കടുത്ത നടപടികളുമായി സുപ്രിം കോടതി
ബാബ രാംദേവിന്റെ പതഞ്ജലിയുടെ ആയുര്‍വേദ ഉത്പന്നങ്ങളുടെ വ്യാജപരസ്യങ്ങളില്‍ കടുത്ത നടപടികളുമായി സുപ്രിം കോടതി. ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാരിനെയും കോടതി കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടിച്ചിരിക്കുകയാണെന്നായിരുന്നു പരമോന്നത കോടതി ഇന്ന്(ഫെബ്രുവരി 27) നടത്തിയ വിമര്‍ശനം. പരസ്യം ചെയ്യുന്നതില്‍ നിന്നും പതഞ്ജലിയെ വിലക്കിയ കോടതി കമ്പനിക്ക് കോടതിയലക്ഷ്യ നോട്ടീസും അയച്ചിട്ടുണ്ട്.
പതഞ്ജലി ആയുര്‍വേദയുടെ മരുന്നുകള്‍ പല രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്ന തരത്തില്‍ ‘വ്യാജവും’, ‘തെറ്റിദ്ധരിപ്പിക്കുന്ന’തുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പരസ്യങ്ങള്‍ പിന്‍വലിക്കാമെന്ന് പതഞ്ജലി ഉറപ്പ് നല്‍കിയിട്ടും പിന്നെയും കമ്പോളത്തില്‍ ഇത്തരം പരസ്യങ്ങള്‍ പ്രചരിപ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്. തെറ്റായ അവകാശവാദങ്ങളുമായി പുറത്തിറക്കുന്ന ഓരോ ഉത്പനത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്നു കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കമ്പനി ഉടമ്പടി ലംഘിച്ചുവെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച കോടതി പതഞ്ജലി ആയുര്‍വേദിനും ആചാര്യ ബാലകൃഷ്ണയ്ക്കും (പതഞ്ജലി മാനേജിംഗ് ഡയറക്ടര്‍) കോടതിയലക്ഷ്യത്തിന് എന്തുകൊണ്ട് നടപടിയെടുക്കരുത് എന്നതില്‍ വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1954 ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്മെന്റ്) ആക്ടില്‍ വ്യക്തമാക്കിയിട്ടുള്ള രോഗങ്ങള്‍/അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കുന്നതിനായി പതഞ്ജലി ആയുര്‍വേദിന്റെ ഉല്‍പ്പന്നങ്ങള്‍ പരസ്യം/ബ്രാന്‍ഡിംഗ് ചെയ്യുന്നതില്‍ നിന്നും കമ്പനിയെ കോടതി വിലക്കിയിട്ടുണ്ട്. പതഞ്ജലി ആയുര്‍വേദ ഏതെങ്കിലും ഔഷധ സമ്പ്രദായത്തിനെതിരേ പ്രതികൂലമായ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും.
കോവിഡ് വാക്സിനേഷന്‍ പ്രചാരണത്തിനും ആധുനിക മരുന്നുകള്‍ക്കുമെതിരായി പതഞ്ജലി നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളും നിഷേധാത്മകമായ പരസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ കര്‍ശനമായ താക്കീത് കമ്പനിക്ക് നല്‍കിയിരിക്കുന്നത്.
ഇത്തരം പരസ്യങ്ങള്‍ നിരോധിക്കണമെന്നു നിയമം പറയുമ്പോഴും നിങ്ങള്‍ രണ്ടു വര്‍ഷമായി കാത്തിരിക്കുകയാണോ എന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് സുപ്രിം കോടതി ചോദിച്ചത്. തങ്ങള്‍ ഈ വിഷയം(പതഞ്ജലി പരസ്യങ്ങള്‍) വളരെ ഗൗരവത്തില്‍ പരിശോധിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഉചിതമായ പരിഹാരം കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം ഉചിതമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു സമ്മതിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, നിയമപ്രകാരം നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണെന്നാണ് കോടതിയെ അറിയിച്ചത്. എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തങ്ങളെ അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
രാവിലത്തെ സെഷനില്‍ കേസ് പരിഗണിച്ചപ്പോള്‍ വളരെ കടുത്ത ഭാഷയിലായിരുന്നു ജസ്റ്റീസ് അമാനുള്ള പതഞ്ജലിയെ ശാസിച്ചത്. കോടതി നിര്‍ദേശം അവഗണിച്ചും വീണ്ടും തെറ്റായ പരസ്യങ്ങള്‍ പുറത്തിറക്കിയത് കോടതിയെ വല്ലാതെ ചൊടിപ്പിച്ചുണ്ടെന്നായിരുന്നു ജസ്റ്റീസ് അമാനുള്ളയുടെ വാക്കുകള്‍. നിങ്ങള്‍ ഉത്തരവ് ലംഘിച്ചു, ഞങ്ങളിന്ന് കര്‍ശനമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ പോവുകയാണ്. കോടതി ഉത്തരവ് മറികടന്നും പരസ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യം വന്നു. ശാശ്വതമായ ആശ്വാസം, എന്താണ് ശ്വാശതമായ ആശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്? രോഗശാന്തിയാണോ? നിങ്ങള്‍ കോടതിയെ പ്രകോപിപ്പിക്കുകയാണ്, ഞങ്ങള്‍ വളരെ കര്‍ശനമായ ഉത്തരവ് തന്നെ പുറപ്പെടുവിക്കാന്‍ പോവുകയാണ്’ ജസ്റ്റീസ് അമാനുള്ളയെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 നവംബര്‍ 21 ന് സുപ്രിം കോടതി ഉത്തരവ് ഇറക്കിയതിന്റെ തൊട്ടു പിറ്റേദിവസം തന്നെ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണനും ചേര്‍ന്ന് വാര്‍ത്തസമ്മേളനം വിളിച്ചെന്നും അതില്‍ തെറ്റായ അവകാശവാദങ്ങള്‍ അവര്‍ വീണ്ടും ഉന്നയിച്ചുവെന്നാണ് ഐഎംഎയുടെ അഭിഭാഷകന്‍ പി എസ് പട്‌വാല കോടതിയോട് പറഞ്ഞത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്തമ, വാതം, നേത്രരോഗം എന്നിവയ്ക്ക് ശ്വാശതമായ പ്രതിവിധിയാണ് പതഞ്ജലി ഔഷധങ്ങളെന്ന പേരില്‍ അവര്‍ വീണ്ടും പരസ്യങ്ങള്‍ ചെയ്തതായും ഐഎംഎ കോടതിയോട് പറഞ്ഞു. 2023 ഡിസംബര്‍ 4 ലെ ദ ഹിന്ദുവിലെ പരസ്യവും വാര്‍ത്ത സമ്മേളനത്തിന്റെ യൂട്യൂബ് ലിങ്കും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നവംബറില്‍ ഇതേ കേസ് പരിഗണിച്ച ജസ്റ്റീസ് അസനുദ്ദീന്‍ അമാനുള്ളയും ജസ്റ്റീസ് പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങിയ ഡിവിഷന്‍ ബഞ്ച് പതഞ്ജലി സ്ഥാപകന്‍ ബാം രാംദേവിന് ശക്തമായ താക്കീത് നല്‍കിയിരുന്നതാണ്. പതഞ്ജലി ആയുര്‍വേദയുടെ തെറ്റിദ്ധരിപ്പിക്കുന്നതായ എല്ലാ പരസ്യങ്ങളും എത്രയും വേഗം പിന്‍വലിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇത്തരം ലംഘനങ്ങളെ കോടതി അതീവഗൗരവത്തിലാണ് കാണുന്നതെന്നും, പ്രത്യേകരോഗത്തെ ഭേദമാക്കാന്‍ കഴിയുമെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ചെയ്യുന്ന ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ വരെ പിഴചുമത്തുന്ന കാര്യവും കോടതി പരിഗണിക്കുന്നുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
ആയുര്‍വേദവും അലോപ്പതിയും തമ്മിലുള്ള തര്‍ക്കമായി ഈ കേസ് മാറ്റണമെന്നില്ലെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ള മെഡിക്കല്‍ പരസ്യങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഡിവിഷന്‍ ബഞ്ച് മുന്‍പ് വ്യക്തമാക്കിയിരുന്നു.