ദ ബ്ലൈന്‍് സൈഡിന്റെ കഥാചുരുക്കം ഇങ്ങനെയാണ്; ‘ബിഗ് മൈക്ക്’ എന്നും അറിയപ്പെട്ട മൈക്കള്‍ ഒഎറിന്റെ പെറ്റമ്മ ലഹരിക്ക് അടിമയായ സ്ത്രീയായിരുന്നു. അതിനാല്‍ തന്നെ ആ ടെന്നസിക്കാരന്‍ പയ്യന്‍ പല കുടുംബങ്ങളുടെയും കാരുണ്യത്തിലാണ് വളര്‍ന്നത്. എങ്കിലും മൈക്കിന് അവന്റെ അമ്മ പ്രിയപ്പെട്ടതായിരുന്നു. ഓരോ സംരക്ഷണ വലയത്തില്‍ നിന്നും അവന്‍ അമ്മയ്ക്ക് അരികിലേക്ക് ഓടിപ്പോകുമായിരുന്നു.

മൈക്കിന്റെ സുഹൃത്തിന്റെ അച്ഛന്‍ വഴിയാണ് വിന്‍ഗേറ്റ് ക്രിസ്ത്യന്‍ സ്‌കൂളിലെ ഫുട്‌ബോള്‍(അമേരിക്കന്‍ ഫുട്‌ബോള്‍ അഥവ ഗ്രിഡ്അയണ്‍) ടീമില്‍ എത്തുന്നത്. മൈക്കിന്റെ ശാരീരിക വലിപ്പവും കായികക്ഷമതയും കണ്ടാണ്, അവന്റെ മോശം അക്കാദമിക് പശ്ചാത്തലം അവഗണിച്ചും കോച്ച് ബര്‍ട്ട് കോട്ടണ്‍ ടീമിലേക്ക് ക്ഷണിക്കുന്നത്. ആദ്യത്തെ ഒമ്പത് വര്‍ഷത്തെ സ്‌കൂള്‍ ജീവിതത്തില്‍ മൈക്കിന് 11 ഇടങ്ങളില്‍ പഠിക്കേണ്ടി വന്നിട്ടുണ്ട്. പഠിക്കാന്‍ അത്രയും മോശമായിരുന്നു. ക്രിസ്ത്യന്‍ സ്‌കൂളില്‍ വച്ചാണ് ഷോണ്‍ തുഎയ് ജൂനിയറുമായി മൈക്ക് ചങ്ങാത്തത്തിലാകുന്നത്. ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടയിലാണ് ഷോണ്‍ ജൂനിയര്‍ മൈക്കിനെ ശ്രദ്ധിക്കുന്നത്. ശരീരത്തിന്റെ നിറം അവര്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കിയില്ല. മൈക്കിന് ഉച്ചയൂണിനുള്ള പണം നീട്ടിക്കൊണ്ടുള്ള ഷോണിന്റെ സൗഹൃദം അവര്‍ക്കിടയില്‍ പെട്ടെന്നായിരുന്നു വേര് പിടിച്ചത്. ആ വെളുത്ത വര്‍ഗക്കാരന്‍ പയ്യന്റെ പിതാവ് ഷോണ്‍ തുഎയ് സീനിയര്‍ ഒരു വലിയ ബിസിനസുകാരനായിരുന്നു, അമ്മ ലീ അന്ന പേരെടുത്ത ഇന്റീരിയര്‍ ഡിസൈനറും.

ഒരു മനുഷ്യന്റെ ഏറ്റവും നിര്‍ഭാഗ്യകരമായ ജീവിതാവസ്ഥയില്‍ വച്ചാണ് ഷോണ്‍-അന്ന ദമ്പതിമാര്‍ മൈക്കിനെ ശ്രദ്ധിക്കുന്നത്. മകള്‍ കോളിന്‍സിന്റെ വോളിബോള്‍ മത്സരം വീക്ഷിക്കാനെത്തിയ ഷോണും അന്നയും,അവിടെ സ്‌റ്റേഡിയത്തിലെ കസേരയില്‍ ആരോ മിച്ചം വച്ച ഭക്ഷണാവശിഷ്ടം കഴിക്കുന്ന മൈക്കിനെ കാണുന്നു. ‘താങ്ക്‌സ് ഗീവിങ് ഡേ’യുടെ തലേന്ന് വൈകുന്നേരം അന്നയുടെ മനസിനെ നൊമ്പരപ്പെടുത്തി വീണ്ടും അവള്‍ മൈക്കിനെ കാണുന്നു. ഒരു ചെറിയ ഷോര്‍ട്‌സും ടി-ഷര്‍ട്ടും മാത്രം ധരിച്ച റോഡിലൂടെ ഒറ്റയ്ക്ക് തണുത്ത് വിറച്ച് നടന്നുപോവുകയായിരുന്നു അവന്‍. സ്‌കൂള്‍ ജിംനേഷ്യത്തിന്റെ പുറത്ത് ആ തണുത്ത രാത്രി കഴിച്ചു കൂട്ടാനാണ് മൈക്കിന്റെ തീരുമാനമെന്ന് അറിഞ്ഞ അന്ന അവനെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്നു. പിറ്റേന്ന് രാവിലെ തന്നെ തുഎയ് ബംഗ്ലാവില്‍ നിന്നും സ്ഥലം വിടാന്‍ നിന്ന മൈക്കിനെ അന്ന നിര്‍ബന്ധിച്ച് താങ്ക്‌സ് ഗീവിങ് ദിവസം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ നിര്‍ത്തുന്നു.

മൈക്കിന്റെ കഥയറിഞ്ഞ അന്ന, അവനെയും കൂട്ടി അമ്മയെ കാണാന്‍ പോകുന്നു. പക്ഷേ, മൈക്കിന് കാണാന്‍ കഴിഞ്ഞത് ജപ്തി നോട്ടീസ് പതിപ്പിച്ച അടഞ്ഞ വീട് മാത്രമായിരുന്നു, അവന്റെ അമ്മ എങ്ങോ പോയിരുന്നു. തുടര്‍ന്ന് പതിയെ പതിയെ തുഎയ് കുടുംബത്തിലെ അംഗമായി മൈക്ക് മാറുകയായിരുന്നു. പെണ്‍മകളുടെ സുരക്ഷയെ കരുതാതെ മൈക്കിനെപ്പോലൊരുവനെ വീട്ടില്‍ താമസിപ്പിക്കുന്നതിനെ കുറ്റപ്പെടുത്തിയ തന്റെ സുഹൃത്തുക്കളെ അവഗണിക്കുകയായിരുന്നു അന്ന ചെയ്തത്. അവള്‍ അവന് അമ്മയായി മാറുകയായിരുന്നു.

മൈക്കിന്റെ യഥാര്‍ത്ഥ അമ്മയായ-ലഹരിക്കടിപ്പെട്ട ആ സ്ത്രീയില്‍ നിന്നും ഏഴാം വയസില്‍ മൈക്കിനെ, അവന്റെ സുരക്ഷയെക്കരുതി വേര്‍പെടുത്തിയതാണ്. അവന്റെ അമ്മയുടെ ഭൂതകാലത്തെക്കുറിച്ച് ആര്‍ക്കും ഒന്നും തന്നെ അറിയുകയുമില്ലായിരുന്നു.

സ്‌കൂള്‍ പഠനത്തില്‍ തീരെ മോശമായിരുന്ന മൈക്കിന് അന്ന പ്രചോദനമാകുന്നു. അതവനെ പഠനത്തില്‍ മാത്രമല്ല, കളിയിലും മികവുള്ളതാക്കുന്നു. ടീമില്‍ ചേരണമെങ്കില്‍ അക്കാദമിക് മികവ് പുലര്‍ത്തേണ്ടതും ആവശ്യമായിരുന്നു.

അന്ന ആഗ്രഹിച്ചതുപോലെ, മൈക്കിന്റെ അമ്മ ഡെന്നിസുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം കിട്ടുന്നു. മൈക്കിനെ നിയമപരമായി തനിക്ക് ദത്ത് എടുക്കാനുള്ള സമ്മതമായിരുന്നു ഡെന്നീസില്‍ നിന്നും അന്നയ്ക്ക് വേണ്ടിയിരുന്നത്. ആദ്യമൊന്നും ഡെന്നീസിന് അക്കാര്യം സമ്മതമല്ലായിരുന്നു. മകന് നല്ലത് വരുന്നതിന് ഒടുവില്‍ ആ അമ്മ സമ്മതം മൂളി.

പഠനത്തില്‍ മികവ് കാണിക്കാന്‍ സാധിച്ചതോടെ, മൈക്കിന്റെ മനസില്‍ ഒരാഗ്രഹം മുളപൊട്ടി. അവന് ‘ഓല്‍ മിസ്'( മിസിസിപ്പി സര്‍വകലാശാല) ചേരണം. എന്നാല്‍ അവിടെയ്ക്കുള്ള അഭിമുഖം പൂര്‍ത്തിയാക്കുന്നതിന് മുമ്പായി, പതിവ് പോലെ മൈക്ക് തന്റെ അമ്മയെ തേടി ഓടിപ്പോകുന്നു. സര്‍വകലാശാലയില്‍ മൈക്ക് പ്രവേശനം നേടുകയും തുഎയ് കുടുംബത്തോട് യാത്ര പറയുകയും ചെയ്യുന്നിടത്താണ് ദ ബ്ലൈന്‍സ് സൈഡ് അവസാനിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ കഥയ്ക്കുണ്ടായിരിക്കുന്ന ആന്റി ക്ലൈമാക്‌സില്‍- മൈക്കള്‍ ഒഎര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്, തുഎയ് ദമ്പതിമാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ്. പറഞ്ഞു പറ്റിച്ച് ഒപ്പിടീപ്പിച്ച് നിയമവിരുദ്ധമായാണ് തന്നെ ദത്തെടുത്തത് എന്നാണ് ഒഎര്‍ ആരോപിക്കുന്നത്.

തന്റെ 18-ാം ജന്മദിനത്തിന് മൂന്ന് മാസത്തിന് ശേഷം 2004 ഓഗസ്റ്റിലാണ് ഒഎര്‍ കണ്‍സര്‍വേറ്റര്‍ഷിപ്പ് പേപ്പറില്‍ ഒപ്പിട്ടതായി കോടതി രേഖകള്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ കണ്‍സര്‍വേറ്റര്‍ഷിപ്പ് നിലനില്‍ക്കുന്നതിന് അടിസ്ഥാനമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

തന്നെ നിയമപരമായാണ് തുഎയ് കുടുംബം ദത്ത് എടുത്തത് എന്നായിരുന്നു താന്‍ വിശ്വസിച്ചിരുന്നതെന്നും, അതങ്ങനെ ആയിരുന്നില്ലെന്നുമാണ് 37 കാരനായ മൈക്കിള്‍ പറയുന്നത്.

കണ്‍സര്‍വേറ്റര്‍ഷിപ്പ് നിയമ പ്രകാരം, ദത്തെടുക്കപ്പെട്ട വ്യക്തിക്ക് 18 വയസ് തികഞ്ഞാല്‍, ദത്തെടുത്ത കുടുംബത്തിന് ആ വ്യക്തിക്കുമേല്‍ നിയമപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം നഷ്ടപ്പെടും. എന്നാല്‍ തുഎയ് കുടുംബം മൈക്കള്‍ ഒഎറിന് പതിനെട്ട് വയസ് കഴിഞ്ഞിട്ടും അവന്റെ സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുനടന്നിരുന്നുവെന്നാണ് ആരോപണം.

മൈക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച 14 പേജ് ഹര്‍ജിയില്‍ പറയുന്നത്, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള തന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തുഎയ് കുടുംബം യാതൊരു നിയമനടപടിയും സ്വീകരിച്ചിരുന്നില്ലെന്നും എന്നാല്‍ തനിക്ക് 18 വയസ് തികഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ തന്റെ കണ്‍സര്‍വേറ്റര്‍-മാരാകാനുള്ള കടലാസ് പണികള്‍ നടത്തിയെന്നുമാണ്. 2004-ല്‍ ആണ് കണ്‍സര്‍വേറ്റര്‍ഷിപ്പ് ഫയല്‍ ചെയ്തതെന്നും പറയുന്നു. ഇത്തരം വഞ്ചനയിലൂടെ തുഎയ് ദമ്പതിമാര്‍ ലക്ഷ്യമിട്ടത് തന്റെ മേലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് അവര്‍ക്ക് നിയമപരമായ അധികാരം നേടിയെടുക്കാനാണെന്നാണ് മൈക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഹര്‍ജിയിലുള്ള മറ്റൊരാരോപണം, തുഎയ് ദമ്പതിമാര്‍ ദ ബ്ലൈന്‍ഡ് സൈഡിന്റെ പേരില്‍ 20വേ സെഞ്ച്വറി ഫോക്‌സുമായി ഒരു കരാറിന് സംസാരിച്ചുവെന്നാണ്. ആ കരാര്‍ തുഎയ് ദമ്പതിമാരെ, അവരുടെ രണ്ടു കുട്ടികള്‍ക്കും രണ്ടേകാല്‍ ലക്ഷം ഡോളര്‍ വീതം ലഭ്യമാകുന്ന തരത്തില്‍- സുരക്ഷിതരാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.കൂടാതെ മൊത്തം വരുമാനത്തിന്റെ 2.5 ശതമാനവും തങ്ങള്‍ക്ക് കിട്ടുന്ന തരത്തിലുള്ള നീക്കമാണ് തുഎയ് ദമ്പതിമാര്‍ നടത്തിയതെന്നും പറയുന്നു. 2007-ല്‍ താന്‍ ഒപ്പിട്ടെന്ന് പറയുന്നൊരു കരാര്‍ ഉണ്ടാക്കപ്പെടുകയും അതനുസരിച്ച് തന്റെ ജീവിത കഥയുടെ അവകാശം ഫോക്‌സിന് എഴുതി നല്‍കിയെന്നാണ് തുഎയ് കുടുംബം സമര്‍ത്ഥിക്കുന്നതെന്നും മൈക്കള്‍ പറയുന്നു. അങ്ങനെയൊരു കരാര്‍ ഒപ്പിട്ടതായി തനിക്ക് ഓര്‍മയില്ലെന്നും അയാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ കണ്‍സര്‍വേറ്റര്‍ഷിപ്പിലൂടെ തുഎയ് കുടുംബം പണം സമ്പാദിച്ചിട്ടുണ്ടെങ്കില്‍-പ്രധാനമായും ദ ബ്ലൈന്‍ഡ് സൈഡ്’ എന്ന സിനിമയ്ക്ക് കരാര്‍ ഏര്‍പ്പെട്ടതിലൂടെ കിട്ടിയ പണം- തനിക്ക് തിരിച്ച് തരണമെന്നും മൈക്കള്‍ ഒഎര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 300 മില്യണ്‍ ഡോളറാണ് സിനിമ മൊത്തത്തില്‍ നേടിയത്. അതേസമയം, തുഎയ് കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നത്, മൈക്കളിന് കിട്ടേണ്ട പണം മുഴുവന്‍ കിട്ടിയിട്ടുണ്ടെന്നാണ്. മൈക്കിള്‍ തന്റെ എട്ടുവര്‍ഷത്തെ എന്‍ എഫ് എല്‍ കരിയറില്‍ നിന്നും സമ്പാദിച്ച 34.5 മില്യണ്‍ ഡോളറിനെക്കാള്‍ അധികമുണ്ട് തുഎയ് കുടുംബത്തിന്റെ ആസ്തിയെന്നും അവരുടെ അഭിഭാഷകന്‍ പറയുന്നു. മൈക്കളിന്റെ പണം ഷോണിനോ അന്നയ്‌ക്കോ വേണ്ടതില്ലെന്നാണ് അഭിഭാഷകന്‍ അര്‍ത്ഥമാക്കുന്നത്. കൂട്ടത്തില്‍ അദ്ദേഹം പറയുന്നൊരു കാര്യം, ഇപ്പോള്‍ അവന്‍ കുറ്റം ആരോപിക്കുന്ന കണ്‍സര്‍വേറ്റര്‍ഷിപ്പ് മൈക്കിന് ‘ഓല്‍ മിസി’ല്‍ പ്രവേശനത്തിന് സഹായിച്ചിട്ടുണ്ടെന്നാണ്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ തര്‍ക്കത്തില്‍, മൈക്കിനെയും തുഎയ് ദമ്പതിമാരെയും അടുത്തറിയുന്ന പലര്‍ക്കും വിഷമമുണ്ട്. അതിലൊരാളാണ് ഹുഗ് ഫ്രീസ്. ഫ്രീസ് ഹൈസ്‌കൂള്‍ തലത്തിലും കോളേജ് തലത്തിലും മൈക്കിന്റെ പരിശീലകനായിരുന്നു. ‘ഞാന്‍ മൈക്കള്‍ ഒഎയ്‌റിനെയും അതുപോലെ തുഎയ് ദമ്പതിമാരെയും സ്‌നേഹിക്കുന്നു. ഇത് സങ്കടകരമായ കാര്യമാണ്. നടന്നത് നടന്നൂ, എങ്കിലും ഞാന്‍ രണ്ട് ഭാഗത്തുള്ളവരെയും സ്‌നേഹിക്കുന്നു’- ഇതായിരുന്നു ഫ്രീസിന്റെ പ്രതികരണം.

Related news


Share on

മറ്റുവാര്‍ത്തകള്‍