December 09, 2024 |

ദേശീയ ശ്രദ്ധ നേടിയ തിരുവനന്തപുരം

മണ്ഡല പര്യടനം

തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ ഇക്കുറി നടക്കുന്നത് ത്രികോണം മത്സരമാണ് എന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല. എന്നാല്‍ കേരളം മുഴുവന്‍ ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് ആര്‍ക്കും അവകാശം അവകാശപ്പെടുവാന്‍ സാധിക്കില്ല. തിരുവനന്തപുരത്ത് മത്സരിക്കുന്ന മൂന്നുപേരും പ്രശസ്തരാണ് എന്നുള്ളത് എടുത്തു പറയണം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന്റെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നുള്ളത് ഇവിടെ പ്രത്യേകം രേഖപ്പെടുത്തേണ്ടതുമുണ്ട്. 2021 നിയമസഭ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് പ്രതീക്ഷകളുണര്‍ത്തുന്ന കണക്കുകളാണ് നല്‍കുന്നത്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം, പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ എല്‍ഡിഎഫിനോടൊപ്പം നിന്നപ്പോള്‍ കോവളം മാത്രമാണ് യുഡിഎഫിന്റെ ഭാഗമായത്. ഒരിടത്തുപോലും ജയിച്ചില്ലെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വിജയിച്ചു. രണ്ടാം സ്ഥാനം നേടിയ കുമ്മനം രാജശേഖരന്‍ നേമം മണ്ഡലത്തില്‍ മാത്രമാണ് മുന്നിട്ടുനിന്നത് എന്ന് കാണാം. വെറും പതിനൊന്നു വോട്ടിന്റെ വ്യത്യാസത്തിലാണ് ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ എത്തിക്കുവാന്‍ ശശി തരൂരിന് സാധിക്കാതെ പോയത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനോട് എതിരിട്ട ഒ. രാജഗോപാല്‍ പരാജയപ്പെട്ടത് പതിനഞ്ചായിരത്തി നാനൂറ്റി എഴുപത് വോട്ടുകള്‍ക്കാണ്.

ശക്തമായ പ്രചാരണം ഉണ്ടെങ്കില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് ജയിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. വിശ്വപൗരന്‍ എന്ന വിശേഷണമുള്ള ശശി തരൂരിനെ പരാജയപ്പെടുത്തുക എന്നുള്ള ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു തന്നെയാണ് കേന്ദ്രമന്ത്രിയും ടെക്‌നോളജി രംഗത്ത് ഒട്ടേറെ സംഭാവനകള്‍ ചെയ്ത രാജീവ് ചന്ദ്രശേഖറെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറായത്.

യുഡിഎഫിലും എന്‍ഡിഎയിലും ലോക ശ്രദ്ധ നേടിയ വ്യക്തിത്വങ്ങളാണ് മത്സരിക്കുന്നത്. ഇരുവരുടെയും വ്യക്തിപ്രഭാവം യുഡിഎഫിനും എന്‍ഡിഎയ്ക്കും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ജനകീയതയില്‍ വിജയിച്ച പന്ന്യന്‍ രവീന്ദ്രനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. 2005-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അന്ന് വിജയിച്ച പന്ന്യന്‍ രവീന്ദ്രനെ സ്വീകരിച്ചത് കോണ്‍ഗ്രസ് വിട്ട കെ കരുണാകരനാണ് എന്നുള്ളത് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാത്ത ഒരു ചിത്രമാണ്.

1971 ല്‍ നെഹ്‌റുവിന്റെ വിശ്വസ്തനായിരുന്ന വി കെ കൃഷ്ണമേനോന്‍ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. അന്ന് മുതല്‍ തിരുവനന്തപുരം ദേശീയ ശ്രദ്ധയേറിയ ഒരു മണ്ഡലം തന്നെയാണ്.

×