സോണി ബിഷ്ട് എന്ന 26 കാരി വലിയൊരു പ്രചോദനമാണ്; ജീവിതത്തില്‍ തോറ്റുപോകരുതെന്ന് വിശ്വസിക്കുന്നവര്‍ക്കെല്ലാം. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സ്വദേശിയാണ് സോണി. ജീവിതത്തില്‍ ദുരിതങ്ങളും പ്രതിസന്ധികളും വളഞ്ഞു നിന്നപ്പോഴും വീണുപോകാതെ മുന്നേറിയ സോണി ഇന്ന് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്(എസ് എസ് ബി) അഭിമുഖവും വിജയിച്ച് ചെന്നെയിലെ ഓഫിസേഴ്‌സ് ട്രെയ്‌നിംഗ് അക്കാദമി(ഒടിഎ)യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വൈകാതെയവള്‍ ഇന്ത്യന്‍ ആര്‍മിയിലെ ഒരു ഓഫിസറാകും.
ഇന്ത്യന്‍ ആര്‍മിയുടെ 18 കുമയൂണ്‍ റെജിമെന്റിലെ ജവാനായിരുന്ന നീരജ് സിംഗ് ഭണ്ഡാരിയുമായി സോണിയുടെ വിവാഹം നടക്കുന്നത് 2022 ഡിസംബറിലായിരുന്നു. കഷ്ടിച്ച് ഒരു മാസം കഴിയുമ്പോള്‍, നീരജ് ഒരു റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു.
സോണിയുടെ ജീവിതത്തിലെ ദുരന്തങ്ങളുടെ തുടക്കം മാത്രായിരുന്നു 2023 ജനുവരിയില്‍ നടന്ന ഭര്‍ത്താവിന്റെ മരണം. മരുമകന്റെ വിയോഗവാര്‍ത്തയറിഞ്ഞ സോണിയുടെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായ അമ്മയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. അവിടെയും അവസാനിച്ചില്ല ജീവിത്തിലെ തിരിച്ചടികള്‍. രണ്ട് ആഘാതങ്ങളില്‍ തളര്‍ന്നു നില്‍ക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു സോണിയുടെ ഇളയ സഹോദരന്‍ പക്ഷാഘാതം വന്നു വീഴുന്നത്. ഒന്നിനു പുറകെ ഒന്നായി വന്ന ദുരന്തങ്ങളില്‍ തന്റെ ജീവിതം മരവിച്ചു പോയെന്നാണ് സോണി ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. ‘ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ, പലകോണുകളില്‍ നിന്നും എനിക്കു പ്രോത്സാഹനം കിട്ടി. ഞാന്‍ ജീവിതത്തെക്കുറിച്ചും എന്റെ മുന്നിലുള്ള വഴികളെക്കുറിച്ചും പഠിക്കാന്‍ തുടങ്ങി’ സോണി പറയുന്നു.
ആ പെണ്‍കുട്ടിയുടെ മുന്നില്‍ വഴി തെളിച്ചത് ഇന്ത്യന്‍ ആര്‍മിയായിരുന്നു. സോണിയുടെ പിതാവ് സുബേദാര്‍ കുന്ദന്‍ സിംഗ് മകളുടെ ഭാവിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് തന്റെ റെജിമെന്റില്‍ ഉണ്ടായിരുന്ന മുന്‍ സൈനികോദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ആര്‍മി പബ്ലിക് സ്‌കൂളില്‍ നിന്നായിരുന്നു സോണി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിതാവിന് രാജസ്ഥാനിലേക്ക് സ്ഥലംമാറ്റം കിട്ടടിയതിനാല്‍ ജോധ്പൂരിലെ കോളേജില്‍ നിന്നായിരുന്നു ബികോം വിജയിച്ചത്. ‘ അച്ഛനെ അറിയാമായിരുന്ന പല ഉദ്യോഗസ്ഥരും എന്റെ ജീവിതം ഒരര്‍ത്ഥമുള്ളതാക്കി മുന്നേറാനുള്ള പ്രചോദനം എനിക്കേകി’യെ ന്നാണ് സോണി പറയുന്നത്.
ഭര്‍ത്താവ് നീരജിന്റെ കമാന്‍ഡിംഗ് ഓഫിസറായിരുന്നു ഓഫിസേഴ്‌സ് ട്രെയ്‌നിംഗ് അക്കാദമിയിലേക്ക് അപേക്ഷിക്കാന്‍ പ്രോത്സാനം നല്‍കിയത്. ജവാന്മാരുടെ വിധവകള്‍ക്ക് പ്രത്യേക ക്വോട്ട സംവരണം ചെയ്തിട്ടുണ്ട്. നീരജിന്റെ മരണശേഷം ചില സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനായി ഖുമയൂണ്‍ റെജിമെന്റ് സെന്ററില്‍ പോകേണ്ടി വന്നപ്പോള്‍, സെന്ററിന്റെ കമാന്‍ഡിംഗ് ഓഫിസര്‍, ഓഫിസേഴ്‌സ് കമ്മീഷനിലേക്ക് അപേക്ഷിക്കാന്‍ സോണിയെ പ്രചോദിപ്പിക്കുകയായിരുന്നു.
സര്‍വ്വീസ് സിലക്ഷന്‍ ബോര്‍ഡിന്റെ അഭിമുഖത്തിന് തയ്യാറെടുക്കാനായി വിരമിച്ച ആര്‍മി ഓഫിസര്‍മാരുടെ സഹായവും സോണിക്ക് കിട്ടി. എസ്എസ്ബി ഇന്റര്‍വ്യൂവിന് തയ്യാറാകുന്നതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ യഷ് മോറിനെ സമീപിച്ച കാര്യം സോണി പറയുന്നുണ്ട്. സോണിയുടെ പിതാവിന്റെ റെജിമെന്റിലെ മേലുദ്യോഗസ്ഥനായിരുന്നു മേജര്‍ ജനറല്‍ മോര്‍. എസ് എസ് ബി അഭിമുഖത്തിന് വേണ്ടി പരിശീലിപ്പിക്കപ്പെട്ടിട്ടുള്ള താനും തന്റെ കൂടെയുള്ള മറ്റ് ഓഫിസര്‍മാരും, ഗ്രൂപ്പ് ടാസ്‌കുകള്‍, മനശാസ്ത്രപരമായ പ്രവര്‍ത്തികള്‍ തുടങ്ങിയ കാര്യങ്ങളില്‍ അഭിമുഖത്തില്‍ എങ്ങനെ പ്രതികരിക്കണം എന്നകാര്യത്തില്‍ സോണിക്ക് ശിക്ഷണം കൊടുത്തിരുന്നതായി മേജര്‍ ജനറല്‍ മോര്‍ പറയുന്നുണ്ട്. ചെന്നൈ ഒടിഎയിലെ ഓരോ കോഴ്‌സിലേക്ക് സായുധസേനയിലെ ജവാന്മാരുടെ വിധകള്‍ക്കായി നീക്കിവച്ചിരിക്കുന്നത് ഒരു ഒഴിവാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരം സോണിക്ക് അവിടെ നേരിടേണ്ടിതായിട്ടുണ്ടായിരുന്നു. ഏക ആശ്വസം, വിധവ സംവരണം വഴി വരുന്നവര്‍ക്ക് എഴുത്ത് പരീക്ഷ നേരിടേണ്ടതില്ലെന്നതാണ്.
‘എസ് എസ് ബി അഭിമുഖത്തിന് തയ്യാറാകേണ്ടിയിരുന്ന സമയം എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ളതായിരുന്നു. എനിക്ക് കിട്ടിയ ഭാഗം എന്തെന്നാല്‍, എന്നെ പ്രോത്സാഹിപ്പിക്കാനും അഭിമുഖത്തിന് തയ്യാറാകാന്‍ ശിക്ഷണം തരാനും സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള സഹായം കിട്ടി’ എന്നാണ് സോണി പറയുന്നത്.
എന്തായാലും സോണിയുടെ പ്രയ്തനവും അവളില്‍ മറ്റുള്ളവര്‍ അര്‍പ്പിച്ചിരുന്ന വിശ്വാസവും വെറുതെയായില്ല. ഇന്റര്‍വ്യൂ റിസള്‍ട്ട് വന്നപ്പോള്‍ ക്വാട്ട സീറ്റുകളിലെ മെറിറ്റ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു സോണി ബിഷ്ട്.
ഉടന്‍ തന്നെ ലഫ്റ്റനന്റ് റാങ്കില്‍ സോണി തന്റെ സൈനിക പരിശീലനം ആരംഭിക്കും.
ദുരന്തങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടിയൊരു കുടുംബത്തിലേക്ക് വന്ന ഏറ്റവും ആഹ്ലാദം നിറഞ്ഞ വാര്‍ത്തയായിരുന്നു അത്. എനിക്ക് സിലക്ഷന്‍ കിട്ടിയെന്നറിഞ്ഞപ്പോള്‍ കുടുംബത്തിലുള്ളവരെല്ലാവരും കരയുകയായിരുന്നു. നീരജിന്റെ മരണം, അമ്മയ്ക്കും സഹോദരനുമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍, ഇതിനെല്ലാം പിന്നാലെ ഞങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന ആദ്യത്തെ നല്ല വാര്‍ത്തയായിരുന്നു ഇത്’ സോണി പറയുന്നു.
‘ ഈ വര്‍ഷമൊടുവില്‍ അവളൊരു ഓഫിസറാകും. വേണ്ടത്ര ദൃഢനിശ്ചയം നിങ്ങളിലുണ്ടെങ്കില്‍ എന്തും നേടാന്‍ കഴിയും എന്നാണ് സോണി ബിഷ്ടിന്റെ വിജയം കാണിക്കുന്നതെന്നാണ് മേജര്‍ ജനറല്‍ യഷ് മോര്‍ പറയുന്നത്.