‘മൂന്നാം വട്ടവും മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നുണ്ട്. മധ്യപ്രദേശ് മറ്റൊരു കൈയില്‍ പോകാതെയും, രാജസ്ഥാനും ഛത്തീസ്ഗഢും കൈയില്‍ വച്ചിരുന്നവരെ താഴെ വീഴ്ത്തിയും നേടിയ മൂന്നു വിജയങ്ങള്‍ മൂന്നാംവട്ടവും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ തക്ക ആത്മവിശ്വാസം ബിജെപിക്കും അവരുടെ എന്‍ഡിഎ സഖ്യത്തിനും നല്‍കിയിട്ടുണ്ട്.
അങ്ങനെയല്ല മറുവശത്തെ സ്ഥിതി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയ ആശ്വാസം തെലങ്കാനയാണ്. അവിടെ വലിയ വിജയം നേടിയെങ്കിലും കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെയാണ് തോല്‍പ്പിച്ചത്. തെലങ്കാന രാഷ്ട്ര സമിതി പേരുമാറി ഭാരത് രാഷ്ട്ര സമിതി ആയെങ്കിലും അതിന് തെലുഗ് നാടിന് അപ്പുറത്തേക്ക് വലിയ പ്രസക്തിയൊന്നുമില്ല. അതുകൊണ്ട്, ഒരു പ്രാദേശിക പാര്‍ട്ടിയെ തോല്‍പ്പിച്ച് നേടിയ വിജയത്തിനപ്പുറം തിളക്കം തെലങ്കാനയില്‍ ഇല്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ മൂര്‍ദ്ധാവില്‍ തന്നെയാണ് അടി കിട്ടിയിരിക്കുന്നത്.
ബിജെപിയുടെ മുഖ്യ എതിരാളി എന്നാണ് കോണ്‍ഗ്രസ് സ്വയം വിശേഷിപ്പിക്കുന്നത്. അങ്ങനെയല്ല എന്നാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ ഉണ്ടായ മൂന്നിരട്ടി ആഘാതമുള്ള പരാജയം തെളിയിച്ചിരിക്കുന്നത്. 2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെ നയിക്കാനുള്ള ധാര്‍മികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ‘ഈഗോ’ മാറ്റിവച്ചില്ലെങ്കില്‍ സെമി ഫൈനലിലുണ്ടായതിനെക്കാള്‍ വലിയ പരാജയമായിരിക്കും ഫൈനലില്‍(പൊതുതെരഞ്ഞെടുപ്പില്‍) ഉണ്ടാവുകയെന്ന് സഖ്യകക്ഷികള്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഭാവി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ചിരുന്ന യോഗം പോലും മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ്.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്-പരാജയങ്ങള്‍ വ്യക്തമാക്കുന്ന യഥാര്‍ത്ഥ്യം; ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസിന് ഇനി തനിച്ചൊന്നും ചെയ്യാനാകില്ലെന്നാണ്. ഇതുവരെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാവ് തങ്ങളാണെന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് പോലൊരു ചെറിയ സംസ്ഥാനത്തില്‍ മാത്രമാണ് ഇന്നവര്‍ക്ക് ഭരണം. വടക്കേയിന്ത്യയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വിലപേശല്‍ ശക്തി തീര്‍ത്തും ഇല്ലാതായി. അതുകൊണ്ടവര്‍ പ്രതിപക്ഷ സഖ്യത്തിലെ പൊതുവായ ആവശ്യത്തോട് യോജിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് തങ്ങള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് സഖ്യത്തിന്റെ പൊതുവായ ആവശ്യം. രാജസ്ഥാനും ഛത്തീസ്ഗഡും കൈവിട്ടതും മധ്യപ്രദേശില്‍ ബിജെപിക്കെതിരേ ഒന്നും ചെയ്യാനാകാതെ പോയതും കോണ്‍ഗ്രസിന്റെ അവസ്ഥയെന്താണെന്ന് തെളിയിച്ചിരിക്കുകയാണ്.
പ്രതിപക്ഷ സഖ്യം ഒരുമിച്ച് നില്‍ക്കണമെങ്കില്‍, ഓരോരുത്തരും മാന്യമായി പരിഗണിക്കപ്പെടണം. അതുണ്ടാകുന്നില്ലെന്നാണ് പലര്‍ക്കമുള്ള പരാതി. ആ പരാതികളെല്ലാം കോണ്‍ഗ്രസിനെ വിരല്‍ ചൂണ്ടിക്കൊണ്ടുമാണ്. സീറ്റ് പങ്കിടലിന്റെ കാര്യത്തിലാണ് കോണ്‍ഗ്രസ് താന്‍പോരിമ കാണിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. അവര്‍ പാരമ്പര്യം പറഞ്ഞ് ഈഗോ കാണിക്കുകയാണെന്ന് സഖ്യത്തിലെ പ്രധാനകക്ഷികള്‍ക്കെല്ലാം തന്നെ പരാതിയുണ്ട്. കോണ്‍ഗ്രസ് മര്യാദ കാണിക്കുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍. മധ്യപ്രദേശില്‍ സീറ്റ് പങ്കിടലില്‍ സമാജ്‌വാദി പാര്‍ട്ടിയെ പിണക്കിയത് അതിനൊരു തെളിവാണ്. അവര്‍ ആവശ്യപ്പെട്ട സീറ്റ് കൊടുത്തില്ലെന്നു മാത്രമല്ല, അപമാനിക്കുകയും ചെയ്തു. ആരാണീ അഖിലേഷ് എന്ന തരത്തില്‍ കമല്‍നാഥിന്റെ പരിഹാസം എസ് പി യെ മുറിവേല്‍പ്പിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം കാണിക്കുന്നതുകൂടാതെ, മറ്റുള്ളവരെ ചൊടിപ്പിച്ചുകൊണ്ട് ആ പ്രവര്‍ത്തി നടത്തുന്നുവെന്നതാണ് കോണ്‍ഗ്രസിനെതിരെയുള്ള പ്രധാന ആക്ഷേപം.
ദക്ഷിണേന്ത്യയില്‍ നിന്നും ബിജെപി അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. ഉത്തരേന്ത്യയില്‍ നിന്നു തന്നെ ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ നേടുകയെന്നതാണ് അവരുടെ തന്ത്രം. 272 സീറ്റുകള്‍ വടക്കേയിന്ത്യയില്‍ നിന്നും നേടിയെടുക്കുന്നതിന് ബിജെപിയെ അനുവദിക്കാതിരിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതിന് ബിജെപി-കോണ്‍ഗ്രസ് പോരാട്ടം എന്ന ആഖ്യാനം കൊണ്ട് കാര്യമില്ല, ബിജെപി-പ്രതിപക്ഷ സഖ്യം എന്ന നിലയിലേക്ക് മാറണം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എന്നു പറയുന്നതില്‍ കാര്യമില്ലെന്ന് തെളിഞ്ഞതിനാല്‍ പ്രതിപക്ഷ ശക്തി കൂട്ടുകയാണ് ഇനി വേണ്ടതെന്നാണ് സഖ്യത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുക എന്നതു മാത്രമാണ് പ്രതിപക്ഷ സഖ്യത്തിന്റെ ശക്തി കൂട്ടാനുള്ള ഏക മാര്‍ഗം. നിലവില്‍ സഖ്യത്തിലുള്ളവരും കോണ്‍ഗ്രസിനുമിടയില്‍ നല്ലതല്ലാത്തൊരു പൂര്‍വകാലമാണുള്ളത്. ബിജെപി വരുന്നതുവരെ ഈ പാര്‍ട്ടികളുടെയെല്ലാം മുഖ്യശത്രു കോണ്‍ഗ്രസ് ആയിരുന്നു. ആ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ച ഇപ്പോഴും നടക്കുന്നുണ്ട്. അതുകൊണ്ട് പാരമ്പര്യം പറഞ്ഞിരിക്കാതെ, തന്ത്രപരമായി ഇടപെടുകയാണ് കോണ്‍ഗ്രസ് ഇനി ചെയ്യേണ്ടത്.
ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും ബിജെപിയെ ദുര്‍ബലപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിന് ഒറ്റയ്‌ക്കൊന്നും ചെയ്യാനാകില്ല. കിഴക്ക്-വടക്ക്-പശ്ചിമ ഇന്ത്യയിലൊന്നും തന്നെ കോണ്‍ഗ്രസിന് ശക്തിയില്ല. ബിഹാറിലോ, യുപിയിലോ, ബംഗാളിലോ, മഹാരാഷ്ട്രയിലോ. ഹിമാചല്‍ ഒഴിച്ചുള്ള വടക്ക്-കിഴക്കന്‍ മേഖലകളിലോ ഒറ്റയ്ക്ക് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെക്കൊണ്ടാകില്ല. ദക്ഷിണേന്ത്യയിലും സ്ഥിതി അത്രകണ്ട് മെച്ചമല്ല, അവിടെയും അതാത് സംസ്ഥാനങ്ങളിലെ പ്രബലരായ സഖ്യകക്ഷികളുടെ സഹായമോ പിന്തുണയോ ആവശ്യമാണ്. അതായത്, ദക്ഷിണേന്ത്യയിലും സ്വന്തം ഇഷ്ടത്തിന് കാര്യങ്ങള്‍ നീക്കിയതുകൊണ്ട് ഫലമില്ലെന്ന്.
അതുപോലെ തന്നെയാണ് സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ നിലനില്‍ക്കുന്ന പോരുകള്‍ പരിഹരിക്കുകയെന്നത്. പശ്ചിമ ബംഗാളില്‍ തൃണമൂലും സിപിഎമ്മും ബദ്ധശത്രുക്കളാണ്; കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എന്ന പോലെ. ഈ പ്രശ്‌നങ്ങളൊക്കെയും പരിഹരിക്കേണ്ടതും പ്രധാനമാണ്. അതിനൊക്കെ വേണ്ടത് സ്വയം ഒതുങ്ങുക എന്ന നയമാണ്.
രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും പ്രതിപക്ഷ സഖ്യം പൂര്‍ണ തൃപ്തരല്ല. തെക്കേയിന്ത്യയില്‍ രാഹുലിനുള്ള ഇമേജ് വടക്കേയിന്ത്യയിലില്ല. മോദിയെ നേരിടാന്‍ രാഹുല്‍ പ്രാപ്തനല്ല എന്നാണ് പ്രതിപക്ഷ സഖ്യത്തിനുള്ളിലുള്ളവരും വിശ്വസിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിനപ്പുറത്തേക്ക് ചിന്തിക്കാനും കഴിയില്ല.
നിലവിലുള്ള ‘ ഈഗോ’ മാറ്റുന്നില്ലെങ്കില്‍ കൂടുതല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. ഇപ്പോള്‍ തന്നെ അത് തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിനുശേഷം വരാണസിയില്‍ നടന്നൊരു ചടങ്ങില്‍ അഖിലേഷ് പേരെടുത്ത് പറയാതെ കോണ്‍ഗ്രസിനെ കുത്തിയിരുന്നു. ‘ റിസള്‍ട്ട് പുറത്തു വന്നതോടെ ഈഗോ അവസാനിച്ചിട്ടുണ്ട്, വരും ദിവസങ്ങളില്‍ പുതിയ വഴി കണ്ടെത്തും’. എന്നായിരുന്നു എസ് പി തലവന്റെ പരിഹാസം.
ഡിസംബര്‍ 6 ന് സഖ്യ നേതാക്കളുടെ ഒരു യോഗം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിളിച്ചിട്ടുണ്ട്. എന്നാല്‍ യോഗം നടക്കാനുള്ള സാധ്യതയില്ല. നേതാക്കള്‍ പലരും പങ്കെടുക്കില്ലെന്നാണ് വിവരം. യോഗത്തിന് ഉണ്ടാകില്ലെന്ന് മമത ബാനര്‍ജി പറഞ്ഞിട്ടുണ്ട്. ഡിസംബര്‍ 6 ന് യോഗം വച്ച് കാര്യം തന്നോട് ആരും പറഞ്ഞില്ലെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി പറയുന്നത്. ‘ ഡിസംബര്‍ 6 മുതല്‍ 11 വരെ ഞാന്‍ വടക്കന്‍ ബംഗാളില്‍ സന്ദര്‍ശനത്തിലായിരിക്കും. ഡിസംബര്‍ 6 ലെ യോഗത്തെക്കുറിച്ച് ആരും പറഞ്ഞിരുന്നില്ല, നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ എന്റെ പ്രോഗ്രാം റിഷെഡ്യൂള്‍ ചെയ്യാമായിരുന്നു’ എന്നാണ് മമത പറഞ്ഞത്.
കോണ്‍ഗ്രസ് കാണിച്ച താന്‍പോരിമയെ അവര്‍ കുറ്റപ്പെടുത്താനും മടിച്ചിട്ടില്ല. സീറ്റ് വിഭാജനത്തില്‍ കാണിച്ച പിടിവാശിക്കാണ് അവര്‍ കോണ്‍ഗ്രസിനെതിരേ വിരല്‍ ചൂണ്ടുന്നത്. സീറ്റ് പങ്കിടല്‍ ക്രമീകരണം കൃത്യമായി നടക്കാതിരുന്നതിനാല്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ടു പോയതാണ് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നാണ് മമത പറയുന്നത്. തെലങ്കാനയിലെ പോലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അവര്‍ക്ക് വിജയിക്കാമായിരുന്നു, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ അവരുടെ വോട്ടുകള്‍ കുറച്ചു എന്നത് സത്യമായ കാര്യമാണെന്നും മമത തുറന്നടിച്ചിട്ടുണ്ട്.
അഖിലേഷും കാര്യങ്ങള്‍ തുറന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് യുപിയില്‍ സമാജ്വാദി പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങളെന്നു കൂടി മനസിലാക്കണം. യുപിയില്‍ വലിയ പോരാട്ടമാണ് എസ് പി നടത്തുന്നതെന്നും ചില വലിയ തീരുമാനങ്ങള്‍ എടുക്കുമെന്നു അഖിലേഷ് പറയുന്നു. എവിടെയാണോ തുടങ്ങിയത് അവിടെ നിന്നു തന്നെ ചര്‍ച്ചകള്‍ ആരംഭിക്കും, എവിടെ ഒരു പാര്‍ട്ടി ശക്തമാണോ അവിടെ ആ പാര്‍ട്ടിയെ വേണം മറ്റുള്ളവര്‍ പിന്തുണയ്‌ക്കേണ്ടതെന്നും അഖിലേഷ് പറയുന്നത്, കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്.
ഡിസംബര്‍ 4 ന്(തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം) ‘ഇന്ത്യ’യുടെ മുന്‍നിര നേതാക്കളുടെ ഒരു അടിയന്തര യോഗം മല്ലികാര്‍ജ്ജുന ഖാര്‍ഗെ വിളിച്ചിരുന്നുവെങ്കിലും അഖിലേഷ് അതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. മധ്യപ്രദേശിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായ പെരുമാറ്റത്തില്‍ തീര്‍ത്തും അസ്വസ്ഥനാണ് എസ് പി തലവന്‍. കമല്‍നാഥിന്റെ ചില പരാമര്‍ശങ്ങള്‍ തന്നെ വ്യക്തിപരമായി അപമാനിക്കുന്നതായാണ് അഖിലേഷ് കണക്കാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച്ച ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫിസില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ തൃണമൂല്‍ നേരിട്ട് തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാക്കിയതിനാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ടിഎംസി ചോദ്യം ചെയ്തത്. അവരുടെ എംപി ഡെറിക് ഒബ്രിയാന്‍ ആണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വൈകിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ യോഗത്തില്‍ വിമര്‍ശിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പ് കാരണം സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്ന പേരില്‍ ‘ ഇന്ത്യ’യിലെ മിക്ക പാര്‍ട്ടികളും കോണ്‍ഗ്രസിനോട് പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമതയ്ക്ക് പുറമെ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എം കെ സ്റ്റാലിനും ഡിസംബര്‍ 6 ന് നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല. തമിഴ്‌നാട്ടില്‍ മിഗ്ജാം ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുള്ളതുകൊണ്ടാണ് സ്റ്റാലിന്‍ ഡല്‍ഹി യാത്ര ഒഴിവാക്കുന്നത്. മറ്റു ചില പ്രതിപക്ഷ നേതാക്കളും യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് സാഹചര്യം മനസിലാക്കിക്കൊണ്ട് മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റിവയ്ക്കാമെന്ന തീരുമാനം കോണ്‍ഗ്രസ് കൈക്കൊണ്ടിട്ടുണ്ടെന്നാണ് വിവരം.
ഉള്ളില്‍ പരസ്പരം എതിര്‍പ്പുകളുണ്ടെങ്കിലും പാര്‍ലമെന്റില്‍ ഒരുമിച്ച് തന്നെ നില്‍ക്കാനുള്ള തീരുമാനമാണ് സഖ്യം എടുത്തിരിക്കുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ചില ബില്ലുകള്‍ എതിര്‍ക്കുകയെന്നത് സംയുക്ത അജണ്ടയായി നിശ്ചയിച്ചിട്ടുണ്ട്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയിലെ മാറ്റങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ബില്ലുകളാണ് ഒരുമിച്ച് നിന്ന് എതിര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം, രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിക്കാനുള്ള ശ്രമവും സഖ്യത്തിനുണ്ടെന്ന് അറിയുന്നു.