ഐപിഎല്‍ 2024 സീസണിലെ ഏറ്റവും ത്രില്ലിംഗ് ആയ മത്സരം. കൊല്‍ക്കത്തയുടെ റണ്‍മല ഒറ്റയാള്‍ പോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞ ജോസ് ബട്‌ലര്‍. തോല്‍ക്കുമെന്ന് കരുതിയവരെ ഞെട്ടിച്ച് രാജസ്ഥന്‍ റോയല്‍സ് പോയിന്റ് ടേബിളിന്റെ തലപ്പത്ത് ഒന്നുകൂടി തലയുയര്‍ത്തി ഇരിക്കുന്നു. ഒപ്പം ചില റെക്കോര്‍ഡുകളും സഞ്ജുവിന്റെ റോയല്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
സുനില്‍ നരെയ്‌ന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നോട്ടുവച്ച് 224 എന്ന വിജയലക്ഷ്യം കൊല്‍ക്കൊത്ത ഈഡന്‍ ഗാര്‍ഡനില്‍ ഭേദിച്ചപ്പോള്‍, രാജസ്ഥാന്‍ റേണ്‍ ചേസില്‍ അവരുടെ തന്നെ റെക്കോര്‍ഡിന് ഒപ്പമെത്തുകയായിരുന്നു. 2020ല്‍ ഷാര്‍ജയില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ(അന്ന് കിംഗ്‌സ് XI പഞ്ചാബ്)തകര്‍ത്തതും 224 റണ്‍സ് നേടിയായിരുന്നു.
15 മത്തെ ഓവര്‍ എറിയാന്‍ തുടങ്ങുമ്പോള്‍ രാജസ്ഥാന് വേണ്ടിയിരുന്നത് 96 റണ്‍സ് ആയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ അവസാന ആറ് ഓവറില്‍ ഏറ്റവും വലിയ റണ്‍ ചേസ് നടത്തി വിജയം നേടുന്ന ടീമായിരിക്കുകയാണ് റോയല്‍സ്. അവരുടെ തന്നെ റെക്കോര്‍ഡാണ് തകര്‍ത്തതും. 2020 ലെ പഞ്ചാബുമായുള്ള പോരാട്ടത്തില്‍ അവസാന ആറ് ഓവറില്‍ വേണ്ടിയിരുന്നത് 92 റണ്‍സായിരുന്നു. അന്നും വിജയലക്ഷ്യം 224.
ജോസ് ബട്‌ലറുടെ ഈ സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് കൊല്‍ക്കത്തയ്‌ക്കെതിരേ സ്വന്തമാക്കിയത്. പുറത്താകാതെ 107. ഇതോടെ ബട്‌ലറുടെ ഐപിഎല്‍ സെഞ്ച്വറികള്‍ ഏഴായി. ഐപിഎല്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ വിരാട് കോഹ്‌ലിക്ക്(എട്ട്) പിന്നില്‍ രണ്ടാമതും എത്തി.
അവസാന ആറ് ഓവറില്‍ 240.74 ആയിരുന്നു ബട്‌ലറുടെ ബാറ്റിംഗ് സ്‌ട്രൈക് റേറ്റ്. 27 ബോളില്‍ നിന്നും അടിച്ചൂ കൂട്ടിയത് 65 റണ്‍സ്. ആറ് ഫോറും അഞ്ചു സിക്‌സുമാണ് പറത്തിയത്. അതേസമയം ഏഴാം ഓവറിനും 14മത്തെ ഓവറിനും ഇടയില്‍ ബട്‌ലര്‍ ആകെ നേടിയത് 21 പന്തില്‍ വെറും 22 റണ്‍സായിരുന്നു. ആകെ അടിച്ചത് ഒരു ഫോറും.
റണ്‍ ചേസ് ചെയ്യുമ്പോള്‍ ഐപിഎല്ലില്‍ ബട്‌ലറുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഈ നേട്ടം ബട്‌ലര്‍ക്കു മാത്രം സ്വന്തം. വിരാട് കോഹ്‌ലി, ബെന്‍ സ്‌റ്റോക്ക് എന്നിവരാണ് ബട്‌ലര്‍ക്ക് പിന്നിലുള്ളത്.
ഇംഗ്ലണ്ട് താരങ്ങളുടെ ട്വന്റി-20 സെഞ്ച്വറികളില്‍ ബട്‌ലര്‍ ആണ് ഇനി ഒന്നാമത്. ലൂക് റൈറ്റിന്റെ(ഏഴ് സെഞ്ച്വറികള്‍) സ്ഥാനമാണ് ബട്‌ലര്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലാണ് ബട്‌ലറുടെ എട്ട് സെഞ്ച്വറികളും പിറന്നത്. സെഞ്ച്വറികളുടെ കാര്യത്തില്‍ ബട്‌ലറുടെ മുന്നിലുള്ളത് മൂന്നു ബാറ്റര്‍മാര്‍ മാത്രമാണ്. ക്രിസ് ഗെയ്ല്‍(22), ബാബര്‍ അസം(11), വിരാട് കോഹ്‌ലി(9).
14.1 ഓവറില്‍ രാജസ്ഥന്റെ അവസ്ഥ 128 ന് ആറ് എന്നതായിരുന്നു. അവരുടെ വിജയശതമാനം പ്രവചിച്ചിരുന്നത് 0.32 ഉം!
ആറ് വിക്കറ്റുകള്‍ വീണശേഷം 100 ല്‍ അധികം റണ്‍സ് നേടി വിജയം സ്വന്തമാക്കുന്ന ആദ്യ ഐപിഎല്‍ ടീമും ഇനി രാജസ്ഥാന്‍ റോയല്‍സ് ആണ്. 2016 ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ആര്‍സിബി നേടിയ 91 റണ്‍സായിരുന്നു ഇക്കാര്യത്തില്‍ ഇതുവരെയുള്ള റെക്കോര്‍ഡ്.
ഐപിഎല്ലില്‍ അഞ്ചു വിക്കറ്റുകളും സെഞ്ച്വറിയും സ്വന്തമാക്കിയ ഒരേയൊരു കളിക്കാരനായി മാറിയിരിക്കുകയാണ് കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍. ചൊവ്വാഴ്ച്ച രാജസ്ഥാനുമായുള്ള മത്സരത്തില്‍, ഈഡന്‍ ഗാര്‍ഡനില്‍ തന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറി(109) നരെയ്ന്‍ സ്വന്തമാക്കിയത്. 2012 ലെ സീസണിലായിരുന്നു നരെയ്‌ന്റെ അഞ്ചു വിക്കറ്റ് നേട്ടം. പഞ്ചാബിനെതിരേ 19 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍.
ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ സെഞ്ച്വറിയും ഒന്നില്‍ കൂടുതല്‍ വിക്കറ്റുകളും സ്വന്തമാക്കുന്ന കളിക്കാരുടെ കൂട്ടത്തിലും നരെയ്ന്‍ സ്ഥാനം പിടിച്ചു. രാജസ്ഥാനെതിരേ 109 റണ്‍സ് നേടിയതിനു പിന്നാലെ ബൗളിംഗിന് ഇറങ്ങിയപ്പോള്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. മറ്റൊരു വീന്‍ഡീസ് താരമായ ക്രിസ് ഗെയ്ല്‍ ഈ നേട്ടം രണ്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്. 2011 ല്‍ പഞ്ചാബിനെതിരേയും 2013 ല്‍ പൂനെയ്‌ക്കെതിരേയും. 2015 ല്‍ ഷെയ്ന്‍ വാട്‌സണ്‍ കെകെആറിനെതിരേയും ഇതേ നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്.
ഈഡന്‍ ഗാര്‍ഡനില്‍ സെഞ്ച്വറി നേടുന്ന കൊല്‍ക്കത്തയുടെ ഏക കളിക്കാരന്‍ ഇപ്പോള്‍ സുനില്‍ നരെയെന്‍ ആണ്. എന്നാല്‍, കെകെആറിന് വേണ്ടി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് നരെയ്ന്‍. ബ്രണ്ടന്‍ മക്കലം( ആര്‍സിബിക്കെതിരേ 158 നോട്ട് ഔട്ട്-2008), വെങ്കിടേഷ് അയ്യര്‍(മുംബൈക്കെതിരേ 104, 2023) എന്നിവരാണ് നരെയ്‌ന്റെ മുന്‍ഗാമികള്‍. ഇവരുടെ സെഞ്ച്വറികള്‍ കൊല്‍ക്കത്തയ്ക്കു വെളിയിലായിരുന്നു.