സിഖ് നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യ പ്രവര്‍ത്തിച്ചതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്ന് കാനഡ. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ വക്താവും, കാനഡയിലെ പ്രമുഖ സിഖ് നേതാവുമായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിലാണ് ഇന്ത്യയ്‌ക്കെതിരേ വിശ്വസനീയ തെളിവുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത്. എന്നാല്‍, ഈ ആരോപണത്തെ അസംബന്ധം എന്നു പറഞ്ഞ് നിഷേധിച്ചിരിക്കുകയാണ് ഇന്ത്യ.
ഭരണകൂടതാത്പര്യാര്‍ത്ഥം നടത്തപ്പെട്ട കൊലപാതകത്തിന് പിന്നില്‍ ന്യൂഡല്‍ഹിയാണെന്ന ആരോപണത്തില്‍ ദേശീയ സുരക്ഷ സംവിധാനങ്ങള്‍ അന്വേഷണം നടത്തുന്നുണ്ടെന്നു തിങ്കളാഴ്ച്ച ഹൗസ് ഓഫ് കോമണ്‍സില്‍(കനേഡിയന്‍ പാര്‍ലമെന്റ്) നടത്തിയ പ്രസ്താവനയില്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു.
‘ കാനഡയുടെ മണ്ണില്‍ വച്ച് ഒരു കനേഡിയന്‍ പൗരന്‍ കൊല ചെയ്യപ്പെട്ടതില്‍ ഏതെങ്കിലും വിദേശരാജ്യത്തിന് പങ്കുണ്ടെങ്കില്‍, അതൊരിക്കലും അംഗീകരിക്കാനാകില്ല. കാനഡയുടെ പരമാധികാരത്തിലേക്കുള്ള കയ്യേറ്റമാണത്”. ട്രൂഡോ വ്യക്തമാക്കി. കാനഡ നിയമവാഴ്ച്ചയുള്ള രാജ്യമാണ്, രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തില്‍ പൗരന്മാരുടെ സംരക്ഷണം അടിസ്ഥാനപരമാണ്’ എന്നും ട്രൂഡോ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ സംവിധാനം എല്ലാ കാനഡക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു, ഈ കൊലപാതകം നടത്തിയവരെ പ്രതികൂട്ടിലാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഈ രണ്ടു കാര്യങ്ങള്‍ക്കും ഞങ്ങള്‍ മുന്‍ഗണന കൊടുക്കുമെന്നും കാനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചു. ‘സ്വതന്ത്രവും തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങള്‍ സ്വയം നടത്തുന്ന അടിസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമാണ് കൊലപാതകം’ എന്നും ജസ്റ്റിന്‍ ട്രൂഡോ ഓര്‍മിപ്പിച്ചു.
ഒരു പ്രധാനപ്പെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ രാജ്യത്ത് നിന്നും പുറത്താക്കിയ വിവരം കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോലെയാണ് അറിയിച്ചത്. ഈ വിഷയത്തില്‍ ഇന്ത്യ തങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്നും, കൊലപാതകത്തിന്റെ പിന്നിലെ എല്ലാ രഹസ്യങ്ങളും പുറത്തെത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും മെലാനി പറഞ്ഞു.
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്ത്യന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ(ആര്‍ ആന്‍ഡ് ഡബ്ല്യ) കാനഡയിലെ തലവനെയാണ് പുറത്താക്കിയത്.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിരിക്കുമെന്നാണ് പൊതുസുരക്ഷ വകുപ്പ് മന്ത്രി ഡൊമനിക് ലെബ്ലാങ്ക് അറിയിച്ചത്. ആര്‍സിഎംപി ആണ് നിജ്ജറിന്റെ കൊലപാതം അന്വേഷിക്കുന്ന പ്രധാന ഏജന്‍സി.
അതേസമയം, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെയും, വിദേശകാര്യ മന്ത്രി മെലാനി ജോലെയുടെയും ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യ പ്രസ്താവനയിറക്കി. ഇന്ത്യക്കെതിരായ ആരോപണം അസംബന്ധവും ദുഷ്‌പ്രേരിതവുമാണെന്നാണ് ന്യൂഡല്‍ഹി കുറ്റപ്പെടുത്തിയത്. നിയമവാഴ്ച്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യ രാജ്യമാണ് തങ്ങളുടെതെന്നും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജി 20 ഉച്ചകോടിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ വച്ച് കഴിഞ്ഞാഴ്ച്ചയാണ് കനേഡിയന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയത്. കാനഡ കേന്ദ്രീകരിച്ചുള്ള ഇന്ത്യവിരുദ്ധ പ്രവര്‍ത്തികളില്‍ ട്രൂഡോയോട് ഇന്ത്യന്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ കാനഡയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന അതിവ ഗുരുതരമായ ആരോപണം രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെ വഷളായി ബാധിച്ചേക്കാം. എന്നാല്‍ ട്രൂഡോ ഉറപ്പിച്ചു പറയുന്നത്, വ്യക്തതയില്ലാത്തൊരു കാര്യമല്ല താന്‍ ഉന്നയിച്ചിരിക്കുന്നതെന്നാണ്.
പ്രധാനമന്ത്രി പറഞ്ഞു പോലെ കാനഡയുടെ മണ്ണില്‍വച്ച് ഒരു കനേഡിയന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ ഒരു വിദേശരാജ്യത്തിന് പങ്കുണ്ടെന്ന് കാര്യം ആലോചിക്കാന്‍ പോലും കഴിയാത്തതാണെന്നാണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിംഗ് പറഞ്ഞു. ഈ കൊലപാതകത്തിന് അതിന്റെതായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സിഖ് നേതാവ് ഓര്‍മപ്പെടുത്തുന്നുണ്ട്. ഒന്നും ഒഴിവാക്കപ്പെടില്ലെന്നും സാധ്യമായതെല്ലാം പരിശോധിക്കുമെന്നും ജഗ്മീത് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാതി ശരിയാണെങ്കില്‍, അത് കാനഡയുടെ നേരെയുള്ള അധിക്ഷേപകരമായ കടന്നുകയറ്റമാണെന്നാണ് യാഥാസ്ഥിതിക നേതാവ് പിയറി പൊയ്‌വ്രെ പറഞ്ഞത്. പൗരന്മാരെ നിയമവിരുദ്ധ കൊലപാതകങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ കാനഡയുടെ മണ്ണില്‍ കാനഡക്കാര്‍ സംരക്ഷിക്കപ്പെടണം. ഈ അന്വേഷണത്തില്‍ ഏറ്റവും സുതാര്യമായി പ്രവര്‍ത്തിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സത്യം പുറത്തു വരണം’ പിയറി പൊയ്‌വ്രെ തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണിലാണ് ബ്രട്ടീഷ് കൊളംബിയായിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ മുന്നില്‍ വച്ച് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെടുന്നത്. വിഘടനവാദ പ്രസ്ഥാനമായ ഖാലിസ്ഥാന്റെ കരുത്തനായ വക്താവായിരുന്നു നിജ്ജര്‍. പഞ്ചാബ് പ്രവിശ്യയില്‍ സിഖുകാര്‍ക്ക് പ്രത്യേക സ്വതന്ത്ര്യ രാജ്യം വേണമെന്നതാണ് ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യം. പഞ്ചാബില്‍ ഒരു ഹിന്ദു പുരോഹിതന്റെ വധത്തില്‍ നിജ്ജറിന് പങ്കുണ്ടെന്ന ആരോപണം ഇന്ത്യ മുന്‍പ് ഉയര്‍ത്തിയിരുന്നതാണ്. ഈ ആരോപണമാണ് ഇപ്പോള്‍ നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നതും.
വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷനും നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തെ പ്രതിയാക്കി രംഗത്തു വന്നിട്ടുണ്ട്. കാനഡയിലെ സിഖുകാരെ ഇന്ത്യ സജീവമായി ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം കാനഡയിലുള്ള സിഖുകാര്‍ക്ക് കാലങ്ങളായി അറിയാവുന്നത്. അത് തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി പരസ്യമായി പറഞ്ഞിരിക്കുന്നതും’ ഒരു പ്രസ്താവനയില്‍ വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒട്ടാവയിലുള്ള ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒഴിഞ്ഞുനില്‍ക്കുകയാണ്.