UPDATES

ഏകീകകൃത സിവില്‍ കോഡ്; രാമക്ഷേത്രവും ആര്‍ട്ടിക്കിള്‍ 370 ഉം പോലെ ബിജെപി മാനിഫെസ്റ്റോയിലെ അജണ്ടയാക്കരുത്

രാജ്യത്ത് രണ്ടുതരം നിയമം വേണോ എന്നത് ചോദ്യം തന്നെയാണ്, എന്നാല്‍ ആ ചോദ്യം രാജ്യത്തെ നിലവിലെ കത്തുന്ന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഉയര്‍ത്തരുത്

                       

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ ആദ്യമായി എത്തിയപ്പോള്‍ ഉയര്‍ന്ന പ്രധാന മൂന്നു ചോദ്യങ്ങളും ആശങ്കകളുമായിരുന്നു ജമ്മു കശ്മീരിനെ സംബന്ധിച്ച 370-ാം വകുപ്പും, ഏകീകൃത സിവില്‍കോഡും, അയോധ്യയിലെ രാമജന്മ ഭൂമി ക്ഷേത്രവും സംബന്ധിച്ചുള്ളവ. ബിജെപിയിലെ മിതവാദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ ആറുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തിലുടനീളവും നരേന്ദ്ര മോദി അധികാരത്തിലേക്കു വരുമ്പോഴും ആ ചോദ്യങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെട്ടിരുന്നു. വാജ്പേയിയുടെ കാലത്ത് ബിജെപി അവയെ പ്രതിരോധിച്ചിരുന്നത് പാര്‍ട്ടിക്ക് ലോക്സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു. ഇത് ഒരേ സമയം വിമര്‍ശകരേയും അണികളേയും സാന്ത്വനിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പാര്‍ട്ടിക്കും ലഭിക്കാത്ത തരത്തിലെ ഭൂരിപക്ഷം നേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും ഇന്ത്യയുടെ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഈ മൂന്നു വിഷയങ്ങളിലും പാര്‍ട്ടി നിലപാട് നടപ്പിലാക്കുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞത്, ഈ മൂന്ന് വിവാദ വിഷയങ്ങളിലും തങ്ങളുടെ നിലപാട് നടപ്പിലാക്കണമെങ്കില്‍ പാര്‍ട്ടിക്ക് ലോക്സഭയില്‍ ഒറ്റയ്ക്ക് 370 സീറ്റുകള്‍ ആവശ്യമാണെന്നായിരുന്നു. അപ്പോള്‍ ബിജെപിക്ക് ലോക്സഭയില്‍ 281 സീറ്റുകളാണുണ്ടായിരുന്നത്. ‘പ്രധാനപ്പെട്ട ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ ആവശ്യമായ ജനവിധി ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഭരണഘടന അനുസരിച്ച് അവയെ അഭിസംബോധന ചെയ്യാന്‍ 370 സീറ്റുകള്‍ വേണം എന്നാണു ഷാ പറഞ്ഞത്. ലോക്സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് പാര്‍ട്ടിയുടെ പ്രധാന വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാ.

രാമജന്മഭൂമി മന്ദിരത്തിന്റെ ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രത്തിന് കടപ്പാട് പിടിഐ

എന്തായാലും ജമ്മു-കശ്മീരിലും അയോധ്യയിലും ബിജെപി അവരുടെ നിലപാട് നടപ്പാക്കി. ബാക്കിയായ ഏകീകൃത സിവില്‍ കോഡിലാണ് ഇനിയവരുടെ ശ്രദ്ധ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാക്കി കഴിഞ്ഞു. രാജ്യം ഏറെ സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. മണിപ്പൂര്‍ കലാപം അടക്കം ഏറെ ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും നേരെ ഉയരുന്നു. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പാണ്. ഒരു വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നു. ബിജെപിക്ക് ആശങ്കപ്പെടാന്‍ കാര്യങ്ങള്‍ അനവധിയുണ്ട്. അതനവര്‍ ഉണ്ടായിക്കിയിരിക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഏകീകൃത സിവില്‍ കോഡ്. രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുക, പ്രതിപക്ഷത്തില്‍ അനൈക്യമുണ്ടാക്കുക, ജനങ്ങളില്‍ അഭിപ്രായ ഭിന്നിപ്പ് ഉണ്ടാക്കുക; ഇതിലൂടെയെല്ലാം തങ്ങള്‍ക്ക് നേട്ടമുണ്ടാക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്ന തന്ത്രത്തിന്റെ ലക്ഷ്യം.

മോദി സര്‍ക്കാര്‍ ഇതാദ്യമായല്ല ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ തന്നെ തങ്ങളുടെ അജണ്ടയില്‍ ഒന്നിനെയവര്‍ കളത്തില്‍ വച്ചിരുന്നു. അന്നേയത് തീപിടിച്ച വിഷയമായിരുന്നു. വീണ്ടും അവരത് ആളിക്കത്തിക്കുന്നു. ‘രണ്ട് നിയമങ്ങളും വച്ച് രാജ്യമെങ്ങനെ മുന്നോട്ടു പോകും? തുല്യാവകാശത്തെക്കുറിച്ച് ഭരണഘടനയും പറയുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളും അതിനായി പ്രേരിപ്പിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്’-നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന മധ്യപ്രദേശില്‍ നിന്ന് മോദി ഉയര്‍ത്തിയ ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങളാണിപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചയായിരിക്കുന്നത്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഇവിടെയെല്ലായിടത്തും ബിജെപിക്ക് ലക്ഷ്യങ്ങളുണ്ട്. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളില്‍ ചര്‍ച്ചയാകരുതെന്നുണ്ട് പാര്‍ട്ടിക്ക്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ മനുഷ്യാവകാശവിവേചനം നേരിടുകയാണെന്ന് അന്താരാഷ്ട്ര സമൂഹം കുറ്റപ്പെടുത്തുന്നു. മാസങ്ങളായി തുടരുകയാണ് മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടല്‍, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണ്. കേന്ദ്രസര്‍ക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന ബിജെപിക്കുമെതിരേ ജനങ്ങള്‍ക്ക് ചോദ്യമുണ്ട്. അതെല്ലാം പ്രതിരോധിക്കാനുള്ള ശ്രമമാണ് ഏകീകൃത സിവില്‍ കോഡ്.

തെരഞ്ഞെടുപ്പ് തന്ത്രത്തിനപ്പുറം, ഭാരതീയ ജനത പാര്‍ട്ടിക്ക് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നു തന്നെയാണ് ഏകീകൃത സിവില്‍ കോഡ്. അമിത് ഷാ മുമ്പ് പറഞ്ഞതുപോലെ, തനിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രാപ്തി നേടിയെടുക്കുന്നതുവരെ അവര്‍ കുറച്ചൊന്നു പതുങ്ങി. 2019 ലെ വിജയത്തോടെ അവര്‍ക്ക് ആവേശം കൂടി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ മാനിഫെസ്റ്റോയില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്.

രാജ്യത്ത് രണ്ടുതരം നിയമം വേണോ എന്ന ചോദ്യമാണ് മോദിയും ബിജെപിയും ഉയര്‍ത്തിയിരിക്കുന്നത്. കൗതുകത്തോടെ പറയട്ടെ, അവര്‍ ഇന്ത്യന്‍ ഭരണഘടനയെ കൂട്ടുപിടിക്കുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 ലെ നാലാം പട്ടികയില്‍ ഇന്ത്യയില്‍ ഉടനീളമുള്ള പൗരന്മാര്‍ക്ക് ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് പറയുന്നുണ്ട്. ഒരു രാജ്യം, ഒരു നിയമം എന്ന തത്വം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധമാക്കുകയെന്നതാണ് ഏകീകൃത സിവില്‍ കോഡിനാല്‍ ഉദ്ദേശിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്നൊരു രാജ്യത്ത് നിലവില്‍ വിവിധ ജാതി-മത വിഭാഗങ്ങള്‍ വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ പാലിക്കുന്നുണ്ട്. വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാശം തുടങ്ങിയ കാര്യത്തില്‍ പൊതുവായൊരു നിയമമല്ല ഉള്ളത്. എല്ലാവര്‍ക്കും ബാധകമായ ഏകീകൃതമായ നിയമവ്യവസ്ഥ ഇക്കാര്യങ്ങളില്‍ നടപ്പിലാക്കുകയെന്നതാണ് ഭരണഘടനയും ചൂണ്ടിക്കാണിക്കുന്ന ഏകീകകൃത സിവില്‍ കോഡിനാല്‍ അര്‍ത്ഥമാക്കുന്നത്. മതങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരം മതം, ജാതി, മതം, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും ഒരു പൊതു നിയമം.

ഭരണഘടന ശില്‍പ്പികള്‍ രാജ്യത്തൊരു ഏകീകൃത നിയമം എന്ന് വിഭാവനം ചെയ്തത്, മത-ജാതി-ഗോത്രങ്ങള്‍ ചുമത്തുന്ന പ്രാകൃത നിയമങ്ങള്‍ പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനായിരുന്നു. ഇതേതെങ്കിലും ഒരു മതത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിവിധ മതങ്ങളിലും ജാതികളിലും പൗരന്‍ അവകാശധ്വംസനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. സ്ത്രീകളാണ് പ്രധാന ഇരകള്‍. മനുഷ്യന്‍, ലിംഗഭേദമില്ലാതെ വിവേചനങ്ങള്‍ക്ക് ഇരകളാകുന്നത് ജനാധിപത്യ സംവിധാനത്തില്‍ അനുവദിക്കാനാവില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യമാണ് സുപ്രിം കോടതിക്കും. പല വിധി പ്രസ്താവങ്ങളിലും പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം വിവാഹമോചിതയായ സ്ത്രീ മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടിയതില്‍(മുഹമ്മദ് അഹമ്മദ് ഖാന്‍ വേഴ്‌സസ് ഷാബാനു ബീഗം കേസ് 1985)സിഅര്‍പിസിക്കാണോ(സിആര്‍പിസി 125 ആം വകുപ്പ് പ്രകാരം വിവാഹമോചിതയായ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീക്കും ജീവനാംശം അവകാശമാണ്) മുസ്ലിം വ്യക്തിഗത നിയമത്തിനാണോ മുന്‍തൂക്കം കൊടുക്കേണ്ടതെന്ന തീരുമാനത്തില്‍, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്ന ആവശ്യത്തില്‍ കോടതിയെത്തിയിരുന്നു. 1995 ലെ സര്‍ള മുദ്ഗല്‍ വിധിയിലും 2019 ലെ പൗലോ കുട്ടിഞ്ഞോ വേഴ്‌സസ് മരിയ ലുയ്‌സ വാലന്റീന പെരേര കേസിലും ഇതേ അഭിപ്രായം തന്നെയായിരുന്നു സുപ്രീം കോടതിക്ക്. ലിംഗ സമത്വം, സ്ത്രീകളുടെ അന്തസ്, ദേശീയോദ്ഗ്രഥനം എന്നിവ സാധ്യമാക്കാന്‍ ഏകീകൃത നിയമ വ്യവസ്ഥ ഉപകരിക്കപ്പെടുമെന്ന വിശ്വാസം പരക്കെയുണ്ട്. മതമോ ജാതിയോ, ആണോ ,പെണ്ണോ എന്നു പരിഗണിക്കാതെ എല്ലാവരെയും തുല്യരായി പരിഗണിക്കാന്‍ ഇതുമൂലം സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഏകീകൃത നിയമത്തിന്റെ ക്രോഡീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായിട്ടുള്ളതായി കാണാം. 1840 ഒക്ടോബറിലെ ലെക്‌സ്-ലോകി റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍, തെളിവുകള്‍, കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിയമത്തിന്റെ ക്രോഡീകരണം ആവശ്യമാണെന്ന് പറയുമ്പോള്‍, ഹിന്ദു-മുസ്ലിം വ്യക്തിനിയമങ്ങളെ അത്തരമൊരു ക്രമീകരണത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ 1859 ലെ വിളംബരത്തിലും മതപരമായ കാര്യങ്ങളില്‍ പൂര്‍ണമായി ഇടപെടല്‍ ഉണ്ടാകില്ലെന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. കൊളോണിയല്‍ കാലം തൊട്ട് ക്രിമിനല്‍ നിയമങ്ങളില്‍ രാജ്യത്ത് നിയമ ക്രോഡീകരണം പാലിക്കപ്പെട്ടുപോരുമ്പോഴും വിവിധ മതവിഭാഗങ്ങളിലെ വ്യക്തിഗത നിയമങ്ങളാണ് പിന്തുടരുന്നത്. ഇന്ത്യ അതിന്റെ ഭരണഘടന രൂപപ്പെടുത്തുമ്പോള്‍ ഡോ. ബി ആര്‍ അംബേദ്കറും ജവഹര്‍ ലാല്‍ നെഹ്‌റുവും അടക്കമുള്ള നേതാക്കള്‍ ഏകീകൃത സിവില്‍ നിയമ ക്രമീകരണത്തിനായി വാദിച്ചിരുന്നു. എന്നിരിക്കിലും അക്കാലത്തും മൗതമൗലികവാദികളില്‍ നിന്നും തിക്തഫലങ്ങളെക്കുറിച്ച് അവബോധമുണ്ടാകാതിരുന്ന ജനങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായ സാഹചര്യത്തില്‍ രാഷ്ട്രശില്‍പ്പികള്‍ ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെ സംസ്ഥാന നയത്തിന്റെ നിര്‍ദേശക തത്വങ്ങളില്‍(directive principles of state policy-DPSP-Article 44) ഉള്‍പ്പെടുത്തുകയാണുണ്ടായത്. അന്നു മുതലെ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ഭരണഘടന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും നിര്‍ബന്ധപൂര്‍വമുള്ള നടപ്പാക്കാലിന് ബുദ്ധിമുട്ടുണ്ട് (ആര്‍ട്ടിക്കിള്‍ 37).

2018 ല്‍ നിയമ കമ്മീഷന്‍ മോദി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതും, ഈയൊരു ഘട്ടത്തില്‍ ഏകീകൃത സിവില്‍ കോഡ് ആവിശ്യമോ അഭികാമ്യയോ അല്ലെന്നാണ്. മതങ്ങളുടെ വ്യക്തിനിയമങ്ങളിലെ വിവേചനപരമായ ആചാരങ്ങളും മുന്‍വിധികളും സ്ഥിരരൂപങ്ങളും പഠനവിധേയമാക്കിയശേഷം ആവശ്യമായ ഭേദഗതി വരുത്തണമെന്നാണ്. 2018 ഓഗസ്റ്റില്‍ സമര്‍പ്പിച്ച 185 പേജുള്ള റിപ്പോര്‍ട്ടില്‍ 21 ആം നിയമ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്, ഏകരൂപതയ്ക്കുള്ള ത്വര രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് ഭീഷണിയാകുമെന്നാണ്. സാംസ്‌കാരിക വൈവിധ്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ കമ്മീഷന്‍ ഏകീകൃത സിവില്‍ കോഡ് എന്ന നിര്‍ദേശം തള്ളിയെങ്കിലും 22 ആം നിയമ കമ്മീഷന്‍ ജൂണ്‍ 14 ന് (2023 ജൂണ്‍ 14) എകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് വ്യത്യസ മതവിഭാഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമടക്കം അഭിപ്രായം തേടി ഒരു പുതിയ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ഈ വിഷത്തില്‍ തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും 30 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദശലക്ഷകണക്കിന് നിര്‍ദേശങ്ങളും പരാതികളുമാണ് കമ്മീഷന് ലഭിച്ചത്.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ആവശ്യമെങ്കില്‍ എല്ലാ കോണില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് രാജ്യത്തിന്റെ വൈവിധ്യസ്വത്വത്തിന് പോറലേക്കാത്ത തരത്തിലായിരിക്കണം നടപ്പിലാക്കേണ്ടത്. അല്ലാതെ ബിജെപിയുടെ അജണ്ടയായിട്ടില്ല. ഇന്ത്യന്‍ എക്പ്രസ് അതിന്റെ എഡിറ്റോറിയലില്‍ പറയുന്നതുപോല; രാമക്ഷേത്രവും ആര്‍ട്ടിക്കിള്‍ 370 ഉം പോലെ മാനിഫെസ്റ്റോ വാഗ്ദാനമായി ഏകീകകൃത സിവില്‍ കോഡ് നടപ്പാക്കരുത്.

 

Share on

മറ്റുവാര്‍ത്തകള്‍