December 09, 2024 |
Share on

‘ഈ അരി വിശപ്പ് മാറ്റാനല്ല, വോട്ട് പിടിക്കാന്‍’-വി എസ് സുനില്‍ കുമാര്‍

ഭാരത് അരിയിലെ രാഷ്ട്രീയം പറഞ്ഞ് വി എസ് സുനില്‍ കുമാര്‍

29 രൂപക്ക് പൊതുവിപണയില്‍ ‘ഭാരത് അരി’യെന്ന പേരില്‍ അരി എത്തിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒരു കിലോയ്ക്ക് 29 രൂപ നിരക്കില്‍ 5 കിലോയുടെയും 10 കിലോയുടെയും പാക്കറ്റുകള്‍ ആയിട്ടാണ് അരി ലഭ്യമാക്കുകയെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു. നിലവിലുള്ള വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ഭാരത് അരി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അരി വിതരണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് സിപിഐ നേതാവും മുന്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ആരോപിക്കുന്നത്. വിലക്കയറ്റം സൃഷ്ടിച്ചവര്‍ തന്നെ അതിനു ബദല്‍ മാര്‍ഗം ഒരുക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ രാഷ്ട്രീയം അഴിമുഖവുമായി ചര്‍ച്ച ചെയ്യുകയാണ് വി എസ് സുനില്‍ കുമാര്‍.

കടകമ്പോളങ്ങള്‍ പൂര്‍ണമായും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിയതിന്റെ ബാക്കിയെന്നോണമാണ് രാജ്യത്തു വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. അതായത്, കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ജനങ്ങള്‍ നേരിടുന്ന വിലക്കയറ്റത്തിന് പിന്നിലെ കാരണക്കാര്‍. ജനക്ഷേമം ലക്ഷ്യം വച്ചുള്ളതാണ് ഈ നീക്കമെങ്കില്‍ എന്തുകൊണ്ടാണ് പെട്രോളിനും ഡീസലിനും വില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്? ഈ വില വര്‍ദ്ധനയുടെ മൂലകാരണം തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനനയങ്ങളാണ്. ഇതിനു പിന്നിലെ സാങ്കേതികത്വം ജനങ്ങളാണ് തിരിച്ചറിയേണ്ടത്. സര്‍ക്കാര്‍ മൂലമുണ്ടായ വിലക്കയറ്റം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചകള്‍ക്കായിരിക്കും വഴിവയ്ക്കുക. ഇക്കാരണം കൊണ്ടാണ് ജനരക്ഷകത്വം ചമഞ്ഞു കൊണ്ട് ഭാരത് അരിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ബജറ്റ് പരിശോധിക്കുകയാണെങ്കില്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിനാവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പൊതുവിതരണ സമ്പ്രദായത്തിലെ വിലക്കയറ്റം വരുതിക്ക് കൊണ്ടുവരുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാതെ 2024 ല്‍ മാത്രം അരി, പരിപ്പ് മുതലുള്ള പലവ്യഞ്ജനങ്ങള്‍ക്ക് സപ്ലൈ സംവിധാനം കൊണ്ടുവരുന്നതിന് പിന്നിലെ രാഷ്ട്രീയം വളരെ വ്യക്തമാണ്. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ സംസ്ഥാന സര്‍ക്കാരുകളിലൂടെയല്ലാതെ കേന്ദ്രം തന്നെ നേരിട്ട് പൊതുവിതരണം നടപ്പിലാക്കുന്നത് പതിവ് രീതിയല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ തന്നെ ഭാഗമായ സംസ്ഥാന ഗവണ്‍മെന്റുകള്‍ വഴിയാണ്.

ഇതാദ്യമായാണ് സാമ്പ്രദായിക രീതിക്ക് വിപരീതമായി കേന്ദ്രം നേരിട്ട് പൊതുവിതരണം നടപ്പാക്കുന്നത്. ഈ വിലക്കയത്തിനു പിന്നിലെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന പൂര്‍ണബോധ്യം കേന്ദ്രത്തിനുണ്ട്. അത് മറച്ചുവച്ചുകൊണ്ട് വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനെന്ന വ്യാജപ്രചാരണത്തിനായാണ് കേന്ദ്രം നേരിട്ട് വിതരണം നടത്തുന്നത്. ‘എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്ന് തോന്നുമോ?’ എന്ന പ്രയോഗം പോലെ ഇതിനു പിന്നില്‍ ഞങ്ങളല്ലെന്ന് നടിക്കുകയാണ്. ഈ വിലക്കയറ്റത്തിന്റെ കാരണക്കാരാണ് ആട്ടിന്‍തോലിട്ട് എത്തുന്നതെന്നു ജനങ്ങള്‍ കൂടി മനസിലാക്കണം.

തൃശൂര്‍ കേന്ദ്രീകരിച്ചുകൊണ്ട് ബിജെപി നിലയുറപ്പിക്കുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ജനങ്ങളുടെ പൊതുബോധത്തെ ഇടിച്ചു താഴ്ത്തി കാണുന്ന ഒരു സമീപനം ബിജെപിക്കുണ്ട്. ജനങ്ങളെ ഏറ്റവും എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന ധാരണയാണത്. വടക്കേ ഇന്ത്യയില്‍ ബിജെപി പയറ്റികൊണ്ടിരിക്കുന്ന ഈ ഗിമ്മിക്ക് കേരളത്തില്‍ കൂടി പരീക്ഷിക്കുന്നതിന്റെ ഭാഗമാണ് പൊന്നി അരിയുടെ വിതരണം തൃശൂരടക്കം നടത്തുന്നത്. വിലക്കയറ്റം മറികടക്കുകയല്ല കേന്ദ്രത്തിന്റെ പ്രഥമ ലക്ഷ്യം. അതിനപ്പുറം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മറ്റൊരു തന്ത്രം മാത്രമാണിത്. 29 രൂപക്ക് അരി ലഭ്യമാക്കിയതുകൊണ്ടു മാത്രം പരിഹാരം കണ്ടെത്താനാകുന്നതല്ല വിലക്കയറ്റം. ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത് വോട്ടിനു വേണ്ടിയുള്ള തരം താണ രാഷ്ട്രീയമാണ്.

വിലക്കുറവില്‍ അരി ലഭിക്കുന്നത് ജനങ്ങള്‍ക്ക് സഹായകരമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് നേട്ടം ലഭിക്കുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ സാധാരണ കര്‍ഷകന് വേണ്ടി ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ബിജെപിയുടെ അജണ്ടയില്‍ കര്‍ഷകര്‍ക്ക് യാതൊരു സ്ഥാനവുമില്ല, എന്നാല്‍ കോര്‍പറേറ്റുകള്‍ക്കുണ്ടു താനും. അതുകൊണ്ടുതന്നെ കോര്‍പറേറ്റ് വിരുദ്ധ നടപടികള്‍ ബിജെപി ഇതുവരെയും സ്വീകരിച്ചിട്ടില്ല. മത്സ്യരംഗം മുതല്‍ ആരോഗ്യ രംഗം വരെ കൊണ്ടുവരുന്ന നയങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കര്‍ഷകര്‍ക്കനുകൂലമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന പ്രതീക്ഷകള്‍ക്കും ഇവിടെ സ്ഥാനമില്ല.

×