June 26, 2026 |
Share on

കീഴുദ്യോഗസ്ഥയുമായി ‘അവിഹിത ബന്ധം’ നെസ്‌ലെ സിഇഒയെ പുറത്താക്കി

ഫ്രീക്സിന് പകരം ഫിലിപ്പ് നവ്രറ്റിലിനെ പുതിയ സിഇഒ

ചീഫ് എക്സിക്യൂട്ടീവ് ലോറന്റ് ഫ്രീക്സിനെ പുറത്താക്കി ലോകപ്രശസ്ത ഭക്ഷ്യ ഉത്പന്ന കമ്പനിയായ നെസ്‌ലെ. ഒരു കീഴുദ്യോഗസ്ഥയുമായുള്ള വെളിപ്പെടുത്താത്ത പ്രണയബന്ധം കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫ്രീക്സിന് പകരം ഫിലിപ്പ് നവ്രറ്റിലിനെ പുതിയ സിഇഒ ആയി നിയമിച്ചതായി കമ്പനി അറിയിച്ചു.

കഴിഞ്ഞ 40 വർഷമായി നെസ്‌ലെയിൽ പ്രവർത്തിച്ചുവരികയായിരുന്ന ഫ്രീക്സിന്റെ പുറത്താക്കൽ ഒരു “അത്യാവശ്യമായ തീരുമാനം” ആയിരുന്നുവെന്ന് കമ്പനി ചെയർമാൻ പോൾ ബുൾക്കെ പ്രസ്താവനയിൽ അറിയിച്ചു. “നെസ്‌ലെയുടെ മൂല്യങ്ങളും ഭരണരീതികളും ഞങ്ങളുടെ കമ്പനിയുടെ ശക്തമായ അടിത്തറയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രീക്സിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള ബന്ധത്തെക്കുറിച്ച് പുറത്തുനിന്നുള്ള നിയമവിദഗ്ദ്ധരുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.

പുതിയ സിഇഒ ഫിലിപ്പ് നവ്രറ്റിലിന്റെ കഴിവുകളിൽ നെസ്‌ലെ ബോർഡിന് പൂർണ വിശ്വാസമുണ്ട്. 2001-ൽ കമ്പനിയിൽ ചേർന്ന നവ്രറ്റിൽ, മെക്സിക്കോയിലെയും ഹോണ്ടുറാസിലെയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

“വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്,” ബുൾക്കെ പറഞ്ഞു.

മുൻപ് ബിപി കമ്പനിയുടെ സിഇഒ ആയിരുന്ന ബെർണാഡ് ലൂണിയെയും സമാനമായ കാരണങ്ങളാൽ പുറത്താക്കിയിരുന്നു. സഹപ്രവർത്തകരുമായുള്ള ബന്ധങ്ങളെക്കുറിച്ച് ബോർഡിനെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് ലൂണിയെ പുറത്താക്കിയത്.

ഈ സംഭവത്തിനുശേഷം, ജീവനക്കാർ തങ്ങളുടെ സഹപ്രവർത്തകരുമായുള്ള അടുത്ത ബന്ധങ്ങൾ വെളിപ്പെടുത്തണമെന്ന് നിർബന്ധിതമാക്കുന്ന നയം ബിപി നടപ്പാക്കിയിരുന്നു.

നെസ്‌ലെ മുൻ സിഇഒ മാർക്ക് ഷ്‍നൈഡർക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഫ്രീക്സ് സ്ഥാനമേറ്റെടുത്തത്. പുതിയ സിഇഒയുടെ കീഴിൽ കമ്പനിയുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തില്ലെന്നും വളർച്ചാ പദ്ധതികൾക്ക് വേഗത കൂട്ടുമെന്നും നെസ്‌ലെ അറിയിച്ചു.

content summary: Nestlé CEO Fired for Undisclosed Romantic Relationship with Subordinate

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×