സ്വതന്ത്ര സിനിമകളെ ജനങ്ങൾ അഭിനന്ദിക്കാൻ തുടങ്ങിയതിന്റെ സൂചന
30 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓറിനായി മത്സരിക്കുന്നത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോള, യോർഗോസ് ലാന്തിമോസ്, ആൻഡ്രിയ അർനോൾഡ് എന്നിവരുടെ സിനിമകൾക്ക് ഒപ്പം ഒരു മലയാള താര തിളക്കം കൂടി പ്രധാന മത്സരത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ വർഷം നാമനിർദേശം ചെയ്യപ്പെട്ട ആർ ആർ ആർ ഉൾപ്പടെ സിനിമകൾ ഉൾപ്പെടെ പ്രതിവർഷം നൂറുകണക്കിന് സിനിമകൾ ഇറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മുന്നേറ്റം അഭിമാനകരമാണ്. കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമയുടെ ചരിത്രം 1946 ലെ ഉദ്ഘാടന പതിപ്പ് മുതൽ തുടങ്ങുന്നതാണ്. ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ചേതൻ ആനന്ദിന്റെ ‘നീച നഗർ’ എന്ന ചലച്ചിത്രം ഗ്രാൻഡ് പ്രൈസ് വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. Cannes film festival
ഇന്ത്യയിലെ മുഖ്യധാരാ സിനിമകളോളം സ്വന്തന്ത്ര സിനിമകൾ പലപ്പോഴും ജനപ്രീതിക്ക് പാത്രമാകാറില്ല. അതെ സമയമാണ് കാൻ ഫെസ്റ്റിവലിൽ പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നത്. ഇനി വരും ദിനങ്ങളിൽ ഇത്തരം ചിത്രങ്ങൾ കൂടുതൽ ജനപ്രീതി ആകർഷിക്കുമെന്ന് കരുതാം.
കാനിൻ്റെ കലാസംവിധായകനായ തിയറി ഫ്രെമാക്‌സ് 2024 ഏപ്രിലിൽ സിനിമകളുടെ പേരുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇന്ത്യയിലെ പുതിയ തലമുറയുടെ ചലച്ചിത്ര മേഖലയിലെ ഉദയം അംഗീകരിക്കപ്പെട്ടിരുന്നു.
മെയ് 2024 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ, ഛായാഗ്രഹണത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് പിയറി ആൻജെനിയക്സ് പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവായി സന്തോഷ് ശിവൻ മാറും. കൂടാതെ, അൺ സെർട്ടെയ്ൻ റിഗാർഡ് മത്സരത്തിൽ, സന്ധ്യ സൂരിയുടെ ‘സന്തോഷ്’, പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന നവവധുവിന്റെ കഥ ചിത്രീകരിക്കുന്ന കരൺ കാന്ധാരിയുടെ ‘സിസ്റ്റർ മിഡ്‌നൈറ്റ്’ സ്വതന്ത്ര സിനിമയ്ക്ക് വേണ്ടിയുള്ള കാനിലെ സമാന്തര പരിപാടിയായ എ സി ഐ ഡി -ൽ (അസോസിയേഷൻ ഫോർ ദി ഡിസ്ട്രിബ്യൂഷൻ ഓഫ് ഇൻഡിപെൻഡൻ്റ് സിനിമ) മൈസം അലി സംവിധാനം ചെയ്ത ‘ഇൻ റിട്രീറ്റ്’ തുടങ്ങിയ ചിത്രങ്ങൾ കാനിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്നതാണ്.
പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ അതിയായ ആഗ്രഹത്തിന്റെയും വിമോചനത്തിന്റെയും അന്വേഷണത്തെക്കുറിച്ചുമാണ് പറയുന്നത്. കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സുമാരായ പ്രഭയുടെയും, അനുവിന്റേയും കഥയാണ് ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്. നഗരത്തിലെ ഒരു നഴ്‌സിംഗ് ഹോമിലെത്തിപ്പെട്ട അവർ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വേർപിരിഞ്ഞ പങ്കാളിയിൽ നിന്ന് അപ്രതീക്ഷമായ സമ്മാനം ലഭിച്ച പ്രഭയുടെയുടെയും രഹസ്യപ്രണയത്തിൽ ആശ്വാസം കണ്ടെത്തുന്ന അനുവിന്റെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ എ നൈറ്റ് ഓഫ് നോയിങ് നതിംഗ് എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ അവാർഡ് സ്വന്തമാക്കിയിരുന്നു.
വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ സിനിമകൾ സമീപ വർഷങ്ങളിൽ അന്തരാഷ്ട്ര തലത്തിൽ വലിയ രീതിയിലാണ് അംഗീകാരങ്ങൾ നേടിയിട്ടുള്ളത്. 2022-ൽ സൺഡാൻസിൽ ‘ഓൾ ദാറ്റ് ബ്രീത്ത്സ് ‘ മികച്ച വിജയം നേടിയിരുന്നു, 2021-ൽ റോട്ടർഡാമിൽ ‘പെബിൾസ്’ വിജയിച്ചു, 2020-ൽ ‘ദി ഡിസിപ്പിൾ’ വെനീസിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
യൂറോപ്പിലെ സ്വതന്ത്ര ചലച്ചിത്ര വ്യവസായം നന്നായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും സ്ക്രിപ്റ്റ് റൈറ്റിംഗ്, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ ഓരോ ഘട്ടത്തിലും കലാകാരന്മാരെ പിന്തുണയ്ക്കുന്നതാണെന്നും പായൽ കപാഡിയ പറഞ്ഞു. അതോടൊപ്പം ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള നികുതി സ്വതന്ത്ര ചലച്ചിത്രനിർമ്മാണത്തെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന ഫ്രാൻസിൻ്റേത് പോലുള്ള നികുതി സമ്പ്രദായം ഇന്ത്യയ്ക്ക് ഉപയോഗിക്കാനായാൽ നല്ലതായിരിക്കും എന്നും, പായൽ കൂട്ടിച്ചേർത്തു. കൂടാതെ, ഫ്രാൻസ് കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുകയും ചലച്ചിത്ര പ്രവർത്തകരുടെ സൃഷ്ടിപരമായ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും പായൽ അഭിപ്രായപ്പെട്ടു.
content summary : Indian movies Cannes film festival