ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തടവറയിലിടാന്‍ ഇഡിയെ ‘ ‘സഹായിച്ച’ രണ്ടു പേര്‍ ആന്ധ്രപ്രദേശില്‍ ബിജെപി-ടിഡിപി സഖ്യത്തിനു വേണ്ടി കൊണ്ടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ആദം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് പണം നല്‍കി ഡല്‍ഹി മദ്യനയത്തിലൂടെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയെന്ന് ഇഡി ആരോപിക്കുന്ന ‘ സൗത്ത് ഗ്രൂപ്പി’ന്റെ ഭാഗമായ ബാലാജി ഡിസ്റ്റിലറീസിന്റെ ഉടമകളായ മഗുന്ത ശ്രീനിവാസലു റെഡ്ഡി, മകന്‍ രാഘവ മഗുന്ത റെഡ്ഡി എന്നിവരാണ് ബിജെപി-ടിഡിപി സഖ്യത്തിനായി വോട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നാല് തവണ എംപിയായിട്ടുള്ള ശ്രീനിവാസലു ഓംഗോളില്‍ നിന്ന് ഇത്തവണയും ടിക്കറ്റ് പ്രതീക്ഷിക്കുന്നുണ്ട്.
ശ്രീനിവാസലുവിന്റെ മകന്‍ രാഘവ് മദ്യനയക്കേസില്‍ ഇഡിക്ക് മുന്നില്‍ മാപ്പ് സാക്ഷിയവരില്‍ ഒരാളാണ്. ഇയാളുടെ അടക്കം സാക്ഷി മൊഴികള്‍ ആയുധമാക്കിയാണ് കേന്ദ്ര ഏജന്‍സി അരവിന്ദ് കെജ്‌രിവാളിനെതിരേയും മറ്റ് ആം ആദ്മി നേതാക്കള്‍ക്കെതിരേയും കേസ് എടുത്തിരിക്കുന്നത്.
2022 ലാണ് മഗുന്ത ശ്രീനിവാസലുവിന്റെ പേര് ഡല്‍ഹി മദ്യ നയക്കേസില്‍ ആദ്യം ഉയര്‍ന്നുവരുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. റെഡ്ഡിയുടെ നെല്ലൂര്‍, ഡല്‍ഹി, ചെന്നെ എന്നിവിടങ്ങളിലുള്ള ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. പക്ഷേ, ഈ കേസില്‍ ഒരിക്കലും റെഡ്ഡിയെ ഇഡി പ്രതിയാക്കിയില്ല. എന്നാല്‍ റെഡ്ഡിയുടെ മകന്‍ രാഘവിനെ കള്ളപ്പണക്കേസില്‍ 2023 ഫെബ്രുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തു. ഈ അറസ്റ്റിനു പിന്നാലെയാണ് ശ്രീനിവാസലു ഇഡിക്ക് മുന്നില്‍ ‘ കീഴടങ്ങി’യതെന്നാണ് ആരോപണം. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ വ്യാഴാഴ്ച്ച അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്, ‘ അതോടെ അച്ഛന്‍ ഞെട്ടി’ എന്നായിരുന്നു. രാഘവിന്റെ അറസ്റ്റിനുശേഷമാണ് തന്റെ ആദ്യ മൊഴി തിരുത്താന്‍ ശ്രീനിവാസലു തയ്യാറായത്. തിരുത്തിയ മൊഴി കെജ്‌രിവാളിന് എതിരായിരുന്നു.
2023 ഒക്ടോബറില്‍ സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി എം കെ നാഗ്പാല്‍ രാഘവിനെ മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചു. രേഖപ്പെടുത്തിയ രാഘവിന്റെ ഏഴ് മൊഴികളില്‍ ആറും തനിക്കെതിരായതല്ലായിരുന്നുവെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. രാഘവ് മോചിതനായി പുറത്തു വന്നതിനുശേഷം നല്‍കിയ ഒരേയൊരു മൊഴി മാത്രമാണ് തനിക്കെതിരായുള്ളതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞത്. മാപ്പ് സാക്ഷിയായതോടെ രാഘവിനെ ഇഡി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി, ഈ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തു. 2024 ഫെബ്രുവരി 28 ന് ഓംഗോളില്‍ നിന്നും നാല് തവണ എംപിയായിട്ടുള്ള മഗുന്ത ശ്രീനിവാസുലു റെഡ്ഡിയും മകന്‍ രാഘവ് മഗുന്ത റെഡ്ഡിയും തെലുഗു ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡു-ആന്ധ്രയിലെ ബിജെപിയുടെ കൂട്ടുകാരന്‍- അച്ഛനെയും മകനെയും ഹാര്‍ദ്ദവമായി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാവായിരുന്നു ശ്രീനിവാസലു ആന്ധ്ര-തെലങ്കാന വിഭജനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് ടിഡിപിയില്‍ ചേര്‍ന്നതാണ്. എന്നാല്‍ 2014 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടിഡിപിയില്‍ നിന്നും വൈഎസ്ആര്‍ കോണ്‍ഗ്രസിലെത്തി. അവിടെ നിന്നാണ് കഴിഞ്ഞമാസം വീണ്ടും ടിഡിപിയില്‍ എത്തിയിരിക്കുന്നത്.
മദ്യനയക്കേസും രാഘവിന്റെ അറസ്റ്റും വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ശ്രീനിവാസലുവിന്റെ നില പരുങ്ങലിലാക്കിയിരുന്നു. അയാള്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടു. ദേശീയ ശ്രദ്ധയാകര്‍ഷിച്ചൊരു കേസില്‍ കുറ്റാരോപിതരായവരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തലവനും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി താത്പര്യപ്പെട്ടതുമില്ല. പാര്‍ട്ടി തന്നെ പിന്തുണയക്കില്ലെന്ന് മനസിലാക്കിയാണ് ടിഡിപിയിലേക്കു ചാടുന്നത്.
രാഷ്ട്രീയത്തില്‍ പിന്‍വലിഞ്ഞ് മകനെ പിന്‍ഗാമിയാക്കി വാഴിക്കാനുള്ള ആഗ്രഹവും ശ്രീനിവാസലുവിന് ഉണ്ടായിരുന്നതായി, ചില പാര്‍ട്ടി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നു. ഓംഗോള്‍ റെഡ്ഡിയുടെ ശക്തി കേന്ദ്രമാണ്. അവിടെയിത്തവണ രാഘവിനെ മത്സരിപ്പിക്കാനായിരുന്നു റെഡ്ഡിയുടെ ഉദ്ദേശം. എന്നാല്‍ ചന്ദ്രബാബു നായിഡു ഇതുവരെ അനുകൂല തീരുമാനം പറഞ്ഞിട്ടില്ല. മദ്യനയ അഴിമതി കേസിന്റെ നിഴല്‍ ഇപ്പോഴും അച്ഛനെയും മകനെയും വിട്ടൊഴിഞ്ഞിട്ടില്ലെന്നതു തന്നെയാണ് കാരണം. അതേസമയം തന്നെ മഗുന്ത കുടുംബത്തിന് ഓംഗോളില്‍ ഉള്ള സ്വാധീനം കണ്ടില്ലെന്നു നടിക്കാനും ടിഡിപിക്ക് സാധിക്കില്ല. ബാലജി ഡിസ്റ്റിലറീസ് കൂടാതെ മറ്റ് രണ്ട് കമ്പനികള്‍ കൂടി ഇവര്‍ക്കുണ്ട്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി മദ്യ വ്യവസായത്തില്‍ നില്‍ക്കുന്നവരാണ് മഗുന്ത കുടുംബം.
രാഘവും ശ്രീനിവാസുലുവും ഇപ്പോഴും പ്രതീക്ഷ വിട്ടിട്ടില്ല. ടിഡിപിയില്‍ ചേര്‍ന്നതിന് പിന്നാലെ തന്നെ ടിക്കറ്റ് ഒപ്പിച്ചെടുക്കാന്‍ രാഘവ് ജോലി തുടങ്ങി കഴിഞ്ഞു. മണ്ഡലത്തില്‍ സജീവ പ്രചാരണത്തിലാണ്. എന്നാല്‍ ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടിഡിപി മറ്റൊരാലോചനയിലാണ്. കെജ്‌രിവാളിന്റെ അറസ്റ്റിനു ശേഷമുണ്ടായതാണ്. രാഘവ് വേണ്ട, ഇത്തവണയും ശ്രീനിവാസുലു തന്നെ ഓംഗോളില്‍ മത്സരിക്കട്ടെയെന്നാണ് ആലോചന.