UPDATES

നിജ്ജാർ കൊലപാതകം; കാനഡയിൽ ഇന്ത്യക്കാർ പിടിയിലായതായി റിപ്പോർട്ട്‌

മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്

                       

കഴിഞ്ഞ ജൂണിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ സർക്കാർരിന്റെ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന വിമർശനം നടത്തിയിരുന്നു.

മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച് നിജ്ജാറിന്റെ കൊലപാതകം നടത്തിയെന്ന് കരുതുന്ന ആളുകളെ കനേഡിയൻ പോലിസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യ ഗവൺമെൻ്റ് ചുമതലപ്പെടുത്തിയെന്ന് കരുതുന്ന ആളുകളുടെ അറസ്റ്റാണ് പോലിസ് രേഖപ്പെടുത്തിയതെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കുറഞ്ഞത് രണ്ട് പ്രവിശ്യകളിലെങ്കിലും പോലീസ് നടത്തിയ ഓപ്പറേഷനുകൾക്കിടയിലാണ് വെള്ളിയാഴ്ച അറസ്റ്റ് നടന്നത്. കാനഡയിലെ ഈ ഹിറ്റ് സ്ക്വാഡ് അംഗങ്ങളെ ഏതാനും മാസങ്ങൾക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും അവർ പോലിസ് നിരീക്ഷണത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലിസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇതുവരെയും ഔദ്യോദിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

അറസ്റ്റിലായ വ്യക്തികൾ ആരാണെന്ന കാര്യത്തിലും വ്യക്തതയില്ല. എഡ്മണ്ടണിൽ വെടിയേറ്റ് മരിച്ച 11 വയസ്സുകാരൻ്റെ മരണമുൾപ്പെടെ കാനഡയിൽ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി അറസ്റ്റിലായവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നതായും വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിജ്ജാർ കൊല്ലപ്പെട്ട ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ഹിറ്റ്‌ സ്‌ക്വാഡിലെ അംഗങ്ങൾ ഷൂട്ടർമാരായും ഡ്രൈവർമാരായും സ്‌പോട്ടർമാരായും എത്തിയതായി ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ട്രൂഡോ പാർലമെന്റ് സമ്മേളനത്തിനിടെ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി.

കഴിഞ്ഞ വർഷം സെപ്തംബർ 9-10 തീയതികളിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ താൻ ഈ വിഷയം ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള ആശങ്ക മോദി ഉന്നയിച്ചിരുന്നു.

ട്രൂഡോയുടെ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളികളഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, അതും പൂർണ്ണമായി നിരസിക്കപ്പെട്ടു. ഒട്ടാവയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി കൊണ്ടാണ് കാനഡ ആദ്യ ചുവട് വച്ചത്. ഉദ്യോഗസ്ഥൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനാണെന്ന് കണ്ടെത്തി എന്നാരോപിച്ചായിരുന്നു പുറത്താക്കൽ.

അദ്ദേഹത്തിൻ്റെ ഐഡന്റിറ്റിയും വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ന്യൂഡൽഹിയിലെ കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി.

കാനഡയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യ ഒരു യാത്രാ ഉപദേശവും കാനഡയിലെ ഇന്ത്യൻ സമൂഹത്തിന് ജാഗ്രതാ നിർദ്ദേശവും നൽകി. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ എന്നിവരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു, കാരണം ഇന്ത്യൻ സമൂഹത്തെ ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ടെന്ന് ഉപദേശകൻ പറഞ്ഞു.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായി, കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ ശക്തിയുമായി തുല്യത ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്ന് 40 ഓളം നയതന്ത്രജ്ഞരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിയെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി പുനരാരംഭിച്ചിരുന്നു.

English summary; Canadian police arrest members of ‘hit squad’ responsible for Nijjar killing

Share on

മറ്റുവാര്‍ത്തകള്‍