UPDATES

കാമ്പസുകളില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയ പ്രചാരണം നടത്തുന്ന യുജിസി

മോദി സെല്‍ഫി പോയിന്റിന് പിന്നാലെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ലോഗോ പ്രദര്‍ശനം

                       

നരേന്ദ്ര മോദി സര്‍ക്കാര്‍ 2015 ല്‍ ആവിഷ്‌കരിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിയുടെ ലോഗോ രാജ്യത്തെ സര്‍വകലാശാലകളിലും കോളജുകളിലും സ്ഥാപിക്കണമെന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നിര്‍ദേശം വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരിക്കുന്നു.

സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ രാഷ്ട്രീയ പ്രചാരണം മുന്നോട്ട് കൊണ്ട് പോകുന്നതിനും അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തില്‍ ഇടപെടുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നാണ് ‘ദ ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പയ്നിന്റെ നോഡല്‍ കേന്ദ്രമായ കേന്ദ്ര വനിത-ശിശുവികസന മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് യുജിസി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ക്കും ഒപ്പം എല്ലാ കോളേജുകളിലെയും പ്രിന്‍സിപ്പാള്‍മാര്‍ക്കും കോളേജുകളില്‍ പദ്ധതിയുടെ ലോഗോകള്‍ ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ക്കിടയില്‍ പെണ്‍കുട്ടികളുട മൂല്യത്തെ പറ്റി അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞ് കത്തയച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ മൂല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കൂടാതെ, ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ലോഗോയും, ടാഗ്ലൈനും ബോധവത്കരണ പരിപാടികളില്‍ ഉള്‍പ്പെടുത്തണമെന്നും വനിത-ശിശു വികസന മന്ത്രാലയം(MWCD) അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. അതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെബ്സൈറ്റുകള്‍, പോര്‍ട്ടലുകള്‍, സ്റ്റേഷനറി ഉത്പന്നങ്ങളിലും ഒപ്പം മറ്റു പരിപാടികളിലും പദ്ധതിയുടെ ലോഗോ ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള പ്രതിബദ്ധത അറിയിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം കത്തിലൂടെ അവകാശപ്പെടുന്നുണ്ട്.

കാമ്പസുകളില്‍ ‘മോദി സെല്‍ഫി പോയിന്റ്’

കൂടാതെ, സര്‍വകലാശാല ആക്റ്റിവിറ്റി മോണിറ്ററിംഗ് പോര്‍ട്ടലില്‍ പദ്ധതി വഴി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളോടൊപ്പം ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാനും ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മന്ത്രാലയം അയച്ച കത്ത് സര്‍ക്കാരിന് വേണ്ടി രാഷ്ട്രീയ പ്രചരണം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ അംഗം മായ ജോണ്‍ ടെലിഗ്രാഫിനോട് പറഞ്ഞു. സര്‍ക്കാരിന്റെ ഇത്തരം ഗൂഢ നീക്കങ്ങള്‍ സര്‍വ്വകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധ്യാപനം, ഗവേഷണം തുടങ്ങിയവയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും മായ ജോണ്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ജി 20, സ്വച്ഛത കാമ്പയ്ന്‍ തുടങ്ങിയ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണം എന്ന പേരില്‍ നിലവില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്കായി സര്‍ക്കാരും യുജിസിയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരന്തരം ഉപയോഗിക്കുന്നത് ഒരു സ്ഥിരം പ്രവണതയായി മാറിയിരിക്കുന്നുവെന്നും ഇതെല്ലാം തന്നെ കൃത്യമായ രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗാമാണെന്നും മായ ജോണ്‍ പറയുന്നു.

പാഠ്യ നിലവാരം നിലനിര്‍ത്താനുള്ള ഉത്തരവില്‍ നിന്ന് യുജിസി വ്യതിചലിക്കുകയാണെന്നു മറ്റൊരു അക്കാദമിക് നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അതിന്റെ സുപ്രധാന ഉത്തരവില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി വ്യതിചലിക്കുകയാണെന്നും കമ്മീഷന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് നിലവില്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്റെ ബോധപൂര്‍വമായ പ്രവര്‍ത്തികളാണ് ഇവയെല്ലാം തന്നെ. വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങളില്‍ യുജിസിയും സര്‍ക്കാരും ഇടപെടുന്നത് തടയുന്നതിനായി കോടതി ഇടപെടണമെന്നും അധപതിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് യുജിസിയെ നിര്‍ദേശിക്കേണ്ടത് അനിവാര്യമാണെന്നും ഒരു മുന്‍ വൈസ് ചാന്‍സലര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ കട്ടൗട്ടുകളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് ഇറക്കിയ സര്‍ക്കുലറിന് തൊട്ടുപിന്നാലെയാണ് യുജിസിയുടെ ഏറ്റവും പുതിയ നിര്‍ദ്ദേശം വരുന്നത്.

രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതിനായി 2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി. അഞ്ചു വര്‍ഷത്തിനിടെ 848 കോടിയുടെ ബജറ്റ് പദ്ധതിക്കായി വകയിരുത്തിയപ്പോള്‍ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016 നും 2019 നും ഇടയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 446.72 കോടി രൂപയില്‍ 78.91% മാധ്യമങ്ങളില്‍ പരസ്യത്തിനായിട്ടാണ് ചെലവഴിച്ചതെന്ന് സ്ത്രീ ശാക്തീകരണത്തിനുള്ള പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നതിന്റെ അര്‍ത്ഥം. ലിംഗ വിവേചനത്തിനെതിരെ പൗരന്മാരെ ബോധവല്‍ക്കരിക്കാനും പെണ്‍കുട്ടികള്‍ക്കുള്ള ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 100 കോടി രൂപ പ്രാരംഭ ഫണ്ടിംഗിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. 2011ലെ ദേശീയ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍