ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍
ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ സുപ്രിം കോടതിയിൽ നൽകാൻ ജൂൺ 30 വരെ സമയം ആവശ്യപെട്ടിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ ദാതാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ കാലതാമസം നേരിടുമെന്ന് ചൂണ്ടിക്കാണിച്ചാണ് കൂടുതൽ സമയം ആവശ്യപെട്ടിരിക്കുന്നത്. കാലതാമസം നേരിടുമെന്ന് പറയുന്ന ഇതേ ബാങ്ക് തന്നെയാണ് മുൻകാലങ്ങളിൽ സർക്കാർ അന്വേഷണങ്ങൾക്ക് വേണ്ടി ദ്രുത ഗതിയിൽ വിവരങ്ങൾ പങ്കിട്ടിരുന്നതെന്ന് രേഖകൾ തെളിയിക്കുന്നു.
ദാതാക്കളുടെ പേരുവെളിപ്പെടുത്താതിരിക്കാനുള്ള സൗകര്യം ഒരുക്കിനൽകുന്ന വിവാദമായ ഇലക്ടറൽ ബോണ്ട്, ഭരണഘടന വിരുദ്ധമെന്ന് കണ്ടെത്തിയ കോടതി അത് റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു. കൂടാതെ ബോണ്ടുകൾ നൽകിയ എസ്ബിഐയോട് ദാതാക്കളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ദാതാവിന്റെ വിവരവും,തുകയും രണ്ടായി സൂക്ഷിച്ചിരിക്കുന്നത് കൊണ്ട് തന്നെ വിവരങ്ങൾ പൊരുത്തപ്പെടുത്തിയെടുക്കാൻ മാസങ്ങളെടുക്കുമെന്ന് ബാങ്ക് കോടതിയെ അറിയിച്ചു.
2019 ലും 2020 ലും ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള സുപ്രധാന തെളിവുകൾ വെളിപ്പെടുത്തിയ രേഖ ആക്ടിവിസ്റ്റ് ലോകേഷ് ബത്ര കളക്ടീവുമായി പങ്കുവെച്ചിരുന്നു. ഈ രേഖകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരിന് വേഗത്തിൽ നൽകിയിരുന്നതായി കാണിക്കുന്നുണ്ട്. ചിലപ്പോൾ 48 മണിക്കൂറിനുള്ളിൽ സർക്കാരിലേക്കുള്ള ഇലക്ടറൽ ബോണ്ടുകളിൽ ബാങ്ക് മറുപടി നൽകിയിട്ടുണ്ട്.
48 മണിക്കൂറിനുള്ളിൽ രാജ്യത്തെമ്പാടുമുള്ള ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ബിഐ വേഗത്തിൽ ശേഖരിച്ചതായി രേഖകൾ കാണിക്കുന്നു. കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ അഭ്യർത്ഥന പ്രകാരം, ഇലക്ടറൽ ബോണ്ടുകൾക്കായുള്ള ഓരോ വിൽപ്പന വിൻഡോ അവസാനിച്ചതിന് ശേഷവും എസ്ബിഐ ഈ വിവരങ്ങൾ അവർക്ക് സ്ഥിരമായി അയച്ചു കൊണ്ടിരുന്നു. ഈ റിപ്പോർട്ടുകൾ 2020 വരെ അയച്ചിട്ടുണ്ടെന്ന് കളക്ടീവ് സ്ഥിരീകരിച്ചു.
രാഷ്ട്രീയ പാർട്ടികൾക്ക് വിൽക്കുകയും റിഡീം ചെയ്യുകയും ചെയ്ത ഇലക്ടറൽ ബോണ്ടുകളുടെ ഒരു റെക്കോർഡ് അതായത് ഓഡിറ്റ് ട്രയൽ എസ്ബിഐ സൂക്ഷിക്കുന്നുണ്ടെന്ന് രേഖകൾ കാണിക്കുന്നു. ഓരോ ബോണ്ടിലും ഒരു സീരിയൽ നമ്പർ ഉപയോഗിച്ചാണ് അതിനെ തിരിച്ചറിയുന്നത്. 2018 ൽ കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് പദ്ധതി ആരംഭിച്ചപ്പോൾ ഒരു സീരിയൽ നമ്പർ വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന് വേഗത്തിൽ നൽകിയ ബാങ്ക്, ദാതാക്കളുടെ ഡാറ്റയും, ബോണ്ടുകൾ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ ഡാറ്റയും വേറിട്ട് സംഭരിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്താനാണ് കോടതിയിൽ വിശദീകരണം നൽകുന്നത്.
കടപ്പത്രങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുള്ള, ശാഖകളിൽ നിന്നുള്ള വിവരങ്ങൾ സീൽ ചെയ്ത കവറുകളിൽ മുംബൈ ആസ്ഥാനത്തേക്ക് അയച്ചതായി എസ്ബിഐ ഉറപ്പിച്ചു പറയുന്നു. അതുപോലെ, ഈ ബോണ്ടുകൾ പണമാക്കിയ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള ഡാറ്റ, ബ്രാഞ്ചുകൾക്ക് പ്രത്യേകം സീൽ ചെയ്ത കവറുകളിലും അയയ്ക്കുന്നു. അജ്ഞാതത്വം നിലനിർത്തുന്നതിനാണ് ഡാറ്റ വേർതിരിക്കുന്നതെന്ന് ബാങ്ക് അവകാശപ്പെടുന്നു. എസ്ബിഐ പറയുന്നതനുസരിച്ച്, 2019 മുതൽ ഇഷ്യൂ ചെയ്ത 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നവരെ അവയിൽ നിന്ന് പ്രയോജനം നേടിയ രാഷ്ട്രീയ പാർട്ടികളുമായി പൊരുത്തപ്പെടുത്താൻ മാസങ്ങളെടുക്കും.
ഇലക്ടറൽ ബോണ്ടുകൾ ബാങ്കിൽ പണമാക്കുമ്പോൾ തത്സമയം പണം സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദാതാവിനെ ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം 2017 ൽ ആഭ്യന്തരമായി സമ്മതിച്ചതായി രേഖകൾ വെളിപ്പെടുത്തുന്നു. ഇതിനർത്ഥം, ബോണ്ടുകൾ ഇലക്ട്രോണിക് വഴിയോ ഭൗതിക രൂപത്തിലോ വിൽക്കുകയും റിഡീം ചെയ്യുകയും ചെയ്താലും, ബോണ്ട് വാങ്ങുന്നയാളെ ഫണ്ട് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധിപ്പിക്കാൻ എസ്ബിഐക്ക് സാധിക്കുമെന്നാണ്.
ബോണ്ടുകള്‍ വാങ്ങുന്നവരെ പണം സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധിപ്പിക്കാന്‍ എസ്ബിഐക്ക് സാധിച്ചത്, വില്‍പ്പന സമയത്ത് ബാങ്ക് നടത്തിയിരുന്ന വിശദമായ തിരിച്ചറിയല്‍ പ്രക്രിയകളിലൂടെയായിരുന്നു. കെവൈസി പരിശോധനയിലൂടെയും, ബോണ്ടുകളിലെ രഹസ്യ സീരിയല്‍ നമ്പറുകള്‍ ട്രാക്ക് ചെയ്തും ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സുതാര്യമല്ലാത്ത രാഷ്ട്രീയ സംഭാവന സൃഷ്ടിക്കുന്നു എന്ന ആരോപണങ്ങൾ സുപ്രിം കോടതിയിൽ സർക്കാർ പ്രതിരോധിച്ചത് സാധുതയുള്ള കെവൈസിയും ഓഡിറ്റ് ട്രയലും ഉപയോഗിച്ച് ബോണ്ടുകൾ നേടുന്നതിനുള്ള സുതാര്യമായ സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ചൂണ്ടികാണിച്ചായിരുന്നു. കോടതിയിൽ സ്കീമിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകളിൽ, ധനമന്ത്രാലയം പറഞ്ഞത്, “വാങ്ങുന്നയാളുടെ രേഖകൾ എല്ലായ്പ്പോഴും ബാങ്കിംഗ് ചാനലിൽ ലഭ്യമാണ്, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്ക് ആവശ്യമുള്ളപ്പോൾ അത് വീണ്ടെടുക്കാം”എന്നാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍ അധിക സമയം ആവശ്യപ്പെട്ടതിനെ പരിഹസിക്കുന്നവര്‍, ഉപഭോക്തൃ സേവനത്തിലും ബാങ്കിന് ഇതേ മെല്ലേപ്പോക്കാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഗവണ്‍മെന്റിനായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ എസ്ബിഐ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിച്ചിരുന്നു. തീരുമാനങ്ങള്‍ക്കുള്ള സമയം ഒരു ഫോണ്‍ കോളിന്റെ ദൈര്‍ഘ്യം മാത്രമായിരുന്നു.
ഉദാഹരണത്തിന്, 2018-ൽ ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ കാലാവധി കഴിഞ്ഞ നിർദ്ദിഷ്ട ബോണ്ടുകൾ വീണ്ടെടുക്കാൻ എസ്ബിഐയുടെ ന്യൂഡൽഹി ബ്രാഞ്ചിനെ സമീപിച്ചിരുന്നു. മുംബൈയിലെ എസ്ബിഐ കോർപ്പറേറ്റ് ഓഫീസിലെ പ്രത്യേക സംഘമായ ട്രാൻസാക്ഷൻ ബാങ്കിംഗ് യൂണിറ്റിനെ ഡൽഹി ബ്രാഞ്ച് മണിക്കൂറുകൾക്കകം വിവരം അറിയിച്ചു.
ഒരു ഇലക്ടറൽ ബോണ്ടിൻ്റെ ആയുസ്സ് പ്രിൻ്റിംഗ് മുതൽ റിഡംപ്ഷൻ വരെയാണ്. ഇതിന് മേൽനോട്ടം വഹിക്കുന്നത് ട്രാൻസാക്ഷൻ ബാങ്കിങ് യൂണിറ്റാണ്. അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗവൺമെൻ്റിനായി വിവരങ്ങൾ ശേഖരിക്കുകയും ഇലക്ടറൽ ബോണ്ടുകളിലെ പ്രവണതകളെക്കുറിച്ച് ധനകാര്യ മന്ത്രാലയത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇലക്ടറൽ ബോണ്ടുകൾ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമം നിർദ്ദേശിക്കിന്നതിനാൽ, ചില ബോണ്ടുകളുടെ കാലാവധി തീരുമ്പോൾ എസ്ബിഐ ധനമന്ത്രാലയത്തോട് മാർഗനിർദേശം ചോദിച്ചിരുന്നു. കാലഹരണപ്പെട്ട ബോണ്ടുകൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകണമെന്നായിരുന്നു ഉപദേശം. എസ്ബിഐയുടെ കോർപ്പറേറ്റ് ഓഫീസ് വേഗത്തിൽ പ്രവർത്തിക്കുകയും 24 മണിക്കൂറിനുള്ളിൽ ഇത് അനുവദിക്കാൻ ഡൽഹി ഓഫീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ, കാലഹരണപ്പെട്ട ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുക്കാൻ രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞു.
ധനമന്ത്രാലയമോ എസ്ബിഐയോ ഔദ്യോഗിക രേഖകളിൽ ആനുകൂല്യം ലഭിച്ച രാഷ്ട്രീയ പാർട്ടിയുടെ പേര് പരാമർശിച്ചിട്ടില്ല. എന്നാൽ പാർട്ടിയുടെ പക്കൽ ഒരു കോടിയുടെ കാലാവധി കഴിഞ്ഞ 10 ബോണ്ടുകളുണ്ടെന്നും അവ ഡൽഹിയിൽ നിന്ന് വാങ്ങിയ നിർദ്ദിഷ്ട തീയതികളുണ്ടെന്നും എസ്ബിഐ ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു.
എസ്ബിഐ സാങ്കേതികമായി സ്വതന്ത്രമാണെങ്കിലും, അത് പലപ്പോഴും സർക്കാരിൻ്റെ അനുയായിയെ പോലെയാണ് പ്രവർത്തിച്ചിരുന്നത് . ഉദാഹരണത്തിന്, 2018-ല്‍, ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ള ആര്‍ടിഐ എസ്ബിഐക്ക് മുന്നില്‍ വന്നപ്പോള്‍, ബാങ്ക് ധനമന്ത്രാലയത്തിന്റെ അനുമതി തേടുകയാണ് ചെയ്തത്.
സുപ്രിം കോടതി ആവശ്യപ്പെട്ടപ്പോൾ സമയം നീട്ടി നൽകണമെന്നാവിശ്യപെട്ട അതെ ബാങ്ക് തന്നെയാണ് ദ്രുത ഗതിയിൽ വിവരങ്ങൾ കൈ മാറിയിരുന്നത് എന്ന് തെളിയിക്കുന്നതാണ് മേൽ പറയുന്ന സംഭവങ്ങൾ. എന്തുകൊണ്ടാണ് ബാങ്ക് ഈ നയം സ്വീകരിക്കുന്നതെന്ന ചോദ്യവും സ്വാഭാവികമാണ്. അതിനുള്ള ഉത്തരം മുൻ സാമ്പത്തിക, കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിൽ നൽകുന്നുണ്ട്. സാമ്പത്തിക, കാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച 2017 ലും 2018 ലും ഇലക്ടറൽ ബോണ്ട് സ്‌കീം സൃഷ്ടിക്കുന്നതിനും നടപ്പിലാക്കുന്നതിലും ഗാർഗിൽ മേൽനോട്ടം വഹിച്ചിരുന്നു. മാർച്ച് 6 ന് ഡിജിറ്റൽ ന്യൂസ് പ്ലാറ്റഫോമായ മോജോ സ്റ്റോറി, എസ്ബിഐക്ക് കൂടുതൽ സമയം ആവശ്യപ്പെടാൻ നിയമപരമായ അവകാശമുണ്ടോയെന്ന് ഗാർഗിനോട് ചോദിച്ചു. “, ഞാന്‍ മനസിലാക്കിയതില്‍ നിന്ന് എസ്ബിഐ സുപ്രിം കോടതിയുടെ മുമ്പാകെ വെച്ച ഏറ്റവും വലിയ ഒഴിവുകഴിവാണിത്. ഒരുപക്ഷേ ഇങ്ങനെയൊക്കെ കോടതയില്‍ പറയാന്‍ ആരെങ്കിലും പ്രേരിപ്പിച്ചതാകാം. വിവരങ്ങള്‍ ശേഖരിക്കാന്‍ സൈലോകള്‍ തമ്മില്‍ പൊരുത്തപ്പെടുത്തേണ്ടതിന്റെയോ ബന്ധിപ്പിക്കേണ്ടതിന്റെയോ ആവശ്യം വരുന്നില്ല, അതുപോലെ വിവരങ്ങള്‍ കൈമാറുന്നതിന് സമയമെടുക്കേണ്ട കാര്യവുമില്ല. ബോണ്ടുകള്‍ വാങ്ങുന്നവരെയും സ്വീകരിക്കുന്നവരെയും തമ്മില്‍ ബന്ധിപ്പിക്കുമെന്നാണ് എസ് ബി ഐ പറയുന്നത്. ആവശ്യമില്ലാത്ത ആ കാര്യത്തിനുപോലും കൂടുതല്‍ സമയമെടുക്കേണ്ടി വരുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, എല്ലാ ബോണ്ടിനും ഒരു നമ്പര്‍ ഉണ്ട്, അതിനാല്‍ ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാക്കാം.” ഗാർഗിന് തീർച്ചയായും അറിവുണ്ടായിരിക്കണം. കാരണം എസ്ബിഐ ആവശ്യപ്പെട്ടത് പോലെ ഇലക്ടറൽ ബോണ്ടുകളിൽ മറഞ്ഞിരിക്കുന്ന സീരിയൽ നമ്പറുകൾ ഉൾച്ചേർക്കുന്നതിന് മേൽനോട്ടം വഹിച്ചത് അദ്ദേഹമാണ്.
ഈ അന്വേഷണ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് റിപ്പോർട്ടേഴ്‌സ് കളക്റ്റീവാണ്. ഇതിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്.