UPDATES

രോഹിത് വെമുലയുടെ ആത്മഹത്യ; പോലീസിന്റേത് ജാതി വെറിയുടെ അന്വേഷണ റിപ്പോർട്ട്

വിഷവും കയറും ആവശ്യപ്പെട്ടുകൊണ്ട് രോഹിത് എഴുതിയ കത്ത് പോലീസ് പൂർണമായും അവഗണിച്ചു

                       

രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ച കാരണവും സാഹചര്യങ്ങളും അന്വേഷിക്കാതെ, വെമുല ദളിതനല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് അന്വേഷണ സമയത്ത് പൊലീസ് നടത്തിയതെന്ന് വ്യക്തമാക്കി ക്ലോഷർ റിപ്പോർട്ട്. മരണത്തിന് ഒരു മാസം മുമ്പ് വിഷവും കയറും ആവശ്യപ്പെട്ടുകൊണ്ട് രോഹിത് എഴുതിയ കത്ത് പോലീസ് പൂർണമായും അവഗണിക്കുകയും ചെയ്തു.

കൂടാതെ, ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പി അപ്പാ റാവു, സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, എംഎൽസി എൻ രാംചേന്ദർ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ പങ്ക് അന്വേഷിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ നടന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2018-ൽ തയ്യാറാക്കി 2024 മാർച്ച് 21-ന് ജുറിസ്‌ഡിക്ഷണൽ കോടതിയിൽ ഔദ്യോഗികമായി സമർപ്പിച്ച റിപ്പോർട്ടിൽ – രോഹിത് വെമുല ദളിതനല്ലെന്നും തൻ്റെ “യഥാർത്ഥ ജാതി” വെളിപ്പെടുമോ എന്ന ഭയമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അവകാശപ്പെട്ടിരിക്കുന്നത്. രോഹിത് വെമുലയുടെ അമ്മയും മറ്റുള്ളവരും ചില സംശയങ്ങൾ പ്രകടിപ്പിച്ചതിനാൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായി മാർച്ച് മൂന്ന് വെള്ളിയാഴ്ച തെലങ്കാന പോലീസ് ഡയറക്ടർ ജനറൽ പറഞ്ഞിരുന്നു.

അന്വേഷണം

2016ലെ ആത്മഹത്യയെ തുടർന്നുളള അന്വേഷണം ആദ്യം കൈകാര്യം ചെയ്തത് ഹൈദരാബാദ് പോലീസിലെ മധാപൂർ ഡിവിഷനിലെ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറായിരുന്ന എം രമണ കുമാറും, എസിപി എൻ ശ്യാം പ്രസാദ് റാവുവും, എസിപി സി ശ്രീകാന്തും ആണ്.

രമണ കുമാർ അന്വേഷണം ആരംഭിച്ചപ്പോൾ സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുന്നുന്ന സമയമായതിനാൽ അന്തരീക്ഷം അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ, സമയം ലാഭിക്കുന്നതിനായി, ആദ്യം സർവ്വകലാശാലയ്ക്ക് പുറത്ത് ലഭ്യമായ തെളിവുകൾ ശേഖരിക്കാനും തുടർന്ന് സ്ഥിഗതികൾ സാധാരണ നിലയിലേക്കാകുമ്പോൾ സർവകലാശാലയിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനും രമണ കുമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരം, ഹിന്ദു പുരിലെ എആർആർജെ സ്‌കൂളിലാണ് രോഹിത് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ബിരുദം നേടിയ ഗുണ്ടൂരിലെ ഹിന്ദു കോളേജിലും. മറ്റ് മൂന്ന് സ്ഥാപനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥൻ രോഹിതിന്റെ അപേക്ഷാ ഫോമുകളും ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളുടെയും വിശദാശങ്ങൾ ശേഖരിച്ചു. 2004-2006 കാലത്ത് രോഹിത് അവിടെ പഠിച്ചിരുന്നുവെന്നും, അക്കാലയളവിൽ രോഹിത് മാല പട്ടികജാതിക്കാരനാണെന്ന് കാണിച്ച് മുൻ പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. കൂടാതെ, രോഹിത് 2006-2009 കാലഘട്ടത്തിൽ ബിഎസ്‌സി പഠിച്ചതിൻ്റെയും, രേഖകളിൽ അദ്ദേഹത്തിൻ്റെ ജാതി  പട്ടികജാതിയായി രേഖപ്പെടുത്തിയതിൻ്റെയും രേഖകളും നൽകിയിട്ടുണ്ട്.

2016 ഫെബ്രുവരി 8 ന്, രോഹിതിൻ്റെ മരണത്തിന് തൊട്ടുപിന്നാലെ, റെയിൽവേ നിർമ്മാണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന പട്ടികജാതി മാല സമുദായത്തിൽപ്പെട്ട ദമ്പതികളിൽ നിന്ന് രാധികയെ ദത്തെടുത്തതായി രാധികയുടെ അമ്മ ബനാല അഞ്ജനി ദേവി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. പിന്നാക്ക സമുദായത്തിൽപ്പെട്ട വഡ്ഡേര സമുദായത്തിൽപ്പെട്ട ദേവി, വിവാഹം നടക്കാത്തതിനെ തുടർന്നാണ് തൻ്റെ യഥാർത്ഥ മാല ജാതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രോഹിതിൻ്റെ ആത്മഹത്യയ്ക്ക് ഒരു മാസത്തിന് ശേഷം, 2016 ഫെബ്രുവരി 23 ന്, ദേവി ഗുണ്ടൂരിൽ വച്ച് അന്തരിച്ചു. രാധിക ആറ് മുതൽ 10-ാം ക്ലാസ് വരെ പഠിച്ച ജലഗം രാമറാവു മെമ്മോറിയൽ മുനിസിപ്പൽ ഹൈസ്‌കൂളിൽ നിന്നുള്ള പ്രവേശന രേഖകളുടെ അടിസ്ഥാനത്തിൽ. രാധികയുടെ ജാതി വഡ്ഡേര എന്നാണ് അഞ്ജനി ദേവി നൽകിയ രേഖകൾ വ്യക്തമാക്കുന്നത്.

രോഹിതിൻ്റെ മരണത്തെത്തുടർന്ന് ഗുണ്ടൂർ ജില്ലാ കളക്ടർ രൂപീകരിച്ച ജില്ലാതല പരിശോധനാ സമിതി 2000-നും 2015-നും ഇടയിൽ രാധിക, രോഹിത്, രാജ, നീലിമ എന്നിവർക്ക് ഒമ്പത് എസ്‌ സി സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി. രോഹിതും കുടുംബാംഗങ്ങളും വഡ്ഡേര സമുദായത്തിൽപ്പെട്ട, പിന്നാക്കവിഭാഗം എ വിഭാഗത്തിൽപ്പെട്ടവരാണെന്നും ഇവർ എസ്സി ജാതി സർട്ടിഫിക്കറ്റിൽ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എച്ച്ആർഡി റിപ്പോർട്ട്

രോഹിതിൻ്റെ മരണവുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം രൂപീകരിച്ച ജസ്റ്റിസ് അശോക് കുമാർ രൂപൻവാൾ കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ക്ലോഷർ റിപ്പോർട്ട്. ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപിയിലെ ചില അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് രോഹിതിനെ ഹോസ്റ്റൽ മുറിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ശിക്ഷയ്‌ക്കെതിരെ രോഹിത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നതിനാലും വിഷയം തീർപ്പുകൽപ്പി ച്ചതിനാലും ആത്മഹത്യ ചെയ്യാനുള്ള കാരണമില്ലെന്ന രൂപൻവാൾ കമ്മിഷൻ്റെ നിരീക്ഷണം ക്ലോഷർ റിപ്പോർട്ട് ഊന്നിപ്പറയുന്നു. കൂടാതെ ആത്മഹത്യക്ക് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ്റെയോ രാഷ്ട്രീയ നേതാക്കളുടെയോ വി-സിയുടെയോ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് രൂപൻവാളിൻ്റെ അഭിപ്രായം ശരിവെക്കുന്നു.

‘ ആത്മഹത്യ പൂർണ്ണമായും രോഹിതിന്റെ സ്വന്തം തീരുമാനമായിരുന്നു. അദ്ദേഹം വളരെ നിരാശനായിരുന്നു. കൂടാതെ ആത്മഹത്യയിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. സർവ്വകലാശാലയുടെ തീരുമാനത്തോട് രോഹിതിന് വിയോജിപ്പുണ്ടായിരുന്നെങ്കിൽ , തീർച്ചയായും അദ്ദേഹം പ്രത്യേകമായി എഴുതുകയോ ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിക്കുകയോ ചെയ്യുമായിരുന്നു’ എന്നാണ് ക്ലോഷർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ആത്മഹത്യ ചെയ്യാൻ വിഷവും കയറും ആവശ്യപ്പെട്ട് 2015 ഡിസംബർ 18-ന് വൈസ് ചാൻസലർക്ക് രോഹിത് അയച്ച കത്ത് ക്ലോഷർ റിപ്പോർട്ട് തള്ളിക്കളഞ്ഞതു് . കത്ത് രോഹിതിന്റെ ആത്മഹത്യയുടെ സൂചനയാകുമോ എന്ന് പരിശോധിക്കുമ്പോൾ, കത്ത് ഒരു മാസം മുമ്പ് എഴുതിയതാണ്. അതുകൊണ്ട് തന്നെ അത് എഴുതുമ്പോഴുള്ള നിരാശയും ദേഷ്യവും കാലക്രമേണ നശിച്ചു പോയിരിക്കണം എന്നതാണ് തള്ളിക്കളയാൻ കാരണമായി പറയുന്നത്.

രോഹിത്, തൻ്റെ ജനനം തന്നെ അപകടമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞതിനെയാണ് ക്ലോഷർ റിപ്പോർട്ട് പ്രധാനമായും ആശ്രയിക്കുന്നത്. രോഹിതിൻ്റെ മാതാപിതാക്കൾ വേർപിരിഞ്ഞിരിക്കുന്നതിനാൽ രോഹിത് കടുത്ത വിഷാദത്തിലും നിരാശയിലും ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. പഠനത്തേക്കാൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലാണ് രോഹിത് ഇടപെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേസിൻ്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും പുനഃ പരിശോധനക്ക് വിധേയമാക്കാൻ കോടതിയോട് അഭ്യർത്ഥിക്കുമെന്നും. രോഹിതിന്റെ അമ്മയും സഹോദരനും ചില സംശയങ്ങളും ആശങ്കകളും പ്രകടിപ്പിച്ചതിനാൽ, അവരുടെ ഭാഗം കേൾക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കും, എന്നും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (മധാപൂർ ഡിവിഷൻ, ഹൈദരാബാദ് പോലീസ്) ഡോ ജി വിന്നത്ത് പറഞ്ഞു,

 

content summary ; Rohith Vemula suicide: Police spent energies on disproving his caste not case

Share on

മറ്റുവാര്‍ത്തകള്‍