June 26, 2026 |

തീവ്രവാ​ദ ബന്ധം ആരോപിച്ച് പൊലീസിൽ നിന്ന് പുറത്താക്കി, ‘അനസ് ജീവനൊടുക്കാതിരുന്നത് കുഞ്ഞുങ്ങളെയോർത്ത്’

നിരപരാധിത്വം തെളിഞ്ഞിട്ടും നാല് വർഷമായി
ആക്രിക്കടയിൽ ജോലി ചെയ്ത് സിപിഒ

കുടുംബത്തിനൊപ്പം സമാധാന ജീവിതം നയിച്ചിരുന്ന ഒരു സാധാരണ പൊലീസ് ഉദ്യോ​ഗസ്ഥൻ. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അയാൾ തീവ്രവാദിയായി. വധഭീഷണി നിലവിലുള്ള 159 ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഡാറ്റാബേസ് പോലീസിൽ നിന്ന് ചോർത്തി മുസ്ലിം തീവ്രവാദികൾക്ക് നൽകിയ കൊടുംകുറ്റമാണ് ഇടുക്കി സിപിഒ ആയിരുന്ന അനസിന് മേൽ ചുമത്തിയത്. അതോടെ അനസിന് തന്റെ ജോലിയും നഷ്ടമായി.

ആർഎസ്എസ് പ്രവർത്തകരുടെ വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അനസ് നിലവിൽ ഇടുക്കിയിലെ ഒരു ആക്രിക്കടയിലാണ് ജോലി ചെയ്യുന്നത്. നാല് വർഷത്തെ ദുരിത യാതനകൾക്ക് ഒടുവിൽ അനസിനെ കുറ്റവിമുക്തനാക്കി, തിരിച്ചെടുക്കാനും ഉത്തരവായി എന്നാൽ നടപടി നീണ്ടു പോവുകയാണ്.

അനസിനെ തിരിച്ചെടുക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടിട്ടും ഇതുവരെ തിരിച്ചെടുത്തിട്ടില്ലെന്നാണ് നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കുന്നത്. സർവ്വീസിന് അകത്തുള്ളവരാണ് സാധാരണയായി അച്ചടക്ക നടപടി നേരിടുന്നത്. അങ്ങനെയെങ്കിൽ നിലവിൽ ആക്രിക്കടയിൽ ജോലി ചെയ്യുന്ന അനസിന് മേൽ എന്തുകൊണ്ട് ഈ നടപടി സ്വീകരിക്കുന്നുവെന്ന് ഉമേഷ് വള്ളിക്കുന്ന് ചോദിക്കുന്നു.

അനസ് താമസിക്കുന്ന വീടിനോട് ചേർന്നുള്ള ​ഗ്രൗണ്ടിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി അനസിന് അയൽവാസികളിൽ നിന്ന് വിവരം ലഭിച്ചിരുന്നു. സംശയാസ്പദമായ രീതിയിൽ എന്ത് കണ്ടാലും പൊലീസിനെ അറിയിക്കാൻ അനസ് അവരോട് നിർദേശിച്ചു. അതിനോട് അടുത്ത ദിവസം സംശയം തോന്നുന്ന തരത്തിൽ ഒരു വാഹനം ​ഗ്രൗണ്ടിൽ കിടക്കുന്നത് അനസിന്റെ അയൽവാസിയായ ഷാനവാസിന്റെ ശ്രദ്ധയിൽപ്പെട്ടു. അത് അനസിനെ അറിയിച്ചിരുന്നു ഒപ്പം വണ്ടിയുടെ നമ്പറും നൽകി. ഈ വണ്ടിയുടെ വിവരങ്ങൾ മാത്രമാണ് അനസ് കൈമാറിയത്. ഇവർ ഹിന്ദുനാമധാരികളായിരുന്നു. ഇതാണ് ദേശീയ മാധ്യമങ്ങൾ ആഘോഷിച്ച 159 ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഡാറ്റാബേസ് പോലീസിൽ നിന്ന് ചോർത്തി മുസ്ലിം തീവ്രവാദികൾക്ക് നൽകിയ കേസിലെ നിജസ്ഥിതി.

സഹപ്രവർത്തകർക്ക് പോലും അനസിനെ വിളിക്കാനോ സംസാരിക്കാനോ സാധിക്കാത്ത ഒരു ഭീകരാന്തരീക്ഷം കൂടി ഉന്നത ഉദ്യോ​ഗസ്ഥർ സൃഷ്ടിച്ചെടുത്തിരുന്നു. രണ്ടു പേരുടെ വിലാസം എടുത്ത് നൽകിയതിനാണ് അനസിനെ തീവ്രവാ​ദിയാക്കിയത്. പരിവാഹൻ സൈറ്റിൽ നിന്ന് എല്ലാവർക്കും ലഭിക്കുന്ന അഡ്രസാണിത്. ഇതിനെയാണ് ആർഎസ്എസിന്റെ ഡാറ്റാ ബാങ്ക് ചോർത്തിക്കൊടുത്തുവെന്ന രീതിയിൽ വ്യാഖ്യാനിച്ചതെന്ന് ഉമേഷ് വള്ളിക്കുന്ന് പറയുന്നു.

ഈ സംഭവത്തിന് ശേഷം ഒരിക്കൽ തിരുവനന്തപുരത്ത് എന്റെ ഒരു കേസിന്റെ ആവശ്യത്തിനായി പോയിരുന്നു അവിടെ വച്ചാണ് അനസിനെ കാണുന്നത്, സംഭവങ്ങളെക്കുറിച്ച് അറിയുന്നതും. അനസ് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്റേതായ രീതിയിൽ ഒരു നടത്തിയപ്പോൾ കാര്യങ്ങൾ ശരിയാണ്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം അനസ് എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും നിയമനടപടി നേരിടുന്നതിനാൽ സംസാരിക്കാനോ സാധിച്ചിരുന്നില്ല സങ്കടവും ഉമേഷ് പങ്കുവയ്ക്കുന്നു.

വധഭീഷണി നേരിടുന്ന 159 ആർഎസ്എസ് പ്രവർത്തകരുടെ ഡാറ്റാ ബേസ് അനസ് ചോർത്തി നൽകിയെന്നാണ് ആ​ദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഒമ്പത് ഹിന്ദുക്കളെന്നാക്കി ചുരുക്കി. പിന്നീടത് രണ്ട് പേരായി. അനസിന് മേലുള്ള വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിലാണ് അന്ന് ഇടുക്കിയിലെ ഡിവൈഎസ്പിയായിരുന്നു സദൻ നടപടി സ്വീകരിച്ചത്. ഈ സംഭവത്തെ വർ​ഗീയ പ്രചരണത്തിനുള്ള ആയുധമായി പ്രായോ​ഗിക്കാൻ ആർഎസ്എസുകാർക്ക് ഉപദേശം നൽകിയതും ഇദ്ദേഹമായിരുന്നു. അവരെക്കൊണ്ട് അത് ചെയ്യിച്ച് കൊണ്ട് ധ്രൂവികരണം നടത്തുക ആയിരുന്നു ഡിവൈഎസ്പി സദന്റെ ആവശ്യം. ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ദേശീയ മാധ്യമങ്ങളായിരുന്നു. അതിൽ നിന്ന് തന്നെ പിന്നിലെ ഉദ്ദേശം വ്യക്തമാണെന്ന് ഉമേഷ് വള്ളിക്കുന്ന് പറയുന്നു.

നീ ആത്മഹത്യ ചെയ്യുമെന്നാണ് ഞാൻ കരുതിയതെന്ന് ഒരിക്കൽ അനസിനെ കണ്ടപ്പോൾ ഡിവൈഎസ്പി സദൻ പറഞ്ഞത്. ആ മക്കള് ചേർന്ന് നിന്നത് കൊണ്ട് മാത്രമാണ് അനസ് അന്ന് ആത്മഹത്യ ചെയ്യാതിരുന്നത്. കുടുംബത്തിന്റെ അവസ്ഥ കണ്ട് മനസിലാക്കിയ ഭാര്യാപിതാവാണ് അനസിനെ തന്റെ ആക്രിക്കടയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. തിരിച്ചെടുക്കുന്നതിനെക്കുറിച്ച് അനസ് എസ്പിയെ കണ്ട് സംസാരിച്ചിരുന്നു അപ്പോഴൊക്കെ ഓരോ മുടന്തൻ മറുപടികളാണ് നൽകിയിരുന്നത്. അന്വേഷണം നേരിടുന്ന നിങ്ങളെ തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞു. സർവ്വീസില്ലാത്ത തനിക്ക് നേരെ എങ്ങനെയാണ് നടപടിയെടുക്കുന്നതെന്ന അനസിന്റെ ചോദ്യത്തിന് , നിങ്ങളെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണൽ ഉത്തരവ് വന്നല്ലോയെന്നാണ് മറുപടി നൽകുന്നത്.

നിരപരാധിത്വം തെളിഞ്ഞിട്ടും ഉന്നത ഉദ്യോ​ഗസ്ഥരുടെ കെടുകാര്യത കൊണ്ട് ഇപ്പോഴും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ് അനസിന്. നഷ്ടപ്പെട്ട് പോയ വർഷങ്ങൾക്കും അനുഭവിച്ച ദുരിതത്തിനും പരിഹാരമായി ജോലിയിൽ തിരികെ പ്രവേശിക്കണമെന്നൊരു ആവശ്യം മാത്രമേ അനസിന്റെ മുന്നിലുള്ളൂ.

content summary: CPO Anas was dismissed over alleged terrorism links, later proven innocent, and spent four years working at a scrap shop

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×