June 13, 2026 |

ഇന്ത്യയെ പിടിച്ച് കുലുക്കിയ സിഖ് തീവ്രവാ​ദവും, കോൺ​ഗ്രസ് വളർത്തിയ ഭിന്ദ്രൻവാലയും; ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ചരിത്രം പറയുന്ന ‘നിശബ്ദ അട്ടിമറി’

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നുവെന്ന് പി ചിദംബരം

സ്വാതന്ത്ര്യാന്തരം ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയെന്നാണ് ചരിത്രം ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെ വിശേഷിപ്പിക്കുന്നത്. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ഇന്ന് 41 ആണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. പഞ്ചാബിന്റെ മണ്ണില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ വിതച്ച് വെള്ളവും വളവും നല്‍കി വളര്‍ത്താന്‍ ശ്രമിച്ച കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രന്‍വാലയെ പിടികൂടുകയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ലക്ഷ്യം. എന്നാല്‍ 1984 ലെ ആഭ്യന്തര സൈനിക നടപടിയായ ഈ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നുവെന്നാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞത്. ആ തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒറ്റയ്‌ക്കെടുത്തതല്ലെന്ന് പറഞ്ഞ ചിദംബരം അതിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നുവെന്നും പറഞ്ഞു. 1984 ജൂണ്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക നടപടി നീണ്ടുനിന്നത്.

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക നടപടി. പ്രശസ്ത അന്വേഷണാത്മക ജേണലിസ്റ്റ് ജോസി ജോസഫിന്റെ വിഖ്യാതമായ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിലെ കത്തുന്ന താഴ്വരയെന്ന 6-ാം അദ്ധ്യായത്തില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. (നിശബ്ദ അട്ടിമറി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക; https://rzp.io/l/yI1igYDqPk )

അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജര്‍ണൈതി സിങ് ഭിന്ദ്രന്‍വാലയുമായി ബന്ധപ്പെട്ടുവെന്ന് അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ പറഞ്ഞിട്ടുണ്ട്. സുപ്രധാന സിഖ് മതപാഠശാലയായ ദാംദാനി തക്സാലിന്റെ സമരോത്സുകനായ അധിപനായിരുന്നു ഭിന്ദ്രന്‍വാല, കോണ്‍ഗ്രസിനെ തകര്‍ത്തുകളഞ്ഞ അ കാലിദളിനെ എതിര്‍ക്കാനൊരു സഹായമായി ഭിന്ദ്രന്‍വാല മാറി. 1977ലെ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ അതുവരെ ഗ്യാനി സെയില്‍ സിങ്ങിന്റെ -പിന്നീട് അദ്ദേഹം രാഷ്ട്രപതിയായി മാറി- നേതൃത്വത്തില്‍ ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേയ്ക്ക് പുറംതള്ളപ്പെട്ടു. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ അകാലിദളിന്റെ സിഖ് രാഷ്ട്രീയത്തിനെതിരായി സ്വന്തമായി മതനേതൃത്വത്തെ മുന്നോട്ട് വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സഞ്ജയ് ഗാന്ധിയും കൂട്ടാളികളും അതിനായി രണ്ട് പേരെ കണ്ടെത്തി. സഞ്ജയ് ഗാന്ധിയുടെ അടുത്ത സഹപ്രവര്‍ത്തകനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ ഉദ്ധരിച്ചുകൊണ്ട് കുല്‍ദീപ് നയ്യാര്‍ എഴുതുന്നു: ‘ഞങ്ങള്‍ ആദ്യം കൂടിക്കാഴ്ച നടത്തിയ ആള്‍ അത്ര ധൈര്യമുള്ള ഒരാളായി തോന്നിയില്ല. പക്ഷേ ഭിന്ദ്രന്‍വാല മട്ടിലും മാതിരിയിലും ശക്തനായിരുന്നു. ലക്ഷ്യത്തിന് പറ്റിയ ആളാണെന്ന് തോന്നി. അദ്ദേഹത്തിന് ഇടയ്ക്കിടെ ഞങ്ങള്‍ പണം നല്‍കികൊണ്ടിരുന്നു. പക്ഷേ അയാള്‍ ഒരു ഭീകരവാദിയായി മാറുമെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല.”

തുടര്‍ന്ന് വര്‍ഷങ്ങളോളം നാശം വിതയ്ക്കുകയും ഇന്ത്യയെ തന്നെ പിടിച്ച് കുലുക്കുകയും ചെയ്ത ഒരു ക്രൂരജന്തുവിനെയാണ് കോണ്‍ഗ്രസ് സൃഷ്ടിച്ചെടുത്തത്. 1981 സെപ്തംബര്‍ ഒന്‍പതിന് പഞ്ചാബ് കേസരി ദിനപത്രത്തിന്റെ സ്ഥാപകന്‍ ലാല ജഗത് നാരായണിന്റെ കൊലപാതകമാണ് ഭിന്ദ്രന്‍വാലയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ട ആദ്യത്തെ അക്രമം. സ്വാതന്ത്രസമര സേനാനിയും അടിയന്തരാവസ്ഥക്കാലത്ത് ജയിലലിലടക്കപ്പെട്ട പൊതുപ്രവര്‍ത്തകനുമായ ജഗത് നാരായണന്‍, ഭിന്ദ്രന്‍വാലയുടെ രൂക്ഷ വിമര്‍ശകനുമായിരുന്നു. മാത്രമല്ല, നിരാങ്കരികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ സാക്ഷിയുമായിരുന്നു അദ്ദേഹം. ജഗത് നാരായണന്‍ വധക്കേസില്‍ ഭിന്ദ്രന്‍വാലയെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പോലീസിന്റെ ശ്രമം പരാജയപ്പെടുത്തിയത് രണ്ട് കോണ്‍ഗ്രസ് നേതാക്കളായിരുന്നുവെന്നാണ് കുല്‍ദീപ് നയ്യാര്‍ എഴുതുന്നത്. 1980-ല്‍ വലിയ വിജയത്തോടെ കോണ്‍ഗ്രസ് രാജ്യഭരണത്തില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായ സെയില്‍ സിങ്ങും ഹരിയാണ മുഖ്യമന്ത്രിയായിരുന്ന ഭജന്‍ലാലും. ആയിടെയാണ് കുറച്ചധികം എം.എല്‍.എമാരുമായി കൂറുമാറി ഭജന്‍ലാല്‍ കോണ്‍ഗ്രസിലെത്തിയത്. ഭിന്ദ്രന്‍വാല അക്കാലത്ത് താമസിച്ചിരുന്ന ഹരിയാണയിലെ ചന്ദോ കാലന്‍ ഗ്രാമത്തില്‍ പഞ്ചാബ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വന്നത് കലാപത്തിന് വഴി വച്ചു. പോലീസും ഭിന്ദ്രന്‍വാലയുടെ അനുയായികളുമായുള്ള പോരാട്ടം രണ്ട് ബസുകള്‍ തീവച്ച് നശിപ്പിക്കുന്നതിനും മറ്റ് പല അക്രമസംഭവങ്ങള്‍ക്കും കാരണമായി. നശിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ ഭിന്ദ്രന്‍വാല അരുമയായി സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ ധര്‍മ്മപ്രബോധനങ്ങളുടെ ലിഖിത രൂപങ്ങളും ഉണ്ടായിരുന്നു.

അതിനിടെ അതിര്‍ത്തിക്കപ്പുറത്ത്, 1971-ലെ അപമാനത്തിന് പകരം വീട്ടാന്‍ തക്കം പാര്‍ത്തിരുന്ന പാകിസ്ഥാന്‍ പഞ്ചാബിലെ ഈ അവസ്ഥയിലേയ്ക്ക് ദ്രുത?ഗതിയില്‍ കടന്ന് കയറി. തീവ്രവാദികള്‍ക്ക് ആയുധങ്ങളും പടക്കോപ്പുകളും നല്‍കുകയും പാകിസ്ഥാനിലേയ്ക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും അനുവദിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളെ സംഘടിപ്പിക്കാനുള്ള സഹായവും പാകിസ്ഥാനാണ് ചെയ്തത്. അവിടത്തെ പ്രാദേശിക ജേണലിസ്റ്റുകളും നിരീക്ഷകരും പറയുന്നത് സിഖ് തീവ്രവാദവുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനറല്‍ സിയ ഉള്‍ ഹഖ് വ്യക്തിപരമായി വലിയ താത്പര്യത്തോടെയാണ് ഇടപെട്ടിരുന്നത് എന്നാണ്.

1982-ല്‍ ഒന്‍പതാം ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു. അതൊരു കായികോത്സവം മാത്രമായിരുന്നില്ല, തന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വളര്‍ത്തിക്കൊണ്ട് വരുന്ന പുത്രന്‍ രാജീവ് ഗാന്ധിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദി കൂടിയായിരുന്നു. അക്കാലമായപ്പോഴേയ്ക്കും ഭിന്ദ്രന്‍വാലയുടെ പോരാട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നിരുന്ന അകാര് ദളിന്റെ നേതാവ് ഹര്‍ചന്ദ് സിങ്ങ് ലോഗോവാളിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസിന്റെ സമയത്ത് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചു. ഇതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണം ക്രൂരമായിരുന്നു. സാധാരണ സിഖ് ജനതയാണ് ഇതിന്നിരകളായി മാറിയത്. ഈ താറുമാറുകളും ഭിന്ദ്രന്‍വാലയുടെ തീവ്രവാദത്തിന് കൂടുതല്‍ സഹായം നല്‍കി.

പഞ്ചാബ് തീവ്രവാദത്തിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ച രാജീവ് ഗാന്ധി, അതില്‍ നിന്ന് തെറ്റായ പാഠങ്ങളാണ് പഠിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതേരത്തിലുള്ള, ഭാവനം ശൂന്യമായ രാഷ്ട്രീയ നടപടികള്‍ കശ്മീരിലും കൈക്കൊള്ളുന്നതിലേയ്ക്കാണ് അത് നയിച്ചത്.

കേന്ദ്രഭരണകൂടത്തിന്റെ ഒരോ ക്രൂരമായ അടിച്ചമര്‍ത്തലുകളും സിഖ് തീവ്രവാദത്തെ കൂടുതല്‍ ശക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ 3000 തീവ്രവാദികളെ വരെ പാകിസ്ഥാന്‍ ആതിഥ്യമരുളി സംരക്ഷിച്ചിട്ടുണ്ട് എന്ന്, ഇന്ത്യന്‍ ഏജന്‍സികള്‍ അവകാശപ്പെട്ടു. മിക്കവാറും തീവ്രവാദ സംഘടനകളുടെ നേതാക്കള്‍ പാകിസ്ഥാനിലായിരുന്നു താവളമുറപ്പിച്ചത്. അവര്‍ക്ക് ആയുധങ്ങളും പടക്കോപ്പുകളും പരിശീലനവും നല്‍കിയ ഐ.എസ്.ഐ അന്തരാഷ്ട്ര അതിര്‍ത്തി കടക്കാനും അവരെ സഹായിച്ചു. ഈ തീവ്രവാദമാകട്ടെ ഹിന്ദുവിരുദ്ധമായും പരിണമിച്ചു. ബസുകളിലും തീവണ്ടികളും പൊതുവിടങ്ങളിലും ഹിന്ദുക്കളെ ലക്ഷ്യം വച്ച് കൊലപാതകങ്ങള്‍ നടന്നു. അന്തരീക്ഷം കൂടുതല്‍ വഷളായതോടെ, സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ 1983 ജൂണ്‍ മൂന്നിന് പിരിച്ച് വിടേണ്ട അവസ്ഥ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുണ്ടായി.

1984-ലെ വേനല്‍കാലത്ത് പഞ്ചാബില്‍ ഇന്ത്യന്‍ കരസേനയെ വിന്യസിച്ചു. പോലീസിനെ പട്ടാള നിയന്ത്രണത്തില്‍ കീഴിലാക്കി. മീററ്റില്‍ നിന്ന് മേജര്‍ ജനറല്‍ കുല്‍ദീപ് സിങ്ങ് ബ്രാര്‍ നയിച്ച ഒന്‍പതാം ഡിവിഷനെ അമൃത്സറിലേയ്ക്ക് കൊണ്ടുവന്നു. 1965-ലെ യുദ്ധത്തില്‍ പാകിസ്ഥാന്റെ കയ്യില്‍ നിന്ന് അവിശ്വസനീയമായ രീതിയില്‍ ഹാജി പീര്‍ ചുരം പിടിച്ചെടുത്ത ഐതിഹാസിക സൈനികനും അക്കാലത്ത് പശ്ചിമ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്ന ലഫ്ന്റ് ജനറല്‍ രഞ്ജിത് സിങ് ദയാലിനെ പഞ്ചാബ് ഗവര്‍ണറുടെ സുരക്ഷാ ഉപദേശകനായി നിയമിച്ചു. ഇന്ത്യന്‍ സേനയുടെ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന പദവികളില്‍ ധാരാളം സിഖ് ഓഫീസര്‍മാരെ നിയമിച്ചു.

ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള സിഖ് തീവ്രവാദികള്‍ താവളമടിച്ചിരുന്ന സുവര്‍ണക്ഷേത്രം, രായ്ക്കുരാമാനം ബീഹാര്‍ റെജിമെന്റ് വളഞ്ഞു. പക്ഷേ ഈ തീവ്രവാദികള്‍ അസംഘടിതരായ പ്രവര്‍ത്തകരൊന്നുമല്ലായിരുന്നു. അവരെ നയിച്ചിരുന്നത് 1971-ലെ ബംഗ്ലാദേശ് യൂദ്ധതന്ത്രത്തിന്റെ സൃഷ്ടാക്കളില്‍ ഒരാളായിരുന്ന മേജര്‍ ജനറല്‍ ഷാബെഗ് സിങ്ങായിരുന്നു. സൈനിക നേതൃത്വത്തില്‍ നിന്ന് ഷാബെഗ് സിങ്ങിന് അനീതി നേരിടേണ്ടി വന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്. സേനയില്‍ നിന്ന് വിരമിക്കുന്നതിന്റെ തലേദിവസം കോര്‍ട്ട് മാര്‍ഷലിന് വിധേയനായ അദ്ദേഹം പിന്നീട് സിഖ് അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ഭിന്ദ്രന്‍വാല സംഘത്തില്‍ എത്തിച്ചേരുകയും ചെയ്തു.

2012ല്‍ മുതിര്‍ന്ന ജേണലിസ്റ്റ് ശേഖര്‍ ഗുപ്തയ്ക്ക് അനുവദിച്ച ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സുവര്‍ണക്ഷേത്ര സൈനിക നടപടിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിനെ നയിച്ച ജനറല്‍ കെ.എ സ്.ബ്രാര്‍, ഷാബെഗ് സിങ്ങിനെകുറിച്ച് വാചാലനായി. ‘അദ്ദേഹം അക്കാദമിയില്‍ എന്റെ പരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ കേഡറ്റായിരുന്നു ഞാന്‍. പിന്നീട് 1971-ലെ യുദ്ധത്തില്‍ ധാക്കയിലേയ്ക്ക് പോകുമ്പോള്‍ ഞങ്ങള്‍ വീണ്ടും കൂട്ടിമുട്ടി.’ അക്കാലത്ത് ബ്രാര്‍ വണ്‍ മറാത്തയുടെ കമാന്‍ഡര്‍ ആയിരുന്നു. 1971 ഡിസംബര്‍ പതിനാറിന് ധാക്കയിലേയ്ക്ക് പ്രവേശിച്ച ആദ്യ ബറ്റാലിയനുകളിലൊന്നായിരുന്നു വണ്‍ മറാത്ത. സുബേഗ് സിങ്ങും അദ്ദേഹം വളര്‍ത്തിയെടുത്ത മുക്തിവാഹിനിയും അവര്‍ക്കൊപ്പമാണ് ധാക്കയിലെത്തിയത്.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തി. ഇത് സിഖ് സമൂഹത്തിന്റെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഗുരുതരമായ വിള്ളലുണ്ടാക്കി. സൈനിക നീക്കം അവസാനിച്ച് രണ്ട് മൂന്ന് ദിവസത്തിന് ശേഷം രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ പട്ടണാതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന ഒന്‍പതാം സിഖ് റെജിമെന്റ് പൂര്‍ണമായും സൈനികലഹള സൃഷ്ടിച്ചു. അറുന്നൂറോളം സായുധ സൈനികര്‍ പട്ടണത്തിന്റെ തെരുവുകളിലൂടെ ഭിന്ദ്രന്‍വാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കി വാഹനങ്ങളോടിച്ചു. ഒരു പോലീസുകാരനെ വെടിവെച്ച് കൊന്നശേഷം ആ സൈനികര്‍ രണ്ടായി പിരിഞ്ഞു. ഒരു കൂട്ടര്‍ ദേശീയ തലസ്ഥാനത്തേയ്ക്കും മറ്റൊരു സംഘം പാകിസ്ഥാന്‍ പ്രദേശത്തേയ്ക്കും നീങ്ങി. ഈ സൈനിക കലാപത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ ബീഹാറിലെ രാംഗഡ് താവളമാക്കിയിരുന്ന സിഖ് റെജിമെന്റും ഇളകി മറിഞ്ഞു.

ഏകദേശം 1500 സൈനികള്‍ പടക്കോപ്പു കളെടുത്ത് കടന്ന് കളഞ്ഞു. രണ്ടാമത്തെ ലഹളയുടെ വാര്‍ത്തയറിഞ്ഞ് രണ്ട് ഓഫീസര്‍മാര്‍ക്കൊപ്പം ബ്രിഗേഡിയര്‍ എസ്.സി പുരി സൈനികര്‍ക്ക് നേരെ വാഹനമോടിച്ചെത്തി. സൈനികര്‍ കാറിന് നേരെ വെടിവയ്ക്കുകയും ബ്രിഗേഡിയര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. മറ്റ് ഓഫീസര്‍മാര്‍ അദ്ദേഹത്തെ ഉടനടി സൈനിക ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ബ്രിഗേഡര്‍ പുരിയെ രക്ഷിക്കാനായില്ല.

സാധാരണ പൗരന്മാരില്‍ നിന്ന് ബലമായി അപഹരിച്ചതടക്കമുള്ള കാറുകളിലും വാഹനങ്ങളിലും രാംഗഡില്‍ നിന്ന് ഈ സൈനികര്‍ അമൃത്സര്‍ ലക്ഷ്യമാക്കി കുതിച്ചു. സൈന്യം റോഡുകള്‍ തടയുകയും മറ്റ് പല യൂണിറ്റുകളെയും ഇവരുടെ പുറകെ അയയ്ക്കുകയും ചെയ്തു. ഹെലികോപ്ടറുകളിലും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തി. ഇന്ത്യന്‍ സേന ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത് സ്വന്തം സൈനികരെ തന്നെ വേട്ടയാടുക എന്നത്. പലയിടങ്ങളിലും ചെറുത്ത് നില്‍പ്പുകളും വെടിവെയ്പുകളുമുണ്ടായി. പിന്നീടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത് നൂറിലധികം പേര്‍ വെടിവെയ്പില്‍ മരിച്ചുവെന്നാണ്.

ആഗസ്ത് 24-ന് ചണ്ഡീഗഢില്‍ നിന്നുള്ള ശ്രീനഗര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം സിഖ് തീവ്രവാദികള്‍ റാഞ്ചി. ആ വിമാനം അമേരിക്കയിലേയ്ക്ക് കൊണ്ടുപോകണം എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. പക്ഷേ ആദ്യം ലാഹോറിലേയ്ക്കും പിന്നീട് കറാച്ചി യിലേയ്ക്കും പോയ ആ വിമാനം അവസാനം യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ ദുബായില്‍ ഇറങ്ങി. വികാരാധീനരായ ഇന്ത്യന്‍ സുരക്ഷ സംവിധാനം സൈനിക ലഹളകള്‍ക്ക് പ്രേരണ ചെലുത്തിയതിന് പാകിസ്ഥാനെ പഴിക്കാന്‍ മറന്നില്ല. എന്തായാലും സൈനിക ട്രൈബ്യൂണലിന്റെ സ്വന്തം അന്വേഷണം ബാഹ്യ ഇടപെടലിനെ അസന്ദിഗ്ദമായി തള്ളിക്കളയുകയും ഇന്ത്യന്‍ ഭരണനേതൃത്വത്തേയും മറ്റ് സാഹചര്യങ്ങളേയും കുറ്റപ്പെടുത്തുകയുമാ ണുണ്ടായത്. പക്ഷേ വിവിധ തലങ്ങളിലുള്ള അശാന്തി അവിടം കൊണ്ട് അവസാനിച്ചില്ല.

content summary: Josy Joseph’s Silent Coup explores the Congress party’s links to Bhindranwale and the events leading to the operation blue star

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×