UPDATES

കേരളത്തിന് പാളിച്ചയെന്ന് സിപിസിബി റിപ്പോർട്ട് അറിഞ്ഞിട്ടേയില്ലെന്ന് മാലിന്യ ബോർഡ്

കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ തട്ടുന്നു

                       

കേരളത്തിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ ഗുരുതരമായ പിഴവുകളെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി). ആശുപത്രി മാലിന്യങ്ങൾ അടക്കം ശരിയായ രീതിയിൽ സംഭരിക്കാതെ തമിഴ്‌നാട് അതിർത്തിയിൽ പുറം തള്ളുന്നതായും സിപിസിബിയുടെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽനിന്നുള്ള മാലിന്യം സ്വകാര്യ കരാറുകാർ തമിഴ്‌നാടിന്റെ അതിർത്തിഗ്രാമങ്ങളിൽ തട്ടുന്നെന്ന വാർത്തകളിൽ സ്വമേധയാ കേസെടുത്ത ഹരിതട്രിബ്യൂണലിന്റെ നിർദേശമനുസരിച്ചാണ് സിപിസിബി റിപ്പോർട്ട് സമർപ്പിച്ചത്.

കേരളത്തിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ രൂപീകരിച്ച ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവർത്തങ്ങളിലും വീഴ്ചകളുണ്ടെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ആരോപണം തള്ളിയിരിക്കുകയാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എം ഡി ജി കെ സുരേഷ് കുമാർ. നിലവിൽ കേരളത്തിൽ കൃത്യമായ മാലിന്യ സംസ്കരണം നടക്കുന്നുണ്ടനും അദ്ദേഹം പറയുന്നു. ”ആയിരത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കമ്പനി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ നിന്ന് കൃത്യമായി വേർതിരിച്ച മാലിന്യങ്ങളാണ് കമ്പനി സംഭരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 10 കോടി രൂപയാണ് മാലിന്യം സംഭരിച്ച വകയിൽ കമ്പനി ഹരിത കർമ്മ സേനക്ക് നൽകിയത്. നിഷ്ക്രിയ മാലിന്യങ്ങൾ തമിഴ്നാട്ടിലടക്കമുള്ള സിമന്റ് കമ്പനികളിലേക്കാണ് മാറ്റുന്നത്. അത്രയും സുരക്ഷിതമായ മാർഗങ്ങളിലൂടെയാണ്, മാലിന്യങ്ങൾ സിമന്റ്‌ കമ്പനിയിൽ എത്തിക്കുന്നത്. കേരളത്തിന്റെ മാലിന്യ സംസ്കരണവും കമ്പനിയുടെ പ്രവർത്തനങ്ങളും പഠിക്കുന്നതിന് വേണ്ടി പശ്ചിമ ബംഗാൾ, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പോലും ഉദ്യോഗസ്ഥർ എത്താറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മാലിന്യ സംസ്കരണം ശരിയായി നടക്കുന്നില്ലെന്ന ആരോപണം ഉയരുന്നത്. ഹരിതട്രിബ്യൂണ ലിന്റെ റിപ്പോർട്ടിൽ തമിഴ്‌നാട്ടിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് എങ്ങനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കപെടെണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കേരളത്തിന് പുറത്തേക്ക് കമ്പനിയിൽ നിന്ന് കൊണ്ട് പോകുന്ന മാലിന്യങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. ” സുരേഷ് കുമാർ പറയുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും, അത് സംബന്ധിച്ചുള്ള വാർത്തകളും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ അടക്കം തമിഴ്‌നാട് അതിർത്തിയിൽ തള്ളപ്പെടുന്നുണ്ടെന്ന കാര്യത്തിൽ ഹരിതട്രിബ്യൂണൽ സ്വമേധയാ കേസ് എടുത്ത വിഷയത്തിൽ പ്രതികരിക്കാൻ ഉദ്യോഗസ്ഥ തയ്യാറായില്ല. അതിർത്തികടന്നുള്ള മാലിന്യനീക്കത്തിന്റെ വിഷയത്തിൽ സ്വമേധയാ ഇടപെട്ട ഹരിതട്രിബ്യൂണൽ അനധികൃത മാലിന്യനീക്കത്തിന്റെ കാര്യം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപെട്ടിട്ടുണ്ട്.

English summary; CPCB report says Kerala’s waste disposal failures

Share on

മറ്റുവാര്‍ത്തകള്‍