UPDATES

ഉത്തരകാലം

ആലത്തൂര്‍ ആര്‍ക്കൊപ്പം

മണ്ഡല പര്യടനം

                       

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ അടക്കം മത്സരിച്ച് ജയിച്ച ഒറ്റപ്പാലം മണ്ഡലമാണ് 2008ലെ മണ്ഡല പുനര്‍ക്രമീകരണത്തെ തുടര്‍ന്ന് ആലത്തൂര്‍ മണ്ഡലമായി മാറിയത്. ഒറ്റപ്പാലമായിരുന്നപ്പോഴും, ആലത്തൂരായപ്പോഴും ഇത് എസ് സി സംവരണ മണ്ഡലമാണ്. ഇവിടെ നിന്ന് സിപിഎം നേതാവായ എ കെ ബാലന്‍, ചലചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരാജയത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. ഇവിടെ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിത പ്രശ്‌നങ്ങളാകും കൂടുതല്‍ ചര്‍ച്ച ചെയ്യുക. തികഞ്ഞ ഒരു ഗ്രാമീണ മേഖലയാണ് ആലത്തൂര്‍ മണ്ഡലം. പഴയ കാല കഥകള്‍ ചിത്രീകരിക്കുവാന്‍ സിനിമാ പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കുന്ന പ്രദേശമാണ് ആലത്തൂര്‍. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. എന്നാല്‍ 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിതി നേരെ മറിച്ചായിരുന്നു.

കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായപ്പോള്‍ 1993ല്‍ നടന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇടത് കോട്ടയായി ഇവിടം മാറുകയായിരുന്നു. ഇടത്പക്ഷ പ്രതിനിധികളായ എസ് ശിവരാമനേയും, അജയകുമാറിനേയും, പി. കെ. ബിജുവിനേയും തുടര്‍ച്ചയായി ജയിപ്പിച്ചു. ആലത്തൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലം അതോടെ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് വിജയിച്ചിട്ടുള്ളത്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ ഇടത് നേതാവിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസിന് തുണയായത്. രമ്യ ഹരിദാസ് പാട്ടുപാടി ജയിക്കുവാന്‍ അത് കാരണമായി. വലിയ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് അന്ന് ജയിച്ചത്. അന്ന് സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ തോല്‍പ്പിച്ചാണ് ആലത്തൂര്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് പാര്‍ലമെന്റില്‍ എത്തിയത്. എന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്.

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് ആലത്തൂരിലെ ജനങ്ങള്‍ക്ക് പരിചിതനും കക്ഷി രാഷ്ട്രീയത്തിനതീതമായി ബന്ധങ്ങളുള്ള കെ. രാധാകൃഷ്ണനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ മന്ത്രിയാണ്. മുന്‍പ് സ്പീക്കറും, മന്ത്രിയും, ത്യശ്ശുര്‍ ജില്ലയുടെ സിപിഐഎം സെക്രട്ടറിയുമായിരുന്ന അദ്ദേഹത്തിനെ ജനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയത്തിനതീതമായി എപ്പോഴും സമീപിക്കാമായിരുന്നു. അദ്ദേഹത്തിനുള്ള മണ്ഡലത്തിലെ ബന്ധങ്ങള്‍ മറ്റൊരു രാഷ്ട്രീയ നേതാവിനും കാണുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാട്ടുപാടി ജയിക്കാന്‍ രമ്യ ഹരിദാസിന് സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. സിറ്റിംഗ് എംപിയായ രമ്യ ഹരിദാസ് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി മത്സരിക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍