ബിജെപിയുടെ അജണ്ടയില്‍ വീണുപോവുകയല്ല വേണ്ടത്
ഈസ്റ്റര്‍ ഞായറിന് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഡല്‍ഹിയിലെ രാംലീല മൈതാനില്‍ നടത്തിയ ഐക്യസമ്മേളനത്തില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യ സഖ്യത്തിലെ അവിഭാജ്യ ഘടകവും ബി.ജെ.പി/ഹിന്ദുത്വ/ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ദേശീയ മുഖങ്ങളില്‍ പ്രധാനിയുമായ സി.പി.ഐ നേതാവ് ആനി രാജക്കെതിരെയാണ് രാഹുല്‍ ഗാന്ധി ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നതാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട കൗതുകം.
ബി.ജെ.പിയെ നേരിട്ട് എതിര്‍ക്കാനുള്ള ധൈര്യം കോണ്‍ഗ്രസിന്റെ താരപ്രചാരകനും പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കില്ല എന്നത് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ പ്രചാരണമാണ്. ബി.ജെ.പിയുടെ പ്രചാരണം എന്നതിനപ്പുറം ആ പ്രചാരണത്തിന് എത്രത്തോളം സാംഗത്യമുണ്ട് എന്നുള്ളതാണ് പ്രധാന ചോദ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ച വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും ബി.ജെ.പിയെ നേരിട്ട് നേരിടാതെ ഇന്ത്യ സഖ്യത്തിലെ പ്രമുഖ സഹായാത്രികരിലൊരാളെ തോല്‍പ്പിച്ച് ലോക്‌സഭയിലെത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് മുന്നണിയുടെ നേതാവ് എന്ന നിലയില്‍ എത്രത്തോളം മാതൃകാപരമാണ് എന്നുള്ളത് ഒരു പ്രധാന ചോദ്യമാണ്. അപ്പോള്‍ മറ്റൊരു ചോദ്യം കൂടി ഉയരും- കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഏതെങ്കിലും പദ്ധതികളും പരിപാടികളുമുണ്ടോ?
കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന പൊതുയോഗത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചത് മൂന്നാം ബി.ജെ.പി സര്‍ക്കാരിന്റെ നയപരിപാടികളും പദ്ധതികളുമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് എന്നാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിന പദ്ധതികള്‍ ഏതാണ്ട് തയ്യാറായി കഴിഞ്ഞുവെന്ന് പല ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും സൂചനകളും നല്‍കുന്നുണ്ട്. അഥവ ബി.ജെ.പി വിജയം ഉറപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് അവര്‍ പുറത്തിറക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയിലെ വാചോടോപങ്ങള്‍ക്കപ്പുറത്ത് ഹിന്ദുത്വയുടെ, ന്യൂനപക്ഷ വിരുദ്ധതയുടെ, ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിവേരുകളിളക്കാന്‍ പദ്ധതികളുണ്ടോ? അതോ സുരക്ഷിത മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ജയിച്ച് എം.പിമാരാകണം എന്നത് മാത്രമേ ഉള്ളോ?
‘ദില്ലി കേ ലിയേ ഏക് ഹി രാസ്താ ഹേ, വോ ലഖ്നൗ സേ ഹേ’ എന്ന് ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ചത് മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക അധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയി ആണ്. വൈകിയാണെങ്കിലും ബി.ജെ.പി ആ ഉപദേശം ഉള്‍ക്കൊണ്ടു. ഉത്തര്‍പ്രദേശ് അവരുടെ മുഖ്യ പരിഗണനയായി മാറി. കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശിനെ പരിഗണനയാക്കി മാറ്റേണ്ട കാര്യം പോലുമില്ലായിരുന്നു. ജന്മം കൊണ്ട് കശ്മീരിയാണെങ്കിലും കര്‍മ്മം കൊണ്ട് യു.പിക്കാരനായിരുന്നു പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആ വഴി തുടര്‍ന്നു. രാഹുല്‍ ഗാന്ധിയും ആദ്യം മത്സരിച്ചത് തലമുറ തലമുറ നെഹ്‌റു കുടുംബം കൈവശം വച്ചനുഭവിച്ച് പോന്ന അമേത്തി മണ്ഡലം തന്നെ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി തോറ്റതിന് ശേഷം ഉത്തര്‍പ്രദേശില്‍ നെഹ്‌റു/ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാളും മത്സരിക്കുന്നില്ല എന്നത് എത്രമാത്രം വലിയ ഒളിച്ചോട്ടമായിരിക്കും? അത് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തെ എത്രത്തോളം ബാധിക്കും?
രാജ്യസഭയിലെ ഒരു സീറ്റിന് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ എം.പിയായ കെ.സി വേണുഗോപാല്‍ കേരളത്തിലെ ആലപ്പുഴയില്‍ നിന്ന് ജയിച്ചാല്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ മറ്റൊരാളെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകില്ല, കാരണം രാജസ്ഥാനിലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള മാറിയ അനുപാതത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജയിക്കൂ. കെ.സി.വേണുഗോപാല്‍ ഇന്ത്യ സഖ്യത്തിലെ വലിയ നേതാവും കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്കുമൊപ്പം പ്രസക്തനായ സംഘടന ജനറല്‍ സെക്രട്ടറിയുമാണ് എന്നുള്ളതാണ് പ്രധാനം.
കോണ്‍ഗ്രസിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചും കെജ്രിവാളിനെയും ഹേമന്ത് സോറനേയും ജയിലില്‍ അടച്ചും ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ബി.ജെ.പിയെ മുന്‍ നിന്ന് എതിര്‍ക്കാനായി ഒരു നേതൃത്വമില്ല എന്ന പ്രതിസന്ധിയുണ്ട്. മോദിക്ക് ബദലായോ, പ്രതിപക്ഷത്തിന്റെ മുഖമായോ ഒരാളെ അവതരിപ്പിക്കുന്നതിനുള്ള പ്രതിസന്ധി അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കൂടിക്കാഴ്ചയില്‍ ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് മുന കൂര്‍പ്പിക്കുവാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേ പോലെ കോണ്‍ഗ്രസിന് ആകുന്നില്ല.
ഈസ്റ്റര്‍ ദിന ഇന്ത്യ ഐക്യ സമ്മേളനത്തില്‍ സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ചര്‍ച്ചയിലൂന്നിയത് ഫെഡറിലസം എന്ന ആശയത്തെ കുറിച്ചായിരുന്നു. രാജ്യം നിലനില്‍ക്കണമെങ്കില്‍ ഫെഡറലിസം നിലനില്‍ക്കണമെന്ന് മുന്‍ ജേര്‍ണലിസ്റ്റ് കൂടിയായ സാഗരിക ഘോഷ് ചൂണ്ടിക്കാണിച്ചു. ബംഗാളിലെ പോലെ തന്നെ പല പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്നവര്‍ പറഞ്ഞത് ‘ഇന്ത്യ’ സഖ്യത്തിന്റെ പൊതുരാഷ്ട്രീയത്തെ ചേര്‍ത്ത് പിടിക്കല്‍ കൂടിയായിരുന്നു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവും ഇതേ രാഷ്ട്രീയത്തിലായിരുന്നു ഊന്നിയത്. ജെ.ഡി.യുവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് ബിഹാര്‍ ഭരിക്കുമ്പോഴാണ് 17 മാസം കൊണ്ട് അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചത് എന്ന് തേജസ്വി പറഞ്ഞു. ബി.ജെ.പിക്കൊപ്പം ജെ.ഡി.യു ചേര്‍ന്നതോടെ അവിടെ ഭരണം നിലച്ചുവെന്നും. ദേശീയ തലത്തിലെ തൊഴിലില്ലായ്മയുമായി ബിഹാറിലെ ബദല്‍ ഭരണത്തിലെ നേട്ടത്തെ ബുദ്ധിപൂര്‍വ്വമായിരുന്നു തേജസ്വി വിളക്കി ചേര്‍ത്തത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാകട്ടെ പിന്നാക്ക – ദളിത് -ന്യൂനപക്ഷ സഖ്യമെന്ന കന്‍ഷിറാമിന്റെ പഴയ ആശയത്തെ പി.ഡി.എ (പിച്ചഡാ, ദളിത്, അല്‍പസംഖ്യക്) എന്ന പുതിയ മുദ്രവാക്യമായി അവതരിപ്പിച്ചു. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികള്‍ ബദല്‍ നയങ്ങളും പരിപാടികളുമായി ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ തേടുകയായിരുന്നുവെന്ന് ചുരുക്കം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായ് സോറണും അവരുടെ പാര്‍ട്ടി നേതാക്കളെ ബി.ജെ.പി ജയിലിട്ടിരിക്കുന്നത് ജനാധിപത്യത്തെയേും ഭരണത്തേയും ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതിന്റേയും തെളിവായും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ഭീരുത്വം നിറഞ്ഞ ശ്രമവും ആയിട്ടാണ് ചിത്രീകരിച്ചത്.
ഒരുമയുടെ ഈ നിലപാട് കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണത്തിലുണ്ടായി എങ്കിലും പഞ്ചാബില്‍ ഒരുമിച്ച് മത്സരിക്കാന്‍ പറ്റാത്തതിന്റെ പ്രതിസന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്ക് വച്ചത് വലിയ വാര്‍ത്തയായി. ‘നമുക്ക് ഒരുമിച്ച് മുന്നേറണം. നമ്മളൊരുമിച്ച് പോരാടിയാല്‍ മാത്രമേ നമ്മളൊരുമിച്ച് ലക്ഷ്യത്തിലെത്തുകയുള്ളൂ എന്ന് പഞ്ചാബ് മുഖ്യമന്ത്രിക്ക് മനസിലാകുമെന്ന് ഞാന്‍ കരുതുന്നു. അല്ലെങ്കില്‍ പരസ്പരം അടിച്ചമര്‍ത്തി, നമുക്കിരു കൂട്ടര്‍ക്കും മുന്നോട്ട് പോകാന്‍ പറ്റാതെ വരും. ഒരുമിച്ച് മുന്നേറുക, മറ്റുള്ളവരെ തകര്‍ക്കാതിരിക്കുക, അതായിരിക്കണം നമ്മുടെ നയം’- മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ സഖ്യകക്ഷിയായ ആംആദ്മി പാര്‍ട്ടിയോടുള്ള ഈ ആഹ്വാനം ‘ഇന്ത്യ’ മുന്നണിയിലെ വിള്ളലുകള്‍ പരസ്യമായി അംഗീകരിക്കലായിരുന്നു.
അതേസമയം പ്രിയങ്ക ഗാന്ധി ബി.ജെ.പിയുടെ അജണ്ടയിലേയ്ക്ക് വീണ്ടും വീണുപോവുക തന്നെയാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയെന്ന സൂചന തന്നെയാണ് നല്‍കിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും ബി.ജെ.പിയുടെ ഹിന്ദുത്വ പ്രക്ഷോഭങ്ങളുടേയും ബഹളത്തിന് ഒപ്പം നില്‍ക്കാന്‍ സ്വയം ഹിന്ദുത്വയുടെ വേഷങ്ങളണിയുകയും രാമനെ കുറിച്ച് സംസാരിക്കുകയും ചെയ്യുക എന്ന കുടുക്കിലാണ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വീണുപോയത്. കൂടുതല്‍ വലിയ രാമഭക്തരോ ഹിന്ദു വിശ്വാസികളോ ആയി സ്വയം പ്രതിഷ്ഠിക്കുക എന്ന ശ്രമത്തില്‍ മുഴുകുപോകുന്നതിനിടയില്‍ തൊഴിലില്ലായ്മയും അഴിമതിയും പെട്രോളിയം വിലവര്‍ദ്ധനയും ആഭ്യന്തര സംഘര്‍ഷങ്ങളും സാമ്പത്തിക നയങ്ങളും വിറ്റഴിക്കലും മുതല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനെതിരായ മുദ്രവാക്യങ്ങള്‍ സ്വയം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് മറന്ന് പോകുന്നുവെന്നതിന്റെ സൂചന തന്നെയായിരുന്നു പ്രിയങ്കയുടെ പ്രസംഗം.
രാംലീല മൈതാനത്ത് മുത്തശി ഇന്ദിര ഗാന്ധിക്കൊപ്പം ദസറ ഉത്സവത്തിന് ചെറിയ കുട്ടിയായിരുന്ന കാലഘട്ടത്തില്‍ വന്നതിന്റെ ഓര്‍മ പങ്ക് വച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി ‘ഇന്നധികാരത്തിലുള്ളവര്‍ സ്വയം രാമഭക്തര്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ കര്‍മ്മകാണ്ഡത്തില്‍ പെട്ടുഴറന്ന അവര്‍ ചില ഭക്തരാണെന്ന് നടിക്കുക മാത്രമാണ് ചെയ്യുന്നത്’ എന്ന് ചൂണ്ടിക്കാണിച്ചു. ”സത്യത്തിന് വേണ്ടി പോരാടുമ്പോള്‍ രാമന് അധികാരമോ, വിഭവങ്ങളോ രഥമോ ഇല്ലായിരുന്നുവെന്ന് മറന്ന് പോകരുത്. ‘സുവര്‍ണ ലങ്ക’യില്‍ ജീവിച്ചിരുന്ന രാവണനാണ് രഥങ്ങളും വിഭാഗങ്ങളും സൈന്യവുമെല്ലാം ഉണ്ടായിരുന്നത്. രാമഭഗവാന് സത്യവും പ്രതീക്ഷയും വിശ്വാസവും സ്നേഹവും വിനയവും ക്ഷമയും ധൈര്യമാണുണ്ടായിരുന്നത്.”- പ്രിയങ്ക പറഞ്ഞു. രാമന്റെ ജീവിതത്തിന്റെ സന്ദേശം തന്നെ ‘അധികാരം സുസ്ഥിരമല്ല, അത് വരികയും പോവുകയും ചെയ്യുന്നതാണ്’ എന്ന് പ്രധാനമന്ത്രി മോദിയെ ഓര്‍പ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വയം രാമനോടും ബി.ജെ.പിയെ രാവണനോടും ഉപമിക്കുമ്പോള്‍ രാജ്യത്തിന്റെ വൈവിധ്യത്തേയും ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമുള്ള തെന്നിന്ത്യയിലെ വിശ്വാസ വൈവിധ്യത്തേയും കോണ്‍ഗ്രസ് മറന്ന് പോവുകയും ബി.ജെ.പിയുടെ രാമ/ഹിന്ദു അജണ്ടയില്‍ സ്വയം വീണുപോവുകയും ചെയ്യുന്നു.
കര്‍ണാടകയില്‍ പഠിച്ചത് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മറന്ന് പോയത് എങ്ങനെയെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം.