UPDATES

സൈന്യത്തിനെതിരായ റിപ്പോര്‍ട്ട് പിന്‍വലിക്കണം; കാരവന്‍ മാഗസിന് കേന്ദ്രസര്‍ക്കാര്‍ ഭീഷണി

24 മണിക്കൂറിനുള്ളില്‍ ലേഖനം നീക്കം ചെയ്തില്ലെങ്കില്‍, വെബ്സൈറ്റ് തന്നെ നീക്കം ചെയ്യുമെന്നാണ് കാരവന് നല്‍കിയരിക്കുന്ന മുന്നറിയിപ്പ്

                       

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി ഏറ്റെടുക്കാനും സാറ്റ്ലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നതിന് ലേലരഹിത മാര്‍ഗം സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിനെ അനുവദിക്കുന്നതുള്‍പ്പടെ പല മാറ്റങ്ങളോടെയുമാണ് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സ്വാതന്ത്രത്തെ സാരമായി ബാധിക്കുന്നതായിരിക്കും പ്രാബല്യത്തിലാകുന്ന പുതിയ നിയമം വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴി വക്കുകയും ചെയ്തിരുന്നു.

ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ 2021-ലും പിന്നീട് 2023-ലും ഭേദഗതി വരുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് ഒരു മാധ്യമ സ്ഥാപനത്തിനെതിരേ ഉപയോഗിച്ചിരിക്കുകയാണിപ്പോള്‍. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സാധാരണക്കാര്‍ക്കെതിരേ നടന്ന പീഡനവും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സൈന്യത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ലേഖനം പിന്‍വലിക്കാന്‍ കാരവന്‍ മാസികയോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം തങ്ങള്‍ക്ക് ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ ഉത്തരവിനെ തങ്ങള്‍ വെല്ലുവിളിക്കുമെന്നും കാരവന്‍ എക്സില്‍ പങ്കു വച്ച കുറിപ്പിലൂടെ അറിയിച്ചു. കൂടാതെ തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറിന്റെ ഉള്ളടക്കം രഹസ്യമാണെന്നും കുറിപ്പില്‍ മാഗസിന്‍ പറയുന്നുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൂടുമോ? പുതിയ ടെലികോം ബില്ലിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

24 മണിക്കൂറിനുള്ളില്‍ കാരവന്റെ വെബ്സൈറ്റില്‍ നിന്ന് ലേഖനം നീക്കം ചെയ്തില്ലായെങ്കില്‍, വെബ്സൈറ്റ് തന്നെ നീക്കം ചെയ്യുമെന്നാണ് മാഗസിനെ അറിയിച്ചിരിക്കുന്നത്‌. വെബ്സൈറ്റില്‍ കൂടാതെ വരിക്കാര്‍ക്ക് അയക്കുന്ന ന്യൂസ് സ്റ്റാന്‍ഡുകളില്‍ വില്‍ക്കുന്ന മാസികയുടെ അച്ചടി പതിപ്പിലും പ്രസ്തുത ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസികയുടെ ഫെബ്രുവരി ലക്കത്തിലാണ് ജേര്‍ണലിസ്റ്റ് ജതീന്ദര്‍ കൗര്‍ തൂര്‍ എഴുതിയ ‘സൈനിക പോസ്റ്റില്‍ നിന്നുള്ള നിലവിളി’ (‘Screams from the Army Post’) എന്ന തലകെട്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 2023 ഡിസംബര്‍ 22-ന് അജ്ഞാതരായ സൈനികര്‍ മൂന്ന് സിവിലിയന്മാരെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള വിപുലമായ ഒരു റിപ്പോര്‍ട്ടായിരുന്നു ജതീന്ദര്‍ കൗറിന്റേത്. സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ചാണ് മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്നും പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ വിഷയത്തെ പറ്റി അന്വേഷിച്ചു വരികയെന്നാണ് സൈന്യത്തിന്റെ പ്രതികരണം.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച് തയ്യാറാക്കിയതാണ് ദ കാരവന്റെ റിപ്പോര്‍ട്ട്. മൂന്ന് പേരുടെയും മരണശേഷം അവരുടെ കുടുംബങ്ങള്‍ക്ക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചില്ലെന്നും പകരം 10,0000 രൂപ നല്‍കുകയും ചെയ്തു. മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 25 ലധികം ആളുകളെ സൈന്യം പിടികൂടി ക്രൂര പീഡനങ്ങള്‍ക്കിരയാക്കി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ ഇത്തരം കാര്യങ്ങളെ കുറിച്ച് ചോദിക്കാന്‍ പോലീസ്, ആര്‍മി, ജില്ലാ ഭരണകൂടം തുടങ്ങിയ ബന്ധപ്പെട്ട അധികാരികളെ തങ്ങളുടെ റിപ്പോര്‍ട്ടര്‍ ഒന്നിലധികം തവണ സമീപിച്ചെങ്കിലും ആരും ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ലായെന്നും ദ കാരവന്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയശേഷം ലാത്തിയും ഇരുമ്പ് വടികളും കൊണ്ട് തല്ലി, മുറിവുകളില്‍ മുളകുപൊടി വിതറി’

2023 ഡിസംബര്‍ 18 തിങ്കളാഴ്ച്ചയാണ് ലോക്സഭയില്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ അവതരിപ്പിക്കുന്നത്. നാലു ദിവസത്തിനപ്പുറം, ഡിസംബര്‍ 21 ന് ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 കേന്ദ്രസര്‍ക്കാര്‍ പാസാക്കി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളെയും ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകളെയും നിയന്ത്രിക്കുന്നതാണ് പുതിയ ബില്‍. ദി വയര്‍ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമ സ്ഥാപനങ്ങള്‍ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.

Share on

മറ്റുവാര്‍ത്തകള്‍