July 14, 2026 |
Avatar
അമർനാഥ്‌
Share on

ഹൃദയം കൊണ്ടെഴുതിയ ചരിത്രം

ഇന്ന് ലോക ഹൃദയദിനം

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ഓർമ്മിപ്പിച്ച് വീണ്ടുമൊരു ലോക ഹൃദയദിനം കൂടി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ എറണാകുളത്തെ ലിസി ആശുപത്രിയിൽ നടന്നത് രണ്ട് ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ്. ചെറുപ്പക്കാർക്കിടയിൽ പോലും ഹൃദയാഘാതവും ഹൃദ്രോഗവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഹൃദ്രോഗ ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഓരോ ഹൃദയദിനത്തിന്റെയും ലക്ഷ്യം. അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

അന്‍പത്തിയേഴ് വര്‍ഷം മുന്‍പാണ് ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായത്. വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ചരിത്ര സംഭവം ഒരിക്കല്‍ കൂടി ഈ ലോക ഹൃദയ ദിനത്തില്‍ ഓര്‍മ്മിക്കുമ്പോള്‍.

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
മനം ആരഭിതന്‍ പദമായി.
ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യഭാവമരന്ദ്രം വിതുമ്പി
താഴ്വരയില്‍ നിന്റെ പുഷ്തല്‍പ്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകി
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി
താളം പകര്‍ന്നു ഞാന്‍ നല്‍കി
അറിയാതെ നീയറിയാതെ…
– ശ്രീകുമാരന്‍ തമ്പി

Dr. christian bernad

ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ്

അമ്പത്തിയേഴ് വര്‍ഷം മുന്‍പ് വന്ന ഒരു ടെലിഫോണ്‍ കോള്‍ രണ്ട് പേരും സംസാരിച്ച് തീര്‍ന്നപ്പോള്‍ വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി ആ ടെലിഫോണ്‍ വിളി മാറി.

സൗത്താഫ്രിക്കയിലെ കേപ്ടൗണിലുള്ള തന്റെ വീട്ടില്‍ ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് ആ ടെലിഫോണ്‍ കോള്‍ വന്നത്. അദ്ദേഹം ജോലി ചെയ്യുന്ന സൗത്ത് ഗ്രൂട്ട് ഷുര്‍ വുമണ്‍ ഹോസ്പിറ്റലിലെ ഒരു നഴ്‌സ് ആയിരുന്നു ഫോണില്‍. റോഡപകടത്തില്‍ പെട്ട ഒരു യുവതിയെ ആശുപത്രിയില്‍ കൊണ്ടുവന്നിരിക്കുന്നു, മസ്തിഷ്‌ക ക്ഷതം സംഭവിച്ച് മരണാസന്നയാണ് അവര്‍. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവളുടെ പിതാവ് അനുവാദം നല്‍കാന്‍ തയ്യാറാണ്. അതേ ആശുപത്രിയിലെ ഹൃദയം തകരാറിലായ ഒരു രോഗിക്ക് ഈ ഹൃദയം മാറ്റിവെയ്ക്കാം. ഉടനെ വരിക. ഇതായിരുന്നു ആ ടെലിഫോണില്‍ സംസാരിച്ചതിന്റെ ചുരുക്കം.

ഒരു ദിവസത്തിന് ശേഷം, ഗ്രൂട്ട് ഷുര്‍ വുമണ്‍ ഹോസ്പിറ്റലില്‍ വെച്ച് 1967 ഡിസംബര്‍ 3 ന് ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ബെര്‍നാഡ് വിജയകരമായി പൂര്‍ത്തിയാക്കി.

heart day

ഒരു മനുഷ്യന്റെ ഹൃദയം മറ്റൊരു മനുഷ്യജീവിക്ക് ആദ്യമായി മാറ്റി വെയ്ക്കപ്പെട്ടു. റോഡപകടത്തില്‍ മരിച്ച ഡെനിസ് ഡാര്‍വല്‍ എന്ന ദാതാവായ 25കാരിയുടെ ഹൃദയം ലൂയിസ് വാഷ്‌കാന്‍സ്‌കി എന്ന 53 കാരന്‍ സ്വീകരിച്ചു. വൈദ്യശാസ്ത്ര രംഗത്ത് ഇത് ഹൃദയ ശസ്ത്രക്രിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാല്‍വെയ്പ്പായിരുന്നു.

‘ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ലൂയിസ് വാഷ്‌കാന്‍സ്‌കി എന്ന 53 കാരന്‍ ഏതാണ്ട് മരണത്തിനടുത്തായിരുന്നു. മാരകമായ ഹൃദയാഘാതത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അയാളുടെ വൃക്കകള്‍ തകരാറിലായി. പ്രമേഹം മൂര്‍ച്ചിച്ച അവസ്ഥയിലുമായിരുന്നു അയാള്‍. എങ്കിലും മാനസികാവസ്ഥ തകരാറിലാവാതിരിക്കാന്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും വെസ്റ്റ്റ്റണ്‍ നോവലുകളും ത്രില്ലറുകളും താല്‍പ്പര്യപൂര്‍വം വായിക്കാന്‍ തുടങ്ങി. അതിലൂടെ അയാള്‍ ധൈര്യം സംഭരിച്ചു. ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ് രോഗിയോട് ജീവന്‍ രക്ഷിക്കാനുള്ള എക സാദ്ധ്യത സൂചിപ്പിച്ചിരുന്നു ‘ഹൃദയം ‘മാറ്റി വെയ്ക്കുക’ അതില്‍ അയാള്‍ പൂര്‍ണ്ണ സമ്മതം പ്രകടിച്ചു.

സര്‍ജറിയുടെ തലേനാള്‍ ലൂയിസ് വാഷ്‌കാന്‍സ്‌കിയുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് പോകുന്ന വഴി ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു യുവതി വാഹനാപകടത്തില്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടു. തന്റെ ഭര്‍ത്താവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നിയോഗമുള്ള ഡെനിസ് ഡാര്‍വല്‍ ആണ് അതെന്ന് അപ്പോള്‍ അവരറിഞ്ഞില്ല.

1967 ഡിംസബര്‍ 2 രാത്രി 9 മണി. അണുവിമുക്തമായ ഗൗണും തൊപ്പിയും ടേസ് മാസ്‌കും ധരിച്ചു-അതുപോലെ അണുവിമുക്തമായ റബ്ബര്‍ ബൂട്ടുകളും ധരിച്ച് ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പ്രവേശിച്ചു, അതിനകത്ത് അദേഹത്തെ സഹായിക്കാനായി ഒരു മെഡിക്കല്‍ സംഘം തയ്യാറായി നിന്നിരുന്നു. സൗത്താഫ്രിക്കയിലെ ഏറ്റവും പ്രഗല്‍ഭനായ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജനായിരുന്ന ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ് സമയം പാഴാക്കാതെ ആ രാത്രിയില്‍ തന്റെ ജോലി ആരംഭിച്ചു.

bernard surgery

ഡോ .ക്രിസ്റ്റ്യൻ ബെർനാഡ് ശസ്ത്രക്രിയക്കിടയിൽ

അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു അറ്റന്‍ഡര്‍ വാഷ്‌കാന്‍സ്‌കിയുടെ നെഞ്ചിലെ രോമങ്ങള്‍ വെട്ടിമാറ്റി. യുഎസ്എയില്‍ മിനിയാപൊളിസിലെ മിനസോട്ട സര്‍വകലാശാലയിലെ ശസ്ത്രക്രിയാ പരിശീലനത്തിന് ശേഷം ഡോ ബര്‍ണാഡ് കൊണ്ടു വന്ന ഹാര്‍ട്ട് ലംഗ് മിഷ്യന്‍ പ്രവര്‍ത്തനസജ്ജമാക്കി. ഹൃദയത്തിന്റെയും അല്ലെങ്കില്‍ ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുക്കുകയും ശരീരത്തിന് രക്തവും ഓക്‌സിജനും നല്‍കുകയും ചെയ്യുന്ന ഒരു ഉപകരണമാണ് ഹാര്‍ട്ട്-ലംഗ് മെഷീന്‍. കാര്‍ഡിയോപള്‍മോണറി ബൈപാസ് മെഷീന്‍ (CBM) അല്ലെങ്കില്‍ ഹാര്‍ട്ട്-ലംഗ് ബൈപാസ് മെഷീന്‍ എന്നും അറിയപ്പെടുന്നു, ഹൃദയ ശസ്ത്രക്രിയകളിലെ ഗുരുതരമായ നടപടിക്രമങ്ങളില്‍ ഇത് മിക്കപ്പോഴും ഉപയോഗിക്കുന്നു.

അല്‍പ്പസമയത്തിനകം വാഷ്‌കാന്‍സ്‌കിയെ അനസ്തേഷ്യക്ക് വിധേയനാക്കി. അര്‍ദ്ധരാത്രിയോടെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍ജറി ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ് ആരംഭിച്ചു. ‘എല്ലാ സര്‍ജറിക്കു മുന്‍പ് എപ്പോഴും ചെയ്യാറുള്ളതുപോലെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ആരംഭിച്ചു’,ഡോ ബര്‍ണാഡ് പിന്നീട് എഴുതി.

അദ്ദേഹത്തിന്റെ അസിസ്റ്റന്റ് റോഡ്നി ഹെവിറ്റ്സണ്‍ രോഗിയുടെ നെഞ്ച് തുറന്നു. ലൂയിസ് വാഷ്‌കാന്‍സ്‌കിയുടെ ഹൃദയം പൂര്‍ണ്ണമായി കാണാനായി.

‘അത് കൊടുങ്കാറ്റുകള്‍ നിറഞ്ഞ രോഷാകുലമായ കടല്‍ പോലെ ഒരു താളത്തില്‍ ഉരുളുന്നു, നീല സിരകള്‍ ഒഴുകുന്നു.’ ആ കാഴ്ചയെ കുറിച്ച് ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡ് എഴുതി.

അതിനിടെ, 31 അടി അകലെയുള്ള മറ്റൊരു ഓപ്പറേഷന്‍ തിയേറ്ററില്‍, കൃത്രിമ ശ്വാസോപകരണം ഹൃദയ ദാതാവായ ഡെനിസ് ഡാര്‍വാളിന്റെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ബര്‍ണാര്‍ഡ് അവിടെ ചെന്ന് നേരത്തെ തന്നെ സന്ധിവാതത്തിന്റെ പിടിയലമര്‍ന്ന് മരവിച്ച, വിറയ്ക്കുന്ന തന്റെ കൈകളാല്‍ ആ യന്ത്രം ഓഫ് ചെയ്തു.

ഏറെ താമസിയാതെ ഡെനിസിന്റെ നെഞ്ച് മുറിച്ച് ഹൃദയം നീക്കം ചെയ്തു. വേണ്ട ക്രമീകരണങ്ങള്‍ ചെയ്ത ശേഷം അത് പ്രധാന ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് ഡോ. ബര്‍ണാര്‍ഡ് വാഷ്‌കാന്‍സ്‌കിയുടെ വലിപ്പമുള്ള ഹൃദയത്തിന്റെ ഭാഗം നീക്കം ചെയ്തു, ദാതാവിന്റെ ഹൃദയം വാഷ് കാന്‍സ്‌കിയുടെ ശൂന്യമായ നെഞ്ചില്‍ ‘പുതിയ ഹൃദയം സ്ഥാപിക്കപ്പെട്ടു, ഓപ്പറേഷന്‍ തുടര്‍ന്നു.

തിയേറ്റര്‍ ക്ലോക്കില്‍ സമയം 5.30 തെളിഞ്ഞപ്പോള്‍ സര്‍ജറി, 5 മണിക്കൂര്‍ പിന്നിട്ടിരുന്നു.

ഹൃദയത്തിന് ചുറ്റും ഘടിപ്പിച്ച രണ്ട് ഡിസ്‌ക്കുകളിലൂടെ ഒരു പവര്‍ടല്‍ ക്ലെക്ട്രിക്കല്‍ ചാര്‍ജ് കടന്നുപോയി. വാഷ്‌കാന്‍സ്‌കിയുടെ ചേതനയറ്റ ശരീരം അനങ്ങി വിറച്ചു, ക്രിസ്ത്യന്‍ ബര്‍ണാര്‍ഡും അദ്ദേഹത്തിന്റെ 20 അംഗ മെഡിക്കല്‍ സംഘവും ആകാംക്ഷയോടെ നോക്കി നില്‍ക്ക ലൂയിസ് വാഷ്‌കാന്‍സ്‌കി എന്ന 53 കാരന്റെ പുതിയ ഹൃദയം ക്രമാനുഗതമായി സ്പന്ദിക്കാന്‍ തുടങ്ങി. ലോകത്തിലാദ്യമായി ഒരാളുടെ ഹൃദയം മറ്റൊരാളില്‍ സ്പന്ദിക്കാന്‍ തുടങ്ങി. വൈദ്യശാസ്ത്ര ചരിത്രത്തിന്റെ പുരോഗതിയുടെ ഏറ്റവും ഹൃദ്യമായ താളമായിരുന്നു അത്

heart transplantation

ശസ്ത്രക്രിയക്ക് ശേഷം ഹൃദയം സ്വീകരിച്ച ലൂയി വാഷ്കാൻസ്കി മെഡിക്കൽ ടീമിനോടൊപ്പം

ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജയ മുഹൂര്‍ത്തത്തിന്റെ സ്പന്ദനത്തിന്റെ സാക്ഷികളായി ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡും അദ്ദേഹത്തിന്റെ സഹായികളായ ഇരുപതംഗ മെഡിക്കലംഗങ്ങളും ആഹ്ലാദത്തിലമര്‍ന്നു. തുടര്‍ന്ന് ലൂയിസ് വാഷ്‌കാന്‍സ്‌കിയെ അണുവിമുക്തമായ മുറിയിലേക്ക് മാറ്റി. പ്രാരംഭ അപകട കാലയളവ് അവസാനിച്ചപ്പോള്‍ ലൂയിസ് വാഷ്‌കാന്‍സ്‌കി ഏതൊരു മനുഷ്യനേപ്പോലെയും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി.

നിര്‍ഭാഗ്യവശാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം വാഷ്‌കാന്‍സ്‌കിക്ക് ന്യൂമോണിയ ബാധിച്ചു. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡും സഹപ്രവര്‍ത്തകരും കിണഞ്ഞു ശ്രമിച്ചെങ്കിലും അയാളെ രക്ഷപെടുത്താനായില്ല. പുതിയ ഹൃദയവുമായി 18 ദിവസം മാത്രം ജീവിച്ച ലൂയിസ് വാഷ്‌കാന്‍സ്‌കി മരണമടഞ്ഞു.

വൈദ്യശാസ്ത്രത്തിലെ ചരിത്രം കുറിച്ച ആ സംഭവ കഥയില്‍ രോഗി മരണത്തിന് കീഴടങ്ങിയെങ്കിലും ഡോ. ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡും സൗത്ത് ഗ്രൂട്ട് ഷുര്‍ വുമണ്‍ ഹോസ്പിറ്റിലും, ലൂയിസ് വാഷ്‌കാന്‍സ്‌കിയും ഡെനിസ് ഡാര്‍വല്‍ എന്ന യുവതിയും വൈദ്യശാസ്ത്ര ചരിത്രത്തില്‍ അതോടെ അനശ്വരരായി. ഒപ്പം ഹൃദയ ശസ്ത്രക്രിയയില്‍ പല നൂതനാശയങ്ങള്‍ക്കും ഈ കേസ് വഴിയൊരുക്കുകയും ചെയ്തു.

daily mirror heart plantation news

ഡോ.ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡിന്റെ വിജയകരമായ ഈ ശസ്ത്രക്രിയക്ക് ശേഷം 1968 ല്‍ ഏതാണ്ട് നൂറോളം ഹൃദയ മാറ്റ ശസ്ത്രക്രിയകള്‍ ലോകത്തിലെമ്പാടുമായി നടന്നെങ്കിലും ഓപ്പറേഷനു ശേഷം ഒരാളും 90 ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാത്തതിനാല്‍ മെഡിക്കല്‍ സെന്ററുകള്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നിറുത്തി വെച്ചു.

1968 ല്‍ ഡോ.ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡിന്റെ തന്റെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഫില്‍ ബ്ലെബെര്‍ഗ് എന്നൊരാളായിരുന്നു രോഗി. ശസ്ത്രക്രിയയിലൂടെ 24 വയസുകാരന്റെ ഹൃദയം സ്വീകരിച്ച ഫില്‍ ബ്ലെബെര്‍ഗ് ഒരു വര്‍ഷവും 7 മാസവും ജീവിച്ചിരുന്നു. അക്കാലത്തെ ഏറ്റവും വിജയകരമായ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. എന്നാല്‍ ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ബര്‍ണാര്‍ഡിന്റെ 1971 ല്‍ ആറാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ ഹൃദയസ്വീകര്‍ത്താവായ ഡിര്‍ക്ക് വാന്‍സില്‍ ഹൃദയം മാറ്റിവെച്ച ശേഷം ഏതാണ്ട് 23 വര്‍ഷത്തിലധികം ജീവിച്ചു.

എല്ലാ നല്ല ദാനവും ഉയരത്തില്‍ നിന്ന്… വെളിച്ചങ്ങളുടെ പിതാവില്‍ നിന്ന് ഇറങ്ങി വരുന്നു.’ എന്ന ബൈബിള്‍ വചനം ഉള്ളില്‍ കൊണ്ടു നടന്ന മാന്നാര്‍ പാമ്പനത്ത് പുത്തന്‍ വീട്ടില്‍ എബ്രഹാമിന് വെളിച്ചങ്ങളുടെ പിതാവായി യഥാര്‍ത്ഥ ജീവിതത്തില്‍ വന്നത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപതിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറമാണ്.

abraham

ഹൃദയം മാറ്റി വെച്ച എബ്രഹാം

36 വര്‍ഷങ്ങള്‍ക്കു മുന്‍പ് എത് നിമിഷവും ഉണ്ടാകാവുന്ന ഒരു നെഞ്ചു വേദനയില്‍ തീരാവുന്ന എബ്രഹാമിന്റെ ജീവിതമാണ് ഡോക്ടര്‍ ജോസ് ചാക്കോ വീണ്ടെടുത്തത്. മരണം തൊട്ടു പുറകില്‍ പതിയിരിക്കുന്ന എബ്രഹാമിന്റെ ജീര്‍ണ്ണിച്ച ഹൃദയം മാറ്റി പുതിയൊരു ഹൃദയം തുന്നിച്ചേര്‍ത്തത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപതിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറമാണ്. കേരളത്തിലാദ്യമായി നടന്ന ഹൃദയ മാറ്റ ശസ്ത്രക്രിയയിലൂടെ വൈദ്യചരിത്രത്തിലേക്ക് നടന്നു കേറിയ ഡോക്ടറും സ്വീകര്‍ത്താവുമായി അവര്‍.

പമ്പയുടെ തീരത്താണ് എബ്രഹാം ജനിച്ചത്. 7 സഹോദരങ്ങളുള്ള വലിയ കുടംബം. കുടംബത്തെ നോക്കാനായി പത്താം ക്ലാസ് കഴിഞ്ഞ് നേരെ ഗള്‍ഫില്‍ പോയി. 7 കൊല്ലം അവിടെ പണിയെടുത്തു. അപ്പോഴാണ് ആദ്യത്തെ ഹൃദയാഘാതം. അന്ന് വരെ സമ്പാദിച്ചതെല്ലാം ആശുപത്രി ചികിത്സ കൊണ്ടുപോയി. നാട്ടിലെത്തി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും രോഗശമനം വിദൂരത്തായിരുന്നു. വെള്ളം കോരി കുളിക്കാന്‍ പോലുമാവാതെ എബ്രഹാം നിന്നു കിതച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രി ഒരു ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപതിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. അവസാന പ്രതീക്ഷയെന്നോണം എബ്രഹാം ക്യാമ്പില്‍ പങ്കെടുത്തു. എബ്രഹാമിനെ പരിശോധിച്ച ഡോക്ടര്‍ ജോസ് ചാക്കോ കാര്യം തുറന്നു പറഞ്ഞു ‘വൈകിപ്പോയി – ഈ ഹൃദയം കൊണ്ട് താങ്കള്‍ എത്ര നാള്‍ ജീവിക്കുമെന്ന് പറയാനാവില്ല. പോം വഴി ഒന്നേയുള്ളൂ ഹൃദയം മാറ്റി വെയ്ക്കുക കേരളത്തില്‍ ഇതുവരെ അങ്ങനെ ഒരു ശസ്ത്രക്രിയ നടന്നിട്ടില്ല.’ പക്ഷേ, ഡോക്ടര്‍ ജോസ് ചാക്കോ ഒന്ന് ചെയ്തു എബ്രഹാമിന്റെ പേര് തന്റെ ഡയറിയില്‍ കുറിച്ചു.

അതേ സമയത്ത് തന്നെ മെഡിക്കല്‍ ട്രസ്റ്റിന്റെ ഡയക്ടറായിരുന്ന ഡോക്ടര്‍ വര്‍ഗീസ് പുളിക്കന്‍ ഒരു നവീനാശയം ആശുപതിയില്‍ അവതരിച്ചിച്ചു. ഇന്ത്യയില്‍ അധികം നടന്നിട്ടില്ലാത്ത ഹൃദയ മാറ്റ ശസ്ത്രകിയ എന്ത് കൊണ്ട് പരീക്ഷിച്ചു കൂടാ?

കാര്‍ഡിയോളജി വിഭാഗം തലവനായ ഡോക്ടര്‍ ജോസ് ചാക്കോ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു.

dr.jose chacko periyapuram

ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം

പക്ഷേ, നിരവധി കടമ്പകള്‍ കടന്ന് വേണം ഇത് സാധിക്കാന്‍. മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം വേണം മാറ്റി വെയ്ക്കാന്‍. സ്വീകര്‍ത്താവിന്റെ രക്തഗ്രൂപ്പ് സമാനമാകണം. ഹൃദയം പ്രായം ചെന്ന ആളുടെതാകരുത്. ലക്ഷക്കണക്കിനു വിലയുള്ള മരുന്ന് ഇറക്കുമതി ചെയ്യണം. ആത്യന്തികമായി ഹൃദയം കൊടുക്കാനുള്ള സമ്മതി പത്രം ബന്ധുക്കളില്‍ നിന്ന് ലഭിക്കണം. അങ്ങനെ നിരവധി പ്രതിബന്ധങ്ങള്‍.  എങ്കിലും ഡോക്ടര്‍ ജോസ് ചാക്കോ പറഞ്ഞു.’ എബ്രഹാം താങ്കള്‍ കരുതിയിരിക്കുക ഏത് നിമിഷവും ഞാന്‍ വിളിക്കാം. വിളിച്ചാലുടന്‍ വരണം’.

എബ്രഹാം കാത്തിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ ചെറിയ നൂല്‍പ്പാലത്തില്‍ പ്രതീക്ഷയോടെ. സാഹചര്യങ്ങള്‍ ഒത്തു വരാത്തതിനാല്‍ ഡോക്ടറുടെ വിളി വന്നില്ല. എബ്രഹാം ഇടയ്ക്ക് ഡോക്ടറെ വിളിച്ചു ചോദിക്കും ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലെ, ശ്രീനിവാസന്റെ തിരക്കഥയിലെ നായകന്റെ ഡയലോഗ് പോലെ;

‘ഡോക്ടര്‍ എന്റെ ഹൃദയം എന്തായി ?

2003 മെയ് 12 ന് ,ഒടുവില്‍ ഡോക്ടറുടെ വിളി വന്നു. അപകടത്തില്‍ പെട്ട പറവൂര്‍കാരന്‍ സുകുമാരന്‍ മസ്തിഷ്‌ക മരണം സംഭവിച്ച നിലയിലാണ്. ബന്ധുക്കളുടെ സമ്മതം കിട്ടി. എബ്രഹാം ഉടനെ എത്തുക. വെളുപ്പിന് രണ്ടു മണിക്ക് രണ്ട് തിയേറ്റുകളിലായി ശസ്ത്രക്രിയ ആരംഭിച്ചു. 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് അവസാനിച്ചപ്പോള്‍ സുകുമാരന്റെ ഹൃദയം എബ്രഹാമിന്റെ ശരീരത്തില്‍ സ്പന്ദിച്ചു തുടങ്ങി. ഇന്ത്യയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആദ്യത്തെ ഹൃദയം എറ്റ് വാങ്ങിയ എബ്രഹാം അത് കഴിഞ്ഞ് ഒരു വര്‍ഷവും പത്ത് മാസവും ജീവിച്ച ശേഷം എല്ലാവരുടേയും മനസില്‍ നൊമ്പരവശേഷിപ്പിച്ച് ജീവിതത്തോട് വിട പറഞ്ഞു.

kerala first heart transplantation news

ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ 1994 ഓഗസ്റ്റ് 3-ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് (എയിംസ്) നടന്നത്. എയിംസിലെ കാര്‍ഡിയോ തൊറാസിക് സെന്റര്‍ മേധാവിയായിരുന്ന ഡോ.പി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഒരു മെക്കാനിക്കായ 47 കാരനായ ദേവി റാം ഹൃദയം മാറ്റി വെച്ച ശേഷം 14 വര്‍ഷം ജീവിച്ചു.

hidden heart movie

ചലചിത്ര രംഗത്ത് ആദ്യമായി ഈ വിഷയം വന്നത് 2008 ല്‍ വന്ന ‘Hidden Heart ‘ എന്ന ഡോക്യുമെന്റ്‌റി ചിത്രത്തിലാണ്. 1967-ലെ ക്രിസ്റ്റ്യന്‍ ബര്‍നാഡിന്റെ ആദ്യത്തെ മനുഷ്യ ഹൃദയം മാറ്റിവയ്ക്കലിന്റെ കഥ ഇതില്‍ പറയുന്നു.

മലയാളത്തില്‍ 1992 ല്‍ പുറത്ത് വന്ന കമല്‍ സംവിധാനം ചെയ്ത ‘ആയുഷ്‌കാലം’ ഇതേ വിഷയം പ്രതിപാദിക്കുന്നു. കൂടാതെ 2011 ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ ചെന്നെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ഇതേ പ്രമേയം അടിസ്ഥാനമാക്കിയ ചലചിത്രമാണ്.

എ.ഡി. മൂന്നാം ശതകത്തില്‍ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന വിഷ്ണു ശര്‍മ്മന്റെ വിഖ്യാതമായ പഞ്ചതന്ത്രത്തില്‍ ഒരു മുതലയുടെയും കുരങ്ങന്റെയും കഥയുണ്ട്. ചാമ്പയ്ക്ക തിന്ന് കുരങ്ങന്റെ അമൃത് പോലെയായ ഹൃദയം ഭക്ഷിക്കാന്‍ മുതലയുടെ പത്‌നി മോഹിച്ച കഥ. ചതിയിലൂടെ കുരങ്ങനെ തന്റെ പുറത്ത് കേറ്റി തന്റെ മാളത്തിലേക്ക് കൊണ്ടുപോകുന്ന മുതല കാര്യം പറഞ്ഞപ്പോള്‍ വേണ്ടത് വേണ്ടപ്പോള്‍ തോന്നുന്ന കുരങ്ങന്‍ പറഞ്ഞു. ‘ഞാന്‍ ഹൃദയം കൊണ്ടു നടക്കാറില്ല. ചാമ്പമരത്തിന്റെ പൊത്തില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. തിരിച്ച് പോയി അതെടുക്കാം- അത് വിശ്വസിച്ച മണ്ടനായ മുതല കുരങ്ങനെ കരയില്‍ തിരികെ എത്തിച്ചു. കുരങ്ങന്‍ ചാടി രക്ഷപ്പെട്ടു. ഇത് പഞ്ചതന്ത്രം കഥ. ആധുനിക വൈദ്യശാസ്ത്രം പുരോഗമിക്കുകയാണ്. കഥയിലെ കുരങ്ങന്‍ പറഞ്ഞ പോലെ ഹൃദയം സുരക്ഷിതമായി മറ്റെവിടെയെങ്കിലും സൂക്ഷിക്കുന്ന ഒരു കാലം വരുമോ? ആര്‍ക്കറിയാം?  world heart day first heart transplantation in world

Content Summary; world heart day first heart transplantation in world

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×