വെറും രണ്ടു വയസ് പ്രായമുള്ളപ്പോഴാണ് ആ പെണ്‍കുഞ്ഞിനെ ആരോ ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുന്നത്. പിന്നീട് നാലു വര്‍ഷത്തോളം ഒരു അനാഥാലയത്തിലായിരുന്നു അവളുടെ ജീവിതം. ഇന്നവള്‍ക്ക് 12 വയസുണ്ട്. ഇപ്പോഴവള്‍ ഇന്ത്യയിലില്ല, സ്‌പെയിനിലാണ്. അവളുടെ ഹോക്കി സ്വപ്‌നങ്ങളിലേക്ക് പന്തു തട്ടി മുന്നേറുകയാണ്.
സൗമ്യ എസ്‌കാര്‍ ഗാര്‍ഷ്യ സോളേറ; ഇതവളുടെ കഥയാണ്. ഒപ്പം ഹ്വാന്‍ എസ്‌കാര്‍ എന്നൊരു വലിയ മനുഷ്യന്റെയും.
സ്‌പെയ്‌ന്റെ ഹോക്കി ഇതിഹാസങ്ങളില്‍ ഒരാളാണ് ഹ്വാന്‍ എസ്‌കാര്‍. രാജ്യത്തിന് വേണ്ടി മൂന്ന് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ചാമ്പ്യന്‍സ് ട്രോഫി, യൂറോപ്യന്‍ നേഷന്‍സ് കപ്പ് എന്നിവയിലും സ്‌പെയിനുവേണ്ടി കൡച്ചിട്ടുണ്ട് ഈ 54 കാരന്‍.
ഹ്വാന്‍ എസ്‌കറിന് ഇന്ത്യയോടുള്ള സ്‌നേഹമാണ് സൗമ്യ എന്ന അനാഥബാലികയുടെ ജീവിതവും മാറ്റിയത്. 1996 ലാണ് ഹ്വാന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഹോക്കി മത്സരവുമായി ബന്ധപ്പെട്ടായിരുന്നു ആ വരവ്. എന്നാല്‍, അതൊരു തീര്‍ത്ഥാടനം പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നാണ് ആ സ്പാനിഷ് താരം പിന്നീട് പറഞ്ഞത്. 2005-ല്‍ ഹ്വാന്‍ വീണ്ടും ഇന്ത്യയിലെത്തി. ഒറ്റയ്ക്കായിരുന്നില്ല, ഭാര്യയും ഒപ്പമുണ്ടായിരുന്നു. ‘ഞാനീ നാടുമായി പ്രണയത്തിലായി’ എന്നായിരുന്നു ആ വരവിന് ഹ്വാന്‍ നല്‍കിയ വിശേഷണം.
ഇപ്പോള്‍ വീണ്ടും ഇന്ത്യയിലെത്തിയിട്ടുണ്ട് ഹ്വാന്‍ എസ്‌കാര്‍. ഒഡീഷയില്‍ നടക്കുന്ന ഹോക്കി പ്രോ ലീഗില്‍ പങ്കെടുക്കുന്ന സ്പാനിഷ് പുരുഷ ടീമിന്റെ സഹപരീശിലകനായിട്ടാണ് വീണ്ടും ഇന്ത്യയിലേക്കുള്ള വരവ്. എന്നാല്‍, ഈ തീരിച്ചുവരവ് തനിക്ക് വ്യക്തിപരമായ സന്തോഷം കൂടി നല്‍കുന്നുണ്ടെന്നാണ് ഹ്വാന്‍ പറയുന്നത്, ഇതെന്റെ മോളുടെ ജന്മനാടാണ് എന്നതാണ് ആ സന്തോഷത്തിന് കാരണം.
സ്‌പെയിനിലെ തുറമുഖ നഗരമായ ആലികാന്റിയിലാണ് സൗമ്യ തന്റെ കുട്ടിക്കാലം വളരെ സന്തോഷകരമായി പിന്നിട്ടത്. അവളുടെ ആദ്യനാളുകള്‍ ഹ്വാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കടല്‍ തീരത്ത് കൊണ്ടു പോയതും, ഹോക്കി ഗ്രൗണ്ടിലേക്ക് വന്നതും, ആദ്യമായി ഷവറില്‍ നിന്നും വെള്ളം വരുന്നത് നോക്കി നിന്നതുമൊക്കെ.
ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹ്വാന്റെ കൈകളിലേക്ക് സൗമ്യ എത്തുന്നത്. ആദ്യമായി അവള്‍ ഞങ്ങളെ കണ്ടപ്പോള്‍ ഭയന്നു വിറച്ചു, അവള്‍ക്ക് പേടിയായിരുന്നു, ഞങ്ങള്‍ക്ക് അതൊക്കെ മനസിലാക്കാന്‍ കഴിയുമായിരുന്നു’- ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കുമ്പോള്‍ പഴയകാര്യങ്ങളെല്ലാം ഹ്വാന്റെ മനസിലേക്ക് തിരികെയിത്തി. എങ്ങനെയാണ് സൗമ്യ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതെന്നും ഹ്വാന്‍ എസ്‌കാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്.
ഒരു കുട്ടിയെ കൂടി ദത്തെടുത്ത് തങ്ങളുടെ കുടുംബം വലുതാക്കണമെന്നു ഹ്വാനും ഭാര്യ ഗാര്‍ഷ്യയും തീരുമാനിക്കുന്നത് അവരുടെ ആദ്യ മകള്‍ മാര്‍ട്ടിന പിറന്നതിനുശേഷമായിരുന്നു. ‘ആരെയെങ്കിലും ഒരാളെക്കൂടി സഹായിക്കണം’ എന്നതാണ് ആ തീരുമാനത്തിനുള്ള കാരണമായി ഹ്വാന്‍ പറയുന്നത്. സ്‌പെയിനിലെ ദത്തെടുക്കല്‍ നിയമം പ്രകാരം കുട്ടിയെ എവിടെ നിന്നു ദത്തെടുക്കണം എന്നതില്‍ ആദ്യം തീരുമാനം എടുക്കണം. ഹ്വാനെ സംബന്ധിച്ച് ആ തീരുമാനത്തിന് വേണ്ടി അധികം ആലോചിക്കേണ്ടതില്ലായിരുന്നു. ഇന്ത്യ എന്ന് തീരുമാനം പറയാന്‍ വേണ്ടി വന്നത് വെറും രണ്ട് സെക്കന്‍ഡ്. ചെന്നൈ, ഛണ്ഡിഗഡ്, ഹൈദരാബാദ് തുടങ്ങി ഇന്ത്യയില്‍ പലയിടത്തും കളിക്കുകയും താമസിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഹ്വാന്‍. ‘ഇവിടെ വളരെ സുഖകരമാണ്, ധാരാളം സുഹൃത്തുക്കളുമുണ്ട്, പിന്നെ ഹോക്കിയും’ ഹ്വാന്‍ തുടരുന്നു. ‘ ഞാനാണെങ്കില്‍, ഹോക്കിയില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ശൈലികളുടെ ആരാധകനാണ്. എന്റെ ജീവിതത്തിലും കളിയിലും വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. പിന്നീട് ഞാനും ഭാര്യയും ഒരുമിച്ച് ഇവിടെ വന്നപ്പോള്‍, ഞങ്ങള്‍ ശരിക്കും ഈ രാജ്യവുമായി പ്രണയത്തിലായി’.
എന്നാല്‍, ഇന്ത്യയില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുക്കുക എന്നത് വലിയ പ്രതിസന്ധികളായിരുന്നു ഹ്വാന്‍-ഗ്രാഷ്യ ദമ്പതികള്‍ക്കു മുന്നില്‍ സൃഷ്ടിച്ചത്. ‘അത് നീണ്ടതും കഠിനവുമായിരുന്നു’ എന്നാണ് ഹ്വാന്‍ പറയുന്നത്. ദത്തെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട ഏജന്‍സിയില്‍ നിന്നും രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ക്ക് യാതൊരു മറുപടിയും കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. ഒടുവില്‍ അങ്ങനെയൊരു മോഹം ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഏജന്‍സിയില്‍ നിന്നും ഫോണ്‍ വരുന്നത്.
ഒട്ടും സമയം പഴാക്കാതെ ഹ്വാനും ഗ്രാഷ്യയും ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങി. ആ അനാഥാലയത്തില്‍ വച്ചാണ് അവര്‍ സൗമ്യയെ ആദ്യമായി കാണുന്നത്. ‘ അപ്പോഴവള്‍ക്ക് ആറു വയസായിരുന്നു പ്രായം. ഞങ്ങള്‍ക്കറിയേണ്ടിയിരുന്ന ഒരേയൊരു കാര്യം അവളുടെ ഭൂതകാലമായിരുന്നു. അവര്‍ പറഞ്ഞത്(അനാഥാലയം നടത്തിപ്പുകാര്‍) വെറും രണ്ട് വയസ് പ്രായമുള്ളപ്പോള്‍ ഡല്‍ഹിയിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ ആരോ അവളെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ്. ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി സൗമ്യയെ കൈയില്‍ കിട്ടിയശേഷം ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഹ്വാനും ഗ്രാഷ്യയും മാര്‍ട്ടിനയും അവരുടെ കുടുംബത്തിലെ പുതിയ അതിഥിയുമായി കുറച്ചു ദിവസം കഴിഞ്ഞിരുന്നു. ആദ്യമായി അവളുടെ ചിരി തങ്ങള്‍ കാണുന്നത് അവിടെ വച്ചാണെന്നു ഹ്വാന്‍ പറയുന്നു.
ഒരു പുതിയ രാജ്യത്ത്, പുതിയ മനുഷ്യര്‍ക്കൊപ്പം ഒരു പുതിയ ജീവിതം: അതുമായി പൊരുത്തപ്പെടാന്‍ കുട്ടി സൗമ്യയ്ക്ക് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. സൗമ്യയെ ആ ജീവിതവുമായി പൊരുത്തപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ചത് അവളുടെ ചേച്ചി മാര്‍ട്ടിന ആണെന്നാണ് ഹ്വാന്‍ പറയുന്നത്. അവരിപ്പോള്‍ ശരിക്കും സഹോദരിമാരാണ്, എല്ലാ ദിവസും അടികൂടുന്നവര്‍’ ഹ്വാന്‍ ഒരു പിതാവിന്റെ ആഹ്ലാദത്തോടെ പറയുന്നു.
സൗമ്യക്ക് അവളുടെ പഴയ ജീവിതത്തെക്കുറിച്ച് വലിയ ഓര്‍മകളില്ല, മാത്രമല്ല, ഇന്ത്യയിലെ ജീവിതം അവളിപ്പോള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നുമില്ലെന്നാണ് ഹ്വാന്‍ പറയുന്നത്. ഒരുപക്ഷേ കൂടുതല്‍ വളരുമ്പോള്‍, അവള്‍ക്ക് തന്നെക്കുറിച്ച് അറിയാന്‍ ഒരുപക്ഷേ കൗതുകം തോന്നിയേക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. അതേക്കുറിച്ചോര്‍ത്ത് തനിക്ക് പരിഭ്രാന്തിയില്ലെന്നും, തങ്ങള്‍ നാലു പേരുമിപ്പോള്‍ വൈകാരികമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നവരാണെന്നാണ് ഹ്വാന്‍ ആത്മവിശ്വസമുള്ളൊരു കുടുംബനാഥനായി പറയുന്നത്. ഒരു കാര്യത്തില്‍ മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്ന് അദ്ദേഹം പറയുന്നു, ‘ എന്റെ മകള്‍ സ്‌പെയിന്‍ ഹോക്കി ടീമിന്റെ ടീഷര്‍ട്ട് ഇടാന്‍ കൂട്ടാക്കുന്നില്ല’ ഒരു പൊട്ടിച്ചിരിയോടെയാണ് ഹ്വാന്‍ ആ ‘ ആശങ്ക’ പങ്കുവച്ചത്.
ഇത്തവണ ഇന്ത്യയില്‍ നിന്നും തിരിച്ചു നാട്ടിലെത്തുമ്പോള്‍ സൗമ്യക്ക് നല്‍കാന്‍ ഹ്വാന്‍ ഒരു പ്രത്യേക സമ്മാനം കരുതിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളും കോച്ച് ക്രെയ്ഗ് ഫുള്‍ട്ടനും ഒപ്പിട്ട ഒരു ഇന്ത്യന്‍ ഹോക്കി ജഴ്‌സി! ക്രെയ്ഗിനും അതുപോലെ, ഇന്ത്യന്‍ വനിത ഹോക്കി താരം ഉദിതയ്ക്കും ഇങ്ങനെയൊരു സമ്മാനം തനിക്ക് വേണ്ടി തയ്യാറാക്കിയതിന് പ്രത്യേകം നന്ദി പറയുന്നുണ്ട് ഹ്വാന്‍. ‘ ഒരു വിശേഷപ്പെട്ട കുട്ടിക്കുള്ള ഒരു വിശേഷപ്പെട്ട സമ്മാനമാണിത്’ ഹ്വാന്‍ എസ്‌കറിന്റെ വാക്കുകളില്‍ നിറയെ സന്തോഷമാണ്.