കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുതിര്‍ന്ന ഐആര്‍എസ്(ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ഉദ്യോഗസ്ഥന്റെ കത്ത്. ദ ന്യൂസ് മിനിട്ട് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ബിജെപിയുടെ കൈയിലെ ആയുധമായെന്ന ഗുരുതരമായ ആരോപണമാണ് കത്തിലുള്ളത്. ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്(ജിഎസ്ടി-ചെന്നൈ) ഡപ്യൂട്ടി കമ്മിഷണര്‍ ബി ബാലമുരുഗന്‍ ആണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിരിക്കുന്നത്.
ഇഡിയെ ബിജെപി പോളിസി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആക്കി മാറ്റുന്നതില്‍ നിര്‍മല സീതാരാമന്‍ വിജയിച്ചിരിക്കുന്നുവെന്നാണ് ബാലമുരുഗന്റെ പ്രധാന പരാതി. ജനുവരി രണ്ടിനാണ് ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ കത്തെഴുതിയിരിക്കുന്നത്.
സേലം, അട്ടൂര്‍ എന്നിവിടങ്ങളിലുള്ള രണ്ട് കര്‍ഷകര്‍ക്കെതിരേ ഇഡി നോട്ടീസ് അയച്ച വിഷയം ചൂണ്ടിക്കാട്ടിയാണ് ബാലമുരുഗന്‍ രാഷ്ട്രപതിക്ക് കത്തയിച്ചിരിക്കുന്നത്. ഒരു പ്രാദേശിക ബിജെപി നേതാവ് തങ്ങളുടെ നിലം അനധികൃതമായി സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷകര്‍ പരാതി ഉയര്‍ത്തിയതിനു പിന്നാലെയാണ് അവര്‍ക്കെതിരേ ഇഡി അന്വേഷണം പ്രഖ്യാപിച്ചതെന്ന ഗുരുതരമായ പരാതിയാണ് ബാലമുരുഗന്‍ രാഷ്ട്രപതിയോട് ബോധിപ്പിച്ചിരിക്കുന്നത്. ഇഡി അന്വേഷണത്തിനു പിന്നില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണെന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു.
സേലം ഈസ്റ്റ് ജില്ല സെക്രട്ടറി ഗുണശേഖരന്‍ എന്നയാള്‍ക്കെതിരെയാണ് കര്‍ഷകര്‍ പരാതി നല്‍കിയത്. ഇയാള്‍ നിയമവിരുദ്ധമായി കര്‍ഷകരുടെ ഭൂമി കൈക്കലാക്കാന്‍ നോക്കിയെന്നാണ് ബാലമുരുഗനും ആരോപിക്കുന്നത്. മാത്രമല്ല, ബിജെപി നേതാവിനെതിരേ ജില്ലയിലെ കോടതികളില്‍ സിവില്‍-ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ബാലമുരുഗന്‍ ചൂണ്ടിക്കാണിക്കുന്നു.
‘ മേല്‍പ്പറയുന്ന സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് കാണിക്കുന്നതാണ്. നിര്‍മല സീതാരാമന്‍ ചുമതലയേറ്റശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിജയകരമായി ബിജെപിയുടെ പോളിസി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആക്കി മാറ്റിയെടുത്തിട്ടുണ്ട്’- രാഷ്ട്രപതിക്കുള്ള കത്തില്‍ ജിഎസ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ആരോപിക്കുന്നു.
സംസ്ഥാന തല ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ പ്രാദേശിക രാഷ്ട്രീയക്കാരില്‍ നിന്നും ജോലി ചെയ്യുന്നതില്‍ സമ്മര്‍ദ്ദം നേരിടേണ്ട അവസ്ഥ മുന്‍പ് ഇല്ലായിരുന്നു. ഇപ്പോള്‍ സാഹചര്യം മാറിയെന്നാണ് ബാലമുരുഗന്‍ പറയുന്നത്. ‘ എന്റെ 30 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഏതെങ്കിലും പ്രാദേശിക രാഷ്ട്രീയക്കാരന്‍ എന്റെ ജോലിയെ സമ്മര്‍ദ്ദപ്പെടുത്തുകയോ എന്നോട് സഹായം ചോദിക്കുകയോ ചെയ്തിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. അവര്‍ ഡല്‍ഹി വഴിയായിരുന്നു സ്വാധീനത്തിന് ശ്രമിച്ചിരുന്നത്. കര്‍ഷകരുടെ അവസ്ഥയില്‍ നിന്നും മനസിലാക്കാവുന്നത് മുന്‍പത്തെ സാഹചര്യമൊക്കെ മാറിയിരിക്കുന്നുവെന്നാണ്. ഈ അവസ്ഥയ്ക്ക് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ നേരിട്ട് ഉത്തരവാദിയാണ്’.
തമിഴ്‌നാട്ടിലെ ദളിത് കര്‍ഷകര്‍ക്ക് നീതി കിട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സംരക്ഷിക്കാനും വേണ്ടി നിര്‍മല സീതാരാമനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാണ് ബാലമുരുഗന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്നത്.
രാഷ്ട്രപതിക്ക് കത്തയച്ചെന്ന കാര്യം ദ ന്യൂസ് മിനിട്ടിനോട് ബാലമുരുഗന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് ബാലമുരുഗന്‍ പറയുന്നത്.
‘ ഇഡി ഓഫിസര്‍ അങ്കിത് തിവാരി കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ പിടിക്കപ്പെട്ടത് വ്യക്തിപരമായ പ്രവര്‍ത്തിയാണ്, എന്നാല്‍ കര്‍ഷകര്‍ക്ക് സമന്‍സ് അയക്കുന്നത് വ്യക്തിപരമല്ല, അത് ഒരു സംവിധാനം മൊത്തത്തില്‍ അഴിമതി കാണിക്കുന്നതാണ്. ഒരു സംവിധാനം എന്ന നിലയില്‍ ഇഡിക്ക് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ധനമന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു കത്തെഴുതിയതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് എനിക്കറിയാം, അതേക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല, നേരിടാന്‍ തയ്യാറാണ്’- ബാലമുരുഗന്‍ ന്യൂസ് മിനിട്ടിനോട് നടത്തിയ പ്രതികരണം. ഈ മാസം 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥനാണ് ബാലമുരുഗന്‍.
ഇഡി നോട്ടീസ് അയച്ചിരിക്കുന്ന കന്നിയന്‍, കൃഷ്ണന്‍ എന്നീ കര്‍ഷകരുടെ അഭിഭാഷക ബാലമുരുഗന്റെ ഭാര്യ ദളിത് പര്‍വിനയാണ്. ഈ വര്‍ഷം ജൂലൈയില്‍ പര്‍വിനയാണ് കര്‍ഷകര്‍ക്ക് ഇഡി നോട്ടീസ് അയച്ച വിഷയം പൊതുരംഗത്ത് ഉയര്‍ത്തിക്കൊണ്ടു വന്നത്. അവര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതുവരെയും പരാതിയില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ തമിഴ്‌നാട് സര്‍ക്കാരും ഇഡിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ കര്‍ഷക വിഷയം വീണ്ടും ചൂടുപിടിച്ചു എന്നാണ് ന്യൂസ് മിനിട്ട് പറയുന്നത്.