UPDATES

ബദൽ പോളിങ് ബൂത്തുകളും, ബങ്കറുകളും ;ജമ്മു കാശ്മീരിൽ കർശന സുരക്ഷ

ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎപിഎഫ് സേനയെ വിന്യസിച്ചു

                       

അതിർത്തിയിൽ നിന്ന് ഷെല്ലാക്രമണ ഭീഷണിയും, തീവ്രവാദ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷക്ക് നടുവിൽ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ജമ്മു കാശ്മീർ. അനന്ത്നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിൽ മെയ് 25 നാണ് വോട്ടെടുപ്പ് നടക്കുക. ആക്രമണ ഭീഷണി കണക്കിലെടുത്ത് നിലവിൽ പൂഞ്ച്, രജൗരി ജില്ലകളിലായി സിഎപിഎഫ് സേനയെ വിന്യസിച്ചിരിക്കുകയാണ്. വോട്ടിംഗ് നടക്കുന്ന ദിവസം ഏതു സാഹചര്യത്തെയും നേരിടാനായി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഇതര പോളിംഗ് ബൂത്തുകളും ബങ്കറുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രഭരണ പ്രദേശത്തെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. militant attack

വേട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകൾക്കോ, നിയന്ത്രണരേഖയ്ക്ക് (എൽഒസി) നേരെയോ, ഇതുവരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ മുൻ കരുതൽ എന്ന നിലക്കാണ് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ പോളിങ് ബൂത്തുകൾ നിർണ്ണായകമായതെന്നും, ദുർബലമായതെന്നും തരം തിരിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന രജൗരിയിലെ 278 ബൂത്തുകളിൽ 45 എണ്ണവും, പൂഞ്ചിലെ 171 ബൂത്തുകളിൽ 55 എണ്ണവും നിയന്ത്രണരേഖയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നിയോജക മണ്ഡലത്തിലെ ആകെയുള്ള 1,016 പോളിംഗ് സ്റ്റേഷനുകളിൽ 44 ശതമാനവും നിർണ്ണായക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിർത്തി പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ബൂത്തുകളെയും നിർണ്ണായക അല്ലെങ്കിൽ ദുർബലമായ പോളിംഗ് ബൂത്തുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൾപ്രദേശങ്ങളിലെ തീവ്രവാദികളുടെ സാന്നിധ്യം കണക്കിലെടുത്താണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ മാസം ആദ്യം, പ്രദേശത്തെ തീവ്രവാദികൾ പൂഞ്ചിലെ ഷാസിതാറിന് സമീപം ഐഎഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം രജൗരിയിലെ ഷഹ്ദ്ര ഷെരീഫിന് സമീപം ഒരു സർക്കാർ ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഡാംഗ്രി ഗ്രാമം വരെ രജൗരിയിൽ തീവ്രവാദികളെ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ ഈ ഗ്രാമത്തിൽ തീവ്രവാദി ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.

അടുത്തിടെ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഭീംബർ ഗലി, താനമാണ്ടി, ദേരാ കി ഗലി പ്രദേശങ്ങൾക്ക് സമീപം 200 ചതുരശ്ര കിലോമീറ്റർ നിബിഡ വനത്തിൽ 15-20 തീവ്രവാദികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ പ്രധാന സാന്നിധ്യമുണ്ടെങ്കിലും, ഇടതൂർന്ന വനത്തിൽ നിന്ന് തീവ്രവാദികളെ പിടികൂടുന്നത് പ്രയാസകരമാണ്. കൂടാതെ തീവ്രവാദികൾ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതും കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി തീർക്കും.

2021 മുതൽ, രജൗരി, പൂഞ്ച് ജില്ലകളിലെ തീവ്രവാദി ആക്രമണങ്ങളിൽ ഈ വർഷം ഒരാൾ ഉൾപ്പെടെ മൊത്തം 37 സൈനികരും ഒരു ഡസനോളം സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ കാലയളവിൽ, പോലീസും സുരക്ഷാ സേനയും ഒരു ഡസനിലധികം തീവ്രവാദികളെ വധിച്ചു. ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും റോഡ് ഓപ്പണിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും സിഎപിഎഫുകളും ജമ്മു കശ്മീർ പോലീസും പ്രദേശത്ത് ആധിപത്യം പുലർത്തുന്നുണ്ടെന്നും പൂഞ്ച് എസ്എസ്പി യുഗൽ മൻഹാസ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. വോട്ടർമാരുടെയും സ്ഥാനാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനന്ത്നാഗ്-രജൗരി സീറ്റിലേക്ക് 21 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പിഡിപിയിൽ നിന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസിൽ നിന്ന് മുൻ മന്ത്രിയും ഗുജ്ജർ നേതാവുമായ മിയാൻ അൽത്താഫ്, ജെ ആൻഡ് കെ അപ്നി പാർട്ടിയിൽ നിന്നുള്ള സഫർ മാൻഹാസ്, ഡിപിഎപിയിൽ നിന്നുള്ള അഭിഭാഷകൻ മുഹമ്മദ് പരേ എന്നിവരാണ് സ്റ്റാർ മത്സരാർത്ഥികൾ. ഈ സീറ്റിലേക്ക് ബിജെപിയിൽ നിന്ന് സ്ഥാനാർത്ഥിത്വം ഇല്ല.

Content summary; CAPF deployed in J&K to prevent militant threats during the Lok Sabha polls militant attack

Share on

മറ്റുവാര്‍ത്തകള്‍