UPDATES

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: പ്രൊഫ. എം.വി.നാരായണന്‍

ജര്‍മനിയില്‍ നാസികള്‍ ചെയ്തത് ഇവിടെയും നടക്കാന്‍ അനുവദിക്കരുത്

                       

ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ നടക്കുന്ന വലതുപക്ഷവത്കരണം ഫാഷിസ്റ്റ് ഇറ്റലിയേയും നാസി ജര്‍മനിയേയും ഓര്‍മിപ്പിക്കുന്നതാണെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം.വി നാരായണന്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകസിവില്‍ കോഡ് പോലൊന്ന് നടപ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സര്‍വകലാശാല ഭരണത്തില്‍ പിടിമുറുക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയുടെ ഭാഗമായി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടവരില്‍ ഒരാളാണ് ഇന്ത്യയിലെ അറിയപ്പെടുന്ന അക്കാദമിക് പണ്ഡിതനായ എം.വി. നാരായണന്‍. വ്യാഴാഴ്ച കോടതി നടപടികളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ അദ്ദേഹം ‘ദ വയര്‍’ ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പിശക് പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ചാന്‍സലര്‍ അഥവ ഗവര്‍ണര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ അവരുടെ ഭരണഘടന ദൗത്യം നിര്‍വഹിക്കുന്നതില്‍ നിന്നപ്പുറം കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയായുധമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം രാജ്യത്തെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് ഇതേ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോടുള്ള ആരിഫ് ഖാന്റെ പോരാട്ടത്തിന്റെ ഭാഗമായി വിവിധ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള ശ്രമം സവിശേഷ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. പതിനൊന്ന് സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനം യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വൈസ് ചാന്‍സലര്‍മാരെ എല്ലാം നിയമിച്ചത് ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് എന്നുള്ളതാണ് ഇതിലെ വൈരുദ്ധ്യം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനും കാവിവത്കരിക്കാനുമുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു.

ഏറ്റവും അവസാനം ഗവര്‍ണര്‍ ആരിഫ് ഖാന്‍ പുറത്താക്കിയത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം.വി നാരായണനേയും കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ ജയരാജനെയുമാണ്. പ്രൊഫ. ജയരാജനെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തുവെങ്കിലും കാലടി സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുറത്താക്കലില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല. ഇതിന്റെ നിയമവശങ്ങളെ കുറിച്ചും ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവണതകളെ കുറിച്ചുമാണ് ‘ദ വയര്‍’ പൊളിറ്റിക്കല്‍ അഫയേഴ്‌സ് എഡിറ്റര്‍ അജോയ് ആശീര്‍വാദുമായി പ്രൊഫ. എം.വി നാരായണന്‍ സംസാരിച്ചത്.

പ്രൊഫ. എം.വി.നാരായണന്‍: ഈ നിയമനങ്ങളെല്ലാം, സാങ്കേതികമായി യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഒരു വൈസ് ചാന്‍സലര്‍ക്കും ഏതെങ്കിലും തരത്തിലുള്ള അക്കാദമിക് യോഗ്യതകള്‍ ഇല്ലെന്നോ, അനുഭവ സമ്പത്തില്ലെന്നോ ആരോപണമില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും പൂര്‍ണ യോഗ്യതകള്‍ ഉള്ള ആളുകള്‍ തന്നെയാണ്. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി രൂപവത്കരിച്ച സമിതി യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ച് രൂപവത്കരിച്ചതല്ല എന്നെല്ലാമാണ് പ്രശ്‌നം.

കഴിവോ മാനദണ്ഡമോ അല്ല, സാങ്കേതികത്വമാണ് പ്രശ്‌നം

യു.ജി.സി നിയമങ്ങളനുസരിച്ച് ഈ വിദഗ്ദ്ധ സമിതി മൂന്ന് മുതല്‍ അഞ്ച് പേരുടെ പേരുകളായിരുന്നു ചാന്‍സലര്‍ക്ക് നിര്‍ദ്ദേശിക്കേണ്ടത്, പക്ഷേ അവര്‍ ഏകകണ്ഠമായി എന്റെ പേര് മാത്രം നിര്‍ദ്ദേശിക്കുകയായിരുന്നു. പക്ഷേ ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ ഭരണഘടനയില്‍ പ്രത്യേകം പറയുന്നത് തെരഞ്ഞെടുപ്പ് സമിതി ഏകകണ്ഠമായി ഒരു പേര് വൈസ് ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അത് മാത്രം പരിഗണിച്ചാല്‍ മതി എന്നാണ്. തെരഞ്ഞെടുപ്പ് സമിതിയില്‍ വിഭിന്ന അഭിപ്രായങ്ങളുണ്ടെങ്കില്‍ മാത്രം വ്യത്യസ്ത പേരുകള്‍ നിര്‍ദ്ദേശിച്ചാല്‍ മതി. അഥവ ഈ വിവാദം മുഴുവന്‍ ഉണ്ടായിട്ടുള്ളത് തെരഞ്ഞെടുപ്പ് സമിതിയുടെ രൂപവത്കരണം, നാമനിര്‍ദ്ദേശനത്തിന്റെ രീതി തുടങ്ങിയ സാങ്കേതികത്വങ്ങള്‍ മാത്രമാണ്. ഇത് തെരഞ്ഞെടുക്കപ്പെട്ട ആളുടെ യോഗ്യതയോ കഴിവോ ആയി ബന്ധപ്പെട്ടതേ അല്ല.

യുജിസിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയം

യു.ജി.സി നിയമാവലിയില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനായി സമിതി രൂപവത്കരിക്കുന്നതിനും സമിതി ചാന്‍സലര്‍ക്ക് നാമനിര്‍ദ്ദേശം നല്‍കേണ്ടതിനെ കുറിച്ചും പറയുന്നുണ്ട്. പക്ഷേ അത് സംസ്ഥാന നിയമാവലിയില്‍ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാന നിയമാവലിയും കേന്ദ്രസര്‍ക്കാര്‍ നിയമാവലിയും തമ്മില്‍ യോജിക്കാത്ത ഒരു സാഹചര്യം കോടതിയുടെ പരിഗണനയില്‍ പെട്ടാല്‍ കേന്ദ്ര നിയമം സംസ്ഥാന നിയമത്തെ മറികടക്കും എന്നതാണ് വയ്പ്. പക്ഷേ ഇവിടത്തെ പ്രശ്‌നം യു.ജി.സിയുടെ ഈ മാനദണ്ഡം നിയമാനുസൃതമാണോ എന്നതാണ്. യു.ജി.സി നിയമാവലിയിലെ 26(1) പ്രകാരം യു.ജി.സിക്ക് ചട്ടം സൃഷ്ടിക്കാവുന്നത് അധ്യാപനം, ഗവേഷണം, പരീക്ഷ എന്നീ മേഖലകളില്‍ മാത്രമാണ് എന്ന് വ്യക്തമായി പറയുന്നുമുണ്ട്. സംസ്ഥാന സര്‍വകലാശാലകളുടെ സാമ്പത്തികം, ഫണ്ടുകളുടെ ശേഖരണം, സര്‍വകലാശാലയുടെ അധികാര പരിധിയില്‍ പെടുന്ന പ്രദേശങ്ങള്‍, സിലബസ്, വിവിധ കോഴ്‌സുകള്‍, ഫീസുകള്‍ ചുമത്തുന്ന രീതി എന്നിങ്ങനെയുള്ളതൊന്നും യു.ജി.സിയുടെ പരിഗണയില്‍ പെടുന്ന കാര്യമല്ല. അതിനെല്ലാം ഉപരി, സര്‍വകലാശാലയുടെ നടത്തിപ്പും ഭരണവും യു.ജി.സിയുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമേ അല്ല.

ആരാണ് വൈസ് ചാന്‍സലര്‍?

എന്നാല്‍ 2010 മുതല്‍ വൈസ് ചാന്‍സലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ യു.ജി.സി ഇടപെടാന്‍ ആരംഭിച്ചു. ആരാണ് വൈസ് ചാന്‍സലര്‍? വൈസ് ചാന്‍സലര്‍ അധ്യാപകരല്ല. അവര്‍ യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസറാണ്. ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, സെനറ്റ് തുടങ്ങിയ സര്‍വകലാശാലയുടെ ഭരണനിര്‍വഹണത്തിനായുള്ള വിവിധ അധികാരസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനദണ്ഡം കൊണ്ടുവരാതെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മാത്രമായാണ് ഇങ്ങനെയൊരു ചട്ടം കൊണ്ടുവന്നത്. യു.ജി.സിയുടെ 7.3 എന്ന ഈ ചട്ടം അള്‍ട്രാ വൈറസായി (ഉള്ളതിനേക്കാളേറെ അധികാരം പ്രകടിപ്പിക്കുന്ന ഒന്നായി) പ്രവര്‍ത്തിക്കുന്നത് കോടതിയില്‍ വേണ്ട രീതിയില്‍ അവതരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മുംബൈ കോടതി, ഒരിക്കല്‍ ഈ ചട്ടം, യു.ജി.സിയുടെ മറ്റ് നിയമാവലികളുമായി ചേര്‍ന്ന് പോകുന്നതല്ല എന്ന് കണ്ടെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണത്തിലൂടെ നടപ്പിലാക്കിയ ചട്ടങ്ങളെ ഉത്തരവുകള്‍ കൊണ്ട് മറികടക്കുകായാണ് ഇവിടെ. അഥവ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിലേയ്ക്കുള്ള കടന്ന് കയറ്റമാണ് യു.ജി.സിയുടെ 7.3 എന്ന ഈ റെഗുലേഷന്‍. കേരളത്തില്‍ ഈ റെഗുലേഷനെ ഉപയോഗിച്ചാണ് തങ്ങളുടെ മേഖലയില്‍ ഏറെ വൈദഗ്ദ്ധ്യമുള്ള വൈസ് ചാന്‍സലര്‍മാരെ ചാന്‍സലര്‍ വേട്ടയാടുന്നത്. ഡോ.ജയരാജിനെ (കോഴിക്കോട് യൂണിവേഴ്‌സിറ്റി) നോക്കൂ, ഇന്ത്യയില്‍ നിന്ന് ലോകമറിയുന്ന വലിയ ശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നൂറ് ശാസ്ത്രജ്ഞരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആള്‍. അദ്ദേഹത്തെ പോലുള്ള ഒരാളെയാണ് ഈ സാങ്കേതികതയുടെ പേരില്‍ തള്ളിപ്പുറത്താക്കുന്നത്.

സാങ്കേതിക സര്‍വകലാശാല വിധിയാണ് ആയുധമാക്കുന്നത്

കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. രാജശ്രീയുടെ പുറത്താക്കലിനെ കോടതി അംഗീകരിച്ചതാണ് മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ നീങ്ങാന്‍ ചാന്‍സലറെ പ്രേരിപ്പിച്ചത്. ഡോ.രാജശ്രീയുടെ കേസിലും സംസ്ഥാന നിയമവും യു.ജി.സി റെഗുലേഷനും തമ്മില്‍ ചേരാത്ത സാഹചര്യം ഉണ്ടായാല്‍ യു.ജി.സി റെഗുലേഷന്‍ പിന്തുടരണമെന്ന നിലപാടാണ് സുപ്രിം കോടതി എടുത്തത്. യു.ജി.സിയുടെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട 7.3 എന്ന ചട്ടം അള്‍ട്രാ വൈറസ് ആണെന്ന കാര്യം അന്ന് കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടില്ല. സുപ്രിം കോടതി യു.ജി.സി റെഗുലേഷനാണ് സംസ്ഥാന നിയമത്തെ മറികടക്കുന്നത് എന്ന് വിധിച്ചതിന്റെ പുറത്ത് സ്വയം ജുഡീഷ്യല്‍ അഥോറിറ്റിയായി മാറിയ ചാന്‍സലര്‍ കോടതിയായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. യു.ജി.സി റെഗുലേഷന്‍ പ്രകാരമല്ലാതെ നിയമിച്ച എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെയും സുപ്രിം കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ നടപടിയെടുക്കാന്‍ ആരംഭിക്കുകയാണ് എന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. ഇതേ ചാന്‍സലറാണ് വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതും തെരഞ്ഞെടുപ്പ് വിദഗ്ധസമിതി രൂപവത്കരിച്ചതും സമിതിയുടെ ശുപാര്‍ശകള്‍ സ്വീകരിച്ചും ഞങ്ങളെ എല്ലാവരേയും നിയമിച്ചതും. ഇതിലെന്തെങ്കിലും പിശക് പറ്റിയിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചാന്‍സലറാണ്. അഥവ തെറ്റ് ചെയ്തയാളാണ് സുപ്രിം കോടതിയുടെ ഒരു വിധി ചൂണ്ടിക്കാണിച്ച് സ്വയം കോടതിയായി മാറിയത്. സുപ്രിം കോടതിയുടെ ഒരു വിധി നടപ്പാക്കാന്‍ പറ്റുന്ന സാഹചര്യങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് മറ്റൊരു കോടതിയാണ്.

എന്തായാലും പ്രൊഫ.ജയരാജിന്റെയും എന്റെയും പുറത്താക്കലിന് വ്യത്യസ്ത കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രൊ.ജയരാജിനെ തെരഞ്ഞെടുത്ത സമിതിയില്‍ ചീഫ് സെക്രട്ടറിയായിരുന്നു ഒരംഗമെന്നും അദ്ദേഹം സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥനാണ്, അക്കാദമീഷ്യനല്ല എന്നുമുള്ള ചാന്‍സലറുടെ നിഗമനത്തെ കോടതി നിരാകരിച്ചു. ചീഫ് സെക്രട്ടറി സ്വയമേവ ഒരു അക്കാദമീഷ്യന്‍ ആണെന്നും അദ്ദേഹം പ്രബന്ധങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മറ്റൊരു തൊഴില്‍ മേഖലയിലാണുള്ളത് എന്നത് കൊണ്ട് മാത്രം അക്കാദമീഷ്യനല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പറ്റില്ല എന്നും പറഞ്ഞാണ് അദ്ദേഹത്തെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്. എന്നാല്‍ എന്റെ കേസില്‍ ശ്രീശങ്കര യൂണിവേഴ്‌സിറ്റിയുടെ നിയമാവലി പ്രകാരമാണ് തെരഞ്ഞെടുക്കല്‍ സമിതി പ്രവര്‍ത്തിച്ചത്. ഏറ്റവും യോഗ്യനായ ഒരാളെ ഏകകണ്ഠമായി തെരഞ്ഞെടുക്കുക എന്ന രീതി. ഈ രീതിയില്‍ അവര്‍ എന്നെ തെരഞ്ഞെടുത്തുവെങ്കിലും അത് യുജിസി റെഗുലേഷനെതിരാണ് എന്നുള്ളത് കൊണ്ടാണ് കോടതി എന്റെ പുറത്താക്കലിനെ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. എന്നാല്‍ യു.ജി.സിയുടെ 7.3 ചട്ടം അള്‍ട്രാ വൈറസ് ആണോ എന്നും ചാന്‍സലര്‍ക്ക് ഈ പുറത്താക്കലിന് അധികാരമുണ്ടോ എന്നമുള്ള നിയമ വശം കോടതി പരിശോധിക്കും. എന്നാല്‍ എന്നെ പുറത്താക്കിയത് സ്റ്റേ ചെയ്യാന്‍ കോടതി വിസമതിക്കുകയും ചെയ്തു. ഒരാളെ തൂക്കി കൊല്ലാന്‍ തീരുമാനിച്ചതിന് ശേഷം ശരിയായ നിയമ വശം ഉപയോഗിച്ചാണോ തൂക്കി കൊന്നത് എന്ന് പരിശോധിക്കുന്നത് പോലെയാകുമത്. ഇതെല്ലാം പിന്നീട് പരിശോധിക്കും. പക്ഷേ ഞാനിപ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏകീകൃത സിവില്‍ കോഡ്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങിലെ എല്ലാ സര്‍വകലാശാലകള്‍ക്കും അതിന്റേതായ ചരിത്രമുണ്ട്. പ്രദേശികമായി ഇവിടെ നിലനില്‍ക്കുന്നവെന്നതില്‍ മാത്രമല്ല, സംസ്‌കാരത്തിലും വിദ്യാഭ്യാസ ചരിത്രത്തിലും ഇവയ്‌ക്കെല്ലാം ഒരിടമുണ്ട്. ഈ സര്‍വകലാശാലകള്‍ക്കെല്ലാമുള്ള നിയമങ്ങള്‍ ഒരേ പോലെയല്ല. എല്ലാ സര്‍വകലാശാലകള്‍ക്കും അതിന്റെ പ്രത്യേകതകളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്ന തനതായ നിയമാവലിയാണുള്ളത്. ഇത് രൂപപ്പെടുത്തിയതാകട്ടെ തികഞ്ഞ ഗൗരവത്തോടെയുള്ള പാര്‍ലമെന്ററി സംവിധാനത്തിലൂടെയുമാണ്. ഇതിനെയെല്ലാം, യു.ജി.സി എന്ന ഏജന്‍സിയെ ഉപയോഗിച്ച് ഏകീകൃത സ്വഭാവത്തിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏകീകൃത സിവില്‍ കോഡാണ്.

എല്ലാ സര്‍വകലാശാലകള്‍ക്കും അവരുടെ വ്യത്യസ്തമായ പ്രദേശിക സ്വഭാവങ്ങളേയും ചരിത്രത്തേയും പ്രവര്‍ത്തന രീതികളേയും മറികടന്ന് ഒരു ചട്ടം, ഒരു നിയമം, ഒരു സംവിധാനം നിലവില്‍ വരുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്നതാണ്. സംസ്ഥാനത്തെ നിയമനിര്‍മാണ സംവിധാനത്തിന് മേല്‍ കേന്ദ്രം അധികാരം സ്ഥാപിക്കുകയാണ്. ഇതുവഴി രാജ്യത്തെ സകല സംസ്ഥാന സര്‍വ്വകലാശാലകളിലേയും വൈസ് ചാന്‍സലര്‍ നിയമനം -കേന്ദ്ര സര്‍വകലാശാലകളില്‍ ഇപ്പോഴും അങ്ങനെയാണ്- കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. യു.ജി.സി പ്രതിനിധികളും ചാന്‍സലറും വഴിയാകും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

ആരാണ് ചാന്‍സലര്‍?

മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം കൂടിയുണ്ട്. വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ള വിദഗ്ദ്ധ സമിതിക്ക് മുന്നില്‍ ഈ യു.ജി.സി റെഗുലേഷന്‍ വഴി ഒരു നിബന്ധന വയ്ക്കുന്നു. ഒരു പേര് മാത്രമായി നല്‍കരുത്. മൂന്നു പേരുകള്‍ സമിതി ചാന്‍സലര്‍ക്ക് നല്‍കണം. ചാന്‍സലറാണ് അവസാന തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ആരാണ് ചാന്‍സലര്‍? സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നത് കൊണ്ട് മാത്രം ചാന്‍സലര്‍ എന്ന പദവിയുള്ള ആള്‍. ഗവര്‍ണറാകാനുള്ള യോഗ്യത എന്താണ്? അതിന് ഒരു യോഗ്യതയും ആവശ്യമില്ല. അഥവാ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിലോ സര്‍വകലാശാല ഭരണത്തിലോ ഒരു മുന്‍പരിചയമോ വൈദഗ്ധ്യമോ യോഗ്യതയോ ഇല്ലാത്ത ആളാണ് അവസാന തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അത് തന്നെ സ്വാഭാവിക നീതിക്ക് എതിരാണ്. പക്ഷേ അത് കേന്ദ്രസര്‍ക്കാരിന് വേണ്ടി നടപ്പാക്കപ്പെടുന്നു. അത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. കേന്ദ്ര സര്‍വകലാശാലകളില്‍ നടന്നത് പോലെ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണമായ നിയന്ത്രണത്തിലേയ്ക്ക് സംസ്ഥാന സര്‍വകലാശാലകളെയും തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഗവര്‍ണര്‍മാരുടെ രാഷ്ട്രീയക്കളി

ചീഫ് സെക്രട്ടറി സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ഉള്‍പ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ് എന്നുള്ള വാദവും ഇടയ്ക്ക് ഉയര്‍ന്നിരുന്നു. പക്ഷേ സംസ്ഥാന സര്‍വകലാശാലകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിംഗിലാണ് പ്രവര്‍ത്തിക്കുന്നത് എന്നോര്‍ക്കണം. മാത്രമല്ല, പല സര്‍വകലാശാലകളും സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ-സാമൂഹിക നയങ്ങളുടെ ഭാഗമായി രൂപപ്പെട്ടതുമാണ്. അതിന്റെ മേല്‍നോട്ടവും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. ചാന്‍സലര്‍ ആയ ഗവര്‍ണറുടെ രാഷ്ട്രീയവും നമ്മളപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ. രാഷ്ട്രപതി എന്നത് പോലെ സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്പക്ഷ തലവനായി പ്രവര്‍ത്തിക്കണമെന്നാണ് നമ്മുടെ ഭരണഘടന ഗവര്‍ണര്‍മാരോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണമാര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്? പ്രത്യേകിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി രാഷ്ട്രീയം കളിക്കുകയാണ്. ഈ ഗവര്‍ണറുടെ അഥവ ചാന്‍സലറുടെ പക്കലാണ് അധികാരം എന്നുള്ളതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്‌നം.

സര്‍വകലാശാലകളുടെ സ്വയം ഭരണമാണ് പ്രധാനപ്പെട്ട പ്രശ്‌നം. എല്ലാ സര്‍വകലാശാലകളേയും നമുക്ക് ഒരുപോലെ കണക്കാക്കാന്‍ പറ്റില്ല. ഐ.ഐ.ടികളുടെ പ്രവര്‍ത്തനങ്ങളും രീതിയും സ്വഭാവവും ലക്ഷ്യവും ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുമായോ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റിയുമായോ താരതമ്യപ്പെടുത്താന്‍ പറ്റില്ല. ഒരോ സര്‍വകലാശാലകളും ആഗ്രഹിക്കുന്ന തനത് അക്കാദമിക് അന്തരീക്ഷമാണ് ഉണ്ടായി വരേണ്ടത്. സര്‍വകലാശാലകളെ മുന്നോട്ട് നയിക്കാന്‍ പര്യാപ്തമായ രാഷ്ട്രീയ ഇടപെടലുകളെ ഉണ്ടാകാന്‍ പാടൂള്ളൂ. സംസ്ഥാന കേന്ദ്രഭരണങ്ങളില്‍ നിന്ന് അവ അകന്ന് നില്‍ക്കുകയും അക്കാദമിക് പണ്ഡിതര്‍ തന്നെ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടാകണം. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നേരത്തേ വൈസ് ചാന്‍സലറെ തെരഞ്ഞെടുത്തിരുന്നത് അക്കാദമിക് കൗണ്‍സില്‍ ആയിരുന്നു. സര്‍വകലാശാലയ്ക്ക് അകത്ത് നിന്നോ പുറത്ത് നിന്നോ ഉള്ള, അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യം ഉള്ള ഒരാളെ തെരഞ്ഞെടുക്കുകയാണ് പതിവ്. ഇപ്പോള്‍ അത്തരം സകല സ്വയം ഭരണാവകാശങ്ങളും അട്ടിമറിക്കപ്പെട്ടു. സകലതും കേന്ദ്രീകരിക്കപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രൊഫ. ശ്യാം മേനോന്‍ അധ്യക്ഷനായ ആ സമിതിയില്‍ ഞാനും അംഗമായിരുന്നു. ആ സമിതിയുടെ നിര്‍ദ്ദേശങ്ങളിലൊന്ന് ദേശീയ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും അറിയപ്പെടുന്ന, വിവിധ മേഖലകളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരെ, ഉള്‍പ്പെടുത്തി ഒരു ഗവേര്‍ണിങ് ബോഡി ഉണ്ടാക്കണമെന്നും ആ ബോഡിയായിരിക്കണം ഒരോ സര്‍വകലാശാലകളുടേയും സാഹചര്യങ്ങള്‍ പരിഗണിച്ച് വൈസ് ചാന്‍സലര്‍മാരെ തീരുമാനിക്കേണ്ടത് എന്നാണ്. അക്കാദമിക്, ബൗദ്ധിക രാഷ്ട്രീയത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാകും; പക്ഷേ വിഭാഗീയ രാഷ്ട്രീയം അവിടെ നിന്ന് ഒഴിവായി കിട്ടും.

എന്റെ പോരാട്ടം എനിക്കു വേണ്ടിയല്ല

എന്നെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചുവെങ്കിലും ഇത് സംബന്ധിച്ച നിയമ പോരാട്ടം ഞാന്‍ അവസാനിപ്പിക്കില്ല. ഇത് എനിക്ക് വൈസ് ചാന്‍സലറായി തുടരാനല്ല. മറിച്ച് ഫാഷിസം ഉന്നം വയ്ക്കുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസം എന്ന് ഭയമുള്ളത് കൊണ്ടാണ്. അതിനെ സംരക്ഷിക്കാനുള്ള പോരാട്ടം അതി നിര്‍ണായകമാണ്. ജ്ഞാനോത്പാദനവും ബൗദ്ധിക ജീവിതവും ഇല്ലാതാക്കപ്പെടുന്നതും അത് മറ്റ് പലരാജ്യങ്ങളും നമ്മള്‍ കണ്ടിട്ടുള്ളത് പോലെ വിഭാഗീയ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിന് കനത്ത ആഘാതമേല്‍പ്പിക്കും. കഴിഞ്ഞ മൂന്ന് മൂന്നര പതിറ്റാണ്ടായി അധ്യാപക വൃത്തി ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഇതിനെതിരേ പോരാടേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഇന്ത്യയ്ക്കകത്തും പുറത്തും പഠിപ്പിച്ചിട്ടുണ്ട്, ബ്രിട്ടണില്‍, ജപ്പാനില്‍, യു.എ.ഇയില്‍ എന്നിങ്ങനെ. ഓസ്‌ട്രേലിയിലും സിംഗപ്പൂരിലും അടക്കമുള്ള സര്‍വകലാശാലകളുടെ അക്കാദമിക് ബോര്‍ഡുകളില്‍ അംഗമായിട്ടുണ്ട്. ഇവിടെയെല്ലാം വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നതും പരസ്പരം തര്‍ക്കങ്ങളും ആശയവൈരുദ്ധ്യങ്ങളും ഉണ്ടായി വരുന്നതും കണ്ടിട്ടുണ്ട്. പക്ഷേ ഇതുവരെ കാണാത്ത ഒരു അന്തരീക്ഷമാണ് ഇപ്പോഴിവിടെ ഉള്ളത്. അത് ഉന്നതവിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ജീവിതത്തിന്റെ സര്‍വതുറകളിലും അധികാര നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്ത് സിലബസ് പഠിപ്പിക്കണം, ഏത് തരം പഠനക്രമമാണ് പിന്തുടരേണ്ടത്, ആരെയാണ് അധ്യാപകരായി നിയമിക്കേണ്ടത് എന്ന് മുതല്‍ വൈസ് ചാന്‍സലര്‍ നിയമനം വരെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലേയ്ക്ക് നീങ്ങുകയാണ്. ഇത് ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസും ജനതാപാര്‍ട്ടിയുമൊക്കെ കേന്ദ്രം ഭരിച്ചിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മാറി മാറി ഭരിച്ചു. ഇത് പക്ഷേ തികച്ചും പുതിയ ഒരു പോരാട്ടമാണ്. കാരണം ഇത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പിടിച്ചെടുക്കാന്‍ വലതുപക്ഷം ശ്രമിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഇത് നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളത് ജര്‍മനിയിലും ഇറ്റലിയിലുമാണ്. അതാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. എറിക്കാ മാനിന്റെ ‘സ്‌കൂള്‍ ഫോര്‍ ബാര്‍ബേറിയന്‍സ്’ എന്ന പുസ്തകത്തില്‍ എങ്ങനെയാണ് നാസി പാര്‍ട്ടി ജര്‍മനിയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഘടനാപരമായി പിടിച്ചെടുത്തത് എന്ന് കാണാം. അത് തന്നെയാണ് ഇവിടെയും അതുപോലെ തന്നെ ആവര്‍ത്തിക്കുന്നത്. ഇത് കേന്ദ്ര സര്‍വകലാശാലയില്‍ നടപ്പാക്കപ്പടുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. അത് തന്നെ ഇവിടെയും സംഭവിക്കുന്നു. അത് ശരിയായ ദുരന്തമാണ്.

കടപ്പാട്; ദ വയര്‍

Share on

മറ്റുവാര്‍ത്തകള്‍