December 10, 2024 |

ബിജെപി വോട്ടുകളും, വോട്ട് കച്ചവടവും…

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-121

ബിജെപി വോട്ടുകള്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ അന്നും ഇന്നും നിര്‍ണായകമാണ്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ആശ്രയിച്ചാണ് ഇന്നും കേരളത്തില്‍ മുന്നണികള്‍ വിജയം പ്രതീക്ഷിക്കുന്നത്. ബിജെപി ആരുടെ വോട്ട് പിടിക്കുന്നു എന്നുള്ളത് നിര്‍ണായകമാണ്. അത്തരത്തില്‍ ഓരോ മുന്നണിയും ഇപ്പോള്‍ കണക്കുകൂട്ടലുകള്‍ നടത്തുന്നുണ്ട്. ആദ്യകാലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ സ്വന്തം മുന്നണിയുടെ ഭാഗമാക്കി മാറ്റുവാന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും ശ്രമം നടത്തിയിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ഇത്തരത്തില്‍ ബിജെപി വോട്ടുകള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യവുമാണ്. ഇന്ന് ബിജെപി വോട്ടുകള്‍ ഒരു പക്ഷത്തേക്ക് കൊണ്ടുവരുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കാരണം പണ്ടത്തെക്കാള്‍ ബിജെപി രാഷ്ട്രീയ രംഗത്ത് ശക്തമായിരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് കുറേ വോട്ടുകള്‍ നേടുവാന്‍ സാധിക്കും എന്നത് വാസ്തവമാണ്. ബിജെപിക്ക് കേരളത്തില്‍ വോട്ടുകളുടെ ശതമാനം വര്‍ദ്ധിക്കുന്നതായി നമുക്ക് നിരീക്ഷിക്കാം. ഇന്ന് ബിജെപി ഓരോ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്ന ശ്രമത്തിലാണ്.

കുറ്റിച്ചൂലും സ്ഥാനാര്‍ത്ഥികളും

കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. സിപിഎം നേത്യത്വം നല്‍കുന്ന എല്‍ഡിഎഫ് ആണ് ഇടതുപക്ഷം. കോണ്‍ഗ്രസ് നേത്യത്വം നല്‍കുന്ന യുഡിഎഫ് ആണ് വലതുപക്ഷം. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേത്യത്വത്തില്‍ തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുവാന്‍ തുടങ്ങിയ പ്രസ്ഥാനമാണ് ജനകീയ വികസന മുന്നണി. രണ്ടായിരത്തിന്റെ തുടക്കത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് അനുകൂലമായിരുന്നില്ല. ബിജെപി വോട്ടുകള്‍ ഒപ്പം കൂട്ടിയാല്‍ ജയിക്കാം എന്ന വിശ്വാസം എല്ലാ മുന്നണിക്കും ഉണ്ടായിരുന്നു. ബിജെപി വോട്ടുകള്‍ വില്‍ക്കാന്‍ തയ്യാറായിരുന്നു എന്ന സംസാരവുമുണ്ടായിരുന്നു. വോട്ട് കച്ചവടം എന്നും നമുക്കതിനെ വിശേഷിപ്പിക്കാം.

ബിജെപി പ്രീണനത്തെക്കുറിച്ച് സഗീര്‍ തേജസ് പത്രത്തില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ പ്രശസ്തമായ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു കാര്‍ട്ടൂണ്‍. തൊട്ടിലില്‍ കിടന്നുറങ്ങുകയാണ് ബിജെപിയുടെ മുഖമായ ഒ രാജഗോപാല്‍. അദ്ദേഹത്തിന് രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് പകല്‍പോലെ സത്യവും ആയിരുന്നു. ബിജെപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് കേരളത്തിലെ പ്രമുഖ നേതാക്കളായ പിണറായി വിജയന്‍, രമേശ് ചെന്നിത്തല അതുപോലെ പുതുതായി രൂപം കൊണ്ട ജനകീയ വികസന മുന്നണി നേതാവ് എന്നിവര്‍. ബിജെപി വോട്ട് സ്വാധീനിക്കാനായി പാടുന്ന പാട്ടാണ് കാര്‍ട്ടൂണ്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പാടുന്നത് ഓമനത്തിങ്കള്‍ കിടാവോ നല്ല കോമള താമരപ്പൂവോ… എന്നതാണ്. അതേസമയം രമേശ് ചെന്നിത്തല പാടുന്ന പാട്ട് താമരക്കണ്ണന്‍ ഉറങ്ങേണം… എന്നതാണ്. ജനകീയ വികസനമുന്നണി എന്ന പേരില്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയവര്‍ പാടുന്നത് പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂപൈതലേ… എന്നും. മൂന്നുപേരും പാടുന്ന പാട്ടില്‍ താമരയുണ്ട് എന്നുള്ളതാണ് രസകരം. താരാട്ട് മത്സരം എന്നതിന് പകരം താമരാട്ട് മത്സരം എന്ന് കാര്‍ട്ടൂണിസ്റ്റ് തിരുത്തിയിരിക്കുന്നു. മ എന്ന അക്ഷരം താരാട്ടില്‍ കൂട്ടിചേര്‍ത്തതാണ് തലക്കെട്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: തേജസ്

 

×