UPDATES

ഒരു ഇന്നോവയിലെ ഗോവ ടു ബെംഗളൂരു യാത്രയുടെ  ക്ലൈമാക്‌സും ആന്റി-ക്ലൈമാക്‌സും

സുചന സേത്ത് കേസില്‍ ടാക്‌സി ഡ്രൈവര്‍ക്ക് പറയാനുള്ളത്

                       

സോള്‍ ബന്യാന്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ നിന്നും വന്ന ആ ഫോണ്‍ കോള്‍ റോയ്‌ജോണ്‍ ഡിസൂസ എന്ന ടാക്‌സി ഡ്രൈവര്‍ക്ക് കിട്ടിയ വലിയൊരു ‘കോള്’ ആയിരുന്നു. ഗോവയില്‍ നിന്നും ബെംഗളൂരുവിലേക്ക് ഒരു ട്രിപ്പ്! 30,000 രൂപ ചാര്‍ജ്. പക്ഷേ, ആ യാത്രയുടെ അവസാനം ഇങ്ങനെയൊക്കെയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല ഡിസൂസ.

വടക്കന്‍ ഗോവയിലെ അന്‍ജുന സ്വദേശിയാണ് ഡിസൂസ. ജനുവരി ഏഴിന് രാത്രി 11 മണിയോടെയാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും ഫോണ്‍ വരുന്നത്. ‘അര്‍ജന്റ്’ കേസ് ആണെന്നാണ് പറഞ്ഞത്. 12.30 ഓടെ ഡിസൂസയുടെ ഇന്നോവ ഹോട്ടലിന് മുന്നിലെത്തി. ലോംഗ് ട്രിപ്പ് ആയതുകൊണ്ട് ഒരു സഹ ഡ്രൈവര്‍ കൂടി ഒപ്പമുണ്ടായിരുന്നു. 30,000 രൂപയില്‍ ടാക്‌സി ചാര്‍ജ് പറഞ്ഞൊറപ്പിച്ചു. പിന്നീട് നടന്ന കാര്യങ്ങള്‍ റോയ്‌ജോണ്‍ ഡിസൂസ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നുണ്ട്.

‘ ഞങ്ങള്‍ 12.30 ഓടെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. ഒറ്റയ്‌ക്കെ ഉള്ളൂവെന്നാണ് അവര്‍(സുചന സേത്ത്) പറഞ്ഞത്. എന്നോട് അവരുടെ ട്രോളി ബാഗ് കാറില്‍ കയറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ആ ബാഗിന് അസാധാരണ ഭാരം തോന്നി, പക്ഷേ, ഞാന്‍ വേറെയൊന്നും ചിന്തിക്കാന്‍ പോയില്ല’.

സുചനയെ പ്രകോപിപ്പിച്ചത് കുട്ടിയെ ഭര്‍ത്താവിനെ കാണിക്കണമെന്ന കോടതി ഉത്തരവ്?

12.30 കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ നില്‍ക്കുന്ന കണ്ടോലിമില്‍ നിന്നും കാര്‍ പുറപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ അവര്‍ ചോര്‍ള ഘട്ടില്‍ എത്തി. ഗോവ-കര്‍ണാടക ബോര്‍ഡര്‍ ആണ്. അവിടെയവര്‍ക്ക് വലിയൊരു തടസം നേരിടേണ്ടി വന്നു. ഒരു ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ഭയങ്കരമായ ട്രാഫിക് ജാം. ഉദ്ദേശം നാല് മണിക്കൂര്‍ ഇന്നോവ ട്രാഫിക്ക് കുരുക്കില്‍ കുടുങ്ങി.

‘നമ്മളിവിടെ കുറഞ്ഞത് നാലോ ആറോ മണിക്കൂറെങ്കിലും കിടക്കേണ്ടി വരും. വണ്ടികള്‍ ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങുന്നില്ല. ബെംഗളൂരുവില്‍ എത്തിയിട്ട് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍, അടുത്തുള്ള എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടാം. ഫ്‌ളൈറ്റില്‍ പോകുന്നതായിരിക്കും ബുദ്ധി’ ഡിസൂസ സുചനയെ ഉപദേശിച്ചു. ‘ എത്രസമയമെടുത്താലും കാറില്‍ തന്നെ പോയാല്‍ മതിയെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. എനിക്കതത്ര സാധാരണമായി തോന്നിയില്ല, പിന്നെയാലോചിച്ചപ്പോള്‍ എനിക്ക് കാശ് കിട്ടുന്ന കാര്യമല്ലേയെന്നോര്‍ത്ത് ഞാനത് കാര്യമാക്കിയുമില്ലെന്നാണ് ഡിസൂസ പറയുന്നത്.

എന്നോട് വെളം കുടിക്കണോ എന്നു ചോദിച്ചത് ഒഴിച്ചാല്‍ ആ യാത്രയിലുടനീളം സുചന തീര്‍ത്തും നിശബ്ദയായിരുന്നുവെന്നാണ് ഡിസൂസ പറയുന്നത്. അടുത്ത കുറച്ചു മണിക്കൂറുകള്‍ ഡിസൂസ നിര്‍ത്താതെ വണ്ടിയോടിച്ചു കൊണ്ടേയിരുന്നു. അതിനിടയിലാണ് കലന്‍ഗ്യൂട്ട് സ്‌റ്റേഷനില്‍ നിന്നും ഇന്‍സ്‌പെക്ടറുടെ ഫോണ്‍ വരുന്നത്. അപ്പോള്‍ സമയം രാവിലെ 11 മണി.

‘ യാത്രക്കാരായി ഒരാള്‍ മാത്രമെയുള്ളോ, അതോ ഒരു കുട്ടിയും കൂടെയുണ്ടോ എന്നായിരുന്നു പൊലീസ് ചോദിച്ചത്. കൊങ്കണിയിലായിരുന്നു ഇന്‍സ്‌പെക്ടറുടെ സംസാരം. ഞങ്ങള്‍ പറയുന്നത്, അവര്‍ക്ക് മനസിലാകരുതെന്ന് പൊലീസ് ഉദ്ദേശിക്കുന്നതായി എനിക്ക് പിടികിട്ടി. ‘ ഒറ്റയ്ക്കാണ്’ എന്ന് മറുപടി പറഞ്ഞപ്പോഴാണ് ഹോട്ടല്‍ മുറിയില്‍ നിന്നും രക്ത തുള്ളികള്‍ കണ്ടെത്തിയതും അവളുടെ മേല്‍ ചില സംശയങ്ങളുണ്ടെന്ന കാര്യവുമൊക്കെ പൊലീസ് പറയുന്നത്. പിന്നീട് ഞാന്‍ പൊലീസ് പറഞ്ഞതനുസരിച്ച് ഫോണ്‍ അവര്‍ക്ക് കൊടുത്തു. പൊലീസ് ആണെന്നു പറഞ്ഞില്ല, ഒരാള്‍ക്ക് സംസാരിക്കണമെന്നു മാത്രമാണ് പറഞ്ഞത്. അപ്പുറത്ത് നിന്നും കുറച്ചു നേരം സംസാരിക്കുന്നത് കേട്ടശേഷം അവരൊരു വിലാസം പറഞ്ഞു കൊടുക്കുന്നത് കേട്ടു. അതിനപ്പുറത്തേക്ക് അവര്‍ കൂടുതലായൊന്നും പ്രതികരിച്ച് കേട്ടിട്ടില്ല, അവര്‍ക്കെന്തെങ്കിലും പേടിയുള്ളതായും തോന്നിയില്ല”.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡിസൂസയ്ക്ക് വീണ്ടും പൊലീസിന്റെ വിളിയെത്തി. ആ സമയം കൊണ്ട് സുചന പറഞ്ഞ വിലാസവും കുട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും കള്ളമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

‘എത്രയും വേഗം അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തണം” എന്നായിരുന്നു രണ്ടാമതെ വിളിച്ചപ്പോള്‍ ഗോവന്‍ പൊലീസിന് ആദ്യം പറയാനുണ്ടായിരുന്നത്.

‘ സംശയിച്ചതുപോലെയാണ് കാര്യങ്ങളെന്നാണ് പൊലീസ് പറഞ്ഞത്. ഞങ്ങളപ്പോള്‍ എക്‌സ്പ്രസ് വേയില്‍ കയറിയിരുന്നു. ചെറിയ ഗ്രാമങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. റോഡരികില്‍ വച്ചിരിക്കുന്ന ദിശ ബോര്‍ഡുകള്‍ എല്ലാം തന്നെ കന്നഡയിലാണ്. എനിക്കൊന്നും മനസിലാകുന്നില്ലായിരുന്നു.

ഈ സമയം വണ്ടിയോടിക്കുന്നത് എന്റെ സഹായിയായിരുന്നു. ഞാന്‍ രഹസ്യമായി ഗൂഗിളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ സേര്‍ച്ച് ചെയ്തു. അവിടെ കാണിച്ചത് ഏറ്റവും അടുത്ത സ്‌റ്റേഷന്‍ 150 കിലോമീറ്റര്‍ ദൂരെയുള്ള ഒന്നാണെന്നായിരുന്നു. അത്രയും ദൂരം പോകുന്നത് ബുദ്ധിയല്ലെന്നു മനസിലായി. ഞാന്‍ സഹായിയോട് എനിക്ക് ശുചി മുറിയില്‍ പോകേണ്ട കാര്യമുണ്ടെന്നും വണ്ടി അടുത്ത് കാണുന്ന ഏതെങ്കിലും റസ്‌റ്റൊറന്റില്‍ നിര്‍ത്താനും പറഞ്ഞു.

റോഡരികില്‍ തന്നെ ഞങ്ങളൊരു റെസ്‌റ്റൊറന്റ് കണ്ടു. അവിടെ ചെന്ന് സെക്യൂരിറ്റിയോട് ഞാന്‍ ഇവിടെ അടുത്ത് പൊലീസ് സ്റ്റേഷനുണ്ടോയെന്ന് ചോദിച്ചു. അയാളാണ് അര കിലോമീറ്ററിന് അപ്പുറത്താണ് അയ്മംഗള സ്റ്റേഷനുണ്ടെന്ന് പറഞ്ഞത്. പൊലീസ് എയ്ഡ് പോസ്റ്റാണോ അതോ സാധാരണ സ്‌റ്റേഷനാണോ എന്നെനിക്ക് ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. ഞാന്‍ വിവരം ഗോവന്‍ പൊലീസിനോട് പറഞ്ഞു. സ്റ്റേഷനിലേക്ക് പോവുകയാണെന്നും നിങ്ങള്‍ ലൈനില്‍ തന്നെ നില്‍ക്കണമെന്നും പറഞ്ഞു.

പിന്നെ ഞങ്ങള്‍ ഹൈവേയില്‍ നിന്നിറങ്ങി ഒരു സര്‍വീസ് റോഡിലേക്ക് കയറി. ആ റോഡ് പൊലീസ് സ്റ്റേഷനിലേക്കുള്ളതായിരുന്നു.

സ്റ്റേഷന് മുമ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ സുചനയ്ക്ക് സംശയം തോന്നി. എന്തിനാണിവിടെ നിര്‍ത്തിയതെന്ന് അവര്‍ ഡിസൂസയോട് ചോദിച്ചു. എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞ് അയാള്‍ ഫോണുമായി അയ്മംഗള സ്‌റ്റേഷന്‍ ഓഫിസറുടെ അടുത്ത് ചെന്ന് ഫോണ്‍ കൈമാറി. പിന്നീടുള്ള പത്തു മിനിട്ടോളം ഗോവന്‍ പൊലീസും കര്‍ണാടക പൊലീസും തമ്മില്‍ കാര്യങ്ങള്‍ സംസാരിച്ചു. പിന്നാലെ പൊലീസുകാര്‍ കാറിനടത്തേക്ക്. സുചനയുടെ ട്രോളി ബാഗ് തുറന്നു പരിശോധിക്കുന്നു. അതില്‍ നിന്നും നാല് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു.

‘ എന്താണ് അവിടെ അപ്പോള്‍ നടന്നതെന്ന് എനിക്ക് മനസിലായില്ല. പൊലീസ് പറഞ്ഞതു പ്രകാരമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്തത്’. ഇങ്ങനെയൊരു ക്ലൈമാക്‌സ് ആണ് അതിനുള്ളതെന്ന് അറിയാതെ അപ്രതീക്ഷീതമായ ട്വിസ്റ്റില്‍ ഞെട്ടിപ്പോവുകയായിരുന്നു ഡിസൂസ. പൊലീസ് ബാഗ് പരിശോധിക്കുന്ന സമയത്തൊന്നും അവരുടെ മുഖത്ത് യാതൊരു വികാരങ്ങളും ഉണ്ടായിരുന്നില്ലെന്നും ഡിസൂസ അത്ഭുതത്തോടെ പറയുന്നുണ്ട്.

‘ ഇങ്ങനെയൊക്കെ നടക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചതുപോലുമില്ല. ഒരു ലേറ്റ് നൈറ്റ് ഡ്രൈവ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍’

ഇനിയിതിനൊരു ആന്റി-ക്ലൈമാക്‌സ് ഉണ്ട്; ആ പറഞ്ഞുറപ്പിച്ച 30,000 ഇതുവരെ ഡിസൂസയ്ക്ക് കിട്ടിയിട്ടില്ല…

എന്ന് കിട്ടുമെന്നോ, എന്നെങ്കിലും കിട്ടുമോയെന്നോ അറിയുകയുമില്ല!

Share on

മറ്റുവാര്‍ത്തകള്‍