UPDATES

വിദേശം

ക്രൂരമാണെന്നു കോടതിക്ക് തോന്നുന്നില്ല;  മരണം ഒഴിഞ്ഞു നിന്ന കെന്നത്ത് സ്മിത്ത് ആദ്യത്തെ നൈട്രജന്‍ വധശിക്ഷയുടെ ഇരയാകുമോ?

നൈട്രജൻ വാതകം ഉപയോഗിച്ചുകൊണ്ട് ആദ്യ വധ ശിക്ഷ നടപ്പിലാക്കാനൊരുങ്ങി അലബാമ

                       

അമേരിക്കയില്‍ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള ആദ്യ തീരുമാനം 2024 ജനുവരിയില്‍ അലബാമ സംസ്ഥാനത്ത് നടപ്പിലായേക്കും. നൈട്രജന്‍ ഹൈപ്പോക്‌സിയ രീതി ഉപയോഗിച്ച് ജനുവരി 25-ന് നടപ്പിലാക്കാനിരുന്ന വധശിക്ഷ നിര്‍ത്തലാക്കാനുള്ള പ്രതി കെന്നത്ത് സ്മിത്തിന്റെ അഭ്യര്‍ത്ഥന യുഎസ് ജില്ലാ ജഡ്ജി ഓസ്റ്റിന്‍ ഹഫേക്കര്‍ നിരസിച്ചതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നത്. നൈട്രജന്‍ വാതകം ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ശിക്ഷ രീതി ക്രൂരമാണെന്നും ഇതുവരെ നടന്നിട്ടില്ലാത്ത വധശിക്ഷാ രീതിയുടെ പരീക്ഷണ വസ്തുവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഈ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ ശ്രമിക്കുണ്ടെന്നും കെന്നത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ ആത്യന്തികമായി തുടരാനാകുമോ എന്ന ചോദ്യം യുഎസ് സുപ്രിം കോടതിയില്‍ കെന്നതിന്റെ വധശിക്ഷയോടെ അവസാനിച്ചേക്കാം. ഒക്ലഹോമ, മിസിസിപ്പി, അലബാമ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് നിലവില്‍ നൈട്രജന്‍ ഉപയോഗിച്ചുകൊണ്ടുള്ള ശിക്ഷാ രീതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. ഈ മൂന്ന് സംസഥാനങ്ങള്‍ അല്ലാതെ മറ്റു സംസ്ഥനങ്ങളൊന്നും തന്നെ ഇതുവരെ ഈ രീതി അവലംബിക്കാന്‍ ശ്രമിച്ചിട്ടില്ല.

ഓക്‌സിജനുപകരം നൈട്രജന്‍ ശ്വസിക്കാന്‍ നല്‍കുകയും തുടന്ന് ശരീരത്തിലെ ഓക്സികന്റെ അഭാവം മൂലം മരിക്കുന്ന രീതിയാണ് ഇത്. നൈട്രജന്‍ മാത്രം ശ്വസിക്കാന്‍ ഒരു വ്യക്തിയെ നിര്‍ബന്ധിക്കുകയും ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് നൈട്രജന്‍ ഹൈപ്പോക്‌സിയയ്ക്ക് കാരണമാകുന്നത്. മനുഷ്യര്‍ ശ്വസിക്കുന്ന വായുവിന്റെ 78% നൈട്രജനാണ്, ഓക്‌സിജനുമായി കലര്‍ന്നു ശ്വസിക്കുമ്പോള്‍ ഇത് ദോഷകരമല്ല.

1988-ല്‍ വടക്കന്‍ അലബാമ സമൂഹത്തെ ഇളക്കിമറിച്ച കൊലപാതകത്തിലെ പ്രതിയാണ് കെന്നത് സ്മിത്ത്. ഒരു പാസ്റ്ററുടെ ഭാര്യയായ എലിസബത്ത് സെനറ്റിനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് സ്മിത്ത്. വലിയ കട ബാധ്യതയിലായിരുന്ന എലിസബത്തിന്റെ ഭര്‍ത്താവ് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് കെന്നത്ത് സ്മിത്തിനെയും മറ്റൊരാളെയും എലിസബത്തിനെ കൊലപ്പെടുത്താന്‍ ഏര്‍പെടുത്തുകയായിരുന്നു. പ്രതിഫലമായി ഓരോരുത്തര്‍ക്കും 1000 ഡോളര്‍ നല്‍കിയതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞിരുന്നു.

നിലവില്‍, നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്ന അലബാമയിലെ ആദ്യത്തെ വധശിക്ഷ തടവുകാരനായി സ്മിത്ത് മാറുകയാണ്. ഈ രീതി 2018 മുതല്‍ നിയമപരമായി അനുവദിച്ചിട്ടുണ്ടെങ്കിലും, ഇത് ഉപയോഗിച്ച് ഇതുവരെ ഒരു തടവുകാരെയും വധിച്ചിട്ടില്ല.

ഇതിനു മുന്‍പും കെന്നത്ത് തന്നെ വധിക്കാനുളള ഭരണകൂടത്തിന്റെ നടപടിയെ അതീജീവിച്ചിരുന്നു. 2022-ല്‍ മാരകമായ വിഷം (ലീതല്‍ ഇന്‍ജെക്ഷന്‍) കുത്തിവച്ച് വധിക്കാന്‍ ശ്രമിച്ചെങ്കിലും. ഐ വി ലൈന്‍സ് ഇടാനുള്ള ഞരമ്പ് കിട്ടാത്തത് മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2023-ല്‍ ഡിസംബറില്‍ നൈട്രജന്‍ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന മരണത്തിന്റെ അപകടസാധ്യതകളെയും മാനുഷികതയെയും കുറിച്ച് നടന്ന വലിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കെന്നത്തിന്റെ വധ ശിക്ഷ നടപടിയുമായി മുന്നോട്ട് പോകുന്നതിന് അനുകൂലമായ വിധി വന്നത്. സ്റ്റീവ് മാര്‍ഷലിന്റെ നേതൃത്വത്തിലുള്ള അലബാമ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കോടതി ഫയലിംഗില്‍ ഒരു പുതിയ വധശിക്ഷ രീതിയെ ന്യായീകരിച്ചിരുന്നു. കുറ്റാരോപിതനായ വ്യക്തിക്ക് ഓക്സിജന്‍ ലഭിക്കാതിരിക്കുന്നത് നിമിഷങ്ങള്‍ക്കുള്ളില്‍ അബോധാവസ്ഥയിലേക്കും മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിലേക്കും നയിക്കുമെന്നായിരുന്നു വാദം. നൈട്രജന്‍ വാതകം മൂലമുണ്ടാകുന്ന വ്യാവസായിക അപകടങ്ങളെയും വധശിക്ഷ രീതിയെയും സംസ്ഥാനം താരതമ്യം ചെയ്തിരുന്നു.

എന്നാല്‍ പുതിയ വധശിക്ഷ രീതി ക്രൂരവും അസാധാരണവുമായ ശിക്ഷയ്ക്കുള്ള ഭരണഘടനാ നിരോധനം ലംഘിക്കുന്നതാണെന്നും കെന്നത്ത് സ്മിത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. നൈട്രജന്‍ ഹൈപ്പോക്‌സിയ രീതി പന്നികള്‍ക്ക് ദയാവധത്തിനുള്ള സ്വീകാര്യമായ രീതിയാണെന്നും എന്നാല്‍ മറ്റാരിലും അത് പരീക്ഷിക്കാനാകില്ലെന്നും അമേരിക്കന്‍ വെറ്ററിനറി മെഡിക്കല്‍ അസോസിയേഷന്‍ 2020 ലെ ദയാവധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ എഴുതിയതായി കെന്നത്ത് സ്മിത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. കൂടാതെ കെന്നതിന്റെ മൂക്കിലും വായിലും മാസ്‌ക് ഘടിപ്പിക്കുമെന്നതിനാല്‍ അന്ത്യ നിമിഷങ്ങളില്‍ ഒന്നുറക്കെ പ്രാര്‍ത്ഥിക്കാനും അന്ത്യമൊഴി നല്‍കുന്നതിനും തടസം സൃഷ്ടിക്കുമെന്നും പറഞ്ഞു.

കെന്നത് സ്മിത്ത് തന്റെ അഭിഭാഷകര്‍ വഴി ഉന്നയിച്ച ആശങ്കകള്‍ വെറും ഊഹാപോഹങ്ങള്‍ ആണെന്നും അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വാദിച്ചു. ഒപ്പം, വധശിക്ഷയ്ക്ക് മുന്‍പായി കെന്നത്ത് സ്മിത്തിന്റെ ആത്മീയ ഉപദേഷ്ടാവിന് അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കഴിയില്ലെന്ന ആശങ്ക പരിഹരിക്കാന്‍ അലബാമ ജയില്‍ സംവിധാനം ചെറിയ മാറ്റങ്ങള്‍ക്ക് സമ്മതിക്കുകയും ചെയ്തു.

കെന്നത്ത് സ്മിത്തിന് വധശിക്ഷ വിധിച്ച എലിസബത്ത് സെനറ്റ് കേസ് ഒരു കാലത്ത് വടക്കന്‍ അലബാമയെ ഞെട്ടിച്ച ഒന്നാണ്. 1988 മാര്‍ച്ച് 18 ന് കോള്‍ബെര്‍ട്ട് കൗണ്ടിയിലുള്ള സ്വന്തം വസതിയില്‍ വച്ചാണ് എലിസബത്ത് കൊല്ലപ്പെടുന്നത്. 45 കാരിയായ എലിസബത്തിന്റെ നെഞ്ചില്‍ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തുമായി കുത്തേറ്റതായും കൊറോണര്‍ മൊഴി നല്‍കിയിരുന്നു. (കൊറോണര്‍- പെട്ടെന്നുള്ളതോ സംശയാസ്പദമായതോ ആയ മരണങ്ങള്‍ അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍) എലിസബത്തിന്റെ മരണത്തെ തുടര്‍ന്ന് അന്വേഷണം അക്കാലത്തെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ പാസ്റ്ററായിരുന്ന ചാള്‍സ് സെന്നറ്റ് സീനിയറിലേക്ക് തിരിഞ്ഞതിനാല്‍ സമയാസ്പതമായ സാഹചര്യത്തില്‍ ചാള്‍സ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

1989 ല്‍ കെന്നത്തിനെതിരെ വിധിച്ച പ്രാരംഭ ശിക്ഷ അപ്പീലില്‍ റദ്ദാക്കപ്പെട്ടു. പിന്നീട് 1996-ല്‍ അദ്ദേഹത്തെ വീണ്ടും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. 11-1 എന്ന ജൂറി വോട്ടിന് ജീവപര്യന്തം തടവിന് ശുപാര്‍ശ ചെയ്യുകയാണുണ്ടായത് എന്നാല്‍ അന്നത്തെ ജഡ്ജി ഈ ശുപാര്‍ശയെ മറികടന്നാണ് കെന്നത്ത് സ്മിത്തിനെ വധശിക്ഷക്ക് വിധിച്ചത്. കെന്നത്തിനോടൊപ്പം കൊലപാതകത്തില്‍ കുറ്റക്കാരനായ ജോണ്‍ ഫോറസ്റ്റ് പാര്‍ക്കര്‍ 2010-ല്‍ വധിക്കപ്പെട്ടു.

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമാണ് നൈട്രജന്‍. 78 % ശതമാനമാണ് അന്തരീക്ഷത്തില്‍ നൈട്രജന്റെ അളവ്. അളവ് കൂടുതലാണെങ്കിലും ഓക്സിജന്‍ കലരാത്ത നൈട്രജന്‍ ശ്വസിക്കുന്നതാണ് ഒരു വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്നത്. ശരീരത്തിന് ഒക്സിജന്‍ ലഭ്യമാവാത്തതിനൊപ്പം കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് രക്തത്തില്‍ ഉയരുന്നത് മൂലമാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. ശുദ്ധമായ നൈട്രജന്‍ ശ്വസിക്കുമ്പോള്‍ ശരീരത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുമെങ്കിലും ഓക്സിജന്‍ ലഭ്യമാവുകയില്ല. നിറവും മണവും സ്വാദുമില്ലാത്ത വാതകമായ നൈട്രജന്‍ ശ്വസിക്കുമ്പോള്‍ വ്യക്തിക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ല. അതിനാല്‍ അസ്വസ്ഥതയില്ലാതെ ജീവവായുവിന്റെ അഭാവത്തില്‍ മരണം സംഭവിക്കുമെന്നതാണ് നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയുടെ അടിസ്ഥാന തത്വം. നൈട്രജന്‍ ശ്വാസകേശത്തിലേക്ക് പ്രവേശിച്ച് ഓക്സിജന്‍ സഞ്ചാരം തടസപ്പെട്ടാല്‍ ഒന്നര മിനുട്ടിനുള്ളില്‍ വ്യക്തി അബോധാവസ്ഥയിലേക്ക് വീഴാം. ഓക്സിജന്റെ അളവ് കുറയും തോറും അബോധാവസ്ഥയിലാവുന്നത് മൂലം മരണത്തിലേക്കുള്ള ദൈര്‍ഘ്യവും കുറയും. സെക്കന്റിനുള്ളില്‍ അബോധാവസ്ഥയിലാവുകയും ഏതാനം മിനിറ്റുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.

Share on

മറ്റുവാര്‍ത്തകള്‍