December 10, 2024 |
Share on

പ്രണയ നഷ്ടം പ്രാണ നഷ്ടം

ആറു വര്‍ഷത്തിനുള്ളില്‍ പ്രണയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 16 ൽ അധികം പെണ്‍കുട്ടികള്‍

കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. ജീവപര്യന്തത്തിന് പുറമെ പത്ത് വർഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2022 ഒക്ടോബർ 22നാണ് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തറത്തുകൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചെതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. love failure murders

ഇത്തരത്തിൽ ജീവൻ അപഹരിക്കുന്ന തരത്തിലേക്ക് പ്രണയം രൂപാന്തരപെട്ടതിന് കാലങ്ങളുടെ പഴക്കവുമുണ്ട്. എങ്കിലും കഴിഞ്ഞ ആറു വർഷത്തെ സംഭവങ്ങൾ പരിശോധിക്കാം. അഴിമുഖം ഈ വിഷയത്തിൽ മുൻപ് പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെരുമ്പാവൂർ രായമംഗലം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാർത്ഥിയുമായ അൽക്ക അന്ന ബിജുവിനെയും സമാനമായി വീട്ടിൽ അതിക്രമിച്ചു കയറിയാണ് കൊലപ്പെടുത്തിയത്. ആൽക്കയെ കൊലപ്പെടുത്തിയ ഇരിങ്ങോൾ സ്വദേശി ബേസിലിനെ സംഭവം നടന്ന് രണ്ട് മണിക്കൂറിനകം സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. തലയ്ക്കും കഴുത്തിനും സരമായ പരിക്കേറ്റ അൽക്ക ആലുവ രാജഗിരി ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.

പ്രണയത്തിന്റെ പേരിൽ ഫെമിസൈഡ്, ആൻഡ്രോസൈഡുകളും കേരളത്തിൽ കൂടി വരുന്നതും ഇനിയെങ്കിലും ഗൗരവമായി കണക്കാക്കേണ്ടതുണ്ട് (തന്റെ ജൻഡറിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതിനെയാണ് ഫെമിസൈഡ്, ആൻഡ്രോസൈഡ് എന്ന് വിളിക്കുന്നത്. സ്ത്രീകൾ പുരുഷന്മാർക്ക് നേരെയും, പുരുഷന്മാർ സ്ത്രീകൾക്ക് നേരെയും നടത്തുന്ന അസഭ്യപ്രയോഗം, മാനസിക പീഡനം, നിത്യേനയുള്ള ശാരീരികവും ലൈംഗികവുമായ അതിക്രമം, തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു).

94 ശതമാനത്തോളം സാക്ഷരത നിരക്കുള്ള കേരളത്തിൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന ഇത്തരം പ്രണയ കൊലപാതകങ്ങൾ വിരൽ ചൂണ്ടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേക്കും, സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേക്കുമാണ്. അതിജീവനത്തിന്റെ സാധ്യതകളിലേക്ക് തിരിഞ്ഞു പോലും നോക്കാതെ ജീവനെടുത്തും സ്വയം ജീവനില്ലാതാക്കിയും നിരവധി പേർ സമൂഹത്തിന് മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ്. ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നും, അതിൽ നിന്ന് പിന്തിരിഞ്ഞു നടക്കാൻ തീരുമാനിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തെ അതെ അളവിൽ പരിഗണിക്കാനും ഉൾക്കൊള്ളാനും സാധിക്കാതെ വരുന്നിടത്താണ് പ്രണയം പകയായും, മരണമായും മാറുന്നത്.

അനർവചനീയമായ വ്യക്തി സ്വാതന്ത്ര്യം മറ്റെല്ലായിടങ്ങളിലെന്നപോലെ പ്രണയത്തിലും നൽകാൻ പുതു തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലൂടെ ദയ, കാരുണ്യം, മാനുഷികത, സഹിഷ്ണുത തുടങ്ങിയവ വളർത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അക്കാദമിക് മികവുകളിൽ ഊന്നൽ നൽകുമ്പോൾ മാനുഷികവും – സാംസ്‌കാരികവുമായുള്ള നിലവാരം കുട്ടികളിൽ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസം അക്ഷരാർത്ഥത്തിൽ പരാജയപ്പെടുകയാണ്. പ്രണയ തകർച്ചയുടെ പേരിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ആൻഡ്രോസൈഡിനേക്കാൾ ഫെമിസൈഡാണ് കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്നു കാണാം.

ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്കുവാങ്ങാൻ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ സഹജീവികളോടുള്ള കരുതലിനെ പറ്റി കുട്ടികളെ പറഞ്ഞു വളർത്തേണ്ടിയിരിക്കുന്നു. ആളുകളെ പരിഗണിക്കേണ്ടതിനെ പറ്റിയും ജീവിതത്തിലെ ‘നോ’കളെ പകയുടെ മേമ്പോടിയില്ലാതെ സ്വീകരിക്കാനും പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. ഒരു കുടുംബത്തിനും, സമൂഹത്തിനും വെളിച്ചമാവേണ്ടവർ പകുതിയിൽ വച്ച് അണഞ്ഞു പോവാതിരിക്കാനും, സമൂഹത്തിലെ വെറുക്കപെട്ടവരായി മാറാതിരിക്കാനും മുൻകരുതൽ എടുക്കേണ്ടതുണ്ട്.

2021- ൽ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 2017 മുതൽ 2020 വരെ 350 പെൺകുട്ടികൾക്കാണ് പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടമായത്. ഞെട്ടിക്കുന്ന വസ്തുത; ഇവരിൽ 10 പേർ കൊല്ലപ്പെടുകയായിരുന്നു. 2017ൽ 83 പെൺകുട്ടികൾക്കായിരുന്നു ജീവഹാനിയുണ്ടായത്. മൂന്ന് പേർ കൊല്ലപ്പെട്ടപ്പോൾ, 80 പേർ ആത്മഹത്യ ചെയ്തു. 2018 ൽ പ്രണയം മൂലം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2019ൽ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉൾപ്പെടെ 93 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രണയബന്ധങ്ങളുടെ പേരിൽ 2020 ലാണ് ഏറ്റവും കൂടുതൽ പെൺകുട്ടികൾ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കഷൻ ക്ലാസ് മുറിയിൽ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർത്ഥി ലക്ഷ്മിയെ ആദർശ് എന്ന 25 കാരൻ വക വരുത്തിയത് പ്രണയം നിരസിച്ചതിന്റെ പേരിലാണ്. അതേ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ആദർശ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നുകയറി ലക്ഷ്മിയെ തീകൊളുത്തുകയായിരുന്നു. ആദർശും പിന്നീട് തന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി.അതേ വർഷം പത്തനംതിട്ടയിലും സമാനമായ രീതിയിൽ കൊലപാതകം നടന്നു. കടമനിട്ട സ്വദേശിയായ 17 കാരി ശാരികയെ ബന്ധുവായ സജിൻ 2017 ജൂലൈ 14 നു വീട്ടിൽ കടന്നു കയറി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. എട്ടുദിവസങ്ങൾക്ക് ശേഷം ജൂലൈ 22 ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി. 2018 ഫെബ്രവരിയിൽ കാസറഗോഡ് സുള്ളിയിൽ കാമ്പസിനുള്ളിലും ഒരു പെൺകുട്ടി പ്രണയ പകയിൽ കൊല്ലപ്പെട്ടിരുന്നു. 2018 സെപ്തംബറിൽ തിരൂരിൽ 15 വയസ് മാത്രമുള്ള പെൺകുട്ടിയെയാണ് ബംഗാൾ സ്വദേശിയായ യുവാവ് വീട്ടിൽ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്.

2019 ലാണ് തിരുവല്ല സ്വദേശിനി കവിത കൊല്ലപ്പെടുന്നത്. മാർച്ച് പതിമൂന്നാം തീയതി രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിൻ റെജി മാത്യൂസ് എന്നയാൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റേഡിയോളജി കോഴ്‌സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിൻ ആക്രമിച്ചത്. വഴിയരികിൽ തടഞ്ഞു നിർത്തി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം, ആളുകൾക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും എത്തിച്ച പെൺകുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവിൽ മാർച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങി.

തിരുവല്ല സംഭവവത്തിന് 13 ദിവസങ്ങൾക്ക് ശേഷം തൃശൂരിലും സമാന രീതിയിൽ കൊല നടന്നു. ബിടെക് വിദ്യാർത്ഥിനി നീതുവാണ് കൊല്ലപ്പെട്ടത്. നിധീഷ് എന്ന ചെറുപ്പക്കാരൻ വീടിനകത്ത് ചെന്ന് നീതുവിനെ കുത്തി വീഴ്ത്തിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചാണ് കൊന്നത്. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛൻ ഉപേക്ഷിച്ചു പോയ നീതു അമ്മൂമ്മയുടെ സംരക്ഷണയിലാണ് വളർന്നത്. ബിടെക് പഠനം പൂർത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിച്ചിരുന്ന നീതുവിനെ വിവാഹിതരാകാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയെന്ന കാരണത്തിലാണ് സുഹൃത്തു കൂടിയായിരുന്ന നിധീഷ് കൊലപ്പെടുത്തുന്നത്.

2019 ജൂൺ 15 നു മാവേലിക്കര വളളികുന്നം സ്വദേശിനി സൗമ്യയെന്ന പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ അജാസ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് ചുട്ടുകൊന്നു. തന്റെ വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നായിരുന്നു അജാസിന്റെ മരണ മൊഴി. ഗുരുതരമായി പൊള്ളലേറ്റ അജാസും പിന്നീട് മരണത്തിന് കീഴടങ്ങി.
2019 ഒക്ടോബർ 10 നാണ് എറണാകുളം കാക്കനാട്ടെ പ്ലസ്ടു വിദ്യാർഥിനിയായ ദേവികയെ മിഥുൻ എന്ന യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ശേഷം യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. ദേവിക ‘പ്രണയം’ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2020 ജനുവരി ആറിനാണ് തിരുവനന്തപുരം കാരക്കോണം സ്വദേശിനി അഷിത കൊല്ലപ്പെടുന്നത്. അഷിതയെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതി അനൂപും ആത്മഹത്യ ചെയ്തു. പ്രണയത്തിൽ നിന്ന് അഷിത പിന്മാറിയതാണ് പകയ്ക്ക് കാരണമായത്. 2020 ജനുവരി എട്ടിനാണ് സഫീർ ഷാ കാറിനുളളിൽ വച്ച് കലൂർ സ്വദേശിനി ഇവയെ കൊലപ്പെടുത്തുന്നത്.

2021 ഫെബ്രുവരി 19 കണ്ണൂർ സ്വദേശിന രേഷ്മ പ്രണയപ്പകയ്ക്ക് ഇരയായി. 2021 ഫെബ്രുവരി 20 ഇടുക്കി പളളിവാസൽ സ്വദേശിനി രേഷ്മയും കൊല്ലപ്പെട്ടു. പിന്നാലെ പ്രതി അരുൺ ജീവനൊടുക്കി. 2021 സെപ്റ്റംബറിൽ പാല സെന്റ് തോമസ് കോളജിലെ വിദ്യാർഥിനിയായിരുന്ന നിതിനയെ ക്യാമ്പസിൽ വച്ചാണ് സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലത്തു പിടിച്ചുകിടത്തി ഹാക്‌സോ ബ്ലേഡ് കൊണ്ട് കഴുത്തിലെ ഞരമ്പ് അറത്താണ് നിതിന മോൾ എന്ന 22 കാരിയെ അഭിഷേക് ബൈജു എന്ന 20 കാരൻ ഇല്ലാതാക്കിയത്. ആ കൊലയ്ക്ക് മൂന്നു മാസം മുമ്പാണ് 21 കാരി ദൃശ്യയെ വീടിനുള്ളിൽ കയറി കുത്തിക്കൊന്നത്. രക്ഷിക്കാൻ ശ്രമിച്ച ദൃശ്യയുടെ സഹോദരിയെയും പ്രതിയായ നിതീഷ് കുത്തിപ്പരുക്കേൽപ്പിച്ചു.

2021 ജൂലൈ 30ന് കണ്ണൂർ നാറാത്ത് സ്വദേശിനി മാനസ എന്ന ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ തലശ്ശേരി സ്വദേശി രഖിൽ കോളേജിൽ വച്ചു വെടിവെച്ച് കൊന്നത് കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകമായിരുന്നു. ‘പ്രണയപ്പക’ തന്നെയായിരുന്നു കൊലപാതക കാരണം. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. ആദ്യത്തെ പ്രണയം തകർന്നശേഷം കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാമിലൂടെ മാനസയുമായി രഖിൽ അടുപ്പത്തിലാകുന്നത്. ബന്ധം തുടരാൻ താൽപര്യമില്ലെന്ന് മാനസ പറഞ്ഞതോടെ ശല്യമായി രഖിൽ പിൻതുടരാൻ ആരംഭിച്ചു. ഇതോടെ കാര്യങ്ങളെല്ലാം മാതാപിതാക്കളോട് പറഞ്ഞ് പൊലീസിനേയും സമീപിച്ചു. പൊലീസ് ഇരുവരുടെയും കുടുംബങ്ങളെ വിളിപ്പിച്ച് സംസാരിച്ചപ്പോൾ പിൻതിരിയാൻ തയ്യാറാണെന്ന് രഖിൽ ഉറപ്പുകൊടുത്തു. പിന്നീട് ബീഹാറിൽ നിന്ന് സംഘടിപ്പിച്ച 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു.

2021 ഡിസംബർ 10 നായിരുന്നു കോഴിക്കോട് തിക്കൊടിയിൽ കൃഷ്ണപ്രിയയുടെ മരണം. പ്രണയ ബന്ധത്തിലെ ടോക്‌സിറ്റി മനസിലാക്കി ബന്ധത്തിൽനിന്നും പിന്മാറാൻ ഒരുങ്ങിയതോടെയാണ് കൃഷ്ണപ്രിയയെ കൊന്നുകളയാൻ കാമുകനായ നന്ദു തീരുമാനിച്ചത്. ഒപ്പം നന്ദുവും സ്വയം തീകൊളുത്തി മരണത്തിന് കീഴടങ്ങി.അൽക്കയിൽ എത്തി നിൽക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പ്രണയത്തിൽ പേരിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 16 പെൺകുട്ടികളാണ്.

ഈ പ്രതികാര കൊലപാതകങ്ങളിൽ, അൽക്കയെ കൊന്ന ബേസിൽ അടക്കം ഏഴ് കൊലപാതകികളും അവരുടെ പക തീർത്തതിനു പിന്നാലെ ജീവനൊടുക്കിയിട്ടുണ്ട്. മൊത്തത്തിൽ നോക്കിയാൽ, പ്രണയത്തിന്റെ പേരിൽ ഇല്ലാതായത് 23 പേർ. അതിൽ ബഹുഭൂരിപക്ഷവും 23 വയസിൽ താഴെ പ്രായമുള്ളവർ. കൊല്ലപ്പെട്ട പെൺകുട്ടികളെല്ലാവരും തന്നെ വിദ്യാർത്ഥികൾ. പഠിച്ച് ജോലി നേടി നല്ലൊരു ജീവിതം സ്വപ്‌നം കണ്ടവർ.
ചിലർ ജീവൻ പോകാതെ തലനാരിഴക്ക് രക്ഷപെടും. കൊച്ചി കലൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോതമംഗലം സ്വദേശിയായ പെൺകുട്ടക്കു നേരെ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വച്ച് കൊലപാതകശ്രമം നടത്തിയിരുന്നു. തൃശൂർ മാളയിൽ പ്രണയം നിരസിച്ച പെൺകുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിക്കുകയായിരുന്നു. തൃശൂർ പുന്നയൂർകുളത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെ അടക്കം വീട്ടിൽ പൂട്ടിയിട്ട് വീടിനു തീവച്ചു. കുന്നംകുളത്ത് പ്രണയം നിരസിച്ച പെൺകുട്ടി നടന്നു പോകുമ്പോൾ തടഞ്ഞുനിർത്തി കുത്തി വീഴ്ത്തി.

മാർച്ചിൽ തൃപ്പൂണിത്തുറ ഉദയംപേരൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അമ്പിളിയെ വീട്ടിലേക്ക് മടങ്ങും വഴി അമൽ വാക്കത്തി കൊണ്ട് വെട്ടുന്നത്. വീട്ടിലേക്കുള്ള വഴിയിൽ കാത്തു നിന്നാണ് അമൽ അമ്പിളിയെ വെട്ടി വീഴ്ത്തിത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായിരുന്നു കൊലപാതകമെന്ന് അമൽ കുറ്റസമ്മതം നടത്തി.
ഈ അതിക്രമങ്ങൾ സ്ത്രീകൾക്ക് നേരെ മാത്രമല്ല സ്ത്രീകൾ മുഖേന പുരുഷന്മാരും അത്യന്തം ഹീനമായ അക്രമണങ്ങൾക്ക് വിധേയരാവുന്നുണ്ട്. 2022 ഒക്ടോബർ 25ന് നടന്ന പാറശാല ഷാരോൺ കൊലപാതകം കേരളത്തെ വിറങ്ങലിപ്പിച്ചതായിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഗ്രീഷ്മ മറ്റൊരു വിവാഹത്തിനു വേണ്ടി ഷാരോണിനെ ഒഴിവാക്കാൻ കൊലപാതകം നടത്തുകയായിരുന്നു. കഷായത്തിൽ വിഷം കലർത്തിയാണ് ഷാരോണിനെ വധിച്ചത്. കേസിൽ ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമൽ കുമാർ മൂന്നാം പ്രതിയുമാണ്. ഈ കഴിഞ്ഞ ഏപ്രിലാണ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാതിരുന്ന കാമുകനെ ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മി പ്രിയ ക്വട്ടേഷൻ നൽകി വിവസ്ത്രനാക്കി മർദ്ദിച്ചത്.

‘പ്രണയ നഷ്ടം പ്രാണ നഷ്ടമാണെന്ന്മ ലയാള കവയിത്രി സാവിത്രി രാജീവന്റെ കവിതകളെ കുറിച്ചുള്ള കെ ജി ശങ്കരപ്പിള്ളയുടെ ഈ വാക്കുകൾ അക്ഷരം പ്രതി യഥാർഥ്യമാകുന്ന സമൂഹത്തിലും, കാലത്തിലുമാണ് നമ്മൾ. പ്രണയവും, പ്രണയ നൈരാശ്യത്തിന്റെയും അറ്റം മരണത്തിനും കൊലപാതകത്തിനുമിടയിൽ തങ്ങി നിൽക്കുന്നു. പല മാരക വിപത്തകളെ പൊരുതി തോൽപിക്കാൻ കെൽപുള്ള നമുക്ക് പ്രണയ തകർച്ചകളും, നിരസിക്കലുകളും ജീവൻ കവരുന്നതിലേക്ക് എത്തുന്നത് നോക്കി നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളു.

English summary; Why did the incident of killing due to failed love affairs rise in Kerala last years? what data says ? love failure murders

×